January 18, 2025 |
Share on

കമല മുതല്‍ മിഷേല്‍ വരെ; ബൈഡന്‍ മാറിയാല്‍ പകരമാര്?

ആദ്യഘട്ട സംവാദത്തില്‍ ട്രംപിന് മുന്നില്‍ തളര്‍ന്ന ബൈഡനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ വായാടിത്തത്തിനു മുന്‍പില്‍ ജോ ബൈഡന് പിടിച്ചു നില്‍ക്കാനായില്ല എന്നത് ഡെമോക്രാറ്റുകളെ നന്നേ വിഷമിപ്പിക്കുന്നുണ്ട്. ബൈഡന്റെ രണ്ടാമൂഴം കൂടുതല്‍ സംശയത്തിലാക്കിയാണ് കുശാഗ്രബുദ്ധിക്കാരനായ ട്രംപ് സിഎന്‍എന്‍ സംവാദ പരിപാടിയില്‍ തന്റെ എതിരാളികളെ വലിയ സമ്മര്‍ദ്ദത്തിലേക്കു തള്ളിയിട്ടത്. ബൈഡന് ട്രംപിനെ തടുക്കാനാകുന്നില്ലെങ്കില്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ഒരിക്കല്‍ കൂടി വൈറ്റ് ഹൗസിന്റെ പടി കടക്കും. അത് തടയണമെങ്കില്‍, ഡെമോക്രാറ്റുകള്‍ക്ക് ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വരും; ജോ ബൈഡനെ ഒഴിവാക്കുക!

ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഈ വര്‍ഷമാദ്യം ബൈഡന്‍ വിജയം നേടിയിരുന്നതാണ്. സ്വാഭാവികമായും ഒന്നാമതെത്തിയ സ്ഥാനാര്‍ത്ഥി തന്നെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകേണ്ടത്. എന്നാല്‍ നിലവിലെ പ്രസിഡന്റ് കൂടിയായ ബൈഡന്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഓഗസ്റ്റ് 19 മുതല്‍ 22 വരെ ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക. പ്രൈമറികളില്‍ വിജയിച്ചു വരുന്നൊരാളെ മാറ്റി പകരം സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുന്ന സംവിധാനം പാര്‍ട്ടികള്‍ക്കില്ലാത്തതാണ്. ബൈഡനെ മാറ്റാന്‍ ഡെമോക്രാറ്റുകള്‍ തീരുമാനിച്ചാല്‍ അത് ആധുനിക കാലത്ത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ചരിത്ര നീക്കമായിരിക്കും.

പരാജയഭീതി കൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റി എന്ന നാണക്കേട് ഒഴിവാക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്‍പില്‍ ഒരേയൊരു വഴിയാണുള്ളത്. അതിന് ബൈഡന്‍ വിചാരിക്കണം. അദ്ദേഹം സ്വയം സ്ഥാനാര്‍ത്ഥിത്വം ഒഴിയണം. ചിക്കാഗോ കണ്‍വെന്‍ഷനില്‍ പ്രതിനിധികള്‍ക്ക് പുതിയൊരാളെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നടത്താന്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണം. പ്രൈമറിയില്‍ വിജയിച്ച വ്യക്തിക്ക് തന്നെ കണ്‍വെന്‍ഷനില്‍ പ്രതിനിധികള്‍ വോട്ട് ചെയ്യണമെന്ന് നിയമപരമായ നിര്‍ബന്ധമില്ല. മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുകയെന്നതാണ് അവരോട് ആവശ്യപ്പെടുന്നത്.

ബൈഡന്‍ ഒഴിയുകയാണെങ്കില്‍, പകരമൊരാളെ അദ്ദേഹത്തിന് നാമനിര്‍ദേശം ചെയ്യാം. സ്വഭാവികമായും അത് തന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആകാം. പ്രതിനിധികള്‍ക്കും സ്വീകാര്യമായേക്കാവുന്ന പേര്. എങ്കിലും കമലയെ ഏകപക്ഷീയമായി അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. പ്രസിഡന്റ് ബൈഡന്‍ രാജിവച്ചാല്‍ വൈസ് പ്രസിഡന്റായ കമല പ്രസിഡന്റാകുമെന്നതുപോലെ ഒരു സ്വഭാവിക പ്രക്രിയയാകില്ല, ബൈഡന്‍ പിന്മാറായാല്‍ 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല വരുന്നത്.

ബൈഡന് പകരമൊരാള്‍ ചിക്കാഗോ കണ്‍വെന്‍ഷനില്‍ വരുമെങ്കില്‍, അത് ആ പരിപാടിയെ തന്നെ മറ്റൊരു തലത്തിലേക്ക് മാറ്റുമെന്ന് ഉറപ്പ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും വഴിയൊരുക്കും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തന്നെ പുതിയൊരു ഏടായിരിക്കും അവിടെ രചിക്കപ്പെടുക. ഏകദേശം 700 പാര്‍ട്ടി പ്രതിനിധികളായിരിക്കും ചിക്കാഗോ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. ഇവര്‍ പരസ്പരം തങ്ങളുടെ ആശയങ്ങളാലും അഭിപ്രായങ്ങളാലും വ്യത്യസ്തരായിരിക്കും. അതായത്, ഏകകണ്ഠമായ തീരുമാനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ബൈഡന്റെ പകരക്കാരെ ഏകാഭിപ്രായത്തോടെ കണ്ടെത്തുക പ്രയാസം. പാര്‍ട്ടിക്ക് വലിയ വെല്ലുവിളികളാണ് മുന്നില്‍. പുതിയൊരാളെ കണ്ടെത്താനാണ് തീരുമാനമെങ്കില്‍, അടുത്ത ദിവസങ്ങളില്‍ തന്നെ ആ വ്യക്തിയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. നവംബറിലാണ് തെരഞ്ഞെടുപ്പ്. നാല് മാസങ്ങള്‍ മാത്രമാണ് മുന്‍പിലുള്ളത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നയാള്‍ വേണം വരാന്‍. അതല്ലെങ്കില്‍ ഐക്യമില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

Post Thumbnail
ബന്ദികളാക്കപ്പെട്ടവരെ വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി ട്രംപ്വായിക്കുക

ബൈഡന്‍ മാറുകയാണെങ്കില്‍ മാത്രമാണ് മേല്‍പ്പറഞ്ഞ തലവേദനയുണ്ടാകുന്നത്. പക്ഷേ ബൈഡന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയുമുണ്ട്. അതുകൊണ്ട് ഒരു മാറ്റമുണ്ടയാല്‍, ആരായിരിക്കും ബൈഡന്റെ പിന്‍ഗാമി?

കമല ഹാരിസ്
ഒന്നാമത്തെ ഉത്തരം നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് തന്നെയാണ്. പക്ഷേ, കമലയുടെ അവസ്ഥ അത്ര നല്ലതല്ല. ബൈഡന്‍ ഭരണകൂടത്തില്‍ കമലുടെ പങ്കാളിത്തത്തെ കുറിച്ച് വ്യാപകമായ പരാതിയുണ്ട്. അവര്‍ ഭരണാധികാരിയെന്ന നിലയില്‍ മോശം പ്രകടനമാണ് നടത്തുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. അതുപോലെ ജന പിന്തുണ നേടിയെടുക്കുന്നതിലും പിന്നാലാണ്. അങ്ങനെയൊരാള്‍ക്ക് ട്രംപിനെ പോലൊരു കുശാഗ്രബുദ്ധിക്കാരനോട് പിടിച്ചു നില്‍ക്കാനാകുമോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. ഒന്നാംഘട്ട സംവാദം കഴിഞ്ഞ് ബൈഡന് നേര്‍ക്കു വരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് തന്റെ അനുഭാവം പ്രസിഡന്റിനോട് പ്രകടിപ്പിക്കുകയാണ് കമല ചെയ്തത്. എങ്കിലും ബൈഡന്‍ ഒഴിയുകയാണെങ്കില്‍ ആദ്യ പരിഗണന കമലയ്ക്ക് തന്നെയായിരിക്കും. ബൈഡന്‍ ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുണ്ടെങ്കില്‍ 59 കാരിയായ കമല യുഎസിന്റെ പ്രഥമ വനിത പ്രസിഡന്റായി അവരോധിക്കപ്പെടും.

ഗാവിന്‍ ന്യുസോം
ബൈഡന് പകരക്കാരനാകാന്‍ മുന്‍ നിരയില്‍ തന്നെയുണ്ട് കാലിഫോര്‍ണിയ ഗവര്‍ണറായ ഗാവിന്‍ ന്യൂസോം. എന്നാല്‍, ഇത്തരം ആലോചനകള്‍ തന്നെ അസംബന്ധമാണെന്നാണ് 56 കാരനായ ഗാവിന്‍ പ്രതികരിച്ചത്. ഭാവി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി കഴിഞ്ഞ വര്‍ഷം നടന്ന സംവാദത്തില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡെസാന്റിസുമായി വേദി പങ്കിട്ടത് ഗാവിന്‍ ആയിരുന്നു. സ്വന്തം സംസ്ഥാനത്തിനു പുറത്തും ഡെമോക്രാറ്റിക്കുകളുടെ പിന്തുണ നേടിയെടുക്കാനും ഗാവിന് സാധിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിലേക്കുള്ള ഗാവിന്റെ യാത്രയുടെ തുടക്കമായി ഇതിനെ കാണുന്നവരുമുണ്ട്.

ജെ ബി പ്രിറ്റ്‌സ്‌കെര്‍
ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കെര്‍ പകരക്കാരനാകാന്‍ സാധ്യതയുള്ള മറ്റൊരു നേതാവാണ്. തന്റെ സംസ്ഥാനത്ത് നടപ്പാക്കിയ പുരോഗമനപരമായ തീരുമാനങ്ങള്‍ 59 കാരനായ ഈ സമ്പന്ന രാഷ്ട്രീയക്കാരനെ പിന്തുണച്ചേക്കാം. ഗര്‍ഭഛിദ്രത്തിന് നിയമാനുമതി നല്‍കുക വഴി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചിരിക്കുന്നു എന്നതാണ് പ്രിറ്റ്‌സ്‌കെറിന് കിട്ടിയിരിക്കുന്ന നേട്ടം

ഗ്രെറ്റ്‌ചെന്‍ വൈറ്റ്‌മെര്‍
2020 ല്‍ ബൈഡന്റെ വൈസ് പ്രസിഡന്റ് ആകാനുള്ളവരുടെ ചുരുക്കപ്പട്ടികയിലെ പേരുകാരിയായിരുന്നു ഗ്രെറ്റ്‌ചെന്‍ വൈറ്റ്‌മെര്‍. നിലവില്‍ മിഷിഗണ്‍ ഗവര്‍ണറാണ് 52 കാരിയായ വൈറ്റ്‌മെര്‍. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള വൈറ്റ്‌മെറിന്റെ സ്ഥാനാരോഹണം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലുമുള്ള അവരുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കുക, ഗര്‍ഭഛിദ്ര നിരോധനം നീക്കുക, പ്രീ സ്‌കൂള്‍ സംവിധാനം സാര്‍വത്രികമാക്കുക തുടങ്ങിയവ വൈറ്റ്‌മെറിന്റെ മുദ്രാവാക്യങ്ങളാണ്.

ഷെറോഡ് ബ്രൗണ്‍
ജോ ബൈഡന്റെ പകരക്കാര്‍ക്കിടയിലെ മുതിര്‍ന്ന പേരുകാരനാണ് ഷെറോഡ് ബ്രൗണ്‍. 71 വയസുണ്ട് ബ്രൗണിന്. എങ്കിലും ട്രംപിനെക്കാള്‍ ഏഴ് വയസിന്റെ ഇളയതാണ്. 2020 ലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നതിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ നേതാവാണ് ഒഹിയോയില്‍ നിന്നുള്ള സെനറ്ററായ ബ്രൗണ്‍. അധ്വാനിക്കുന്ന വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് കിട്ടുന്ന ഏറ്റവും മികച്ചയിടമാണ് ഒഹിയോ സെനറ്റര്‍ പദവി എന്നായിരുന്നു ബ്രൗണ്‍ പറഞ്ഞത്. തൊഴിലാളികളുടെ അവകാശത്തിനും സംരക്ഷണത്തിനും വേണ്ടി അമേരിക്കയില്‍ മുഴങ്ങി കേള്‍ക്കുന്ന ഏറ്റവും കരുത്തേറിയ ശബ്ദമാണ് ബ്രൗണ്‍. ഗര്‍ഭഛിദ്രത്തിനും ഐവിഎഫിനും വേണ്ടി നിലകൊള്ളുന്ന നേതാവ് കൂടിയാണ് അദ്ദേഹം.

Post Thumbnail
കമലാ ഹാരിസിന്റെ വിജയം കാത്ത് തുളസേന്ദ്രപുരംവായിക്കുക

ഡീന്‍ ഫിലിപ്‌സ്
ഡെമോക്രാറ്റിക് പ്രൈമറികളില്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും ഒന്നില്‍പ്പോലും വിജയിക്കാന്‍ കഴിയാതെ പോയ നേതാവാണ് ഡീന്‍ ഫിലിപ്പ്. പിന്തുണക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്നുള്ള കൂടുതല്‍ സഹായം അദ്ദേഹത്തിന് കിട്ടിയില്ല. എന്നിരിക്കിലും ബൈഡന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ഫിലിപ്‌സിനും സാധ്യതയുണ്ട്.

പീറ്റ് ബുട്ടിജെയ്ജ്
ഇന്ത്യാന സംസ്ഥാനത്തെ സൗത്ത് ബെന്‍ഡില്‍ മിഡ് വെസ്റ്റേണ്‍ സിറ്റിയുടെ മേയര്‍ ആയിരിക്കെയാണ് 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുളള മത്സരത്തില്‍ ഇയോവയിലും ന്യൂ ഹാംപ്ഷയറിലും വിജയത്തിന് അടുത്ത് വരെ പീറ്റ് ബുട്ടിജെയ്ജ് എത്തിയത്. ബൈഡന്‍ ഭരണകൂടത്തിലെ ഗതാഗത സെക്രട്ടറിയായ ബുട്ടിജെയ്ജിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതും അദ്ദേഹത്തിന്റെ മുന്‍കാല പ്രകടനങ്ങളാണ്. ട്രംപിനെ പോലൊരാളെ വാക്‌പോരില്‍ നേരിടാന്‍ മിടുക്കനാണ് ബുട്ടിജെയ്ജ്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്മാരെ നേരിടുന്നതും ഫോക്‌സ് ന്യൂസ് അവതാരകരോട് പിടിച്ചു നിന്നതുമൊക്കെ ഡെമോക്രോറ്റുകള്‍ക്കിടയില്‍ അദ്ദേഹത്തിനോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ ജനങ്ങളുടെയും പ്രത്യേകിച്ച് അമേരിക്കന്‍ കറുത്ത വര്‍ഗക്കാരുടെ പിന്തുണ കിട്ടില്ലെന്നതാണ് ബുട്ടിജെയ്ജിനുള്ള തിരിച്ചടി.

ജോഷ് ഷപിയറോ
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉദിച്ചു വരുന്ന താരമായാണ് ജോഷ് ഷപിയറോ വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ പെന്‍സില്‍വാനിയ ഗവര്‍ണറാണ്. തന്റെ സംസ്ഥാനത്ത് വളരെയേറ ജനപ്രിയനായ നേതാവാണ് ഷപിയറോ. ട്രംപിനെ പിന്തുണയ്ക്കുന്ന പത്ത് പേരില്‍ മൂന്നു പേര്‍ ഷപിയറോയെയും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഈ വര്‍ഷം നടത്തിയൊരു സര്‍വേയില്‍ പറയുന്നത്.

എന്നാല്‍ രാഷ്ട്രീയത്തിലും ഭരണതലത്തിലുമുള്ള പരിചയക്കുറവായിരിക്കും ഷപിയറോയ്ക്ക് തടസമാവുക. ഗവര്‍ണര്‍ സ്ഥാനത്ത് അദ്ദേഹം എത്തിയിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ. പാര്‍ട്ടി ഷപിയറോയെ 2028 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്നാണ് വിവരം.

ജാറെഡ് പോലിസ്
മുന്‍ കോണ്‍ഗ്രസ് അംഗവും നിലവില്‍ കൊളറാഡോ ഗവര്‍ണറുമാണ് ജാറെഡ് പോലിസ്. രാജ്യത്ത് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വവര്‍ഗാനുരാഗിയെന്ന റെക്കോര്‍ഡ് പോലിസിനുണ്ട്. എങ്കിലും കുഴപ്പങ്ങളാകുമെന്നുള്ള ലിബര്‍ നയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന തന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള താതപര്യം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ്.

റാഫേല്‍ ജി വാര്‍നോക്
ഡെമോക്രോറ്റുകള്‍ക്കോ റിപ്പബ്ലിക്കന്മാര്‍ക്കോ അവരുടെ സുരക്ഷിതമായ സംസ്ഥാനമായി പറയാന്‍ കഴിയാത്ത(സ്വിംഗ് സ്റ്റേറ്റുകള്‍ അഥവ പര്‍പ്പിള്‍ സ്റ്റേറ്റുകള്‍-ഒരു പാര്‍ട്ടിക്കും വ്യക്തമായ മേധാവിത്വം ഇല്ലാത്ത സംസ്ഥാനങ്ങള്‍) ജോര്‍ജിയയില്‍ നിന്നും തുടര്‍ച്ചയായി രണ്ടു തവണ സെനറ്ററായ കറുത്ത വര്‍ഗക്കാരനാണ് റാഫേല്‍ ജി വാര്‍നോക്. അദ്ദേഹത്തിന്റെ വിജയം നോക്കുകയാണെങ്കില്‍ തന്റെ മുന്‍ഗാമികളായ കറുത്ത വര്‍ഗ നേതാക്കന്മാരെക്കാള്‍ ജനപിന്തുണയാര്‍ജിക്കാന്‍ വാര്‍നോക്കിന് സാധിച്ചിട്ടുണ്ട്. ജോര്‍ജിയായിലെ 2022 ലെ വാര്‍നോക്കിന്റെ കാമ്പയിന്‍ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുള്ള റോഡ് മാപ്പ് ആയി കണക്കാക്കാവുന്നതാണ്. ഡെമോക്രാറ്റുകളെ സംബന്ധിച്ച് മിഡ് വെസ്റ്റിന് പുറത്തുള്ള സ്വിംഗ് സ്റ്റേറ്റുകളില്‍ കാലിടറുന്ന സാഹചര്യത്തില്‍ അത്തരമൊരു സ്ഥലത്ത് നിന്നുവരുന്ന വാര്‍നോക്കിനെ പോലൊരു നേതാവ് മുതല്‍ക്കൂട്ടാണ്.

ആമി ക്ലോബുഷാര്‍
പ്രായത്തിന്റെ പ്രശ്‌നം ഒഴിവാക്കുകയാണെങ്കില്‍ ജോ ബൈഡനുള്ള സമാനഗുണങ്ങള്‍ പറയാവുന്ന സ്ഥാനാര്‍ത്ഥിയാണ് മിനിസോട്ട സെനറ്ററായ ആമി ക്ലോബുഷാര്‍. തന്റെ സംസ്ഥാനത്ത് ശക്തമായ ജനപിന്തുണയുള്ള ആമി, ഡെമോക്രാറ്റുകളെ സംബന്ധിച്ച് പ്രായോഗികമായൊരു കണ്ടെത്തല്‍ തന്നെയാകും. പക്ഷേ, പ്രശ്‌നം ദേശീയതലത്തില്‍ അവരുടെ പേര് അത്ര പരിചതമല്ല എന്നതാണ്. പ്രത്യേകിച്ച് ട്രംപിനെ പോലൊരാളെ നേരിടേണ്ടി വരുമ്പോള്‍. 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും വലിയ സ്വീകാര്യത നേടാനും അവര്‍ക്കായിരുന്നില്ല.

Post Thumbnail
ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് പിന്തുണയുമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റ്വായിക്കുക

ആന്‍ഡി ബിഷെയര്‍
ഡെമോക്രാറ്റുകള്‍ക്കിടയില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ മൂല്യം ഉണ്ടായ നേതാവ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബിഷെയറാണ്. റിപ്പബ്ലിക്കന്മാര്‍ക്ക് ആധിപത്യമുള്ള സംസ്ഥാനത്ത് 2023 ല്‍ നടന്ന റി-ഇലക്ഷനില്‍ വിജയം നേടിയ ഡെമോക്രാറ്റിക്കാണ് ബിഷെയര്‍. രണ്ട് പാര്‍ട്ടികളില്‍ നിന്നും പിന്തുണ കിട്ടുന്ന നേതാക്കന്മാരില്‍ ഒരാളാണ് ആന്‍ഡി ബിഷെയര്‍. അതുകൊണ്ട് കെന്റക്കി പോലൊരു റെഡ് സ്‌റ്റേറ്റില്‍( റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുളള്ള സംസ്ഥാനങ്ങള്‍ റെഡ് സ്റ്റേറ്റുകളെന്നും ഡെമോക്രാറ്റിക്കുകള്‍ക്ക് മേധാവിത്വമുള്ള സംസ്ഥാനങ്ങള്‍ ബ്ലൂ സ്‌റ്റേറ്റുകളെന്നും അറിയപ്പെടുന്നു) നിന്നും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഡെമോക്രാറ്റിക്കുകള്‍ റെഡ് സ്‌റ്റേറ്റില്‍ വിജയിക്കുന്നതും റിപ്പബ്ലിക്കുകള്‍ ബ്ലൂ സ്റ്റേറ്റില്‍ വിജയിക്കുന്നതും ദേശീയ തലത്തിലെ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് ബിഷെയറിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ സംസ്ഥാനത്ത് കാണിച്ച മികവ് ആവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല.

മിഷേല്‍ ഒബാമ
മിഷേലിന്റെ പേര് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അങ്ങനെയൊരു നിര്‍ദേശവും സംഭവിച്ചു കൂടെന്നില്ല. അമേരിക്കയില്‍ ഏറ്റവും ജനപിന്തുണ നേടിയ ഫസ്റ്റ് ലേഡിയായിരുന്നു മിഷേല്‍. അതിന്റെതായ സ്വാധീനം ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ രാഷ്ട്രീയ മോഹങ്ങള്‍ തനിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് അവര്‍. ആ തീരുമാനം മാറ്റി, ഏതാനും മാസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പിലേക്ക് കയറി ചെല്ലാന്‍ ഒബാമയുടെ പത്‌നി തയ്യാറാകുമോ?  US president election, democratic presidential nominee who could replace joe biden,some possibilities

Content Summary; US president election, democratic presidential nominee who could replace joe biden,some possibilities

×