June 04, 2026 |
Share on

‘ഒരു വറ്റ് ചോറു നിലത്ത് വീണാലും വാർഡന്റെ തല്ല്’ ;വൈക്കം പട്ടികജാതി ഹോസ്റ്റലിൽ നടന്നത് ക്രൂരത

ആ ഹോസ്റ്റലിൽ ചേർത്തതിന് ശേഷം അവർ മാനസികമായി തകർന്നു

”ഓടിച്ചുകളിച്ചു നടന്ന എന്റെ മക്കളാ, ആ ഹോസ്റ്റലിൽ ചേർത്തതിന് ശേഷം അവർ മാനസികമായി തകർന്നു, ചിരിക്കാനോ കളിക്കാനോ ഒന്നും കഴിയാത്ത അവസ്ഥയിലേക്കായി ” കോട്ടയം വൈക്കം പുളിഞ്ചുവട്ടിലെ പട്ടികജാതി വികസനവകുപ്പിന്റെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളിൽ ഒരാളായ അനുശ്രീയുടെ പിതാവ് ജയനാഥിന്റെ വാക്കുകളാണിത്.

അഞ്ചാം ക്ലാസിലായിരിക്കുമ്പോഴാണ് ആ ഹോസ്റ്റലിൽ ചേർക്കുന്നത്. അവളിപ്പോൾ ഏഴാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇളയമകളെക്കൂടി ഈ വർഷം ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അന്ന് അതത്ര കാര്യമാക്കിയിരുന്നില്ലെന്ന് ജയനാഥ് പറയുന്നു. താൽക്കാലിക ജീവനക്കാരായ ഹോസ്റ്റൽ വാർഡനും റസിഡന്റ് ട്യൂട്ടർക്കും എതിരെ ജയനാഥൻ ഉൾപ്പെടെയുള്ള രക്ഷിതാക്കളുടെ പരാതിയിട്ടുണ്ട്.

ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരായ കുട്ടികളുടെ തുറന്നുപറച്ചിലോടെയാണ് ഹോസ്റ്റലിലെ ദുരിതങ്ങൾ പുറംലോകമറിയുന്നത്. തോട്ടകം സ്വദേശിയായ ഏഴാം ക്ലാസുകാരി അനുശ്രീയുടെ വാക്കുകളാണ് ഈ ദുരിതകഥകളിലേക്ക് വെളിച്ചം വീശിയത്.

പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയും, കുട്ടികളുടെ മാനസികാവസ്ഥ കൂടുൽ മോശമാവുകയും ചെയ്തതോടെയാണ് പരാതി നൽകിയത്. രക്ഷകർത്താക്കൾ ഒരു കാര്യത്തിലും ഇടപെടാൻ പാടില്ല എന്നുള്ള തരത്തിലുള്ള കർശന നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ഹോസ്റ്റലിന്റെ അന്തരീക്ഷമല്ല അവിടെയുള്ളത്. ഫോൺ വിളിച്ചാൽ പോലും പലപ്പോഴും എടുക്കാറില്ലെന്ന് ജയനാഥന്റെ വാക്കുകൾ.

നിസാര കാര്യങ്ങൾക്ക് പോലും കുട്ടികളെ അകാരണമായി മർദിക്കും. ഇതേ കാരണങ്ങൾ മുൻനിർത്തി നിരവധി കുട്ടികൾ അവിടെ നിന്ന് വെക്കേറ്റ് ചെയ്ത് പോയിരുന്നു. എല്ലാ ഞായറാഴ്ചകളിലുമാണ് ഞാൻ കുഞ്ഞുങ്ങളെ ഹോസ്റ്റലിൽ പോയി കാണുന്നത്. ആ ദിവസം മക്കൾക്ക് ഭക്ഷണം വാങ്ങി നൽകുകയും അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ കൊണ്ടു പോവുകയുമാണ് ചെയ്യാറ്. അവര് പറയുന്ന സമയത്ത് തന്നെ തിരികെയാക്കുകയും ചെയ്യും. അന്ന് കുറച്ച് വൈകിയതിനാൽ ലേഡീസ് ഹോസ്റ്റലാണെന്ന കാര്യം പരി​ഗണിച്ചുക്കൊണ്ട് അധികനേരം നിൽക്കാതെ മക്കളെ ഹോസ്റ്റലിൽ വിട്ട് വീട്ടിലേക്ക് മടങ്ങി.

എന്നാൽ തിരികെയെത്തുന്നതിന് മുന്നേ തന്നെ എനിക്ക് കോൾ വന്നിരുന്നു. മൂത്ത മകൾ ആയിരുന്നു മറുതലക്കൽ അച്ചായി ഇവിടെ വരെ വരണം എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടായിരുന്നു അവൾ സംസാരിച്ചത്. ആ നിമിഷം തന്നെ തിരികെ ഹോസ്റ്റലിലേക്ക് ചെന്നു. നിങ്ങളുടെ തോന്ന്യവാസത്തിനുള്ള സ്ഥലമല്ല ഇതെന്ന് പറഞ്ഞുക്കൊണ്ട് വാർഡൻ എന്റെ നേരെ കയർത്തു. ഇവിടുത്തെ നിയമങ്ങൾ അനുസരിച്ച് നിൽക്കാൻ പറ്റില്ലെങ്കിൽ കുട്ടികളേയും കൊണ്ട് തിരികെ പൊയ്ക്കോളാനായിരുന്നു വാർഡൻ പറഞ്ഞത്.

മക്കളേയും കൂട്ടി അവിടെ ഹോസ്റ്റലിൽ നിന്ന് ഞാൻ വന്നിട്ട് 15 ദിവസത്തോളമായി, എന്നിട്ട് ഇപ്പോൾ ഈ പ്രശ്നം ചർച്ചയായതോടെ ആണ് അവർ എന്നെ ബന്ധപ്പെടുന്നത്. എനിക്ക് ആരോടും സംസാരിക്കണ്ടെന്നാണ് ഞാൻ നൽകിയ മറുപടി. ജൂലൈ മാസത്തിലാണ് കുട്ടിയെ ഇക്കൊല്ലം ഹോസ്റ്റലിലാക്കിയത്. അന്ന് മുതൽ കുഞ്ഞ് പരാതി പറയുന്നതാണ്.

പട്ടാളച്ചിട്ട പോലെയാണ് കുഞ്ഞുങ്ങളോട് പെരുമാറുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു വറ്റ് ചോറ് നിലത്ത് വീണാൽ അതിന് വരെ തല്ലും. ഓടിക്കളിച്ച് നടന്ന കുഞ്ഞുങ്ങളാണ് അവിടെ ആക്കിയതിൽ പിന്നെ മാനസികമായി തകർന്നു. ചിരിക്കാനോ കളിക്കാനോ ഒന്നും കഴിയാത്ത അവസ്ഥയിലേക്കായി എന്റെ മക്കൾ. ഈ സംഭവങ്ങളൊക്കെ പുറംലോകം അറിയണമെന്ന് എനിക്കുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങളൊണ് ഹോസ്റ്റലിലുള്ളതിൽ കൂടുതലും. അതുകൊണ്ട് തന്നെ അവർക്ക് ഇതിനോടൊക്കെ പ്രതികരിക്കാനും പരാതി നൽകാനുമെല്ലാം ഭയമാണ്. വീട്ടിലെ അന്തരീക്ഷം മോശമായ കുട്ടികളുണ്ട്. അവരെ സംബന്ധിച്ച് മറ്റൊരു വഴിയില്ലാതെയാവും അതോർത്തിട്ട് മാത്രമാണ് ഇത്രയും കാലം ഒന്നിനും പോകാതിരുന്നത്. ഇത്തരത്തിലൊരു പ്രശ്നം വന്നിട്ടാണ് വൈക്കത്തെ ആൺകുട്ടികളുടെ ഹോസ്റ്റൽ പൂട്ടിപ്പോയത്. അൻപതോളം കുട്ടികൾക്ക് താമസിക്കാവുന്ന ഹോസ്റ്റലിൽ ഇപ്പോൾ തന്നെ 15 കുട്ടികളേയുള്ളൂ. ഇനി ഈ ഹോസ്റ്റൽ കൂടി പൂട്ടിപ്പോയാൽ ഞങ്ങളെ പോലെയുള്ള സാധാരണക്കാരാണ് അവതാളത്തിലാവുന്നത്.

ഇവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണം. വാർഡനെ സ്ഥലം മാറ്റിയാൽ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രം തിരികെ ഹോസ്റ്റലിലേക്കാക്കും. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു പോയ വ്യക്തിയാണ് ഞാൻ. ഭാര്യ വിദേശത്താണ്. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വേറെ വഴിയില്ലെന്ന് വന്നതോടെയാണ് ഹോസ്റ്റലിലേക്ക് മാറ്റിയത്. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് ജയനാഥിന്റെ തീരുമാനം.

content summary: In the Vaikom Scheduled Caste girls hostel, the warden reportedly beats children even if a grain of rice falls on the ground

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×