ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധം എണ്ണ വില ഉയര്‍ത്തുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള വിപണിയില്‍ പ്രതിദിനം രണ്ടു കോടി ബാരല്‍ എണ്ണയുടെ കുറവുണ്ടാക്കിയതോടെ, 2022-ന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നത് വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് എണ്ണവില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. ഓഹരി വിപണികളും വന്‍ തകര്‍ച്ച നേരിടുകയാണ്.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും പരിസരത്തുമുള്ള അഞ്ചോളം ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന ആക്രമണങ്ങള്‍ നഗരത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ കുവൈറ്റ് ദേശീയ എണ്ണക്കമ്പനി തങ്ങളുടെ ഉല്‍പാദനത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കുറവ് വരുത്തി. ലോകത്തെ എണ്ണക്കപ്പലുകളുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് കഴിഞ്ഞ ഒരാഴ്ചയായി അടഞ്ഞുകിടക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
ഏഷ്യ പസഫിക് വിപണികളില്‍ വാരത്തിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില 26.3% വര്‍ധിച്ച് ബാരലിന് 117.08 ഡോളറിലെത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് വില ഈ നിലവാരത്തിലേക്ക് ഉയരുന്നത്. യുഎസ് ക്രൂഡ് ആയ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 28.7% വര്‍ധിച്ച് 119.96 ഡോളറിലുമെത്തി. എന്നാല്‍ ഈ വിലക്കയറ്റം ‘ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നല്‍കേണ്ട ചെറിയൊരു വില’ മാത്രമാണെന്നും ഇറാന്റെ ആണവ ഭീഷണി ഇല്ലാതാകുന്നതോടെ വില വേഗത്തില്‍ താഴുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
മറുവശത്ത്, ബാരലിന് 200 ഡോളറിന് മുകളിലുള്ള എണ്ണവില താങ്ങാന്‍ കഴിയുമെങ്കില്‍ ഈ കളി തുടരാമെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് വെല്ലുവിളിച്ചിരിക്കുന്നത്. യുദ്ധം വിപണിയെ മോശമായി ബാധിച്ചതോടെ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണികള്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വാള്‍സ്ട്രീറ്റും നഷ്ടത്തില്‍ തുറക്കാനാണ് സാധ്യതയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ട്രംപ് ഭരണകൂടത്തിന് വിപണി നല്‍കിയിരുന്ന ഇളവ് അവസാനിച്ചുവെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധനായ ക്ലേട്ടണ്‍ സീഗിള്‍ പറഞ്ഞു. പ്രതിദിനം രണ്ടു കോടി ബാരല്‍ എണ്ണയുടെ കുറവ് ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ട്രംപ്. എണ്ണവില വര്‍ദ്ധനവ് ഒരു താല്‍ക്കാലിക പ്രതിസന്ധി മാത്രമാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്നും യുഎസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് അവകാശപ്പെട്ടെങ്കിലും നിക്ഷേപകര്‍ ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
ഈ വര്‍ഷം തുടക്കത്തില്‍ ബാരലിന് 60 ഡോളറിലായിരുന്ന എണ്ണവിലയ്ക്ക് ഇപ്പോള്‍ മൂന്നില്‍ രണ്ട് ഭാഗത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുദ്ധം തുടര്‍ന്നാല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഉല്‍പാദനം നിര്‍ത്തേണ്ടി വരുമെന്നും വില 150 ഡോളറിലെത്തുമെന്നും ഖത്തര്‍ ഊര്‍ജ്ജ മന്ത്രി മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ഏകദേശം നിറഞ്ഞ അവസ്ഥയിലാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കയറ്റുമതി തടസ്സപ്പെട്ടാല്‍ ഈ രാജ്യങ്ങള്‍ക്ക് തങ്ങളുടെ എണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും. ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് നൂറുകണക്കിന് കപ്പലുകളാണ് കടല്‍പാതയില്‍ കുടുങ്ങിക്കിടക്കുന്നത്. സൗദി അറേബ്യയിലെ എണ്ണ ചെങ്കടല്‍ വഴി തിരിച്ചുവിടുന്നതും അമേരിക്കന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ടെങ്കിലും പ്രതിദിനമുള്ള ഭീമമായ കുറവ് നികത്താന്‍ ഇവ പര്യാപ്തമല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Content Summary: US-Israel War On Iran; Global oil prices above 100 dolar a barrel for first time since 2022
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.