യുഎസിലെ ഓഹരി വിപണിയിൽ വലിയ ഇടിവാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുകയും ചെയ്തു. വർദ്ധിച്ചു വരുന്ന വ്യാപാര പിരിമുറുക്കങ്ങൾക്ക് ഇടയിലും യുഎസിന്റെ സമ്പദ് വ്യവസ്ഥ പരിവർത്തനത്തിന്റെ കാലഘട്ടത്തിലാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് വിപണിയിലെ ഇടിവ്. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരെയുള്ള ട്രംപിന്റെ തീരുവ നയം അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോയെന്ന ഭയത്തിലാണ് നിക്ഷേപകർ. യുഎസ് മാർക്കറ്റിലെ ടെക്നോളജി വിപണിയെയാണ് ഇടിവ് കാര്യമായി ബാധിച്ചത്.
2022 ന് ശേഷമുള്ള ഏറ്റവും മോശം വിപണി ദിവസത്തിനായിരുന്നു സ്റ്റോക്ക് മാർക്കറ്റായ നാസ്ഡാക്ക് കോമ്പോസിറ്റ് സാക്ഷ്യം വഹിച്ചത്. 4 ശതമാനം ഇടിവാണ് നാസ്ഡാക്കിൽ രേഖപ്പെടുത്തിയത്. ട്രംപിന്റെ ഉറ്റ ചങ്ങാതിയും ടെസ്ല മേധാവിയുമായ മസ്കിനും വൻ നഷ്ടം സംഭവിച്ചു. ടെസ്‌ല ഓഹരികൾ 15.4 ശതമാനം ഇടിവാണുണ്ടായത്. അതേസമയം എഐ ചിപ്പ് ഭീമനായ എൻവിഡിയ 5 ശതമാനത്തിലധികം നഷ്ടം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്. മെറ്റ, ആമസോൺ, ആൽഫബെറ്റ് എന്നിവയുൾപ്പെടെ മറ്റ് ടെക് ഭീമന്മാർക്കും കുത്തനെ ഇടിവ് നേരിട്ടു. ഓഹരി വിപണിയെക്കുറിച്ചുള്ള സാമ്പത്തിക വീഷണങ്ങളെയും സ്റ്റോക്ക് മാർക്കറ്റിന്റെ യഥാർത്ഥ പ്രവർത്തനങ്ങളെയുംക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണബോധ്യമുണ്ടെന്ന് ഒരു വൈറ്റ് ഹൗസ് അംഗം മാധ്യമങ്ങളോട് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ താരിഫ് നയത്തെ ന്യായീകരിച്ചു കൊണ്ട് ഇത് പരിവർത്തനത്തിന്റെ കാലമാണെന്ന് പറഞ്ഞത്. ഞങ്ങൾ അമേരിക്കയെ സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ തീരുവ വർദ്ധനവ് പണപെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
തന്റെ വ്യാപാര നയങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കയെ തള്ളിക്കളയണമെന്ന തരത്തിൽ ആയിരുന്നു ഫോക്സ് ന്യൂസിലെ അഭിമുഖത്തിൽ ട്രംപ് സംസാരിച്ചത്. ട്രംപിന്റെ ഈ നിലപാടിലുണ്ടായ ആശങ്കയാണ് ഓഹരി വിപണിയിലെ വൻ വിറ്റഴിക്കലിലേക്ക് നയിച്ചത്. വർദ്ധിച്ചു വരുന്ന ആശങ്കകൾക്കിടയിലും സാമ്പത്തിക വീക്ഷണത്തേയും അവഗണിക്കുകയാണ് ട്രംപ് ചെയ്തത്. ബിബിസി ന്യൂസ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ജപ്പാനിലെ നിക്കി ഓഹരി വിപണിയിൽ 2.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ കോസ്പിയിൽ 2.3 ശതമാനം ഇടിവും രേഖപ്പെടുത്തി. കൂടാതെ ഓസ്ട്രേലിയയിലെ S&P/ASX 200ൽ 1.8 ശതമാനം ഇടിവും രേഖപ്പെടുത്തി.രാജ്യാന്തര വിപണികളെ ബാധിച്ചതിന് പുറമേ എണ്ണവിലയിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ക്രൂഡ് ഓയിലിന് 1.51 ഇടിഞ്ഞ് ബാരലിന് 66.03 ഡോളറിൽ എത്തിയിരുന്നു. സ്വർണ്ണവിലയിലും ക്രിപ്റ്റോ കറൻസിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിറ്റ്കോയിൻ 4.88 ശതമാനം ഇടിഞ്ഞു. നവംബറിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാമിതെന്ന് വിദഗ്ധർ പറയുന്നു.ഓഹരി വിപണികൾ കൂപ്പു കുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല.
content summary: Trump’s trade war triggers a massive sell-off on Wall Street, with global markets plunging as fears of a recession rise due to his tariffs.