December 10, 2024 |

ജര്‍മന്‍ ആയുധ വ്യാപാരിയെ ലക്ഷ്യമിട്ട റഷ്യയുടെ മര്‍ഡര്‍ പ്ലാന്‍ പൊളിച്ച് അമേരിക്ക

യുക്രെയ്‌നിന് ആയുധം നൽകുന്ന കമ്പനി മേധാവി

ജർമ്മനിയിലെ പ്രമുഖ ആയുധ നിർമ്മാണത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവിനെ വധിക്കാനുള്ള റഷ്യൻ ഗൂഢാലോചനക്ക് അമേരിക്ക തടയിട്ടതായി റിപ്പോർട്ട്. യുഎസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ജർമ്മനിയിലെ ഓട്ടോമോട്ടീവ്, പ്രതിരോധ കമ്പനിയായ റെയിൻമെറ്റാലിൻ്റെ സിഇഒ ആർമിൻ പാപ്പർഗറെ കൊലപ്പെടുത്താനുള്ള പദ്ധതി പരാജയപ്പെടുത്തിയത്. യുക്രെയ്നിന് വേണ്ടി ആയുധങ്ങൾ എത്തിച്ചു കൊടുത്തതിന്റെ പ്രതികാര നടപടിയാണ് കൊലപാതക ശ്രമമെന്ന് റിപ്പോർട്ടുകൾ പറയുന്നു. Russia to kill German arm suppiler to Ukraine

യുക്രെയിനിൻ്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്ന യൂറോപ്പ്യൻ രാജ്യങ്ങളുടെ പ്രതിരോധ എക്‌സിക്യൂട്ടീവുകളെ കൊല്ലാനുള്ള റഷ്യൻ ഗവൺമെന്റ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആ ശ്രമത്തിന്റെ ഭാഗമാണ് ആർമിൻ പാപ്പർഗറെക്ക് നേരെ നടന്ന കൊലപാതക ശ്രമവുമെന്നാണ് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റു ശ്രമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പാപ്പർഗറിനെ കൊല്ലാനുള്ള പദ്ധതികൾ അതി വേഗം പുരോഗമിച്ചതായാണ് പറയുന്നത്. ശ്രമങ്ങളെ കുറിച്ച്‌ വിവരം ലഭിച്ച യുഎസ് അതിവേഗം കൊലപാതകശ്രമത്തിനുള്ള സാധ്യത ജർമ്മനിയെ അറിയിക്കുകയായിരുന്നു. ഇതോടെ പാപ്പർഗർ ജർമ്മൻ സർക്കാരിന്റെ കനത്ത സുരക്ഷാ വലയത്തിലായി. ജർമ്മൻ ഗവൺമെൻ്റ് അദ്ദേഹത്തിന് ചുറ്റും വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോസ്ഥർ അറിയിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ ഭീഷണികൾ അദ്ദേഹം നേരിട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സിഎൻഎൻ റിപ്പോർട്ട് വിശ്വസനീയമാണെന്ന് അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ” സിഎൻഎൻ റിപ്പോർട്ട് കേവലം ഒരു പ്രവചനം ആയി കണക്കാക്കുന്നില്ല.” പാപ്പർഗർ പറയുന്നു.

സുരക്ഷാ അധികാരികളുമായി പതിവായി കൂടിയാലോചിച്ച് “ആവശ്യമായ നടപടികൾ എപ്പോഴും സ്വീകരിക്കുമെന്ന് റെയിൻമെറ്റാലും പ്രതികരിച്ചു. ജർമ്മൻ അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും, ഗൂഢാലോചനയെക്കുറിച്ച് യുഎസ് ബെർലിന് മുന്നറിയിപ്പ് നൽകിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പീരങ്കികളും ടാങ്ക് ഷെല്ലുകളും കവചിത വാഹനങ്ങളും നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആയുധ നിർമ്മാതാക്കളിൽ ഒരാളാണ് റെയിൻമെറ്റാൽ. 2022-ൽ റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിനുശേഷം കമ്പനി തങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു. കൂടാതെ യുക്രെയ്നിലേക്കുള്ള ഏറ്റവും വലിയ സൈനിക ഉപകരണങ്ങളും വെടിക്കോപ്പുകളും ഇവർ വിതരണം ചെയ്യുന്നതായി ജർമ്മനിയുടെ ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരിയിൽ, കവചിത വാഹനങ്ങൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ഉക്രെയ്നിൽ ഒരു വെടിമരുന്ന് ഫാക്ടറി തുറക്കാനുള്ള പദ്ധതികൾ റെയിൻമെറ്റാൽ പ്രഖ്യാപിച്ചിരുന്നു. പാപ്പർഗറിനെതിരായ ഗൂഢാലോചനയുടെ പ്രധാന കാരണം ഫാക്ടറിയാണെന്ന് ജർമ്മൻ സുരക്ഷാ അധികൃതർ വിലയിരുത്തുന്നുണ്ട്. സംഭവത്തോടെ പാപ്പർഗറിന്റെ ജനപ്രീതി വർദ്ധിച്ചു. കൂടാതെ കമ്പനിയും DAX സൂചികയിലെ ഉയർന്ന നിലയിലാണ്. കഴിഞ്ഞ വർഷം, കമ്പനി ഏകദേശം 1 ബില്യൺ യൂറോയാണ് ലാഭം നേടിയത്, എന്നാൽ ഇപ്പോൾ ഓർഡറുകൾ 44% വർദ്ധിച്ച് 38 ബില്യൺ യൂറോ ആയി. റഷ്യയുടെ അധിനിവേശത്തിനു ശേഷം, ഉക്രെയ്നിലേക്കുള്ള ഏറ്റവും വലിയ ആയുധ വിതരണക്കാരിൽ ഒരാളാണ് റെയിൻമെറ്റാൽ, ഇതോടെ റഷ്യ ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ള ആളുകളിൽ ജർമ്മനി അദ്ദേഹത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

യുക്രെയ്നിലേക്കുള്ള സൈനിക ഉപകരണങ്ങളുടെയും വെടിക്കോപ്പുകളുടെയും ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളാണ് റെയിൻമെറ്റൽ, കൂടാതെ ഉൽപ്പാദനം വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്. അതുവഴി പ്രതിവർഷം 700,000 റൗണ്ട് പീരങ്കി വെടിമരുന്ന് ആയിരിക്കും നിർമ്മിക്കുക. റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്‌നിന് ഏകദേശം 1 ദശലക്ഷം ആവശ്യമാണ്. ജർമ്മൻ നിർമ്മാതാവിൽ നിന്നുള്ള നിരവധി ആയുധങ്ങൾ ഉക്രേനിയൻ സൈന്യം ഉപയോഗിക്കുന്നുണ്ട്. ലെപ്പാർഡ് 1 പ്രധാന യുദ്ധ ടാങ്കുകളും മാർഡർ ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങളും ഉൾപ്പെടുന്നു. കൂടാതെ, കമ്പനി ഉക്രെയ്നിന് 155 എംഎം പീരങ്കി ഷെല്ലുകൾ നൽകിയിട്ടുണ്ട്. കൂടാതെ റിപ്പയർ, ഡെലിവറി, മാറ്റിസ്ഥാപിക്കൽ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സേവനവും കമ്പനി നൽകി വരുന്നുണ്ട്. സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയിൽ നിന്നുള്ള ഹൈബ്രിഡ് യുദ്ധം തങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഏറ്റവും പുതിയ ഭീഷണികൾ കമ്പനി വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് കമ്പനി ഇൻസൈഡർ ഡെർ സ്പീഗലിനോട് പറഞ്ഞു, ” ഇതൊന്നും യുക്രെയ്നെ പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ നിർണ്ണായക നടപടിയിൽ നിന്ന് വ്യതിചലിപ്പിക്കില്ല. ” അദ്ദേഹം പറഞ്ഞു.

റഷ്യ നടത്തുന്ന നിരവധി ആട്ടിമറി ശ്രമങ്ങളുടെ ഭാഗമായാണ് പാപ്പർഗറിനെ വധിക്കാനുള്ള ഗൂഢാലോചനയെ കണക്കാക്കുന്നത്. ഉക്രെയ്നിനുള്ള പിന്തുണയ്‌ക്കെതിരായ തിരിച്ചടിയാണ് ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട്. ഇതിനുപുറമെ ഗോഡൗണുകൾക്കും ഷോപ്പിംഗ് സെൻ്ററുകൾക്കും തീയിടൽ, നശീകരണം, ചുവരെഴുത്ത്, ചാരവൃത്തി തുടങ്ങിയ വിവിധ പ്രവൃത്തികൾ നടത്താൻ പ്രാദേശിക അമച്വർമാരെ റിക്രൂട്ട് ചെയ്തതായും പറയുന്നുണ്ട്. യുദ്ധത്തിൽ ഉക്രെയ്നിൻ്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താനും ഉക്രെയ്നിനുള്ള പൊതുജന പിന്തുണ കുറയ്ക്കാനും ഉദ്ദേശിച്ചു നടത്തുന്ന ഈ ശ്രമങ്ങൾ പടിഞ്ഞാറൻ യൂറോപ്പിൽ മോസ്കോ നടത്തുന്ന “നിഴൽ യുദ്ധം” എന്നാണ് വിശേഷിപ്പിക്കുന്നത്.Russia to kill German arm suppiler to Ukraine

Content summary; Russian plot to kill the boss of a German arms firm supplying Ukraine

×