UPDATES

വായിച്ചോ‌

ജര്‍മ്മനിയില്‍ ഒരു ലിബറല്‍ ഫെമിനിസ്റ്റ് മുസ്ലീം പള്ളി

രണ്ട് ഇമാമുമാരുണ്ട്. ഒരു പുരുഷനും ഒരു സ്ത്രീയും. പള്ളി സന്ദര്‍ശിക്കാനെത്തിയ രണ്ട് റാബ്ബികളോടൊപ്പം (ജൂത പുരോഹിതര്‍) അവര്‍ ഒരു ഹീബ്രു പാട്ട് പാടി.

                       

ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഇബിന്‍ റൂഷ്ദ് ഗെയ്‌ഥെ മോസ്‌ക് എന്ന ഈ മുസ്ലീംപള്ളി ശ്രദ്ധേയമാകുന്നത് ലിംഗവിവേചനം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള അതിന്റെ സ്വഭാവം കൊണ്ടാണ്. സ്ത്രീകളും പുരുഷന്മാരും അടുത്തടുത്തിരുന്ന നമസ്‌കരിക്കുന്നു. അള്ളാഹു അക്ബര്‍ എന്ന് ഉരുവിടുന്നു. മുസ്ലീം ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന സെയ്‌റാന്‍ എയ്റ്റസ് എന്ന സ്ത്രീയാണ് ഈ വിപ്ലവത്തിന് പിന്നില്‍. രണ്ട് ഇമാമുമാരുണ്ട്. ഒരു പുരുഷനും ഒരു സ്ത്രീയും. പള്ളി സന്ദര്‍ശിക്കാനെത്തിയ രണ്ട് റാബ്ബികളോടൊപ്പം (ജൂത പുരോഹിതര്‍) അവര്‍ ഒരു ഹീബ്രു പാട്ട് പാടി. ഇതോടെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന പൂര്‍ണമായി. ഗേ, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷക്കാരടക്കം എല്ലാ മനുഷ്യര്‍ക്കും സ്വാഗതം.

സ്ത്രീകള്‍ക്ക് പ്രവേശനമുള്ള മുസ്ലീം പള്ളികളില്‍ തന്നെ കടുത്ത അവഗണനയും വിവേചനവുമാണ് നേരിടേണ്ടി വരുന്നതെന്ന് സെയ്‌റാന്‍ ഏയ്റ്റസ് പറയുന്നു. ലിബറല്‍ ഇസ്ലാമിന് ഇടമുണ്ടാക്കുക എന്നതാണ് ഈ പള്ളിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള സ്ത്രീപക്ഷ മുസ്ലീം പള്ളികള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്നുണ്ട്. 2012ല്‍ ലണ്ടനില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു മുസ്ലീം പള്ളി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലും ഡെന്‍മാര്‍ക്കിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലുമെല്ലാം ഇത്തരം മുസ്ലീം പളളികള്‍ വന്നുകഴിഞ്ഞു. പുരാതന കാലത്ത് അറേബ്യയില്‍ വനിതാ ഇമാമുമാര്‍ ഉണ്ടായിരുന്നതായി മുസ്ലീം വനിതാ ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നു. മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളില്‍ പ്രമുഖയായ ആമിന വദൂദ് 1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു.

സംഭാവനകള്‍ ശേഖരിച്ചാണ് സെയ്‌റാന്‍ എയ്റ്റസ് ഫെമിനിസ്റ്റ് പള്ളി യാഥാര്‍ത്ഥ്യമാക്കിയത്. തുര്‍ക്കിയിലെ കുര്‍ദ് വംശജയായ എയ്റ്റസ് (54) 40 ലക്ഷത്തോളം വരുന്ന ജര്‍മ്മനിയിലെ മുസ്ലീം സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ടര്‍ക്കിഷ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കൗണ്‍സിലിംഗ് സെന്ററില്‍ വച്ച് ഒരിയ്ക്കല്‍ ഒരു വധശ്രമത്തില്‍ നിന്ന് എയ്റ്റസ് രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്. വര്‍ഷങ്ങളായി നടത്തി വരുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടത്തിനിടെ നിരവധി തവണ വധഭീഷണികള്‍ നേരിട്ടു. അഭിഭാഷകയായിരുന്ന അവര്‍ 2006ല്‍ പ്രാക്ടീസ് നിര്‍ത്തി.

ലിബറല്‍ ഫെമിനിസ്റ്റ് പള്ളിയുടെ പേരില്‍ എയ്റ്റസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്നത്. ഇസ്ലാം ഇല്ലാത്ത പള്ളി എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്. എയ്റ്റസ് പറയുന്ന ഇസ്ലാമിന് യഥാര്‍ത്ഥ ഇസ്ലാമുമായി യാതൊരു ബന്ധമില്ലെന്നും മൗലികവാദികള്‍ പറയുന്നു. ജനറേഷന്‍ ഇസ്ലാം പോലുള്ള ഗ്രൂപ്പുകളാണ് എയ്റ്റസിനെതിരെ സജീവമായി സോഷ്യല്‍മീഡിയ പ്രചാരണം നടത്തുന്നത്. ഇത് ഭ്രാന്താണ് എന്നാണ് ഇസ്ലാമിക് കൗണ്‍സില്‍ ഫോര്‍ ദ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി ചെയര്‍മാന്‍ ബുര്‍ഹാന്‍ കെസിസി പറയുന്നത്. സ്ത്രീകളേയും പുരുഷന്മാരേയും വിഭജിച്ച് നിര്‍ത്തുന്നത് വിവേചനമല്ലെന്നും ബുര്‍ഹാന്‍ അഭിപ്രായപ്പെട്ടു. ഈ പരിപാടി എത്രകാലം പോവുമെന്ന് നോക്കാമെന്നും ബുര്‍ഹാന്‍ പറഞ്ഞു.

തന്നെ സംബന്ധിച്ച് സ്ത്രീകളോടൊപ്പമുള്ള പ്രാര്‍ത്ഥന ആദ്യമാണെന്ന് ആറ് വര്‍ഷം മുമ്പ് ജര്‍മ്മനിയിലേയ്ക്ക് കുടിയേറിയ യെമന്‍ സ്വദേശി ഹൈതാം അല്‍ കുബാറ്റി പറഞ്ഞു. ലിംഗ സമത്വം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് പള്ളിയുടെ ഭാഗമായി നടക്കുന്നതെന്‌ന എല്‍ഹാം മാനിയ എന്ന വനിതാ ഇമാം പറഞ്ഞു. ഒരു സ്ത്രീയോട് എങ്ങനെ പുരുഷന്മാരില്‍ നിന്ന് അകന്ന് നിന്ന് പ്രാര്‍ത്ഥിക്കാന്‍ പറയാന്‍ കഴിയും തല മറയ്ക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാവും ആര്‍ത്തവ കാലത്ത് പ്രാര്‍ത്ഥിക്കരുതെന്ന് പറയുന്നതെങ്ങനെ സ്ത്രീ പുരുഷന് തുല്യയല്ലെന്ന ചിന്തയാണ് ഇതിന് പിന്നില്‍. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇത്തരം ബോധങ്ങള്‍ മാറാന്‍ സമയമെടുക്കും. അതിനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.

വായനയ്ക്ക്: https://goo.gl/Xc3Wqb

Share on

മറ്റുവാര്‍ത്തകള്‍