ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് 7ന് ആരംഭിക്കുമെന്ന് അറിയിച്ച് കത്തോലിക്ക കർദിനാൾമാർ. സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കുന്നതിന് മുൻപ് പരസ്പരം അറിയാനും ഒരു സ്ഥാനാർത്ഥിയെ അംഗീകരിക്കാനും കൂടുതൽ സമയം നൽകുന്നതിനായി രഹസ്യ വോട്ടെടുപ്പ് രണ്ട് ദിവസം വൈകിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യ കർമങ്ങൾക്ക് ശേഷം നടന്ന കർദിനാൾമാരുടെ ആദ്യത്തെ യോഗത്തിലാണ് തീരുമാനമെന്ന് വത്തിക്കാൻ അറിയിച്ചതായി എപി ന്യൂസ് റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള 80 വയസിന് താഴെയുള്ള 135 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് അവർ 1.4 ബില്യൺ അംഗങ്ങളുള്ള സഭയുടെ അടുത്ത നേതാവ് ആരായിരിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.
2005ലും 2013ലും നടന്ന കോൺക്ലേവുകൾ രണ്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്. കോൺക്ലേവുകൾ നടക്കുന്ന സിസ്റ്റൈൻ ചാപ്പലിലേക്ക് നിലവിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ചാപ്പൽ അടച്ചിരിക്കുകയാണ്. കോൺക്ലേവിലുള്ള പല കർദിനാൾമാരും പരസ്പരം പരിചയമില്ലാത്തവരാണ്.
മെയ് 6ന് തുടങ്ങാൻ സാധ്യതയുള്ള കോൺക്ലേവാണ് നിലവിൽ 7ലേക്ക് മാറ്റി വെച്ചിരിക്കുന്നത്. ഈ തീരുമാനം ഗുണകരമാകുമെന്നും നിർണായകമായ ബാലറ്റിന് മുമ്പ് കർദിനാൾമാർക്ക് അവരുടെ പൊതു ചർച്ചകൾക്ക് അൽപ്പം കൂടുതൽ സമയം ലഭിക്കുമെന്നും സ്വീഡിഷ് കർദ്ദിനാൾ ആൻഡേഴ്‌സ് അർബോറേലിയസ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
മ്യാൻമർ, ഹെയ്തി, റുവാണ്ട തുടങ്ങി കർദിനാൾമാർ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്ന് മാർപാപ്പയെ നിയമിക്കുന്നതിനാണ് ഫ്രാൻസിസ് മാർപാപ്പ മുൻഗണന നൽകിയിരുന്നത്.
2013 മുതൽ പോപ്പായിരുന്ന ഫ്രാൻസിസ് ഏപ്രിൽ 21 നാണ് അന്തരിച്ചത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകൾ റോമിലൂടെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് നീങ്ങിയപ്പോൾ ഏകദേശം 400,000 ത്തിലധികം പേർ ഘോഷയാത്രക്കൊപ്പമുണ്ടായിരുന്നു. ഫ്രാൻസിസിനെ അനുശോചിച്ചുകൊണ്ട് വിലപിക്കുന്നവരുടെ ഒഴുക്ക് സൂചിപ്പിക്കുന്നത്, പോപ്പിന്റെ പരിഷ്കരണ ശൈലിയിലുള്ള പാപ്പത്വം തുടരണമെന്നതാണ് അർത്ഥമാക്കുന്നതെന്ന് ജർമ്മൻ കർദിനാൾ വാൾട്ടർ കാസ്പർ ലാ റിപ്പബ്ലിക്ക പത്രത്തോട് പറഞ്ഞു.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പായ ഫ്രാൻസിസ് പുരോഗമനപരമായ തീരുമാനങ്ങളാണ് കൈക്കൊണ്ടിരുന്നത്. സ്ത്രീകളെ പുരോഹിതരായി നിയമിക്കുക, എൽജിബിടിക്യു സമൂഹത്തെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കൃത്യമായ ആശയം പിന്തുടർന്നിരുന്നു. എന്നാൽ യാഥാസ്ഥിതികരായ ഒരു കൂട്ടം കർദ്ദിനാൾമാർ പോപ്പ് ഫ്രാൻസിസിന്റെ ആശയങ്ങളോട് എന്നും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാരമ്പര്യങ്ങൾ മുറുകെ പിടിക്കുകയും സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പോപ്പിനെയാണ് ആവശ്യമെന്ന് പലരും അഭിപ്രായം അറിയിച്ചിരുന്നു.
Content Summary: Vatican Conclave to Elect Pope Francis’ Successor Begins May 7