November 03, 2024 |
Avatar
അമർനാഥ്‌
Share on

വയലാര്‍ രാമവര്‍മ്മ; ഒരു ഗാന സാഗരത്തിന്‍ അധിപനല്ലേ നീ…

1975 ഒക്ടോബര്‍ 27 , വയലാര്‍ രാമ വര്‍മ്മ അന്തരിച്ചു. അദ്ദേഹമെഴുതിയ വരികള്‍ പോലെ’ സ്വര്‍ണച്ചിറകടിച്ചാ വെളിച്ചം സ്വര്‍ഗത്തിലേക്ക് തിരിച്ചു പോയി

‘നീ ഈ നാടിന്റ ഗാനമായി,
ജ്വാലയായി, ലഹരിയായി, ഉന്‍മാദമായി.
ഒടുവില്‍ നീ യാത്ര പറഞ്ഞു പോയപ്പോള്‍
കരയാനറിയാത്ത ദൈവങ്ങളും
കരയാന്‍മാത്രം പഠിച്ച ഞങ്ങളും
കണ്ണീരൊഴുക്കി
നീ മലയാളഭാഷയുടെ അഭിമാനമാണ്
നീ എന്നും അതായിരിക്കും…നിനക്ക് മരണമില്ല..’
-മലയാറ്റൂര്‍ രാമകൃഷ്ണന്‍.

ദീര്‍ഘകാലം മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന
ഡി. വിജയമോഹന്‍ മനോരമയില്‍ ചേരും മുന്‍പ്, എഴുപതുകളുടെ മധ്യത്തില്‍ തിരുവനന്തപുരത്ത്, ആകാശവാണിയുടെ പാര്‍ട്ട് ടൈം റിപ്പോര്‍ട്ടറായിരുന്നു. അക്കാലത്ത് തുടക്കക്കാരനായ വിജയമോഹനന് കിട്ടിയ ഒരു അവസരമായിരുന്നു ഒരു സെലിബ്രിറ്റിയെ അഭിമുഖം ചെയ്യുക. സെലിബ്രിറ്റി കേരളത്തിലെ അന്ന് ഏറ്റവും അറിയപ്പെടുന്ന വ്യക്തിയാണ്, വയലാര്‍ രാമവര്‍മ്മ!

vayalar rama varma
വയലാറുമായുള്ള അഭിമുഖം ആകാശവാണി പ്രക്ഷേപണം ചെയ്യുക, ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.

ലൈവ് അല്ലാത്തതിനാല്‍ പരിഭ്രമിക്കാതെ വിജയമോഹന്‍ അഭിമുഖം നടത്തി. ആ സമയത്ത് വയലാറിനെ തേടി ഒരാള്‍ വന്നു. ആള്‍ വലിയ ടെന്‍ഷനിലാണ്, വയലാറിനെ കണ്ടേ ഒക്കൂ. സംഭവം ഇതാണ്. മഞ്ഞിലാസിന്റെ പുതിയ ചിത്രം’ ചുവന്ന സന്ധ്യകളിലെ ഗാനങ്ങള്‍ മദ്രാസില്‍, റെക്കോഡിങ് നടക്കുകയാണ്. അതിലെ, ഒരു പാട്ടിന്റെ ആദ്യ വരികള്‍ ശരിയാവുന്നില്ല. അത് മാറ്റണം, ദേവരാജന്‍ മാസ്റ്റര്‍, പറഞ്ഞിട്ട് വരികയാണ്. അത് ഇപ്പോള്‍ തന്നെ വേണം. വന്നയാള്‍ പറഞ്ഞു.

വയലാര്‍ വിജയമോഹനോട് പറഞ്ഞു. ഒരു മിനിറ്റ്! എന്നിട്ട് അയാള്‍ കൊണ്ടു വന്ന കടലാസ് വാങ്ങി, ഗാനത്തിന്റെ ആദ്യ ഭാഗം വെട്ടി. പുതിയ വരികള്‍ എഴുതി. അര മിനിറ്റ് എടുത്ത് കാണും. കടലാസ് തിരികെ കൊടുക്കുന്ന സമയത്ത്, വിജയമോഹന്‍ ചോദിച്ചു. പുതിയ പാട്ടാണോ? എനിക്ക് കാണാമോ?

വയലാര്‍ പറഞ്ഞു അതിനെന്താ, ഇതാ! വയലാര്‍ കടലാസ് നീട്ടി. ഞാന്‍ ആ ഗാനം വായിച്ചു. ആദ്യം വയലാര്‍ എഴുതിയ പല്ലവി വെട്ടിയതും, പിന്നിട് അത് മാറ്റിയെഴുതിയതും വായിച്ചു. മാറ്റിയെഴുതിയ പുതിയ പല്ലവി ഇങ്ങനെയാരംഭിച്ചു.

‘പൂവുകള്‍ക്ക് പുണ്യകാലം,
മെയ് മാസ രാവുകള്‍ക്ക് വേളിക്കാലം’
നക്ഷത്രത്തിരികൊളുത്തും
നിലാവിന്റെ കൈകളില്‍
നിശ്ചയ താബൂല താലം’

ആ വര്‍ഷത്തെ മികച്ച ചലചിത്ര ഗാനരചനയ്ക്ക് വയലാറും അത് ആലപിച്ച പി.സുശീലയും സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയത് മാത്രകള്‍ കൊണ്ട് വയലാര്‍ പല്ലവി തിരുത്തി എഴുതിയ ആ ഗാനത്തിനായിരുന്നു.

വയലാറിന്റെ സര്‍ഗ പ്രതിഭ നേരിട്ട് വിജയമോഹന്‍ ആ അഭിമുഖത്തിലൂടെ അറിഞ്ഞു.

ജീവിച്ചിരുന്ന കാലത്തും അന്തരിച്ച ശേഷവും ജാതിമതരാഷ്ട്രീയമില്ലാതെ മലയാളികളുടെ ആദരവ് നേടിയ അപൂര്‍വ്വം പ്രതിഭയായിരുന്നു വയലാര്‍ രാമവര്‍മ്മ. കേവലം നാല്‍പ്പത്തേഴ് വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച വയലാറിനെ പോലെ സാധാരണക്കാരുടെ മനസ്സില്‍ ഇത്രയധികം പ്രതിഷ്ഠ നേടിയ ഒരാള്‍ വേറെയില്ല. നൈമിഷകമെങ്കിലും, കാവ്യഭംഗിയുടെ ഇന്ദ്രജാലം സൃഷ്ടിച്ച ചലച്ചിത്രഗാനങ്ങളിലൂടെയാണ് പാട്ടുകള്‍ സ്‌നേഹിക്കുന്ന മലയാളി സമൂഹത്തിന്റെ മനം മയക്കിയത്. വയലാര്‍ ഗാനങ്ങളുടെ ഭംഗിക്കും പദസമ്പത്തിനും വശ്യതക്കും മേലെ പറക്കാന്‍ മലയാളത്തില്‍ എന്നല്ല ഇന്ത്യയില്‍ ഒരു ഗാനരചയിതാവിനും കഴിഞ്ഞില്ല. ചലച്ചിത്രഗാനങ്ങളില്‍ മുഴുകിയില്ലായിരുന്നെങ്കില്‍ വയലാര്‍ മഹാകവിയായി തീരുമെന്ന് കുറച്ചു പേരെങ്കിലും ഉറച്ചു വിശ്വസിച്ചിരുന്നു. 1961 ല്‍ ‘സര്‍ഗസംഗീതം’ എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം വയലാര്‍ നേടിയത് ആ വിശ്വാസം ദൃഡമാക്കിയിരുന്നു. പക്ഷേ, വയലാറിന് ചലചിത്ര ഗാനങ്ങളും കവിതകളായിരുന്നു.

ജി.ശങ്കരക്കുറുപ്പ് മുതല്‍ ഭാഷയിലെ മികച്ച കവികള്‍ സിനിമയില്‍ ഒരിക്കലെങ്കിലും ഗാനങ്ങളെഴുതിയവരാണ്. കവിയെന്ന നിലയില്‍ ഉന്നതരായ അവരൊന്നും സിനിമാ ഗാനങ്ങളില്‍ തുടരാന്‍ പി. ഭാസ്‌ക്കരനേപ്പോലെയോ ഒ.എന്‍.വിയെപ്പോലെയോ തയ്യാറായില്ല. പണവും പ്രശസ്തിയും കൂടുതല്‍ ലഭിക്കുന്ന മേഖലയായിട്ടും കവിതയെഴുതുന്ന ക്ലേശം ഗാനരചനക്കുണ്ടെന്നും അതില്‍ വിജയിക്കാന്‍ എളുപ്പമല്ലെന്നു ഉള്ള തിരിച്ചറിവാണ് അവരില്‍ പലരും ഒഴിവായത്. സാധാരണക്കാരുടെ മനസ് ആകര്‍ഷിക്കുന്ന ചലചിത്ര ഗാനങ്ങള്‍ സൃഷ്ടിക്കുക എളുപ്പമല്ല.

ആദ്യകാല മലയാള ചിത്രങ്ങളില്‍ ഹിന്ദി ട്യൂണിനൊപ്പിച്ച് പാട്ടുകള്‍ ചെയ്തിരുന്നെങ്കിലും മലയാള തനിമ ഇല്ലാത്ത ഗാനങ്ങളായിരുന്നു അവയൊക്കെ. വരികള്‍ എഴുതി സംഗീതം പകരുക എന്ന ചിട്ട വഴി മാറി ഈണത്തിനനുസരിച്ച് ഗാനമെഴുതുക എന്ന രീതി മലയാളത്തില്‍ ശക്തമായത് സലിന്‍ ചൗധരിയുടെ വരവോടെയായിരുന്നു.ചെമ്മീനിലെ ഗാനങ്ങള്‍ പടം റിലീസാകും മുന്‍പേ റേഡിയോവിലൂടെ ഓരോ ഗാനങ്ങളായി പ്രക്ഷേപണം ചെയ്തു. ഗാനങ്ങളുടെ സ്വീകാര്യത അറിയാനും പുതിയ സംഗീത സംവിധായകന്‍ സലിന്‍ ചൗധരിയുടെ വരവ് ആഘോഷമാക്കാനുമുള്ള പടത്തിന്റെ സംവിധായകന്‍ രാമു കാര്യാട്ടെന്ന ‘ഷോമാന്‍’-ന്റെ ആരും അതുവരെ ചെയ്യാത്ത മാര്‍ക്കറ്റിംഗ് ബുദ്ധിയായിരുന്നു അത്. ഈണത്തിനനുസരിച്ച് അനായാസമായി വയലാര്‍ എഴുതിയ ഗാനങ്ങള്‍ ചെമ്മീന്‍ സിനിമ പുറത്ത് വരും മുന്‍പേ ജനങ്ങള്‍ സ്വീകരിച്ച സൂപ്പര്‍ ഹിറ്റുകളായി മാറി.

എന്‍. ശങ്കരന്‍ നായരുടെ ‘തുലാവര്‍ഷം’ ഗാനങ്ങളുടെ റെക്കോഡിംഗ് മദ്രാസിലെ വിജയാ സ്റ്റുഡിയോവില്‍ നടക്കുന്നു. സലിന്‍ ചൗധരിയുടെ ഈണം. ഓര്‍ക്കസ്ട്രയൊടൊപ്പം ഗായകന്‍ പാടുന്ന കാലം. ഒരു വരി തെറ്റിയാലോ ഈണം പിഴച്ചാലോ എല്ലാവരും വീണ്ടും ആവര്‍ത്തിക്കണം. യേശുദാസ് പാടുന്നു ‘കേളീ പത്മം വിടരുമോ’ യേശുദാസ് രണ്ട് തവണ പാടിയിട്ടും ശരിയാവുന്നില്ല, എവിടെയോ പിഴക്കുന്നു. പെട്ടെന്ന് വയലാര്‍ രാമവര്‍മ്മ സ്റ്റുഡിയോവില്‍ കയറി വന്നു. വരികളില്‍ ഒരു തിരുത്ത് ‘കേളീ നളിനം വിടരുമോ’ പിന്നെ യേശുദാസിന് ഒറ്റ പ്രാവശ്യമേ പാടേണ്ടി വന്നുള്ളൂ. ‘കേളി നളിനം വിടരുമോ’ വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ’. തിരുത്തിന്റെ അനായാസമായ വയലാര്‍ ടച്ച് കണ്ട് സ്റ്റുഡിയോവിലുള്ളവര്‍ അന്തം വിട്ടു നോക്കി നില്‍ക്കേ, കുട്ടന്റെ കയ്യില്‍ ഇല്ലാത്ത വിദ്യയുണ്ടോ? (വയലാറിന്റെ വിളിപ്പേരാണ് കുട്ടന്‍) കുട്ടന്‍ ഇറങ്ങി പോയ്, മറ്റൊരു ആഘോഷത്തിലേക്ക്.

പിന്നീട് ആ ഗാനം, കേളീ നളിനം ഒരു വയലാര്‍ – സലിന്‍ ചൗധരി ഹിറ്റായി മാറി..

ചേര്‍ത്തലയിലെ സ്‌കൂള്‍ പഠനത്തിന് ശേഷം ഗുരുകുല രീതിയില്‍ സംസ്‌കൃതം പഠിച്ച വയലാര്‍ രാമവര്‍മ്മ ചെറുപ്പത്തിലെ കവിതകളെഴുതാന്‍ തുടങ്ങി. എറണാകുളത്ത് നിന്ന് ഡോക്ടര്‍ കെ. പി. തയ്യില്‍ നടത്തിയിരുന്ന ‘സ്വരാജ്’ വാരികയിലാണ് വയലാറിന്റെ ആദ്യത്തെ കവിത അച്ചടിച്ച് വന്നത്. രാമവര്‍മ്മ ജി. തിരുമുല്‍പ്പാട് എന്നായിരുന്നു പേര് വെച്ചിരുന്നത്.

പിന്നീട് ‘പാദമുദ്രകള്‍’ (1948) എന്ന കവിതാസമാഹാരത്തില്‍ തുറവൂര്‍ ശ്രീ നരസിംഹ വിലാസം ബുക്ക് ഡിപ്പോ ഉടമയായ മാധവ പൈയാണ് വയലാര്‍ രാമവര്‍മ്മ എന്ന പേര് ആദ്യമായി അച്ചടിച്ചത്. സായുധ കലാപം നടന്ന വയലാര്‍ ഇന്ത്യയൊട്ടുക്ക് അറിയപ്പെടുന്ന പേരായി മാറിയെങ്കില്‍ പില്‍ക്കാലത്ത് വയലാര്‍ രാമവര്‍മ്മ എന്ന ഗാനരചയിതാവിന്റെ പേരിലും വയലാര്‍ പ്രശസ്തമായി.

vayalar statue

1958 ല്‍ പൊന്‍കുന്നം വര്‍ക്കിയുടെ ‘കതിരുകാണാക്കിളി ‘ നാടകത്തിലെ ‘എ.പി. കോമള പാടിയ’ ശര്‍ക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ’ എന്ന ഗാനമാണ് വയലാറിനെ നാടകഗാന രംഗത്ത് ശ്രദ്ധേയനാക്കിയത്.

1956 ല്‍ ജെ.ഡി. തോട്ടാന്റെ ‘കൂടപ്പിറപ്പ്’ എന്ന ചിത്രത്തിലാണ് ആദ്യമായി സിനിമക്ക് വേണ്ടി വയലാര്‍ രാമവര്‍മ്മ ഗാനങ്ങളെഴുതുന്നത്. അതിന് രണ്ട് വര്‍ഷം മുന്‍പ് എ. എന്‍ തമ്പി നിര്‍മ്മിച്ച ‘വഴി വിളക്ക്’ ചിത്രത്തിന് വേണ്ടി വയലാര്‍ അഞ്ച് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാണം വേണ്ടെന്ന് വെച്ചതിനാല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്തില്ല. കൂടപ്പിറപ്പില്‍ കെ. രാഘവന്‍ ഈണമിട്ട് ശാന്താ പി. നായര്‍ പാടിയ ‘ തുമ്പി തുമ്പി വാവാ, തുമ്പത്തണലില്‍ വാവാ’ എന്ന ഗാനത്തോടെ വയലാര്‍ രാമവര്‍മ്മ ചലചിത്ര ഗാനരചയിതാവായി.

1957 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം- ശിപായി ലഹളയുടെ നൂറാം വാര്‍ഷികം രാജ്യമെങ്ങും ആഘോഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷികളെ അനുസ്മരിക്കാന്‍ വയലാര്‍ രാമവര്‍മ്മ എഴുതി ജി.ദേവരാജന്‍ സംഗീതം പകര്‍ന്ന സംഘഗാനമാണ് ഏറെ പ്രശസ്തമായ ‘ബലികുടീരങ്ങളെ’ എന്ന ഗാനം. വാര്‍ഷികത്തിന്റെ സ്മാരകമായ പാളയത്തെ രക്തസാക്ഷി മണ്ഡപം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയത് ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. അതിന്റെ ചടങ്ങില്‍ ഈ ഗാനം അവതരിപ്പിച്ചു. വി. ജെ. ടി. ഹാളില്‍ വെച്ച് 60 ഓളം ഗായകരാണ് ഈ ഗാനം ആലപിച്ചത്. കെ.എസ്. ജോര്‍ജ്, സി.ഒ. ആന്റോ, സുലോചന, എല്‍.പി.ആര്‍. വര്‍മ്മ, സുധര്‍മ്മ ,ബിയാട്രീസ് തുടങ്ങിയ അന്നത്തെ പ്രശസ്ത നാടക പ്രവര്‍ത്തകര്‍ അന്ന് ഈ ഗാനം പാടി. കൂടാതെ അന്ന് സിനിമാതാരങ്ങളല്ലാത്ത ജോസ് പ്രകാശും, കവിയൂര്‍ പൊന്നമ്മയും ഈ ഗാന സംഘത്തില്‍ പാടാനുണ്ടായിരുന്നു.

devarajan-vayalar

ഇതേ കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍ ഇങ്ങനെ,’ ബലികുടീരങ്ങളെ ഒരു വിപ്ലവഗാനമായല്ല രചിച്ചത്. ഗാനത്തിനവസാനമുള്ള ചെങ്കൊടിയെന്ന വാക്കിനു പകരം ‘പൊന്‍കൊടി ‘ അല്ലെങ്കില്‍ തൃക്കൊടിയാക്കി മാറ്റിയാല്‍ സ്വാതന്ത്ര്യ സമരമുഖങ്ങളില്‍ മരിച്ചു വീണ രക്തസാക്ഷികളുടെ അനുസ്മരണമാകും(ഗാനത്തില്‍ മലനാട്ടിലെ മണ്ണില്‍ നിന്നിതാ എന്നെഴുതിയിട്ടുണ്ടെങ്കിലും’)

പ്രസിഡന്റായ ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യമുള്ളതിനാല്‍ ചെങ്കൊടി എന്ന വാക്ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ദേവരാജന്‍ മാസ്റ്റര്‍ അത് വിസമ്മതിച്ചു. ഒടുവില്‍ വയലാര്‍ അത് പൊന്‍കൊടി നേടീയെന്നാക്കി, കമ്മറ്റിക്കാരെ ക്കൊണ്ട് അംഗീകരിപ്പിച്ചു സമ്മതം വാങ്ങി. പക്ഷേ, ഗായകസംഘത്തോട് സ്റ്റേജില്‍ ‘ചെങ്കൊടി’ യെന്ന് തന്നെ പാടണമെന്ന് വയലാര്‍ നിര്‍ദേശം കൊടുത്തു. അങ്ങനെ 60 ഗായകരും ചെങ്കൊടിയെന്ന് തന്നെ പാടി. പിന്നീട് ‘വിശറിക്ക് കാറ്റു വേണ്ട’ എന്ന കെ. പി. എ. സി. നാടകത്തില്‍ ഇത് ഉപയോഗിച്ചതോടെ ഏറെ പ്രശസ്തി നേടിയ ഗാനമായി. ഇത്രയേറെ തീവ്രതയോടെ അവതരിപ്പിച്ചിട്ടുള്ള ഒരു സംഘ ഗാനം മലയാളത്തില്‍ ഇല്ലെന്ന് പറയാം.

മൂന്നു വര്‍ഷത്തിന് ശേഷം 1962 ല്‍ ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഭാര്യ’യിലെ വയലാറിന്റെ മനോഹരമായ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ലാളിത്യം നല്‍കിയ സംഗീതം നല്‍കിയ ഗാനങ്ങളിലൂടെ മലയാള ചലചിത്ര ഗാനരംഗത്തെ അനശ്വരമായ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട് ജൈത്രയാത്ര ആരംഭിച്ചു. ‘പെരിയാറെ പെരിയാറെ’ ദയാപരനായ കര്‍ത്താവേ, ഓമനക്കയ്യില്‍ തുടങ്ങിയ ഗാനങ്ങള്‍ ഇരുവരുടേയും ആദ്യത്തെ ഹിറ്റു ഗാനങ്ങളായി മാറി.

അടുത്ത വര്‍ഷം 1963 ല്‍ പുറത്ത് വന്ന ‘കതിരുകാണാക്കിളിയിലെ’ വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടിന്റെ ‘കണ്ണുനീര്‍ മുത്തുമായ്’ എന്ന ഗാനമാലപിച്ച യേശുദാസ് എന്ന ഗായകന്‍ തന്റെ ആ ഗാനത്തിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പിന്നണി ഗായകനായി മാറി. യേശുദാസ് എന്ന ഗായകന്‍ തന്റെ ഗന്ധര്‍വസ്വരമാധുരി മലയാള ഗാനങ്ങളോട് അലിയിച്ച് ചേര്‍ത്ത കാലം ഈ ഗാനം മുതലാരംഭിക്കുന്നു.

vayalar yesudas

ഡി. എം. പൊറ്റെക്കാട്ട്, ദേവരാജൻ, വയലാർ, യേശുദാസ്

വയലാര്‍ ഗാനങ്ങളെഴുതിയ 221 ചിത്രങ്ങളില്‍ 121 എണ്ണത്തിലും സംഗീതം പകര്‍ന്നത് ദേവരാജന്‍ തന്നെ, മലയാളിയോട് തനിക്കിഷ്ടപ്പെട്ട 10 പാട്ട് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ അഞ്ചെണ്ണമെങ്കിലും വയലാര്‍ ദേവരാജന്റെയാകും – സന്നാസിനി നിന്‍ പുണ്യാശ്രമത്തില്‍, കായാമ്പൂ കണ്ണില്‍ വിടരും, പൂന്തേനരുവി, പ്രളയയോധിയില്‍ , ഇഷ്ടപ്രാണേശ്വരി- തുടങ്ങിയവ എടുക്കാം പക്ഷേ, ആയിരം പാദസരങ്ങള്‍ എങ്ങനെ ഒഴിവാക്കും? ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും, ചക്രവര്‍ത്തിനീ, വെണ്‍ചന്ദ്രലേഖയൊരപ്‌സരസ്ത്രീ, രാജശില്‍പ്പീ നീയെനിക്കൊരു ഈ ഗാനങ്ങളോ? തിരഞ്ഞെടുത്തയാള്‍ ആശയക്കുഴപ്പത്തിലാകും. വയലാര്‍ ദേവരാജന്റെ അനേകം ഗാനങ്ങള്‍ മനസ്സില്‍ തെളിയും, ഇതില്‍ ഏത് ഗാനം തിരഞ്ഞെടുക്കും? അത്രയേറെ ജനസമ്മിതി ഇവരുടെ ഗാനങ്ങള്‍ക്കുണ്ടായിരുന്നു.

ഈ കൂട്ടുകെട്ടിന്റെ വിജയത്തെ പറ്റി ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു; ‘വയലാറിന്റെ മനോഹരമായ പദങ്ങള്‍, അര്‍ത്ഥസംപുഷ്ടമായ വാക്കുകള്‍, ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍, അര്‍ത്ഥച്യുതിയില്ലാതെ അളന്നുമുറിച്ചുള്ള പ്രയോഗരീതി, അത് കഴിയുന്നത്ര മനസിലാക്കി അര്‍ഥത്തിന് ചേരുന്ന എന്റെ സംവിധാന ശൈലി ഇതാണ് ഗാനങ്ങളുടെ വിജയരഹസ്യം. കട്ടിയായ സംസ്‌കൃത പദങ്ങള്‍ പോലും വയലാര്‍ ഉപയോഗിക്കുമ്പോള്‍ അതുപയോഗിച്ച സ്ഥാനത്തിന്റെ പ്രത്യേകത കൊണ്ട് ആ വാക്കിന്റെ അര്‍ഥം നിരക്ഷരന് പോലും എളുപ്പം മനസിലാകും.’

അറുപതുകളിലും എഴുപതുകളുടെ മധ്യം വരെയും വയലാറിന്റെ ഗാനങ്ങള്‍ മലയാള സിനിമയുടെ ആത്മാവായി. അക്കാലത്ത് മഞ്ഞിലാസിന്റെ സത്യനെ നായകനാക്കി കെ. എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ഏറ്റവും മികച്ച വയലാര്‍-ദേവരാജന്‍ ഗാനങ്ങള്‍ പിറന്നത്. സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന,(യക്ഷി 1968), താഴമ്പൂ മണമുള്ള (അടിമകള്‍ 1969) ഉജ്ജയിനിയിലെ ഗായിക (കടല്‍പ്പാലം 1969) സീതാ ദേവി സ്വയംവരം 1970) പ്രവാചകന്മാരെ (അനുഭവങ്ങള്‍ പാളിച്ചകള്‍ 1971) സാമ്യമകന്നോരുദ്യാനമേ ( ദേവി 1972) പ്രേമ ഭിക്ഷുകി (പുനര്‍ജന്മം 1972) ഇഷ്ടപ്രാണേശ്വരി (ചുക്ക് 1973) മന്ദസമീരനില്‍ (ചട്ടക്കാരി 1974) തുടങ്ങിയ ഗാനങ്ങള്‍ ഇവയില്‍ ചിലതു മാത്രം.

അരനൂറ്റാണ്ട് മുന്‍പ് ഡല്‍ഹിയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ആകാശവാണിയുടെ മലയാള വാര്‍ത്താ ബുള്ളറ്റിനിലൂടെ മാവേലിക്കര രാമചന്ദ്രന്‍ മലയാളികള്‍ക്ക് ഏറെ സന്തോഷവും അഭിമാനവും ആ വാര്‍ത്ത അന്ന് വായിച്ചു. ‘വയലാര്‍ രാമവര്‍മ്മക്ക് ഗാനരചനക്ക് ദേശീയ പുരസ്‌കാരം’.

1972 ല്‍ അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിനുള്ള ദേശീയ പുരസ്‌ക്കാരമാണ് തെന്നിന്ത്യയില്‍ ആദ്യമായി മലയാളത്തിനെ തേടിയെത്തിയത്. മികച്ച ഗാനരചനക്കുള്ള ദേശീയ അവാര്‍ഡ് ഈ ഗാനമെഴുതിയ വയലാര്‍ രാമവര്‍മയ്ക്ക് ലഭിച്ചു. ഗാനം പാടിയ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും ആദ്യമായി ലഭിച്ചു. നിര്‍ഭാഗ്യവശാല്‍ ഗാനത്തിന് ഈണം പകര്‍ന്ന ദേവരാജന്‍ മാസ്റ്റര്‍ക്ക് അത് ലഭിച്ചില്ല.

പിന്നെ സ്വീകരണങ്ങളുടെ ഉത്സവമായിരുന്നു. മദ്രാസില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വയലാറിന് ഗംഭീര സ്വീകരണമാണ് നല്‍കിയത്.

വയലാര്‍ രാമവര്‍മ്മ പ്രതിഭയുടെ കാര്യത്തിലെന്നപോലെ സൗഹാര്‍ദങ്ങളിലും കുബേരനായിരുന്നു. ഇടപഴുകുന്നവരെയൊക്കെ കീഴടക്കുന്ന ഹൃദയ നൈര്‍മല്യമുള്ള വ്യക്തിയായിരുന്നു. അസൂയ തീരെ ഇല്ല. ആരെയും വിശ്വസിക്കും. ജീവിതം സുഹൃദ്ബന്ധങ്ങളില്‍ ആഘോഷമാക്കിയ വയലാറിന്റെ ഈ സ്വഭാവഗുണങ്ങള്‍ സിനിമാരംഗത്തിന് ഒട്ടും ചേരുന്നതായിരുന്നില്ല. പ്രശസ്തിയില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ന്നപ്പോഴും വയലാറിന്റെ ഭാഷയില്‍ താന്‍ ‘ഒരു ദന്തഗോപുര മാന്യന്‍’ ആയി മാറിയില്ല(വിഐപി). എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടു. പക്ഷേ, മലയാള സിനിമയിലെ യഥാര്‍ത്ഥ മുഖങ്ങള്‍ കാണാന്‍ ശുദ്ധാത്മാവായ വയലാറിന് ഏറെ താമസിയാതെ അവസരമുണ്ടായി.

ദേശീയ പുരസ്‌ക്കാരം കിട്ടിയപ്പോള്‍ ജന്മനാടായ ചേര്‍ത്തലയില്‍ ഗംഭീര സ്വീകരണം നല്‍കാന്‍ അവിടത്തുകാര്‍ തീരുമാനിച്ചു. ഉദയ സ്റ്റുഡിയോവിലെ കുഞ്ചാക്കോ മുതലാളി രക്ഷാധികാരിയായി കമ്മറ്റി രൂപീകരിച്ച് സഹകരിക്കണമെന്നാവശ്യപ്പെട്ട് സിനിമാ മേഖലയിലെ നിര്‍മ്മാതാക്കള്‍ക്കും സംവിധായക നടീനടന്മാര്‍ക്കും കത്തയച്ചു. കാര്യമായി ആരും തന്നെ പ്രതികരിക്കാഞ്ഞത് കണ്ട് കമ്മറ്റിക്കാര്‍ ഞെട്ടി. ആ സമയത്ത് ഉദയായില്‍ നസീര്‍, ഉമ്മര്‍, വിജയശ്രീ തുടങ്ങിയവര്‍ ഷൂട്ടിംഗിന് എത്തിയെന്നറിഞ്ഞ് കമ്മറ്റിക്കാര്‍ നേരിട്ട് ചെന്ന് ക്ഷണിച്ചു. ‘കുട്ടന്റെ പരിപാടിക്ക് ഞങ്ങളെ ക്ഷണിക്കണോ? ഞങ്ങള്‍ വരും’ എന്ന് നസീറും ഉമ്മറും ഉറപ്പ് നല്‍കി. കമ്മറ്റിക്കാര്‍ ആശ്വസിച്ചു. ചേര്‍ത്തലയിലും മറ്റ് സ്ഥലങ്ങളിലും വലിയ ബോര്‍ഡുകള്‍ താരങ്ങളുടെ പടം വെച്ച് പേര് എഴുതി സ്വീകരണ മഹോത്സവം വിളിച്ചറിയിച്ചു.

ജീവനോടെ സിനിമാതാരങ്ങളെ കാണാമെന്നോര്‍ത്ത് ചേര്‍ത്തലക്കാര്‍ സന്തോഷിച്ചു. സിനിമാ താരങ്ങളുടെ ആരാധനയില്‍ ഇന്നത്തെ പോലെ തന്നെയായിരുന്നു ജനങ്ങള്‍ അന്നും. സ്വീകരണ യോഗത്തിന്റെ തലേനാള്‍ അടൂര്‍ ഭാസി വയലാറിനെ ഫോണില്‍ വിളിച്ച് അവരാരും സ്വീകരണത്തിന് വരില്ലെന്ന് അറിയിച്ചു. അവരൊക്കെ അങ്കത്തട്ടിന്റെ ലൊക്കേഷനായ പെരിങ്ങല്‍ കുത്തില്‍ ഷൂട്ടിംഗിന് പോയി. വയലാര്‍ തകര്‍ന്നു പോയി. കാറുമായി തന്റെ ആത്മ സുഹൃത്തായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണനെ പെരിങ്ങല്‍ കുത്തിന് തന്റെ കത്തുമായി അയച്ചെങ്കിലും ‘പ്രേംനസീറടക്കം ഒരാളും വന്നില്ല. വരാമെന്ന് ആദ്യം സമ്മതിച്ച മലയാളത്തിന്റെ മര്‍ലിന്‍ മണ്‍റോവായ വിജയശ്രീയോട് ഗോപാലകൃഷ്ണന്‍ കാര്യം പറഞ്ഞപ്പോള്‍ നടി ചോദിച്ചു. ‘ആരാണീ വാളയാര്‍ രാമവര്‍മ്മ’? വയലാറിന്റെ ഗാനങ്ങളില്ലാതെ സിനിമയിറങ്ങാത്ത കാലമാണ് അന്ന്. എന്നിട്ടും സിനിമാ ലോകം തന്നോട് കാണിച്ച നെറികേട് വയലാറിനെ വേദനിപ്പിച്ചെങ്കിലും അതിന് പകരം വീട്ടാനോ ചോദ്യം ചെയ്യാനോ അദ്ദേഹം മുതിര്‍ന്നില്ല.

പക്ഷേ, വയലാറിന്റെ അപ്പോള്‍ പുറത്ത് വന്ന പുതിയ ഗാനത്തില്‍ ‘മനുഷ്യാ, ഹേ മനുഷ്യാ വലിച്ചെറിയൂ നിന്റെ മുഖംമൂടി’ എന്ന വരികള്‍ എഴുതിയത് ഇതൊക്കെ ഓര്‍ത്താകാം.

vayalar malayattoor

എസ്. കെ. നായർ, വയലാർ, മലയാറ്റൂർ രാമകൃഷ്ണൻ , രവി , പി. എൻ. മേനോൻ

മലയാറ്റൂര്‍ രാമകൃഷ്ണന്‍ വയലാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു . ഭാര്യയിലെ ‘പെരിയാറെ പര്‍വ്വത നിരയുടെ പനിനീരേ’ എന്ന പ്രശസ്ത ഗാനം വയലാര്‍ എഴുതിയത് അലുവാ പാലസില്‍ വെച്ചായിരുന്നു. കൂടെയുണ്ടായിരുന്ന മലയാറ്റൂര്‍ പാട്ടിലെ പെരിയാര്‍ കണ്ട് ചോദിച്ചു. ‘സംഗതി പെരിയാര്‍ ആയതുകൊണ്ട് എന്റെ പേരുകൂടി വേണ്ടേ? ‘ഉടനെ വയലാര്‍ മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം എന്ന് എഴുതി ചേര്‍ത്തു. അങ്ങനെ ആലുവാ ശിവരാത്രിയോടൊപ്പം മലയാറ്റൂര്‍ പള്ളി കൂടി ഗാനത്തില്‍ പ്രതൃക്ഷപ്പെട്ടു.

രേവതി സ്റ്റുഡിയോവില്‍ വെച്ച് ‘നാടന്‍ പെണ്ണ്’ലെ ‘ഹിമവാഹിനി ഹൃദയഹാരിണീ’ എന്ന ഗാനം റെക്കോഡിംഗ് നടക്കുമ്പോള്‍ നിനക്കോ എന്റെ പ്രിയപ്പെട്ടവള്‍ക്കോ എന്ന് യേശുദാസ് ആ ഗാനത്തിലെ വരികള്‍ പാടുന്നത് കേട്ട അവിടെയുണ്ടായിരുന്ന മലയാറ്റൂര്‍ പറഞ്ഞു. പ്രിയപ്പെട്ടവള്‍ക്കോ എന്ന വരിയിലെ. ആ ‘ട്ട’ ഗാനത്തെ ഒരു ഗട്ടറില്‍ ചാടിക്കുന്നു. പ്രിയപ്പെട്ടവള്‍ക്കോ എന്ന് കുട്ടന്‍ എഴുതിയത് പ്രിയമുള്ളവള്‍ക്കോ എന്നാക്കിയാലോ? ഉടനെ വയലാര്‍ അത് മാറ്റിയെഴുതി. അങ്ങനെ പ്രിയമുള്ളവള്‍ക്കോ എന്ന് യേശുദാസ് മാറ്റി പാടി.

‘മലയാറ്റൂരിന്റെ ‘യക്ഷി മഞ്ഞിലാസ് സിനിമയാക്കിയതോടെ ആ ബന്ധം ദൃഡമായി. മലയാറ്റൂര്‍ എഴുതിയ ചെമ്പരത്തിയും ചായവും നിര്‍മിച്ച മലയാള നാടിന്റെ ഉടമ എഡിറ്റര്‍ എസ്.കെ നായരായിരുന്നു ഈ കൂട്ടുകെട്ടിലെ മൂന്നാമന്‍.

ഒരിക്കല്‍ ഒരു ഹിറ്റ് ചിത്രത്തിന്റെ ആഘോഷം മദ്രാസിലെ ഫ്‌ളാറ്റില്‍ നടന്നു. ഫ്‌ളാറ്റില്‍ ഒച്ചപ്പാടായപ്പോള്‍ അവിടത്തെ മറ്റ് താമസക്കാര്‍ പോലീസിനെ വിളിച്ചു. ഒരു പ്രൊഡക്ഷന്‍ മാനേജറായായ ബാലനും മുന്‍മന്ത്രിയായ ടി.എം. വര്‍ഗീസിന്റെ മകന്‍ ബേബിയുമായിരുന്നു വയലാറിന്റെ കൂടെ. പോലീസ് എത്തി മൂവര്‍ക്കും താക്കിത് നല്‍കി. അങ്ങനെ അത് വിടാന്‍ വയലാറും സംഘവും തയ്യാറായില്ല. തര്‍ക്കം മൂത്തപ്പോള്‍ അവരെ പോലീസ് പൊക്കി സ്റ്റേഷനില്‍ കൊണ്ടു പോയി. പോലീസ് സ്റ്റേഷന്‍ കണ്ടപ്പോള്‍ കെട്ടിറങ്ങിയ വയലാര്‍ പോലീസിനോട് ചോദിച്ചു.

‘ഉങ്കളുക്ക് കണ്ണദാസനെ തെരിയുമാ? പോലീസ് ഞെട്ടി. തമിഴിലെ കവിഞജര്‍ കണ്ണദാസന്‍, ഭരണകൂടത്തെയും അധികരികളെയും വിറപ്പിക്കുന്ന ആള്‍’. പോലീസിന് സന്ദേഹമായി. ആമാ തെരിയും, കണ്ണദാസന്‍ സാറിനെ ഉനക്ക് എപ്പടി തെരിയും? ഉടനെ വയലാര്‍ പറഞ്ഞു ‘നാന്‍ താന്‍ മലയാളത്തിലെ കണ്ണദാസന്‍! പോലീസ് ആകെ പുലിവാല് പിടിച്ചു. അവര്‍ ഉടനെ കണ്ണദാസന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഭാഗ്യത്തിന് കണ്ണദാസനെ തന്നെ കിട്ടി.
പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു, സാര്‍ ഇങ്കെ മലയാളത്തിലെ കണ്ണദാസന്‍ വന്നിരുക്കു സാര്‍. തണ്ണിപ്പാര്‍ട്ടി സാര്‍, ഉള്ള പോട്ടുമാ സാര്‍’മറുഭാഗത്ത് നിന്ന് കണ്ണദാസന്റെ ഘനഗംഭീര ശബ്ദം ‘യാരടാ അവന്‍ ഫോണ്‍ കൊട്, വയലാര്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. ‘ഹലോ അണ്ണാ നാന്‍ താന്‍ വയലാര്‍ രാമവര്‍മ്മ’ വയലാര്‍ കാര്യം പറഞ്ഞു. ‘ഫോണ്‍ പോലീസിന് കൊടുങ്കോ നന്‍പര്‍കളെ ‘ കണ്ണദാസന്‍ വിനീതനായി പറഞ്ഞു. ഫോണില്‍ സംസാരിച്ച ഇന്‍സ്‌പെക്ടറെ കണ്ണദാസന്‍ പച്ചത്തെറി വിളിച്ചു. അയാളെ നിറുത്തി പൊരിച്ചു. അയാളോട് ചോദിച്ചു ‘അന്ത ആളെ ഉനക്ക് തെരിയുമാ റാസ്‌ക്കല്‍?

പിന്നെ കുറെ കല്‍പ്പനകള്‍. പോലീസ് വയലാറിനെ നേരെ ജീപ്പില്‍ കയറ്റി കണ്ണദാസന്റെ വീടിന് മുന്നില്‍ എത്തിച്ചു. സാക്ഷാല്‍ കണ്ണദാസന്‍ വീട്ടില്‍ നിന്ന് ഇറങ്ങി വരുന്നു വയലാര്‍ രാമവര്‍മ്മയെ ആശ്ലേഷിക്കുന്നു. കവിഞ്ജരുടെ അടുത്ത തെറിപ്പേച്ച് വരും മുന്‍പേ പോലീസ് പാര്‍ട്ടി പ്രാണഭയത്താല്‍ ഓടി രക്ഷപ്പെട്ടു.

vayalar -thoppil bhasi

കാമ്പിശ്ശേരി, തോപ്പിൽ ഭാസി, വയലാർ

വയലാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ വളരെ ശക്തമായിരുന്നു. 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍, ആ വര്‍ഷത്തെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഒക്ടോബറില്‍ നടന്ന വാരാചരണത്തില്‍ പ്രസംഗിച്ച കമ്യൂണിസ്റ്റ് നേതാക്കള്‍ ചൈനക്കെതിരെ ഒരു അക്ഷരം പറയാതെ മൗനം പാലിച്ചപ്പോള്‍ വയലാര്‍ പ്രസംഗം ആരംഭിച്ചത് തന്നെ ചൈനീസ് ആക്രമണത്തെ നിശിതമായി ആക്രമിച്ചു കൊണ്ടായിരുന്നു. സൗഹൃദത്തിന്റെ കൈനീട്ടിയ നമ്മളെ മുടന്തന്‍ ന്യായം പറഞ്ഞാണ് അവിടത്തെ ‘വിവര ദോഷികള്‍’ ഇന്ത്യയെ ആക്രമിച്ചത്. നമ്മളെല്ലാം പാടി നടന്ന മധുര മനോജ്ഞ മനോഹര ചൈനയെന്ന കവിതയില്ലെ, അതിലെ ചൈന നശിച്ചിരിക്കുന്നു. ഇനിയും അവര്‍ നമ്മളെ ഉപദ്രവിക്കും അതിനാല്‍ ഞാന്‍ ആ കവിതയെ ഹോ കുടില കുതന്ത്ര ചൈനേ എന്ന് തിരുത്തുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ കയ്യടി ഉയര്‍ന്നെങ്കിലും രസിക്കാത്തവരുമുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വയലാര്‍ സി.പി.ഐ പക്ഷത്തു ഉറച്ച് നിന്നു.

1975 ഒക്ടോബര്‍ 22 ന് ചങ്ങനാശേരിയില്‍ എന്‍. എസ്.എസ് കോളേജിന്റെ ആര്‍ട്‌സ് ക്ലബ് ഉല്‍ഘാടന ചടങ്ങിനെത്തിയ വയലാര്‍ ക്ഷീണിതനായിരുന്നു. ചടങ്ങില്‍ സംഗീത സംവിധായകനായ എല്‍.പി. ആര്‍ വര്‍മ്മയും പരിപാടിക്ക് ഉണ്ടായിരുന്നു. എല്‍.പി.ആര്‍ വയലാറിന്റെ പല പ്രശസ്ത നാടക ഗാനങ്ങള്‍ ഈണമിട്ടിട്ടുണ്ട്. ഗുരുവായൂരില്‍ വെച്ച് വയലാര്‍ തന്റെ വിവാഹം കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോള്‍ എല്‍.പി.ആറിന് പറഞ്ഞ് കൊടുത്ത വരികളാണ്,

”പറന്നു പറന്നു ചെല്ലാന്‍
പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പില്‍ ആ…”

-എന്ന ഗാനമാക്കിയത്. കാറില്‍ വെച്ച് അന്ന് എല്‍.പി.ആര്‍ ഈണമിട്ടു ആ ഗാനം പാടി. പിന്നീടാ ഗാനം പല സദസുകളിലും പാടിയപ്പോള്‍ നല്ല സ്വീകാര്യത കിട്ടി. സ്വര്‍ഗം നാണിക്കുന്നു എന്ന നാടകത്തില്‍ ഉള്‍പ്പെടുത്തിയതോടെ അത് ഹിറ്റായി. വയലാര്‍ എഴുതിയ, ജയചന്ദ്രന്‍ പാടിയ തൊട്ടാവാടിയിലെ ‘ഉപാസന’ ഈണമിട്ടതും എല്‍.പി.ആറാണ്. യോഗം ആരംഭിച്ചപ്പോള്‍ വയലാര്‍ പറഞ്ഞു ‘ ഇപ്പോള്‍ ഞാന്‍ എഴുതിയ ഒരു പുതിയ ചലച്ചിത്ര ഗാനം എല്‍.പി.ആര്‍ ഇപ്പോള്‍ പാടും. വയലാറിന്റെ അവസാനമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ആ ഗാനം എല്‍.പി. ആര്‍ പാടി.

‘സന്ധ്യാവന്ദനം വന്ദനം
ദുഃഖസംഗീതപ്രിയകളാം സ്വപ്നങ്ങളേ
സന്ധ്യാവന്ദനം…’

എന്റെ മനസ്സരസ്സിലെ
സുവര്‍ണ്ണപുഷ്പങ്ങള്‍ക്കെന്തൊരു
സൗരഭ്യമായിരുന്നൂ
അന്നെന്തൊരുന്മാദമായിരുന്നൂ
തീരം തകര്‍ക്കുന്ന കാലപ്രവാഹത്തിന്‍
തീ പോലെ പൊള്ളുന്ന തിരയില്‍
അടര്‍ന്നു വീണു അവ അടര്‍ന്നു വീണു
ഞാനൊരേകാന്ത ഗദ്ഗദമായ് നോക്കി നിന്നൂ
ഉദകം.. ഉദകം…. ഉദകം…
നിങ്ങള്‍ക്കന്ത്യോദകം (സന്ധ്യാവന്ദനം..)

പാട്ട് കഴിഞ്ഞ് പ്രസംഗിക്കാന്‍ എഴുന്നേറ്റ വയലാര്‍ ഇങ്ങനെ തുടങ്ങി. ‘എല്‍.പി.ആര്‍ പാടിയ ഞാനെഴുതിയ ഈ പാട്ട് ഇവിടെ ഇന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ ആദരമൊന്നുമില്ലാത്ത പഴയ ഒരു ഗാനരചയിതാവിനെ ഞാനോര്‍ത്തു പോയി. സ്വാതി തിരുനാള്‍ രാമവര്‍മ്മ. അമരകോശം നിവത്തി വെച്ച് പദങ്ങള്‍ എടുത്താണ് അദ്ദേഹം ഗാനങ്ങള്‍ എഴുതിയിരുന്നത്. തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീതജ്ഞനായിരുന്നില്ലെന്നും ഷഡ്കാല ഗോവിന്ദ മാരാരാണ് അദ്ദേഹത്തിന് വേണ്ടി ഗാനങ്ങള്‍ ചമച്ചതെന്നും ആരോപിച്ച് സ്വാതിതിരുനാളിനെ നിശിതമായി വയലാര്‍ വിമര്‍ശിച്ചു. അക്കാലത്ത് സ്വാതിതിരുനാളിനെതിരെ സംഘടിത ആക്രമണം ആരംഭിച്ച് കുറെ പേര്‍ സംഗീത രംഗത്ത് പ്രസംഗിച്ചിരുന്നു. തമിഴ് നാട്ടില്‍ വീണാ വിദ്വാന്‍ എസ്. ബാലചന്ദറും കേരളത്തില്‍ അത് ഉയര്‍ത്തിയ പ്രധാനി വയലാര്‍ രാമവര്‍മ്മയുമായിരുന്നു.

1975 ഒക്ടോബര്‍ 22 ന് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് വയലാറിനെ ആദ്യം ചേര്‍ത്തല ഗ്രീന്‍ ഗാര്‍ഡന്‍സ് ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പ്രഗല്‍ഭനായ സര്‍ജന്‍ പി.കെ. ആര്‍. വാര്യരാണ് സര്‍ജറി നടത്തിയത്. വയലാറിന്റെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെളുപ്പിന് നാലര മണിക്ക് പി.കെ.ആര്‍ വാര്യര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് തിയേറ്ററിന് പുറത്ത് വന്നു. ടി.വി. തോമസ്, എന്‍. ഇ. ബലറാം, ഉണ്ണിരാജ തുടങ്ങിയ പ്രമുഖനേതാക്കള്‍ നോക്കി നില്‍ക്കെ അദ്ദേഹം നടന്നകന്നു.
ഒക്ടോബര്‍ 27 , വയലാര്‍ രാമ വര്‍മ്മ അന്തരിച്ചു. അദ്ദേഹമെഴുതിയ വരികള്‍ പോലെ’ സ്വര്‍ണച്ചിറകടിച്ചാ വെളിച്ചം സ്വര്‍ഗത്തിലേക്ക് തിരിച്ചു പോയി’.

vayalar death

മൃതശരീരം ആദ്യം സി.പി.ഐ സംസ്ഥാന കമ്മറ്റി ഓഫീസിലും പിന്നീട് വി.ജെ.റ്റി ഹാളിലും ദര്‍ശനത്തിന് വെച്ചു. കേരളം കണ്ട ഏറ്റവും വലിയ ജനകൂട്ടമാണ് പ്രിയപ്പെട്ട വയലാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. വീടായ രാഘവപ്പറമ്പിലേക്ക് ഭൗതിക ശരീരവുമായി പുറപ്പെട്ട പ്രത്യേക കെ.എസ്.ആര്‍.ടിസി വാഹനം അവിടെയെത്താന്‍ മണിക്കൂറുകള്‍ എടുത്തു. വഴി നീളെ വയലാറിന്റെ അവസാന യാത്ര കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടി. വയലാര്‍ എന്ന പ്രതിഭ തന്റെ ഗാനങ്ങളിലൂടെ കേരളം കീഴടക്കിയ കാഴ്ചയായിരുന്നു അത്.

വാഹനം നാവായിക്കുളം എത്താറായപ്പോള്‍ കുറ്റിക്കാടുകള്‍ ഇരുവശവുള്ള വിജനമായ റോഡില്‍ കഷ്ടിച്ചു 15 വയസുള്ള ഒരു പാവാടക്കാരി പെണ്‍കുട്ടി കയ്യില്‍ ഒരു റോസാ പൂവുമായി നില്‍ക്കുന്നു.’ കാവ്യദേവത രൂപമെടുത്തത് പോലെ! പെട്ടെന്ന് വാന്‍ നിറുത്തി. അവള്‍ വാനില്‍ കയറി ആ തുടുത്ത പൂവ് വയലാര്‍ രാമവര്‍മ്മയുടെ മാറില്‍ വെച്ചു. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുകയും ചെയ്തു. മനസില്‍ തട്ടിയ ഈ സംഭവം അന്ന് ആ വാഹനത്തിലുണ്ടായിരുന്ന തോപ്പില്‍ ഭാസി പിന്നീട് എഴുതി. രാത്രി എട്ടരയോടെ വയലാര്‍ രാമവര്‍മ്മയുടെ ചിതക്ക് മകന്‍ ശരത്ചന്ദ്രന്‍ തീ കൊളുത്തി.

കചദേവയാനി എന്നൊരു തിരക്കഥ വയലാര്‍ എഴുതിയത് അദ്ദേഹത്തിന്റെ പത്‌നി ഭാരതി തമ്പുരാട്ടി ‘ഇന്ദ്രധനുസ്സിന്‍ തീരത്ത്’ എന്ന തമ്പുരാട്ടിയുടെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. ചെമ്മീന്റെ നിര്‍മ്മാതാവ് കണ്‍മണി ബാബു നിര്‍മ്മാണം. സംവിധാനം എന്‍. ശങ്കരന്‍ നായര്‍. കമല്‍ ഹാസനെയാണ് കചനായി അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ, പൂര്‍ത്തിയായ തിരക്കഥ പിന്നീട് അപ്രതൃക്ഷമായി. അത് ആരോ കടത്തി കൊണ്ട് പോയി എന്നാണ് അവര്‍ എഴുതിയിരിക്കുന്നത്.

വയലാറിന്റെ ഗാനങ്ങള്‍ ഏറ്റവും അധികം പാടിയത് യേശുദാസാണ്. യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ കയറ്റാന്‍ താന്‍ സത്യാഗ്രഹമിരിക്കും എന്ന് പരസ്യമായി പ്രസംഗിച്ച വ്യക്തിയാണ് വയലാര്‍. പക്ഷേ വയലാറിന്റെ മരണശേഷം യേശുദാസ് സാമ്പത്തികമായി ആദ്യം സഹായം ചെയ്യുമെന്ന് പറഞ്ഞെങ്കിലും ട്രസ്റ്റുമായി ഒട്ടും സഹകരിച്ചില്ലെന്ന് മലയാറ്റൂര്‍ എഴുതി. മദ്യപിച്ച് നശിച്ച ഒരാളിന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കാന്‍ എന്റെ കയ്യില്‍ പണമൊന്നുമില്ല എന്ന മട്ടില്‍ യേശുദാസ് സംസാരിച്ചത് ഭാരതി തമ്പുരാട്ടി ദുഃഖത്തോടെ എഴുതിയിരിക്കുന്നു. ഒരിക്കല്‍ പോലും യേശുദാസ് രാഘവപ്പറമ്പില്‍ വന്നില്ല എന്നും അവര്‍ എഴുതി.

vayalar award

വയലാർ അവാർഡ്.

1977 ല്‍ അദ്യത്തെ വയലാര്‍ അവാര്‍ഡ് ചടങ്ങ് തിരുവനന്തപുരത്ത് യുണിവേഴ്‌സിറ്റി ഹാളില്‍ നടന്നപ്പോള്‍ യേശുദാസിന്റെയും മാധുരിയുടെയും വയലാര്‍ ഗാനമേള ദേവരാജന്‍ മാസ്റ്റര്‍ നടത്തിയിരുന്നു. വന്‍ ജനാവലിയാണ് പാട്ടു കേള്‍ക്കാനെത്തിയത്. വേദിയില്‍ ഉപഹാരം കൊടുക്കാനായി വയലാര്‍ ട്രസ്റ്റ് അംഗമായ എസ്.കെ നായര്‍ യേശുദാസിനെ വിളിച്ചതോടെയാണ് ഉരസല്‍ ആരംഭിച്ചത്. എസ്.കെ നായര്‍ ‘യേശു’ എന്ന് വിളിച്ചത് യേശുദാസിന് രസിച്ചില്ല. യേശുദാസ് ക്ഷുഭിതനായി ചോദിച്ചു. ‘…… മോന്‍ എന്നെ യേശു എന്ന് വിളിക്കാന്‍ എന്താണ് കാര്യം? തന്റെ മേല്‍ കുതിര കേറാന്‍ ആരെയും അനുവദിക്കാത്ത ആളാണ് യേശുദാസ് എന്ന വ്യക്തി അന്നും ഇന്നും. ആരുടേയും ധാര്‍ഷ്ട്യം അനുവദിച്ചു കൊടുക്കാത്ത ആളാണ് എസ് .കെ നായര്‍. രണ്ടു പേരും ഇതേ ചൊല്ലി ഇടഞ്ഞെങ്കിലും അന്ന് പ്രശ്‌നമൊന്നും ഉണ്ടായില്ല. പക്ഷേ, യേശുദാസ് വയലാര്‍ ട്രസ്റ്റുമായി പിന്നീട് ഒരിക്കലും സഹകരിച്ചില്ല.

അതിനിടെ വയലാര്‍ ഫണ്ട് പിരിവിനെതിരെ എഴുത്തുകാരനും മുന്‍ മാതൃഭൂമി പത്രാധിപരുമായ എ.പി. ഉദയഭാനു മുഖ്യമന്ത്രിയുടെ ചാര്‍ജ് വഹിക്കുന്ന കെ. കരുണാകരന് പരാതി നല്‍കി. അടിയന്തരാവസ്ഥക്കാലമായിട്ടും റവന്യൂ ബോര്‍ഡ് മെമ്പറുടെ പദവിയിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ ഒരു മൈനര്‍ കവിയും മദ്യപാനത്തിന്റെ രക്തസാക്ഷിയുമായ വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ നിര്‍ബന്ധപൂര്‍വം സംഭാവനകള്‍ പിരിക്കുന്നു എന്നായിരുന്നു ഉദയഭാനുവിന്റെ പരാതി. പക്ഷേ, ഒന്നും സംഭവിച്ചില്ല.

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാന്‍ ഫണ്ട് പിരിവിനിറങ്ങിയത് സാങ്കേതികമായി നടപടി ദൂഷ്യം തന്നെയാണ്. പക്ഷേ പരാതിയില്‍ ഉദയഭാനു വയലാര്‍ രാമവര്‍മ്മയെ മൈനര്‍ കവിയെന്ന് വിശേഷിപ്പിച്ചത് അന്നും ഇന്നും സഹിക്കാന്‍ എനിക്കാവില്ല,’ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇതേ കുറിച്ചെഴുതി.

vayalar book

വയലാറിൻ്റെ ഗദ്യ കൃതികൾ

വയലാറിന്റെ മരണശേഷവും അദ്ദേഹവുമായുള്ള ആത്മബന്ധത്തിന്റെ കണ്ണികള്‍ സൂക്ഷിച്ച ഒരാളായിരുന്നു ദേവരാജന്‍ മാസ്റ്റര്‍.1977 ലെ ആദ്യ അവാര്‍ഡ് ചടങ്ങില്‍ ആരംഭിച്ച വയലാര്‍ ഗാനമേള തനിക്ക് നേരിട്ട് വരാന്‍ പറ്റുന്ന കാലത്തോളം മുടങ്ങാതെ നടത്തി ആദ്യത്തെ വര്‍ഷം യേശുദാസും രണ്ടാമത്തെ വര്‍ഷം ജയചന്ദ്രനും പിന്നീടുള്ള ശ്രീകാന്തും, ജി വേണുഗോപാല്‍ വരെ ഈ ഗാനസന്ധ്യയില്‍ പാടി.

വയലാറിന്റെ മരണശേഷം തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത വയലാറിന്റെ വരികള്‍ പതിറ്റാണ്ടിന് ശേഷം രണ്ട് മനോഹരമായ ഗാനങ്ങളായി ദേവരാജന്‍ മാസ്റ്റര്‍ മലയാളികള്‍ക്ക് നല്‍കി.. പി.എ. ബക്കര്‍ സംവിധാനം ചെയ്ത ”പ്രേമലേഖനം’ എന്ന ചിത്രത്തിലെ(1985)

‘താമരപ്പൂക്കളും ഞാനുമൊന്നിച്ചാണീ
താമസിക്കുന്നതീ നാട്ടില്‍’.

‘സുഭഗേ സുഭഗേ നാമിരുവരുമി
സുരഭി സരസ്സില്‍ വിരിഞ്ഞു ‘
(എന്റെ പൊന്നു തമ്പുരാന്‍ 1992).

രണ്ട് ഗാനവും പാടിയത് യേശുദാസ് തന്നെ.പ്രേമലഹരിയും കാവ്യലഹരിയും സമ്മേളിച്ച വയലാര്‍ ദേവരാജന്‍ സ്പര്‍ശം പോലെ തന്നെ, രണ്ട് മനോഹര ഗാനങ്ങള്‍!  vayalar rama varma malayalam poet and cinema lyricist death anniversary

Content Summary;  Vayalar RamaVarma malayalam poet and cinema lyricist death anniversary

Advertisement