ജവഹര്‍ലാല്‍ നെഹ്രുവും ക്രിക്കറ്റും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍, കേംബ്രിഡ്ജ് പഠനകാലത്ത് ക്യാമ്പസില്‍ അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്നു എന്ന് പറയാം. എന്നാല്‍ എംകെ ഗാന്ധിയും ക്രിക്കറ്റും തമ്മില്‍ എന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ അല്‍പ്പം ബുദ്ധിമുട്ടും. അദ്ദേഹത്തിന്റെ സമകാലീനനായ ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പല്‍വാങ്കര്‍ ബാലുവിനെക്കുറിച്ച്. അങ്ങനെ ബന്ധമൊന്നും ഉള്ളതായി പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ക്രിക്കറ്റിനെ അതിജീവന പോരാട്ടമാക്കിവര്‍ക്കും ഗാന്ധി പ്രചോദനമായിട്ടുണ്ട്. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്ന സമയത്താണ് ക്രിക്കറ്റിലൂടെ ജാതിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അസാധാരണ പോരാട്ടവുമായി പല്‍വാങ്കര്‍ ബാലു എന്ന ദളിത് യുവാവ് രംഗത്തെത്തുന്നത്. ചമര്‍ സമുദായത്തില്‍ പെട്ടയാളാണ് അദ്ദേഹം. വളരെയധികം വിവേചനങ്ങള്‍ നേരിട്ടുകൊണ്ട് തന്നെയാണ് ബാലു വളര്‍ന്നത്. എന്നാല്‍ ജാതി ഹിന്ദുക്കളുടെ കടുത്ത എതിര്‍പ്പുകളെ മറികടന്നുകൊണ്ട് തന്നെ 1890കളില്‍ തന്നെ അദ്ദേഹം കളി തുടങ്ങി. ഹിന്ദു ജിംഘാനയ്ക്ക് വേണ്ടി. 1911ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ ടീമില്‍ അംഗമായി. ഗാന്ധിയുടെ കാലത്ത് ജീവിച്ചിരുന്ന ബാലുവിനെക്കുറിച്ച് കൌശിക് ബാനര്‍ജിയുടെ Mahatma on the Pitch എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
ദേശീയ നേതാക്കളായ ബാലഗംഗാധര തിലകനേയും റാനഡേയും പോലെയുള്ളവര്‍ പൊതുവേദികളില്‍ വച്ച് അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്്. അക്കാലത്തെ ഏറ്റവും ഇന്ത്യന്‍ ബൗളറായാണ് ക്രിക്കറ്റ് ശ്രദ്ധിക്കുന്നവര്‍ ബാലുവിനെ പരിഗണിച്ചിരുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ കഠിനാദ്ധ്വാനം കൊണ്ട് ബാലു, തൊട്ടുകൂടായ്മ അനുഭവിച്ചിരുന്ന ആയിരക്കണക്കിന് പേര്‍ക്ക് വീരനായകനും പ്രചോദനവുമായി എന്ന് രാമചന്ദ്ര ഗുഹ പറയുന്നു. അദ്ദേഹത്തിന്റെ മൂന്ന് അനുജന്മാരും (ശിവറാം, വിത്തല്‍, ഗണ്‍പത്) എന്നിവരും ക്വാഡ്രാംഗുലര്‍ ക്രിക്കറ്റില്‍ ഹിന്ദൂസ് ടീമിന് വേണ്ടി കളിച്ചു. 1913 മുതല്‍ പത്രങ്ങളുടെ സ്‌പോര്‍ട്‌സ് പേജില്‍ പല്‍വാങ്കര്‍ ബ്രദേഴ്‌സ് വലിയ തെലക്കെട്ടുകളായി. അതേസമയം ബാലുവിന് ടീമിന്റെ കാപ്റ്റന്‍ സ്ഥാനം നിഷേധിക്കുകയും പലപ്പോഴും അദ്ദേഹം താഴ്ന്ന ജാതിക്കാരനായതിനാല്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇതേസമയത്ത് തന്നെയാണ് എംകെ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തുകയും തൊട്ടുകൂടായ്മക്കെതിരായ പോരാട്ടങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നത്.
1919ല്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമായി. ചമ്പാരന്‍ സത്യാഗ്രഹം ഖേദയിലേയും അഹമ്മദാബാദിലേയും പ്രക്ഷോഭങ്ങള്‍, റാലത്ത് ആക്ടിനെതിരായ പ്രക്ഷോഭം എന്നിവയെല്ലാമായി ഗാന്ധി ഇന്ത്യന്‍ ജനതയുടെ അനിഷേധ്യ നേതാവായി ഉയരുന്നത് ആ സമയത്താണ്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെന്ന സമാനതകളില്ലാത്ത ക്രൂരത അരങ്ങേറുന്നതും ആ വര്‍ഷം തന്നെ. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ എംകെ ഗാന്ധിയുടെ നേതൃത്വത്തില്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഇത് ഖിലാഫത്ത് പ്രസ്ഥനവുമായി ബന്ധിപ്പിക്കുകയും ഹിന്ദു – മുസ്ലീം ഐക്യം ശക്തിപ്പെടുകയും ചെയ്തു. ബാലുവിന് വീണ്ടും ക്യാപ്റ്റന്‍സി നിഷേധിക്കപ്പെട്ടു. അടുത്ത ക്വാഡ്രാംഗുലര്‍ തുടങ്ങിയപ്പോളേക്കും ഗാന്ധി ഇങ്ങനെ പറഞ്ഞു – തൊട്ടുകൂടായ്മ ദൈവത്തിനും മനുഷ്യര്‍ക്കും എതിരായ കുറ്റകൃത്യമാണ്. തൊട്ടുകൂടായ്മക്കെതിരെ ഗാന്ധി തുടങ്ങിയ ആക്രമണവും പ്രചാരണവും ജനങ്ങളെ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു.
തൊട്ടുകൂടായ്മയെന്ന സാമൂഹ്യദ്രോഹത്തെ ഇല്ലാതാക്കാന്‍ ജീവിതം മുഴുവന്‍ നീക്കി വയ്ക്കാന്‍ തയ്യാറാണെന്ന് ഗാന്ധി പറഞ്ഞു. ഇതേ സമയത്ത് തന്നെ ബാലുവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് സഹോദരങ്ങള്‍ ടീം വിട്ടു. അതേസമയം അടുത്ത മത്സരത്തില്‍ മൂന്ന് പേരേയും തിരിച്ചുവിളിച്ചു. ബാലു വൈസ് ക്യാപ്റ്റനായി. ക്യാപ്റ്റന്‍ എംഡി പൈയുടെ അഭാവത്തില്‍ ഒരു മത്സരത്തില്‍ ബാലു ടീമിനെ നയിച്ചു. തൊട്ടുകൂടായ്മ നിലനിര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യം നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ എന്ന് ഗാന്ധി ഇക്കാലത്ത് ചോദിച്ചു. ബാലുവിന്റെ ബൗളിംഗോ വിത്തലിന്റെ ബാറ്റിംഗോ ഗാന്ധി കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ തൊട്ടുകൂടായ്മക്കെതിരായ അദ്ദേഹത്തിന്റെ പ്രചാരണം പല്‍വാങ്കര്‍ സഹോദരന്മാര്‍ അടക്കമുള്ള ദളിതരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നത്.
വായനയ്ക്ക്: https://goo.gl/oBxZ6o