January 31, 2026 |
Share on

യുഎസ് അടച്ചുപൂട്ടല്‍: ആരോഗ്യമേഖലയിലെ ട്രംപിന്റെ പാഴ്‌വാക്കുകളും; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും

രണ്ടാം ടേമിലും ‘പദ്ധതിയുടെ ആശയങ്ങള്‍’ മാത്രം

അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപരിപാലന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമെന്ന വാഗ്ദാനവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. "ഞാന്‍ നിങ്ങളോട് പറയുന്നു, അടുത്ത ചെറിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കും. അതിലൂടെ ട്രില്യണ്‍ കണക്കിന് ഡോളര്‍ ജനങ്ങള്‍ക്ക് ലഭിക്കും" എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് ജനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. എന്നാല്‍ ഈ പ്രഖ്യാപനത്തെ ജനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗമായാണ് യുഎസ് പൗരന്മാരില്‍ ഒരു വിഭാഗം കാണുന്നത്.

മെച്ചപ്പെടുത്തിയ ഒബാമകെയര്‍ സബ്സിഡികളുടെ കാലാവധി നീട്ടുക എന്ന ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്

ഇതോടെ, രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ട്രംപിന്റെയും റിപ്പബ്ലിക്കന്‍മാരുടെയും പ്രധാന ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ഉയര്‍ന്ന ജീവിതച്ചെലവിന് പുറമേ, വര്‍ധിച്ച പ്രീമിയങ്ങളും ഡിഡക്ടിബിളുകളും (ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കി തുടങ്ങുന്നതിനുമുമ്പ്, ഒരു പോളിസി ഉടമ സ്വന്തമായി അടയ്ക്കേണ്ടി വരുന്ന നിശ്ചിത തുക) കാരണം ദശലക്ഷക്കണക്കിന് പൗരന്മാരാണ് ദുരിതത്തിലായിരിക്കുന്നത്. എന്നാല്‍, നിലവിലെ പ്ലാനുകള്‍ താങ്ങാന്‍ കഴിയാത്തവര്‍, ജോലി നഷ്ടപ്പെട്ടാല്‍ കവറേജ് പൂര്‍ണമായും ഇല്ലാതാകുമെന്ന് ഭയപ്പെടുന്നവര്‍ എന്നിവര്‍ക്ക് ട്രംപ് തന്റെ ആദ്യ ടേമില്‍ സമഗ്രവും വിശദവുമായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇന്നത് സാധ്യമല്ല.

ട്രംപിന്റെ വാഗ്ദാന ലംഘനം

സബ്സിഡി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും, ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് ഫലപ്രദമായ പരിഹാരമുണ്ടെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്ക് കാരണമാകും.

ആരോഗ്യപരിരക്ഷാ വിഷയത്തില്‍ ട്രംപിന്റെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ കാര്യമല്ല. 2016 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍, ഒബാമ കെയര്‍ റദ്ദാക്കുമെന്നും പകരം ചെലവ് കുറഞ്ഞതും കൂടുതല്‍ മികച്ചതുമായ ആരോഗ്യപരിരക്ഷ അമേരിക്കക്കാര്‍ക്ക് ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാന ലംഘനങ്ങള്‍ 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാം ടേമിലും ‘പദ്ധതിയുടെ ആശയങ്ങള്‍’ മാത്രം

നിലവില്‍, ട്രംപ് ഭരണകൂടം അദ്ദേഹത്തിന്റെ ആദ്യ ടേമില്‍ നേരിട്ട അതേ അവസ്ഥയിലൂടെയാണ് രണ്ടാം ടേമിലും കടന്നുപോകുന്നത്. 2024-ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസുമായുള്ള സംവാദത്തിനിടെ, ആരോഗ്യ പരിരക്ഷാ സംവിധാനം ‘മികച്ചതും ചെലവ് കുറഞ്ഞതുമാക്കാന്‍’ തന്റെ പക്കല്‍ പദ്ധതിയുടെ ‘ആശയങ്ങള്‍’ മാത്രമാണുള്ളത് എന്ന് ട്രംപ് തുറന്നുസമ്മതിച്ചത് വലിയ പരിഹാസത്തിന് വഴിയൊരുക്കിയിരുന്നു.

ഈ പ്രഖ്യാപനം നടന്ന് ഒരു വര്‍ഷത്തിലേറെയായിട്ടും, ചില മരുന്നുകളുടെ വില കുറയ്ക്കാന്‍ ശ്രമിച്ചതൊഴിച്ചാല്‍, ആരോഗ്യമേഖലയിലെ മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഇപ്പോഴും അകലെയാണ്.

ആരോഗ്യപരിപാലനത്തില്‍ റിപ്പബ്ലിക്കന്‍ വിഭാഗീയത ആളുന്നു

ആരോഗ്യ പരിപാലനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഡെമോക്രാറ്റുകളുമായുള്ള സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പോരാട്ടത്തില്‍ മാത്രം ഒതുങ്ങിയില്ല, മറിച്ച് അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കുന്ന ഒന്നായി മാറി. പ്രസിഡന്റ് ട്രംപിനെയും അദ്ദേഹത്തിന്റെ പ്രധാന പിന്തുണക്കാരില്‍ ഒരാളായ മാര്‍ജോറി ടെയ്ലര്‍ ഗ്രീനിനെയും പോലും പരസ്പരം അകറ്റി.

അടച്ചുപൂട്ടല്‍ ആരംഭിച്ചപ്പോള്‍ത്തന്നെ, ജോര്‍ജിയന്‍ പ്രതിനിധിയായ ഗ്രീന്‍ പാര്‍ട്ടി നിലപാടുകളില്‍ നിന്ന് പിന്തിരിഞ്ഞു. സബ്സിഡികള്‍ നിലച്ചതിനെത്തുടര്‍ന്ന് തന്റെ കുടുംബത്തിനുള്ള അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (എസിഎ) ഇന്‍ഷുറന്‍സ് പ്രീമിയറുകള്‍ ഇരട്ടിയാകും എന്ന വസ്തുത അവര്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നു. എസിഎയെ അനുകൂലിക്കുന്നില്ലെങ്കില്‍പ്പോലും, അവര്‍ സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.

ഈ ആഴ്ച സര്‍ക്കാര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി സെനറ്റ് അംഗീകരിച്ച പദ്ധതിയില്‍ വോട്ടെടുപ്പ് നടത്താന്‍ ഹൗസിനെ തിരികെ വിളിച്ച സ്പീക്കര്‍ മൈക്ക് ജോണ്‍സന് ഗ്രീനിന്റെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഒരു മുന്നറിയിപ്പായി നിലകൊള്ളുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ ആളിക്കത്താന്‍ കാരണമായ അടച്ചുപൂട്ടല്‍, ചേംബറിനെ ചര്‍ച്ചകളില്ലാതെ ‘ഇരുട്ടില്‍’ നിര്‍ത്താന്‍ ഇത്രയധികം ഉത്സാഹം കാണിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നു. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ കുറയ്ക്കണമെന്നും പകരം ആഭ്യന്തര നയ രൂപീകരണത്തിനായി തുടര്‍ച്ചയായ മീറ്റിംഗുകള്‍ നടത്തണമെന്നും എക്‌സില്‍ കുറിച്ചുകൊണ്ട് ഗ്രീന്‍ ട്രംപില്‍ നിന്ന് കൂടുതല്‍ അകന്നുനില്‍ക്കുന്ന നിലപാടെടുത്തു.

സര്‍ക്കാര്‍ പ്രവര്‍ത്തനം പുനഃരംരംഭിക്കുന്നതിനായുള്ള കരാറിന്റെ ഭാഗമായി, മിതവാദികളായ ഡെമോക്രാറ്റുകളുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച്, ഒബാമകെയര്‍ സബ്സിഡികള്‍ നീട്ടുന്നത് സംബന്ധിച്ച് ഡിസംബറില്‍ വോട്ടെടുപ്പ് നടത്താന്‍ സെനറ്റ് റിപ്പബ്ലിക്കന്‍ നേതാവായ ജോണ്‍ തൂണ്‍ സമ്മതിച്ചു. ഡെമോക്രാറ്റുകള്‍ മുന്നോട്ടുവച്ച ഈ ബില്‍ പാസാകാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ഈ വോട്ടെടുപ്പ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ നിലപാട് ഔദ്യോഗികമായി രേഖപ്പെടുത്താനും അവരെ രാഷ്ട്രീയപരമായ സമ്മര്‍ദ്ദത്തിലാക്കാനും ഇടയാക്കും.

അതൃപ്തിയില്‍ ഡെമോക്രാറ്റുകള്‍

ആരോഗ്യ പരിപാലന വിഷയത്തില്‍ അമേരിക്കക്കാരെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു. അതിനാല്‍, സര്‍ക്കാര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മിതവാദികളായ സെനറ്റ് അംഗങ്ങള്‍ റിപ്പബ്ലിക്കന്‍മാരുമായി ധാരണയിലെത്തിയതില്‍ പല ഡെമോക്രാറ്റുകളും ക്ഷുഭിതരാണ്.

ട്രംപിന്റെ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍

ഇന്‍ഷുറന്‍സ് കമ്പനികളുടെ അധികാരം കുറച്ചുകൊണ്ടും, ആരോഗ്യ സംരക്ഷണത്തില്‍ തിരഞ്ഞെടുപ്പിനും നിയന്ത്രണത്തിനും സ്വാതന്ത്ര്യം തിരികെ നല്‍കിക്കൊണ്ടും, കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിക്കൊണ്ടും, ട്രംപിന്റെ ‘മനോഹരമായ വലിയ ബില്‍’ എന്ന ആഭ്യന്തര നയ നിയമം ആരോഗ്യ പരിപാലനം കൂടുതല്‍ താങ്ങാനാവുന്നതാക്കി എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാദിക്കുന്നത്. എങ്കിലും, ഈ ബില്ലിലെ മെഡികെയ്ഡ് (Medicaid) ഫണ്ടിംഗിലെ വെട്ടിക്കുറവ് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും, പല ഗ്രാമീണ ആശുപത്രികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാകുമെന്നും ആരോഗ്യ വിശകലന വിദഗ്ദ്ധരും വിവിധ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നു.

കുറിപ്പടി മരുന്നുകളുടെ (prescription drugs) വില കുറയ്ക്കുന്നതിനായി ഭരണകൂടം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി, അടുത്ത വര്‍ഷം ആദ്യം തന്നെ ഉപഭോക്താക്കള്‍ക്കായി നേരിട്ടുള്ള വെബ്‌സൈറ്റായ ‘ട്രംപ്ആര്‍എക്‌സ്’ (TrumpRx) ആരംഭിക്കാന്‍ പദ്ധതിയിടുന്നു.

കഴിഞ്ഞ ആഴ്ച, പ്രസിഡന്റ് ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു: എലി ലില്ലി (Eli Lilly), നോവോ നോര്‍ഡിസ്‌ക് (Novo Nordisk) തുടങ്ങിയ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ക്ക് താരിഫ് ഇളവുകള്‍ നല്‍കുന്ന ഒരു കരാറിലൂടെ, അമിതവണ്ണത്തിനുള്ള ചില മരുന്നുകള്‍ വെറും 149 ഡോളറിന് ലഭ്യമാക്കും.

ഈ പദ്ധതി വിജയിച്ചാല്‍, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതുകൊണ്ടോ, ഉയര്‍ന്ന വില താങ്ങാന്‍ കഴിയാത്തത് കൊണ്ടോ മരുന്നുകള്‍ ലഭിക്കാത്ത നിരവധി രോഗികള്‍ക്ക് ആശ്വാസമാകും.

Content Summary: US shutdown: split within the republican party

Leave a Reply

Your email address will not be published. Required fields are marked *

×