UPDATES

അത് സ്വര്‍ണം കിലുങ്ങുന്ന തോട്ടത്തിലെ തൊഴിലാളികളുടെ കഥ’; സിനിമയും ജീവിതം പറഞ്ഞ് സംവിധായകന്‍ സുനില്‍ മാലൂര്‍

കണ്ടുമടുത്ത പ്രമേയമല്ല, കഥപറച്ചിലും

                       

പത്തനം തിട്ട റാന്നിയിലെ ഒരു കുഗ്രാമം. നാല് വശവും വനത്തിന്റെ നിഗൂഢതകള്‍ നിറഞ്ഞ് നില്‍ക്കുന്ന ആ ഗ്രാമത്തില്‍ സാധാരണക്കാരായ കുട്ടികള്‍ക്കായി ഒരു സര്‍ക്കാര്‍ പള്ളിക്കൂടമുണ്ട്. ആ വിദ്യാലയത്തിലെ അധ്യാപകര്‍ അവിടുത്തെ കുട്ടികള്‍ക്കായി ഇടക്കിടെ സിനിമ പ്രദര്‍ശിപ്പിക്കും. 80കളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാകാലമാണത്. ഇന്നത്തെ പോലെ ടിവിയോ കംപ്യൂട്ടറോ ഒന്നും ഇല്ല. പ്രൊജക്ടര്‍ വച്ചാണ് സിനിമാ പ്രദര്‍ശനം, പോരാത്തതിന് ആകെ ഒന്നോ രണ്ടോ സിനിമകളാണ് കുട്ടികള്‍ക്കായി അവിടെയുള്ളു. അതിലൊന്ന് പ്രേം നസീറിന്റെ പിക്‌നിക്ക് എന്ന ചിത്രമായിരുന്നു. സിനിമകള്‍ അധികം ഇല്ലാത്തതിനാല്‍ കണ്ട പടം തന്നെ കുട്ടികള്‍ കണ്ടുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ഒരു പയ്യന്‍ 14 തവണയാണ് സ്‌കൂളില്‍ വച്ച് പിക്‌നിക്ക് സിനിമ കണ്ടത്. ആ പയ്യന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പലതരം ജോലികളുമായി നഗരത്തിലേക്ക് ചേക്കേറി. അപ്പോഴും റാന്നിയിലെ ആ വിദ്യാലയം മനസില്‍ പതിച്ച് നല്‍കിയ സിനിമ എന്ന ആകര്‍ഷണ വലയം അവനെ വിട്ട് പോയില്ല. പള്ളിക്കൂടത്തില്‍ നിന്ന് പട്ടണത്തിലെത്തിയപ്പോള്‍ തിയറ്റുകളിലെത്തി പടം കാണാന്‍ തുടങ്ങി. ഒപ്പം ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യമായി. വെള്ളിത്തിരയുടെ അണിയറകളിലേക്ക് യാത്ര നടത്തി. ഒടുവില്‍ ഇന്ന് റാന്നിക്കാരന്റെ സിനിമ മെല്‍ബണ്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയുടെ തന്നെ അഭിമാനമായി പ്രദര്‍ശനത്തിന് എത്തുകയാണ്. ആ ചിത്രത്തിന്റെ പേര് വലസൈ പറവകള്‍, ആ പത്തനംതിട്ടക്കാരന്റെ പേര് സുനില്‍ മാലൂര്‍. സുനില്‍ ഇന്ന് കെഎസ്ഇബിയിലെ ജീവനക്കാരനാണ്. വലസൈ പറവകള്‍ ഐഎഫ്എഫ്‌കെ വേദിയില്‍ അടക്കം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

സുനില്‍ മാലൂര്‍ സിനിമയെയും ജീവിതത്തെയും കുറിച്ച് അഴിമുഖവുമായി സംസാരിക്കുന്നു…

വലസൈ പറവകള്‍ മെല്‍ബണ്‍ ചലച്ചിത്ര മേളയില്‍

സ്വര്‍ണം കിലുങ്ങുന്ന തോട്ടമാണ്, വെറുതെ ഇരുന്ന് പെറുക്കി എടുത്താല്‍ മാത്രം മതി, പോരുന്നോ- കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പട്ടിണിപാവങ്ങളോട് പണ്ട് സായിപ്പ് ചോദിച്ച ചോദ്യമാണിത്. ആ ചോദ്യം നല്‍കിയ പ്രതീക്ഷകളുമായി അതിര്‍ത്തി കടന്നവരാണ് ഇടുക്കിയിലെ തേയിലതോട്ടം തൊഴിലാളികള്‍. സായിപ്പ് പറഞ്ഞ വാക്ക് പാലിച്ചു. എങ്ങനെയെന്ന് ചോദിച്ചാല്‍ കാട് മൂടി കിടന്നിരുന്ന പ്രദേശത്തേക്ക് സായിപ്പ് നാണയങ്ങള്‍ വലിച്ചെറിയും. കാട് വെട്ടിത്തെളിക്കുന്നവന് ആ നാണയം എടുക്കാം. അതും കിട്ടിയാല്‍ മാത്രം. അടികാട് എത്ര വെട്ടിത്തെളിച്ചാലും നാണയം കിട്ടാതെ വരാം. അന്ന് അവന്റെ വയറ് പട്ടിണി. അതായിരുന്നു ആ തൊഴിലാളികളുടെ അവസ്ഥ. അതില്‍ വലിയ മാറ്റങ്ങളൊന്നും ഇന്നും അവര്‍ക്കുണ്ടായിട്ടില്ല. അത്രത്തോളം മോശം സാഹചര്യങ്ങളില്‍ തന്നെയാണ് ഇന്നുമുള്ളത്. അന്നത്തെ സായിപ്പ് മുതലാളി ഇന്നത്തെ നാടന്‍ മുതലാളിയായി പരിവര്‍ത്തനം ചെയ്‌തെന്ന് മാത്രം. ആ ജീവിതങ്ങളുടെ കഥയാണ് വലസൈ പറവകള്‍.

sunil maloor director, valassai paravakal

വലസൈ പറവകള്‍- പതിനെട്ട് വര്‍ഷം മുന്‍പ് മനസില്‍ തെളിഞ്ഞ വണ്‍ലൈനിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ്. സ്വപ്‌നം പൂവണിഞ്ഞ നിമിഷമെന്നോക്കെ സാഹിത്യഭാഷയില്‍ പറയാം. കേരളത്തില്‍ നടന്ന 28ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമ ടുഡെ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പതിനാല് മലയാള സിനിമകളില്‍ ഒന്നായി ചിത്രം പിന്നീട് മാറി. ഇപ്പോള്‍ മെല്‍ബണ്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍
പോവുന്നു.

ഇടുക്കിയിലെ മലയോര ഗ്രാമങ്ങളിലെ തേയിലത്തൊഴിലാളികളുടെ ദുരിതം ജീവിതമാണ് സിനിമയ്ക്ക് ആധാരമെന്ന് പറഞ്ഞല്ലോ. ഏത് മലയാളിയെയും പോലെ മൂന്നാറിലെ തേയില തോട്ടം കാണാനെത്തിയ സഞ്ചാരി മാത്രമായിരുന്നു ആദ്യ കാലത്ത് ഇടുക്കി കണ്ട ഞാനും. വിയര്‍പ്പൊഴുക്കി പണി എടുക്കുന്നവന്‍, അവനാണ് അന്നും ഇന്നും ഈ ലോകത്തിന്റെ സൃഷ്ടാക്കളെന്ന രാഷ്ട്രീയ ആശയവും എനിക്കുണ്ട്. അതിനാലാവാം ഇടുക്കി യാത്രകളില്‍ തേയില തോട്ടത്തിന്റെ സൗന്ദര്യത്തിനൊപ്പം ആ സൗന്ദര്യത്തിനായി അധ്വാനിക്കുന്നവരുമായി സംസാരിക്കാന്‍ താല്‍പര്യം തോന്നിയത്. തേയില നുള്ളുന്നവരുമായും പണിക്കാരുമായും വണ്ടി നിര്‍ത്തി സംസാരിച്ച് അവരുടെ ജീവിതം അറിയാന്‍ തുടങ്ങി. എന്നെങ്കിലും സിനിമ എടുക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യരുടെ ഒപ്പം നില്‍ക്കുന്ന ചിത്രമാണെന്ന് മനസില്‍ കരുതിയിരുന്നു. ഇവരുടെ കഥ അറിഞ്ഞപ്പോള്‍ അത് തന്നെ ചെയ്യാമെന്ന് കരുതി. അതിനായി കാഞ്ചിയാര്‍ രാജന്റെ നൂല്‍മഴ എന്ന പുസ്തകം വായിച്ചു. പലതരം ഗവേഷണങ്ങള്‍ നടത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് തന്നെ പറയാം.

സിനിമയെന്ന സ്വയം പഠന കളരി

വലസൈ പറവകള്‍ സംവിധാനത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമുണ്ട്.  പത്താം ക്ലാസ് കഴിഞ്ഞ് പലതരം ജോലികളുമായി ജീവിതം മുന്നോട്ട് പോയകാലത്താണ് സിനിമ തിയറ്റില്‍ പോയി കണ്ട് തുടങ്ങിയത്. നല്ല സിനിമകള്‍ കണ്ട കാലം എന്ന് പറയാം. പദ്മരാജന്‍, പവിത്രന്‍ തുടങ്ങിയവരുടെയെല്ലാം സിനിമകള്‍ മുടങ്ങാതെ കണ്ടു. ദൂര്‍ദശനില്‍ വന്നിരുന്ന ക്ലാസിക് പടങ്ങളും കണ്ടത് അക്കാലത്താണ്. പഥേര്‍ പാഞ്ചാലി പോലുള്ളവ കാണുകയും അതിന്റെ മെയ്ക്കിങ് പോലുള്ള കഥകളെ കുറിച്ച് പഠിക്കുകയും ചെയ്തു. ആദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ജീവിതം ഒരു ഗാനം എന്ന ചിത്രത്തിന്റേത് ആണ്. അന്ന് മുതലാണ് അണിയറയിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് സ്‌ക്രീനില്‍ കാണുന്നതിന്റെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങളെ അറിയാനുള്ള ശ്രമങ്ങളായി.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര ആരംഭിച്ച കാലം മുതല്‍ അതിന്റെ കാഴ്ചക്കാരനായതാണ് മറ്റൊരു വഴിത്തിരിവ്. ഏഴ് ദിവസവും അവിടെ തന്നെ തമ്പടിച്ച് എല്ലാ സിനിമകളും കാണും. അത് പതിയെ പരിചയങ്ങളിലേക്ക് വഴിമാറി. പലരുമായി ബന്ധങ്ങളുണ്ടായി. ഇതിനിടെ ഒന്ന് രണ്ട് സംവിധായകരുടെ സഹായിയായി അണിയറയിലെ പണികള്‍ കണ്ട് പഠിച്ചു. ഇടയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തു. അതില്‍ നിന്നുള്ള വേതനം എന്ന് പറയുന്നത് സിനിമയുടെ സംവിധാനം അടക്കമുള്ളവ പഠിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ്. നാലോളം സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ ശേഷമാണ് ഈ സിനിമ സ്വന്തം നിലയ്ക്ക് ചെയ്തത്. കെഎസ്ഇബിയില്‍ നിന്ന് ശമ്പളമില്ലാത്ത അവധിയെടുത്തായിരുന്നു ആ പഠനം.

കണ്ടുമടുത്ത പ്രമേയമല്ല, കഥപറച്ചിലും

തേയിലതോട്ടം തൊഴിലാളികളെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കേരളീയരും അല്ല തമിഴരും അല്ലാത്ത അവസ്ഥയില്‍ കഴിയുന്ന ഇടുക്കിയിലെ തമിഴ് വംശജരുടെ ജീവിതം മൂന്ന് കഥകളായാണ് ഒരുക്കിയത്. അതായത് മൂന്ന് തലമുറയിലെ കഥ. നില്‍ക്കുന്ന മണ്ണൊന്നും തങ്ങളുടേതല്ലെന്നും തങ്ങളുടെ അസ്ഥിത്വപ്രശ്നങ്ങള്‍ ഭൂമിയില്‍ അപ്രസക്തമാണെന്നുമുള്ള ഭയം ഉള്ളിലൊളിപ്പിച്ച് ജിവീക്കുന്നവരുടെ കഥയാണത്. എന്റെ തന്നെ പൈസയും സുഹൃദ് ബന്ധങ്ങളുടെ സഹായങ്ങളുമാണ് ചിത്രത്തിന് മുതല്‍ കൂട്ടായത്. തേയില തോട്ടം തൊഴിലാളികളാണ് ചിത്രത്തിലെ അഭിനേതാക്കളായി എത്തിയത്. അവര്‍ക്ക് തന്നെയാണ് അത് അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ സാധിക്കു. വസ്ത്രങ്ങള്‍ അടക്കം കൊണ്ടുപോയിട്ടും തേയില തോട്ടം ആളുകളുടെ വസ്ത്രങ്ങള്‍ അപ്പോ തന്നെ അഴിച്ച് വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. അവര്‍ തന്ന പിന്തുണയാണ് ഈ ചിത്രം. പിന്നീടുള്ള കാര്യങ്ങള്‍ മുന്നോട്ട് പോയതും പലരുടെയും സഹായം കൊണ്ടാണ്. വലസൈ പറവ മെല്‍ബണിലെത്തിയത് പോലും കടം വാങ്ങിയും പല സുഹൃത്തുകളുടെയും ഇടപെടലുകളും കൊണ്ടാണ്.

sunil maloor director, valassai paravakal

സിനിമയുടെ തിരക്കഥയും, അനില്‍ വേങ്ങാടിനൊപ്പം ചായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ഷെറി ഗോവിന്ദ് ആണ്. തമിഴ് സാഹിത്യകാരി അല്ലി ഫാത്തിമയാണ് സംഭാഷണവും ടെറ്റില്‍ സോങ്ങും എഴുതിയത്. ജോഷി പടമാടന്‍ ഈണം നല്‍കിയ ഗാനം രശ്മി സതീഷ് ആണ് ആലപിച്ചിരിക്കുന്നത്. മനോജ് കാന, കൃഷ്ണന്‍ കണ്ണൂര്‍, സുല്‍ത്താന്‍ അനുജിത്ത്, ജിക്കോ ഫ്രാന്‍സിസ്, പ്രസീത വി, കര്‍ണിക ജി, ശ്രീദേവി റാണി തുടങ്ങിയവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശുഭാകുമാരി എ.എന്‍ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ പലരും പണം വാങ്ങാതെയാണ് ചിത്രത്തോട് സഹകരിച്ചത്. വാങ്ങിയവര്‍ തന്നെ തുച്ഛമായ തുകകളാണ് സ്വീകരിച്ചത്. നിര്‍ഭാഗ്യവശാല്‍ മുഖ്യധാരയില്‍ നിന്നുള്ള ഒരാളും ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങള്‍ അറിയിച്ചിട്ടില്ല. റാന്നിക്കാര്‍ ആണെങ്കില്‍ പണ്ടെ എഴുതിതള്ളിയതാണ്, അല്‍പം വട്ടുള്ള അവന്‍ സിനിമയുടെ പിന്നാലെ പോയില്ലെങ്കിലേ അവര്‍ക്ക് അമ്പരപ്പുണ്ടാവു എന്ന അവസ്ഥ. എന്നാല്‍ ഇതൊന്നും കൊണ്ട് സിനിമ എന്ന മാധ്യമത്തോടുള്ള പ്രണയം ഇവിടെ അവസാനിപ്പിക്കില്ല. അടുത്ത സിനിമയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ്.

 

English summary: Valasai Paravakal movie selected for Melbon film festival

Share on

മറ്റുവാര്‍ത്തകള്‍