കേരളത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികളും, നിക്ഷേപത്തട്ടിപ്പ് വിവാദങ്ങളും സജീവമായിരുന്ന കാലത്തായിരുന്നു, മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദന്‍, പ്രമുഖ വ്യവസായി ഡോ. ബോബി ചെമ്മണൂരിനെതിരെ പരസ്യമായി രംഗത്ത് വന്നത്. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയും അഴിമതിക്കെതിരായ ശക്തമായ ശബ്ദത്തിലൂടെയും ശ്രദ്ധേയനായ വി.എസ്. അച്യുതാനന്ദന്‍, ഒരു പ്രമുഖ വ്യവസായിക്കെതിരെ നേരിട്ട് ആരോപണം ഉന്നയിക്കുന്നത് അക്കാലത്ത് വലിയ വാര്‍ത്താ പ്രാധാന്യവും നേടി.
ബോബി ചെമ്മണൂരിനെതിരെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയ ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍, 2015 ജൂണ്‍ 4-ന് നടത്തിയ പത്രസമ്മേളനത്തില്‍, ബോബി ചെമ്മണൂരിനെതിരെ വിഎസ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
ബോബി ചെമ്മണൂര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ 2000 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് രേഖകളോടുകൂടിയ പരാതി അന്നത്തെ ആഭ്യന്തര മന്ത്രിക്ക് ലഭിച്ചിരുന്നു എന്നായിരുന്നു വിഎസിന്റെ ആരോപണം. മാത്രമല്ല, ചെമ്മണൂര്‍ ഗ്രൂപ്പ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പൊതുജനങ്ങളില്‍ നിന്ന് അനധികൃതമായി പണം ശേഖരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പുറമെ, ഏറ്റവും ഗുരുതരമായ ആരോപണം, പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ബോബി അന്നത്തെ മുഖ്യമന്ത്രിയെയും സംസ്ഥാന ആഭ്യന്തര മന്ത്രിയെയും സ്വാധീനിച്ചു എന്നതായിരുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ ബോബി ചെമ്മണൂരിന്റെ തട്ടിപ്പിന് വിധേയരായെന്നും വിഎസ് പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ‘ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നത്. സി.ഡി. ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടര്‍. ഇതു സംബന്ധിച്ച് ഞാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.’ വി.എസ് വാക്കുകള്‍ ഇതായിരുന്നു.
”2017 ജൂണ്‍ 30ന് കൂടിയ SLCC യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി SEBI റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും SEBI അറിയിച്ചു.
2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്.
ഇത്തരത്തില്‍ പതിനാറിലധികം സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെതായി പ്രവര്‍ത്തിച്ചുവരുന്നു. അതില്‍ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോള്‍ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതല്‍ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യു.ഡി.എഫ് സര്‍ക്കാരും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല.
ഇപ്പോള്‍ SEBI എന്റെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. SLCC രേഖകള്‍ ആവശ്യപ്പെട്ട എനിക്ക് രേഖകള്‍ നല്‍കാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ മുന്‍കയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങള്‍ക്കുണ്ടായ നഷ്ടം അവരില്‍നിന്ന് ഈടാക്കുകയും വേണം.” വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
വിഎസ് പരസ്യ പ്രസ്താവന നടത്തുമ്പോള്‍, ബോബി ചെമ്മണൂര്‍ ഗ്രൂപ്പ്, മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളിലൂടെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വലിയ തോതില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തിരക്കിലായിരുന്നു. ബോബി ചെമ്മണൂര്‍ പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയെയും, നിക്ഷേപകര്‍ക്ക് നല്‍കുന്ന ആകര്‍ഷകമായ വാഗ്ദാനങ്ങളെയും സംശയത്തോടെയാണ് വി.എസ്. അച്യുതാനന്ദന്‍ അന്ന് കണ്ടിരുന്നത്.
ആരോപണങ്ങള്‍ നിയമത്തിന്റെ വഴിയിലേക്ക് എത്തിക്കുന്നതില്‍ വി.എസ്. അതീവ ശ്രദ്ധ പുലര്‍ത്തി. കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്തില്‍ നിന്ന് ലഭിച്ച ഹര്‍ജിയും അനുബന്ധ രേഖകളും സഹിതം അദ്ദേഹം അന്നത്തെ സെബി ചെയര്‍മാന്‍ ഉപേന്ദ്ര കുമാര്‍ സിന്‍ഹയ്ക്ക് ചെമ്മണൂര്‍ ഗ്രൂപ്പിനെതിരെ പരാതി നല്‍കി. സി.പി.ഐ(എം) ഭരണത്തില്‍ തിരിച്ചെത്തിയ ശേഷവും, തന്റെ പാര്‍ട്ടിയെ കുറ്റപ്പെടുത്താതെ, ഈ പരാതികള്‍ അദ്ദേഹം ആവര്‍ത്തിച്ചു.
വി.എസ്. അച്യുതാനന്ദന്‍ എന്ന അതികായന്‍ ഒരു വ്യവസായ പ്രമുഖനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍, തുടര്‍ നടപടികള്‍ അര്‍ഹിച്ചിരുന്നെങ്കിലും മറ്റെല്ലാ കേസുകളും പരാതികളും പോലെ വിഎസിന്റെ ആരോപണങ്ങളും ക്രമേണ കെട്ടടങ്ങി. പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ പോലും പിന്നീട് അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്. ഒരു മുന്‍ മുഖ്യമന്ത്രി തന്നെ ഒരു വ്യവസായ സംരംഭത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്തിട്ടും, അന്ന് അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസിനോ, പിന്നീട് ഭരണത്തില്‍ വന്ന വിഎസ് പ്രതിനിധാനം ചെയ്ത ഇടതുപക്ഷ സര്‍ക്കാരോ തുടര്‍നടപടികള്‍ക്ക് മുതിര്‍ന്നില്ല.
Content Summary: V.S. Achuthanandan was the sole political voice regarding the complaints against Boby Chemmanur