വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ അത് കേവലം ഒരു വ്യക്തിയുടെ വിജയമല്ല, മറിച്ച് ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഗ്രൂപ്പ് രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിക്കുറിച്ച പുതിയൊരു രാഷ്ട്രീയ ശൈലിയുടെ വിജയമാണ്. കടുത്ത ആഭ്യന്തര വെല്ലുവിളികളെയും എതിര്‍പ്പുകളെയും അതിജീവിച്ചാണ് വി ഡി ഈ പദവിയിലെത്തിയത്. തന്റെ നിലപാടുകളുടെ ഉറപ്പിനുള്ള പ്രതിഫലമായി സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തെ കാണുമ്പോള്‍, തിരികെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സമാനമായി തന്നെയാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.
യുഡിഎഫും വിശിഷ്യ കോണ്‍ഗ്രസും ഈ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നിലെ പ്രധാന നായകന്‍ വി ഡി സതീശന്‍ തന്നെയായിരുന്നു. ആ ഇമേജ് തകര്‍ക്കാനാണ് സ്വന്തം പാര്‍ട്ടിയില്‍ തന്നെ കരുനീക്കങ്ങള്‍ നടന്നത്. ഇടതുപക്ഷത്തെ തോല്‍പ്പിക്കുക സതീശന് ഏറെക്കുറെ എളുപ്പമായിരുന്നുവെങ്കിലും തന്റെ തന്നെ നേതാക്കളെ മറികടക്കുകയായിരുന്നു സതീശന്‍ നേരിട്ട യഥാര്‍ത്ഥ വെല്ലുവിളി. ആ കളിയില്‍ അദ്ദേഹം ഒടുവില്‍ വിജയിക്കുമ്പോള്‍, സ്വന്തം പാര്‍ട്ടിയെ തന്നെ ഒരര്‍ത്ഥത്തില്‍ തിരുത്താനും സതീശന് കഴിഞ്ഞു.
പാര്‍ലമെന്ററി രംഗത്തെ മിടുക്കും, വസ്തുതകള്‍ നിരത്തി നിയമസഭയില്‍ എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ശൈലിയും സതീശന് വലിയ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. മതേതരത്വത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ പേരിലും സതീശന്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി, ഡാറ്റാ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലും നിയുക്ത മുഖ്യമന്ത്രിക്ക് തന്റെതായ നിലപാടുകളുണ്ട്. ഈ ഘടകങ്ങളൊക്കെയും കേരളത്തിന്റെ ഭാവി നയിക്കാന്‍ സതീശനെ പ്രാപ്തനാക്കുമെന്ന് പ്രത്യാശിക്കാം.
എങ്കിലും, മുഖ്യമന്ത്രി എന്ന നിലയില്‍ സതീശന്റെ പാത സുഗമമല്ല. കേവലം രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് അപ്പുറം അതീവ സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് ഏറ്റവും വലിയ കടമ്പയാണ്. ഭരണസംവിധാനത്തെ പൂര്‍ണ്ണമായും ജനപക്ഷത്തേക്ക് മാറ്റുന്നതിനും ചുവപ്പുനാടകളുടെ കുരുക്കുകള്‍ അഴിക്കുന്നതിനും സിവില്‍ സര്‍വീസിനെ കാര്യക്ഷമമായി നയിക്കേണ്ടതുണ്ട്. കൂടാതെ, പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദമായ ഒരു പുതിയ വികസന മാതൃക കെട്ടിപ്പടുക്കുക എന്ന ഹിമാലയന്‍ ദൗത്യവും അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വരും. യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തടയാന്‍ തക്കവണ്ണം ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുക എന്നതും അദ്ദേഹത്തിന് മുന്നിലെ വലിയ പരീക്ഷണമായിരിക്കും.
ഈ യാത്രയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്ക് അതീവ നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സതീശന്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും പാര്‍ട്ടിയുടെ സുശക്തമായ അടിത്തറയും പിന്തുണയും അനിവാര്യമാണ്. ഗ്രൂപ്പ് താല്പര്യങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ നേതൃത്വം ശ്രദ്ധിക്കണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി ഘടകങ്ങള്‍ സജീവമാകേണ്ടതുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഭരണത്തെ തളര്‍ത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കാനും പാര്‍ട്ടി നേതൃത്വം ജാഗ്രത കാട്ടണം. ചുരുക്കത്തില്‍, തന്റെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രീയമായ ഐക്യവും ഭരണപരമായ ഇച്ഛാശക്തിയും ഒരുപോലെ ഒത്തുചേര്‍ന്നാല്‍ മാത്രമേ സതീശന്റെ മുഖ്യമന്ത്രി കാലഘട്ടം കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ അധ്യായമായി മാറൂ.
Content Summary: V.D. Satheesan, The Chief Minister of Kerala. Political hurdles and major economic and administrative challenges ahead,
This post was last modified on May 14, 2026 2:38 pm
Leave a Comment