യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ ആറാം ദിവസവും തുടരുമ്പോഴും ഇറാന് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി, അവര്‍ക്കൊപ്പം നില്ക്കാന് ആരുമില്ലെന്നതാണ്. തങ്ങള്‍ സഹായിച്ചിരുന്നവരോ, ബന്ധം പുലര്‍ത്തിയിരുന്നവരോ ആയ ഗ്രൂപ്പുകളോ രാജ്യങ്ങളോ ആരും തന്നെ ഈയൊരു സന്നിഗ്ധഘട്ടത്തില്‍ കൂടെയില്ല. ഇറാന് നേരിടുന്ന ഈ വിഷമസന്ധിയെക്കുറിച്ച് വിശദമായി എഴുതുന്നുണ്ട് ദി ന്യൂയോര്‍ക്ക് ടൈംസ്. സുഹൃത്തുക്കളോ പങ്കാളികളോ ആയിരുന്നവരൊക്കെ വെറും വാക്കുകള്ക്ക്് അപ്പുറം ഇറാനെ കൈവിട്ടതിന്റെ കാര്യകാരണങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.
പാശ്ചാത്യ രാജ്യങ്ങള്‍ ഒരു ഭ്രഷ്ട് കല്‍പ്പിച്ച രാജ്യമായി കാണുമ്പോഴും യുഎസ് ഉപരോധങ്ങള്‍ക്കിടയിലും, ഇറാനിലെ ഇസ്ലാമിക് ഭരണകൂടം പല രാജ്യങ്ങളുമായും നയതന്ത്ര, വാണിജ്യ, സൈനിക ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു. തുര്‍ക്കിയും ഇന്ത്യയും വ്യാപാര-സുരക്ഷാ മേഖലകളില്‍ ഇറാനുമായി സഹകരിച്ചപ്പോള്‍, കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുന്നതിനായി ചൈന ഇറാനെയാണ് ആശ്രയിച്ചത്. ഉത്തര കൊറിയ, വെനസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇറാനെ ഒരു സഖ്യകക്ഷിയായി കാണുകയും സൈനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഉപരോധങ്ങളെ മറികടക്കുന്നതിനും ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും നേരിട്ടുള്ള ആക്രമണം നേരിടുമ്പോള്‍, ഇറാന്റെ ഈ സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കും വെറും വാക്കുകള്‍ക്കപ്പുറം ഒന്നും നല്കാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്ന് മാത്രമല്ല, ഈ രാജ്യങ്ങള്‍ തന്നെ ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറുന്നുമുണ്ട്. ഇറാനില്‍ നിന്ന് തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി വന്നപ്പോള്‍ നാറ്റോ അത് വെടിവെച്ചിട്ടതായി കഴിഞ്ഞ ബുധനാഴ്ച തുര്‍ക്കി അറിയിച്ചിരുന്നു. എന്നാല്‍ തുര്‍ക്കിയെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് വ്യാഴാഴ്ച ഇറാന് വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ കൂടെനില്ക്കാന് സഖ്യകക്ഷികളില്ലാത്ത ഒരു ഒറ്റപ്പെട്ട യുദ്ധത്തിലാണ് ഇറാന് ഇപ്പോള്‍.
ഇറാന്റെ വിദേശനയം തന്നെയാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. മറ്റ് രാജ്യങ്ങളുമായി ഉറച്ച ഉടമ്പടികളില്‍ ഏര്‍പ്പെടുന്നതിന് പകരം, യുഎസിനോടും ഇസ്രയേലിനോടും മതപരമായ വിദ്വേഷം പുലര്‍ത്തുന്ന സായുധ സംഘങ്ങളിലാണ് ഇറാന് നിക്ഷേപം നടത്തിയത്. എന്നാല്‍ ഈ സംഘങ്ങള്‍ക്ക് ഇപ്പോള്‍ ഇറാനെ സഹായിക്കാന്‍ കഴിയുന്നില്ല. അവരില്‍ ഏറ്റവും ശക്തരായ ലെബനനിലെ ഹിസ്ബുള്ളയും ഗാസയിലെ ഹമാസും ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. യെമനിലെ ഹൂതികള്‍ക്കും ഇറാഖിലെ സായുധ സംഘങ്ങള്‍ക്കും ചെങ്കടലിലോ ഇറാഖിലോ ആക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞേക്കും, പക്ഷേ അതൊന്നും ഇറാന്റെ ഉള്ളില്‍ നടക്കുന്ന യുദ്ധത്തിന്റെ ഗതി മാറ്റാന്‍ പര്യാപ്തമല്ല. പാശ്ചാത്യ വിരുദ്ധ ചേരി എന്നൊന്ന് നിലവിലുണ്ടെന്ന് വിശ്വസിച്ചിരുന്നവര്‍ക്ക് ഇതൊരു വലിയ തിരിച്ചറിവാണെന്ന് മുന്‍ തുര്‍ക്കി നയതന്ത്രജ്ഞന് സിനാന് ഉള്ഗന് പറയുന്നു. റഷ്യ, ചൈന, ഇറാന്, ഉത്തര കൊറിയ എന്നീ നാല് രാജ്യങ്ങളില്‍ ഒന്ന് പാശ്ചാത്യ ഉപരോധത്തിലാകുമ്പോള് ഈ സഖ്യം കൊണ്ട് അര്‍ത്ഥമില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
തന്ത്രപരമായോ സാമ്പത്തികമായോ ഉള്ള ആവശ്യങ്ങള്‍ക്കായി മാത്രം ഇറാനുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക്, ഇറാന് ആക്രമിക്കപ്പെടുമ്പോള്‍ സ്വന്തം താല്പര്യങ്ങള് ബലികഴിക്കാന്‍ കാരണങ്ങളൊന്നുമില്ല. തുര്‍ക്കിയുടെ കാര്യം എടുത്താല്‍, ചരിത്രപരമായ കാരണങ്ങളാലും അതിര്‍ത്തി പങ്കിടുന്നതിനാലും ഇറാനുമായി അവര്‍ക്ക് ബന്ധമുണ്ട്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെങ്കിലും, ഇറാന് നേരെ നടക്കുന്ന ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് ഭരണകൂടത്തോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ഇറാനിലെ അസ്ഥിരത സിറിയയിലെയും ഇറാഖിലെയും പോലെ തുര്‍ക്കിയിലേക്ക് പടരുമോ എന്ന ഭയമാണ് അവര്‍ക്കുള്ളത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മധ്യേഷ്യയിലേക്കുള്ള വ്യാപാര പാതയ്ക്കായി ഇറാനിലെ ചബഹാര്‍ തുറമുഖത്ത് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ വിദേശനയം എപ്പോഴും ഇടപാടുകളില്‍ അധിഷ്ഠിതമാണ്. ഇറാനുമായി ബന്ധം പുലര്‍ത്തുമ്പോഴും ഇസ്രയേലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധത്തിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുകയും നെതന്യാഹുവുമായി വ്യാപാര കരാറുകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.
യുഎസ് സൈനിക താവളങ്ങളുള്ള ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇറാന്റെ തിരിച്ചടി ഭീഷണിയായിട്ടുണ്ട്. ഇറാന് ഇവരെ ലക്ഷ്യം വെച്ച് മിസൈലുകള്‍ തൊടുത്തുവിടുന്നുണ്ട്. റഷ്യയുമായി ഇറാന് അടുത്ത ബന്ധം പുലര്‍ത്തുകയും യുക്രെയ്ന് യുദ്ധത്തില്‍ ഡ്രോണുകള്‍ നല്കി സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2025 ജനുവരിയില്‍ ഒപ്പിട്ട സഹകരണ കരാറില്‍ പോലും, ഒരാള്‍ ആക്രമിക്കപ്പെട്ടാല്‍ മറ്റേയാള്‍ യുദ്ധത്തിന് വരണമെന്ന വ്യവസ്ഥയില്ല. ഇസ്രയേലുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ റഷ്യയും നേരിട്ടുള്ള സൈനിക സഹായത്തിന് മുതിരില്ല. ചുരുക്കത്തില്‍, അന്താരാഷ്ട്ര വേദികളില്‍ ഇറാന് വേണ്ടി വാദിക്കുമെന്നല്ലാതെ, നിലവിലെ സാഹചര്യത്തില്‍ റഷ്യയുടെ പിന്തുണ കൊണ്ട് ഇറാന് വലിയ ഗുണമൊന്നുമില്ല.
കടപ്പാട്; ദി ന്യൂയോര്‍ക്ക് ടൈംസ്
Content Summary: US-Israel War; Without true allies, it is a lonely war for Iran.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.