July 12, 2025 |
Share on

1965 ലെ യുദ്ധവീരന് മായ്ച്ച് സ്‌കൂളിന് പ്രധാനമന്ത്രിയുടെ പേര്, ഒടുവില്‍ തിരുത്തിയെഴുതി

ഇന്ത്യക്ക് മായ്ക്കാനും മറക്കാനും പറ്റില്ല ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിനെ

2024 ജൂലൈ ഒന്നിന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഉത്തര്‍പ്രദേശിലെ ധമുപുര്‍ ഗ്രാമത്തില്‍ എത്തുന്നത് രണ്ട് പുസ്തകങ്ങളുടെ പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു. ‘ മേരാ പപ്പാ പരംവീര്‍’ , ‘ ഭാരത് കാ മുസല്‍മാന്‍’ എന്നീ പുസ്തങ്ങളായിരുന്നു ഭഗവത് പ്രകാശനം ചെയ്തത്. ധമുപൂരിലെത്തി ആര്‍എസ്എസ് തലവന്‍ പ്രകാശനം ചെയ്ത ആ രണ്ട് പുസ്തകങ്ങളും ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിനെ കുറിച്ചുള്ളതായിരുന്നു. കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ അസല്‍ ഉത്തറില്‍ നടന്ന ഘോരമായ പാറ്റണ്‍ ടാങ്ക് പോരാട്ടത്തില്‍ മാതൃരാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പോരാളി. മരണാനന്തര ബഹുമതിയായി രാജ്യം പരംവീര്‍ ചക്ര നല്‍കി ആദരിച്ച ധീര സൈനികന്‍.

രാജ്യത്തിന്റെ അഭിമാനമായ ഈ സൈനികനെ അപമാനിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് നാല് ദിവസങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും ആദ്യം വന്നത്. ഗാസിപുര്‍ ജില്ലയിലെ ധമുപുരില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിന് ഷഹീദ് വീര്‍ അബ്ദുള്‍ ഹമീദ് വിദ്യാലയ എന്ന പേരായിരുന്നു ഉണ്ടായിരുന്നത്. അബ്ദുള്‍ ഹമീദ് പഠിച്ചിരുന്ന വിദ്യാലയം കൂടിയായിരുന്നു ഇത്.

എന്നാല്‍ ഈ സ്മരണ മായ്ച്ച് സ്‌കൂളിനെ പ്രധാനമന്ത്രിയുടെ പേരിലാക്കുകയായിരുന്നു ഗാസിപുര്‍ ജില്ല വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. സ്‌കൂളില്‍ പുതിയായി പെയ്ന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, പ്രധാന കവാടത്തില്‍ നിന്നും അബ്ദുള്‍ ഹമീദിനെ മായ്ച്ച് പകരം പിഎം ശ്രീ കോമ്പോസിറ്റ് സ്‌കൂള്‍’ എന്നായി.

1965ലെ ഇന്ത്യയുടെ യുദ്ധവീരനെ വളരെ നിസാരമായി മായ്ച്ചു കളയാമെന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം പക്ഷേ വിജയിച്ചില്ല. വലിയ പ്രതിഷേധം ഉയര്‍ന്നു. അബ്ദുള്‍ ഹമീദിന്റെ കുടുംബം ശക്തമായി പ്രതിഷേധിച്ചു. ഒപ്പം നാട്ടുകാരും ചേര്‍ന്നു. അബ്ദുള്‍ ഹമീദിന്റെ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. പ്രതിഷേധം ശക്തമായതോടെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അധികാരി ഹേമന്ദ് റാവു ഇക്കാര്യത്തില്‍ ഇടപെടുകയും കുടുംബത്തിന്റെ ആവശ്യം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അങ്ങനെ തിങ്കളാഴ്ച്ച(ഫെബ്രുവരി17) സ്‌കൂളിന്റെ പ്രധാന കവാടത്തിന്റെ മുകളില്‍ അബ്ദുള്‍ ഹമീദിന്റെ പേര് വീണ്ടും തെളിഞ്ഞു. അതേസമയം, കവാടത്തിന്റെ വശങ്ങളില്‍ പിഎം ശ്രീ ഇപ്പോഴും മായാതെയുണ്ട്.

അബ്ദുള്‍ ഹമീദിന്റെ പേര് മായ്ച്ചത് യാദൃശ്ചികമല്ലെന്നാണ് വിമര്‍ശനം. ഗാസിപൂരിലെ മൂന്ന് ദേശീയ നായകന്മാരുടെ ചിത്രങ്ങള്‍ പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിന്ന് ആസൂത്രിതമായി നീക്കം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് സ്ഥലം എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഫ്‌സല്‍ അന്‍സാരി ആരോപിക്കുന്നത്.

അബ്ദുള്‍ ഹമീദിന്റെത് ഒറ്റപ്പെട്ട കേസല്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗാസിപൂരിനെ മൗവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡിലെ, അന്തരിച്ച ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ പേരിലുള്ള പ്രവേശന കവാടം ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത്. അടുത്തിടെയാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷന്‍ മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരിലുള്ള ഒരു ഇന്റര്‍മീഡിയറ്റ് കോളേജിന്റെ അതിര്‍ത്തിയും കൈയേറ്റമെന്നാരോപിച്ച് ഭരണകൂടം നശിപ്പിച്ചത്’, അന്‍സാരി പറയുന്നു.

കേവലം പെയിന്റ് കൊണ്ട് മായ്ച്ചാല്‍ മായുന്ന ഒന്നല്ല ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ പേര് എന്നാണ് ഉത്തര്‍പ്രദേശ് ഭരണകൂടത്തെ അന്‍സാരിയെ പോലുള്ളവര്‍ ഓര്‍മിപ്പിക്കുന്നത്. രാജ്യം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത, അപമാനിക്കാന്‍ പാടില്ലാത്ത ഒരു സൈനികനാണ് അബ്ദുള്‍ ഹമീദ്. ഈ വീര നായകന്റെ കഥ താഴെ പറയാം;

അസല്‍ ഉത്തര്‍ യുദ്ധം
പഞ്ചാബില്‍ ഖേം കരന്‍ പട്ടണത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് അസല്‍ ഉത്തര്‍. യുദ്ധം തുടങ്ങി ഒരു മാസം കഴിയുമ്പോഴാണ്-1965 സെപ്തംബറില്‍- പാകിസ്താന്‍ ആര്‍മിയുടെ ഒന്നാം കവചിത ഡിവിഷന്‍ അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കിയത്. അവര്‍ അതിര്‍ത്തി ഭേദിച്ച് ഖേം കരന്റെ പല സ്ഥലങ്ങളും പിടിച്ചെടുത്തു. ബിയാസ് നദിക്കു കുറുകെയുള്ള പാലം ലക്ഷ്യം വച്ചായിരുന്നു പാകിസ്താന്റെ മുന്നേറ്റം. ലക്ഷ്യ സ്ഥാനത്ത് വിജയകരമായി എത്തിയാല്‍ അമൃത്സര്‍ ഉള്‍പ്പെടെ പഞ്ചാബിന്റെ നല്ലൊരു ഭാഗം അവര്‍ക്ക് ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു. പാകിസ്താന്റെ അപ്രതീക്ഷ ആക്രമണം ഖേം കരന് സമീപം വിന്യസിച്ചിരുന്ന ഇന്ത്യയുടെ നാലാം മൗണ്ടന്‍ ഡിവിഷനെ ഞെട്ടിച്ചു. ശത്രുവിന്റെ മുന്നേറ്റത്തില്‍ പകച്ച സൈനികര്‍ പ്രദേശത്ത് നിന്നും പിന്‍വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മറ്റൊരു വഴിക്ക് തിരിഞ്ഞു. വെസ്റ്റേണ്‍ ആര്‍മി കമാണ്ടര്‍ ലഫ്റ്റന്റ് ജനറല്‍ ഹര്‍ബക്ഷ് സിംഗ് നാലാം മൗണ്ടന്‍ ഡിവിഷന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പുതിയ ചില തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അസല്‍ ഉത്തറിലെ റോഡ് ജംഗ്ഷനില്‍ പ്രതിരോധം തീര്‍ക്കാന്‍ ലഫ്റ്റനന്റ് ജനറല്‍ ഹര്‍ബക്ഷ് സിംഗ് ഉപദേശിച്ചു. പാകിസ്താന്റെ ടാങ്ക് ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ രണ്ടാം കവചിത ബ്രിഗേഡിനെ പ്രദേശത്ത് നിയോഗിക്കാനും തീരുമാനമായി. സെപ്തംബര്‍ എട്ടിനും പത്തിനും ഇടയില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നു. ഇന്ത്യയുടെ പ്രതിരോധം തകര്‍ക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. 97 ടാങ്കുകളാണ് യുദ്ധത്തില്‍ പാകിസ്താന് നഷ്ടമായത്. കമാന്‍ഡിംഗ് ഓഫിസര്‍ അടക്കം അവരുടെ ഒരു മുഴുവന്‍ കവചിത സൈനിക റെജിമെന്റും ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങേണ്ടിയും വന്നു. എങ്കിലും വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതു വരെ ഖേം കരന്‍ പട്ടണം പാകിസ്താന്റെ അധിനീതയില്‍ തന്നെയായിരുന്നു. ഇന്ത്യ പിടിച്ചെടുത്ത പാക് പ്രദേശങ്ങള്‍ വിട്ടുകൊടുത്തതിന്റെ ഭാഗമായാണ് ഖേം കരനില്‍ നിന്നും പാക് പട്ടാളവും ഒഴിഞ്ഞു പോകുന്നത്.

ഹമീദിന്റെ വീരമൃത്യു
അസല്‍ ഉത്തറിലെ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാലാം ഗ്രനേഡിയേഴ്സ് ബറ്റാലിയന്റെ ഭാഗമായി ചിമ ഗ്രാമത്തിന്റെ പ്രാന്തപ്രദേശമായ അമൃത്സര്‍-ഖേം കരന്‍ റോഡില്‍ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള നിയോഗത്തിലായിരുന്നു അബ്ദുള്‍ ഹമീദ്. റികോയിലെസ് തോക്കുകളുമായി, അസല്‍ ഉത്തറിലെ വയലുകളില്‍ മറഞ്ഞു കിടക്കുന്ന ശത്രു ടാങ്കുകള്‍ കണ്ടെത്താനുള്ള സംഘത്തെ നയിക്കുകയായിരുന്നു ഹമീദ്.

സെപ്തംബര്‍ 10, നാല് പാക് ടാങ്കുകള്‍ ഹമീദിന്റെ കണ്ണില്‍പ്പെട്ടു. മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു ആ വീരന്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് തന്നെ ശത്രുവിന്റെ ടാങ്കുകള്‍ ലക്ഷ്യമായി ഹമീദ് ആക്രമിച്ചു. മൂന്നു ടാങ്കുകള്‍ അദ്ദേഹം തകര്‍ത്തു. ഒരെണ്ണം നിര്‍വീര്യമാക്കി. എന്നാല്‍ ഇതേ സമയം തന്നെ മറ്റൊരു ശത്രു ടാങ്കില്‍ നിന്നും വന്ന വെടിയുണ്ടകള്‍ ആ ധീര സൈനികനെ ഇന്ത്യക്ക് നഷ്ടമാക്കി.

ആ വീരനുള്ള നാടിന്റെ ആദരമായി രാജ്യം അദ്ദേഹത്തിന് പരമോന്നത യുദ്ധ ബഹുമതിയായ പരംവീര്‍ ചക്ര സമ്മാനിച്ചു. ഹമീദ് മരിച്ചു വീണ മണ്ണ് ഇന്നൊരു യുദ്ധ സ്മാരകമാണ്. അദ്ദേഹം പിടിച്ചെടുത്ത ഒരു പാകിസ്താനി പാറ്റണ്‍ ടാങ്ക് ഈ സ്മാരകത്തിന്റെ പ്രവേശന കവാടത്തിലായി ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. മാതൃരാജ്യത്തിനു വേണ്ടി പൊരുതി മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കുള്ള ആദരാഞ്ജലിയാണത്. Uttar Pradesh school removed 1965 war hero Abdul Hamid’s name, reinstated after uproar 

Content Summary; Uttar Pradesh school removed 1965 war hero Abdul Hamid’s name, reinstated after uproar

Leave a Reply

Your email address will not be published. Required fields are marked *

×