ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെ വിശ്വവിഖ്യാതനാക്കിയ ഏകാന്തകതയുടെ 100 വര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ചിട്ട് 50 വര്‍ഷമായിരിക്കുന്നു. 1967ലാണ് സിയന്‍ എനോസ് ഡി സോളിഡാഡ് എന്ന പേരില്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ ഒറിജിനല്‍ സ്പാനിഷ് പതിപ്പ് പുറത്തിറങ്ങുന്നത്. ലീഫ് സ്റ്റോം പോലുള്ള ചില നോവലുകളും ചെറുകഥകളും എഴുതുകയും കൊളംബിയ്ക്ക് പുറത്ത് അത്രയൊന്നും അറിയപ്പെടാത്തയാളുമായിരുന്ന ഏഴുത്തുകാരനായിരുന്നു അക്കാലത്ത് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. സുഡാമേരിക്കാന പ്രസാണ് പുസ്തകം പ്രസീദ്ധികരിച്ചത്.
1965ലാണ് പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അര്‍ജന്റീനയിലെ സുഡാമേരിക്കാന പ്രസ് ഒരു നോവല്‍ എഴുതാന്‍ ആവശ്യപ്പെട്ട് മാര്‍കേസിനെ സമീപിക്കുന്നത്. മാര്‍കേസ് ആ സമയത്ത് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ പണിപ്പുരയിലായിരുന്നു. അതേസമയം തന്റെ നോവല്‍ വലിയൊരു പരാജയമാകുമെന്ന ആശങ്കയിലായിരുന്നു മാര്‍കേസ്. നേരത്തെയുള്ള മാര്‍കേസിന്റെ കൃതികള്‍ 2500 കോപ്പിയില്‍ താഴെ മാത്രമാണ് വിറ്റുപോയിരുന്നത്. മികച്ച പ്രാദേശിക വില്‍പ്പനയെ തുടര്‍ന്ന് സ്‌പെയിനിലെ ഏതെങ്കിലും പബ്ലിഷറെ ആകര്‍ഷിക്കുക, ഇതിന് ശേഷം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളിലെ പരിഭാഷ സാദ്ധ്യമാക്കുക, അന്താരാഷ്ട്ര ശ്രദ്ധ നേടുക ഇങ്ങനെയായിരുന്നു ലാറ്റിനമേരിക്കന്‍ സാഹിത്യകൃതികളുടെ ഭാവി നിര്‍ണയിക്കപ്പെട്ടിരുന്നത്.
അലെഹോ കാര്‍പെന്റിയറിന്റെ എക്‌സ്‌പ്ലോഷന്‍ ഇന്‍ എ കത്രീഡല്‍, മാരിയോ വര്‍ഗാസ് യോസയുടെ ദ ടൈം ഓഫ് ദ ഹീറോ, ജൂലിയോ കോര്‍ട്ടാസറിന്റെ ഹോപ്‌സ്‌കോച്ച്, കാര്‍ലോസ് ഫുയന്തസിന്റെ ദ ഡെത്ത് ഓഫ് അര്‍ട്ടിമോ എന്നിവ ഇക്കാലത്ത് വന്ന നോവലുകളാണ്. ഈ കൃതിളെല്ലാം ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി പോയി. മാര്‍കേസിനോ പബ്ലിഷര്‍ക്കോ നോവല്‍ ഇത്ര വലിയ ആഗോള വിജയമായി മാറുമെന്നൊന്നും പ്രതീക്ഷയുണ്ടായിരുന്നില്ല. ഏകാന്തയുടെ നാലരക്കോടി കോപ്പികളാണ് പുറത്തിറങ്ങിയത്. ലാറ്റിനമേരിക്കയിലെ മാത്രമല്ല വിശ്വ സാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച എഴുത്തുകാരുടെ പട്ടികയില്‍ മാര്‍കേസ് ഇടം പിടിച്ചു. മക്കോണ്ടോയും ബുവേണ്ടിയ കുടുംബവും അവരുടെ ഏകാന്തതയും മാജിക്കല്‍ റിയലിസവുമെല്ലാം വായനക്കാരന്റെ മനസില്‍ ചിരപ്രതിഷ്ഠ നേടി. എന്നാല്‍ പ്രസിദ്ധീകരണത്തിന് ശേഷമുള്ള ആദ്യകാലത്ത് മാജിക്കല്‍ റിയലിസത്തിന്റെ ബൈബിളായൊന്നും ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അറിയപ്പെട്ടിരുന്നില്ല. തുടക്കത്തില്‍ നിരൂപകരും ഈ നോവലിനെ അത്ര കാര്യമായി എടുത്തിരുന്നില്ല.
44 ഭാഷകളിലേയ്ക്കാണ് നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഡോണ്‍ ക്വിക്‌സോട്ട് കഴിഞ്ഞാല്‍ ഏറ്റവുമധികം ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സ്പാനിഷ് നോവലാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍. അതേസമയം ലാറ്റിനമേരിക്കന്‍ സാഹിത്യ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ലോക പുസ്തക വിപണിയില്‍ ബൂം ലാറ്റിനമേരിക്കാനോ എന്നറിയപ്പെട്ട നവ സാഹിത്യശാഖ വേരുറപ്പിച്ച് കഴിഞ്ഞാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. അര്‍ജന്റൈന്‍ എഴുത്തുകാരന്‍ ലൂയി ബോര്‍ഹസ് ലോകസാഹിത്യത്തില്‍ വലിയ താരമായിരുന്നു. പിന്നീട് ഡൊണോസ്‌കോ, കോര്‍ട്ടാസര്‍, യോസ, ഫുയന്റസ് തുടങ്ങിയവര്‍ വരുന്നു. ദ പ്രസിഡന്റ് എന്ന നോവലിലൂടെ വിഖ്യാതനായ മിഗുവല്‍ ഏയ്ഞ്ചല്‍ അസ്തൂറിയാസ് 1967ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയതോടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ ആഗോള വിജയഗാഥ തുടങ്ങി. ആന്‍ഡിസ് മേഖലയിലെ ജനസമൂഹത്തിന്റെ ഭാഷയായ ക്വെചുവയിലും സ്പാനിഷിലും ഒരേസമയം എഴുതിയ വ്യക്തിയാണ് ഹോസെ മരിയ അര്‍ഗുഡെസ്. അസ്തൂറിയാസും ഇരു ഭാഷകളിലും എഴുതി.
സ്‌പെയിനില്‍ 1950കളിലും 60കളിലും സോഷ്യല്‍ റിയലിസമാണ് നോവലുകളില്‍ നിറഞ്ഞ് നിന്നത്. കാമിലോ ഹോസെ സിലയും മിഗുവല്‍ ഡെലിബസും ഈ ശൈലി പിന്തുടര്‍ന്ന എഴുത്തുകാരായിരുന്നു. യോസയുടെ ചെറുകഥകളിലും ഇത് പിന്തുടര്‍ന്നിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ശൈലികളില്‍ നിന്നെല്ലാം തീര്‍ത്തും ഭിന്നമായ രചനയായിരുന്നു ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍. എന്നാല്‍ 1967ല്‍ ടൈംസ് ലിറ്റററി സപ്ലിമെന്റ്ില്‍ വന്ന നിരൂപണം ഇതിനെ ഒരു കോമിക് മാസ്റ്റര്‍ പീസ് എന്നാണ് വിളിച്ചത്. ഇതൊരു ഗൗരവമുള്ള നോവലൊന്നും അല്ലെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. നാടോടിക്കഥകളുടെ ശൈലിയില്‍ പണ്ടൊരിക്കല്‍ എന്ന് പറഞ്ഞ് തുടങ്ങുന്ന കഥപറച്ചില്‍. എന്നാല്‍ പിന്നീട് ഇത്തരം വിലയിരുത്തലുകളെ ഏകാന്തയുടെ നൂറ് വര്‍ഷങ്ങള്‍ അപ്രസക്തമാക്കുന്നതാണ് കണ്ടത്. സാഹിത്യ ഗവേഷകന്‍ ഹാരോള്‍ഡ് ബ്ലൂം 1989ല്‍ ഈ നോവലിനെ വിശേഷിപ്പിച്ചത് പുതിയ ഡോണ്‍ ക്വിക്‌സോട്ട് എന്നാണ്. തന്നെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ വിട്ട് പുറത്ത് വരാന്‍ പ്രേരിപ്പിച്ചത് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണെന്ന് എഴുത്തുകാരന്‍ ഫ്രാന്‍സിന്‍ പ്രോസ് ഒരിക്കല്‍ പറഞ്ഞു.
മാജിക്കല്‍ റിയലിസം എന്ന വാക്ക് 1967ല്‍ ബുദ്ധിജീവികള്‍ക്കിടയില്‍ പോലും ഏറെക്കുറെ അപരിചിതമായിരുന്നു. ദക്ഷിണ അമേരിക്കയുടെ ഉല്‍പ്പത്തി പുസ്തകമെന്നാണ് ഹാര്‍വാഡ് ചിന്തകന്‍ റോബര്‍ട്ട് കീലി ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെ വിശേഷിപ്പിച്ചത്. ജലമയമായ കവിത എന്നാണ് ഒക്ടേവിയോ പാസിന്റെ വിശേഷണം. നോവലിനെ ജനകീയമാക്കിയത് അതിനെ കുറിച്ചുള്ള പ്രശംസകള്‍ മാത്രമല്ല, രൂക്ഷമായ വിമര്‍ശനങ്ങള്‍ കൂടിയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയ കൃതിയാണിത്. യുഎസ് കമ്പനിയായ ബിപിയുടെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലെ എണ്ണ ഖനനം പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. 2010ല്‍ ഇവിടെ സ്‌ഫോടനമുണ്ടായപ്പോള്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇതിനെ വിശേഷിപ്പിച്ചത് ട്രാജിക് റിയലിസം എന്നായിരുന്നു. പെട്രോ ലോകത്തിന്റെ പന്നിവാല്‍ എന്നാണ് ഒരു യുഎസ് മാദ്ധ്യമപ്രവര്‍ത്തകന്‍ വിശേഷിപ്പിച്ചത്. മക്കൊണ്ടോ പ്രോസ്പക്ട് എന്നാണ് ഈ പ്രോജക്ട് തന്നെ വിളിക്കപ്പെട്ടത്.
വായനയ്ക്ക്: https://goo.gl/I2aSQy