January 18, 2025 |
Share on

അമേരിക്കയുടെ നയം മാറ്റം റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ ഗതി മാറ്റുമോ?

അമേരിക്ക എടുത്തിരിക്കുന്ന തീരുമാനം യുക്രെയ്‌നെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതാണ്

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍. തങ്ങള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരേ പ്രയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം. റഷ്യന്‍ അധിനിവേശത്തില്‍ അമേരിക്കയില്‍ നിന്നുണ്ടായിരിക്കുന്ന പ്രധാന നയ വ്യതിയാനമാണ് ഈ തീരുമാനം കാണിക്കുന്നത്. ഈ വാര്‍ത്ത യു എസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എടിഎസിഎംഎസ്(Army Tactical Missile Systems) എന്നറിയപ്പെടുന്ന മിസൈലുകളുടെ നിയന്ത്രണം നീക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി മാസങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് തങ്ങളെ അനുവദിക്കണമെന്നതായിരുന്നു കീവിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സെലന്‍സ്‌കി ഞായറാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്, ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്നോടിയായി അനാവശ്യമായ പ്രഖ്യാപനങ്ങള്‍ വേണ്ടതില്ലെന്നാണ് യുക്രയെന്‍ പ്രസിഡന്റ് ഓര്‍മിപ്പിച്ചത്. ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞിട്ട് ബാക്കി സംസാരം എന്നാണ് സെലന്‍സ്‌കി അര്‍ത്ഥമാക്കിയിരിക്കുന്നത്.

ATACMS

അമേരിക്കയുടെ നയം മാറ്റം റഷ്യയെ പ്രകോപിപ്പിക്കും. ഇത്തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടാകരുതെന്ന് റഷ്യ മുമ്പേ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രയെന്റെ കാര്യത്തില്‍ ഇടപെട്ടാല്‍, അത് നാറ്റോ സഖ്യം ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നതിന് തുല്യമായിരിക്കുമെന്നാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പാശ്ചാത്യ ശക്തികളോട് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഞായറാഴ്ച്ച ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങളില്‍ പുടിന്‍ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അതേസമയം, ഈ തീരുമാനം സാഹചര്യങ്ങള്‍ ഗുരുതരമാക്കുമെന്നാണ് ക്രെംലിനിലെ മറ്റ് ഉന്നതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതേസമയം, എടിഎസിഎംഎസ് വ്യാപകമായി പ്രയോഗിക്കാന്‍ കീവിനെ അമേരിക്ക അനുവദിക്കുന്നില്ല. റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ മാത്രമായി ആക്രമണം പരിമിതപ്പെടുത്തണമെന്നാണ് വാഷിംഗ്ടണ്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ യുക്രെയ്ന്‍ കുര്‍സ്‌കില്‍ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചിരുന്നു. ഭാവിയില്‍ ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും സാധ്യമാകുന്ന തരത്തില്‍ റഷ്യയുടെ ഒരു ചെറിയ പ്രദേശം കൈവശം വയ്ക്കുന്നതില്‍ കീവിനെ അനുവദിക്കാനാണ് അമേരിക്ക തയ്യാറായിരിക്കുന്നത്.

Putin

അമേരിക്ക എടുത്തിരിക്കുന്ന തീരുമാനം യുക്രെയ്‌നെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതാണ്. ഇത് യുദ്ധത്തിന്റെ ഗതി മാറ്റുമെന്നല്ല, പക്ഷേ നമ്മുടെ സേനയെ കൂടുതല്‍ തുല്യമാക്കും എന്നാണ് കീവ് ആസ്ഥാനമായുള്ള ഉക്രേനിയന്‍ സെക്യൂരിറ്റി ആന്‍ഡ് കോഓപ്പറേഷന്‍ സെന്ററിന്റെ ചെയര്‍മാന്‍ സെര്‍ഹി കുസാന്‍, ബൈഡന്റെ തീരുമാനത്തിലുള്ള പ്രതികരണമായി ബിബിസിയോട് പ്രതികരിച്ചത്. എടിഎസിഎംഎസ്സിന് 300 കിലോമീറ്റര്‍ (186 മൈല്‍) വരെ എത്താന്‍ കഴിയും. ഉത്തരകൊറിയന്‍ സൈനികരെ യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ അനുവദിച്ച റഷ്യയുടെ തീരുമാനത്തിനുള്ള മറുപടിയായാണ് യുക്രെയ്‌ന് എടിഎസിഎംഎസ് ഉപയോഗിക്കുന്നതിന് ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയതെന്നാണ് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോടും വാഷിംഗ്ടണ്‍ പോസ്റ്റിനോടും പറഞ്ഞത്.  US President Joe Biden allows Ukraine to use ATACMS against Russia 

Content Summary; US President Joe Biden allows Ukraine to use ATACMS against Russia

×