അറ്റ്ലാൻ്റിക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുത്ത് അമേരിക്ക. മാരിനെറ എന്ന എണ്ണക്കപ്പലാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, എണ്ണ ടാങ്കർ പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തിന് ബ്രിട്ടന്റെ സഹായവും ലഭിച്ചതായാണ് ദി ഗാർഡിയൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹേലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനുമേലുള്ള അമേരിക്കൻ ഉപരോധങ്ങൾ ഈ കപ്പൽ ലംഘിച്ചതിനാൽ നടപടി നിയമപരമാണെന്ന് വാദിച്ച ബ്രിട്ടൻ അമേരിക്കയുടെ സഹായ അഭ്യർഥന മാനിച്ച്, തങ്ങളുടെ സായുധ സേന പിന്തുണ നൽകിയെന്ന് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ഓപ്പറേഷൻ നടന്നതെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക നിലപാട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ കപ്പൽ അഞ്ച് തവണ പേര് മാറ്റിയിട്ടുണ്ടെന്നാണ് ഹേലി വെളിപ്പെടുത്തിയത്. കരീബിയനിൽ എത്തിയപ്പോൾ ഇത് ഗയാനയുടെ പതാക വ്യാജമായി ഉപയോഗിക്കുകയായിരുന്നുവെന്നും അന്താരാഷ്ട്ര നിയമപ്രകാരം കൃത്യമായ രേഖകളില്ലാത്ത കപ്പലുകളെ തടയാൻ രാജ്യങ്ങൾക്ക് അധികാരമുണ്ടെന്നും ജോൺ ഹേലി പറഞ്ഞു.
ഓപ്പറേഷനിൽ ബ്രിട്ടീഷ് സേന നേരിട്ട് പങ്കെടുത്തില്ലെങ്കിലും നിർണ്ണായകമായ പിന്തുണ നൽകിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് നാവികസേനയുടെ ആർഎഫ്എ ടൈഡ്‌ഫോഴ്‌സ് എന്ന കപ്പൽ അമേരിക്കൻ സേനയ്ക്ക് ആവശ്യമായ ഇന്ധനവും മറ്റ് സൈനിക സാമഗ്രികളും എത്തിച്ചുനൽകി. അയർലണ്ടിന് വടക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിരീക്ഷണം നടത്താൻ ബ്രിട്ടന്റെ ആർഎഎഫ് റിവെറ്റ് ജോയിന്റ് വിമാനം നിയോഗിക്കപ്പെടുകയും ചെയ്തു. സഫോക്കിലെ മിൽഡൻഹാൾ, ഗ്ലൗസസ്റ്റർഷയറിലെ ഫെയർഫോർഡ് എന്നീ ബ്രിട്ടീഷ് വ്യോമതാവളങ്ങൾ അമേരിക്കൻ പ്രത്യേക സേനയുടെ ഹെലികോപ്റ്ററുകൾക്കും ഗൺഷിപ്പുകൾക്കും വേണ്ടി വിട്ടുനൽകി.
മാരിനെറ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് ഈ കപ്പൽ ‘ബെല്ല 1’എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആ സമയത്ത് തന്നെ ഈ കപ്പലിന് മേൽ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലവിലുണ്ടായിരുന്നു. കരീബിയൻ കടലിൽ നിന്നും റഷ്യയിലേക്ക് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പൽ. ബ്രിട്ടന്റെയും അയർലണ്ടിന്റെയും വടക്ക്-പടിഞ്ഞാറൻ ഭാഗത്ത് വെച്ചാണ് ഇത് പിടിച്ചെടുത്തത്. നിലവിൽ കപ്പലിൽ എണ്ണയില്ല എന്നാണ് കണ്ടെത്തൽ. അതിനാൽ ഇതിൽ മറ്റ് എന്തെങ്കിലും അപകടകരമായ വസ്തുക്കൾ ഉണ്ടോ എന്ന് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ടാങ്കർ ട്രാക്കേഴ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം, 2021-നും 2025-നും ഇടയിൽ ഈ കപ്പൽ ദശലക്ഷക്കണക്കിന് ബാരൽ ഇറാനിയൻ, വെനസ്വേലൻ ക്രൂഡ് ഓയിൽ ചൈനയിലേക്ക് കടത്തിയിട്ടുണ്ട്.
This post was last modified on January 8, 2026 12:46 pm
Leave a Comment