UPDATES

വായിച്ചോ‌

നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം

അക്കൂട്ടത്തിലുണ്ടായ 250-ലധികം ആളുകള്‍ കൂട്ടക്കൊലക്കിരയായി

                       

1939-ൽ നാസി ജർമ്മനിയില്‍ നിന്നും കപ്പല്‍മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിച്ച യഹൂദ അഭയാർഥികളെ തിരിച്ചയച്ച കനേഡിയന്‍ നടപടിയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. എം.എസ്. സെന്‍റ് ലൂയിസ് എന്ന കപ്പലില്‍ ജർമനിയിൽ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതന്മാരാണ് ഉണ്ടായിരുന്നത്. അവര്‍ ക്യൂബ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ അഭയത്തിനായി ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ നാസി ജർമനിയിലേക്ക് തിരിച്ചു ചെല്ലേണ്ടി വരികയും ചെയ്തു. അക്കൂട്ടത്തിലുണ്ടായ 250-ലധികം ആളുകള്‍ കൂട്ടക്കൊലക്കിരയായി.

‘ഞങ്ങള്‍ അവര്‍ക്ക് വിസ നിഷേധിച്ചതും, അവരുടെ കത്തുകള്‍ അവഗണിച്ചതും, അവരെ കയറ്റാതിരുന്നതും ഹിറ്റ്‌ലര്‍ കാണുന്നുണ്ടായിരുന്നു. ഞങ്ങളുടെ മൌനമാണ് ‘യഹൂദപ്രശ്ന’ത്തിന് അങ്ങിനെയൊരു ‘അന്തിമ പരിഹാരം’ കണ്ടെത്താന്‍ നാസികളെ പ്രേരിപ്പിച്ചതെന്നതില്‍ യാതൊരു സംശയവുമില്ല. ആ കാലഘട്ടത്തിലെ നിയമനിർമാതാക്കൾ യഹൂദരോടുള്ള വിരോധം തീര്‍ക്കാന്‍ കനേഡിയൻ നിയമങ്ങൾ ഉപയോഗിച്ചു’, പാർലമെന്റിൽ നടത്തിയ പ്രസംഗത്തില്‍ ട്രൂഡോ പറഞ്ഞു.

യഹൂദരോടുള്ള വിരോധം എന്നത് ഞങ്ങള്‍ക്കിടയിലെ ഔദ്യോഗിക നയമായിരുന്നുവെന്നും, അഭയാർത്ഥികളോട് കാണിച്ച അത്തരം വെറുപ്പും നിസ്സംഗതയും അവരുടെ മരണത്തിന് കാരണക്കാര്‍ എന്ന ധാർമിക ഉത്തരവാദിത്തത്തിൽ ഞങ്ങളേയും പങ്കുചേർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജർമ്മനിയിലെ നാസികൾ യഹൂദന്മാരുടെ വീടുകളും ബിസിനസുകളും തകര്‍ക്കുകയും, 250 സിനഗോഗുകള്‍ അഗ്നിക്കിരയാക്കുകയും, 91 പേരെ ചുട്ടുകൊല്ലുകയും ചെയ്ത് ആറുമാസത്തിനുശേഷമാണ് കപ്പല്‍ കാനഡയില്‍ എത്തുന്നത്.

ക്ഷമാപണം നടത്തുന്നതിന് മുമ്പ്, സെന്‍റ് ലൂയിസ് കപ്പലില്‍ യാത്ര ചെയ്തിരുന്നവരില്‍ ജീവിച്ചിരിക്കുന്ന ഏക യാത്രക്കാരിയായ ആന്‍ മരിയ ഗോർഡനെ ട്രൂടോ സന്ദര്‍ശിച്ചു. അവരിപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്. യഹൂദ വിരോധത്തിനെതിരെ രാജ്യം എങ്ങനെ പോരാടണമെന്നതു സംബന്ധിച്ച് അവരുമായി ചര്‍ച്ചയും നടത്തി.

കൂടുതല്‍ വായിക്കാന്‍: ദി ഗാര്‍ഡിയന്‍

Share on

മറ്റുവാര്‍ത്തകള്‍