പ്രകൃതിയും പ്രണയവും മാത്രമല്ല, നാട്ടില്‍ നടക്കുന്നതും പാട്ടാണ്

ഉപമകളും രൂപകങ്ങളും തിരയുന്നവര്‍ക്ക്, ഇത്രയും ശക്തമായ ബിംബങ്ങള്‍ സൃഷ്ടിക്കപ്പെട്ട ഒരു സിനിമ പാട്ട് സമീപകാലത്ത് നിന്നും കണ്ടെത്തി തരാമോ?

കഥാപാത്രത്തിന്റെ മനോവികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ മാത്രമാണോ സിനിമയില്‍ പാട്ടുകള്‍?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷിബു ചക്രവര്‍ത്തിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലെ, അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കട്ടെ;

‘പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല,
കൂടെയുറങ്ങാന്‍ മാരേജ് ആക്ടും താലിയുമൊന്നും വേണ്ടാ…’


എന്ന് ഞാന്‍ എഴുതി. അതില്‍ ‘വീ വാണ്ട് ലിബറലൈസേഷന്‍’ എന്നു പറയുന്നുണ്ട്. പലരും ചോദിച്ചത് ലിബറേഷന്‍ എന്നത് തെറ്റിപ്പോയതാണോ എന്നായിരുന്നു. അല്ല, ലിബറലൈസേഷന്‍ എന്നു തന്നെയാണ് എഴുതിയത്. അക്കാലത്ത് ലിബറലൈസേഷന്‍ ഇന്ത്യയില്‍ വേണോ എന്ന ചര്‍ച്ച നടക്കുന്നുണ്ട്. ലിബറലൈസേഷന്‍ വന്നാല്‍ ഇന്ത്യന്‍ സാമ്പത്തികരംഗം തകരുമെന്നായിരുന്നു പ്രധാനവാദം. ഞാന്‍ ലിബറലൈസേഷനെ പിന്തുണയ്ക്കുന്നാളായിരുന്നു. ഇവിടെ നിലനില്‍ക്കുന്ന പലതിനെയും പൊളിച്ചടുക്കേണ്ടിയിരുന്നു. പഴയ ഇക്കോണമി വ്യവസ്ഥ തകര്‍ത്ത് പുതിയത് വരണം. ലിബറലൈസേഷന്റെ ഫലമാണ് പിന്നീട് വന്ന പല ഇന്റര്‍നാഷണല്‍ ടൈ അപ്പുകളും. സോഷ്യലിസം പറഞ്ഞതുകൊണ്ട് രാജ്യം വളരില്ല. എന്റെ ഈ ചിന്താഗതിയാണ് ആ പാട്ടില്‍ പറഞ്ഞത്. അതിനൊപ്പം അന്നത്തെ ഇന്ത്യന്‍ സോഷ്യല്‍ ലൈഫിനെയും ചേര്‍ത്തൂ.

വേടന്റെത് പാട്ടല്ല, വെറും പറച്ചിലാണെന്നും, അതില്‍ കവിതയുണ്ടോയെന്നും അസ്വസ്ഥതപെടുന്നവരെ ഏറ്റവും ലളിതമായി ഓര്‍മിപ്പിക്കാന്‍ കഴിയുന്നതാണ് ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍.

പാട്ടുകള്‍ പറയാന്‍ ഉള്ളതുകൂടിയാണ്; ഈ സമൂഹത്തോട്, ജനങ്ങളോട്, വ്യവസ്ഥകളോട്, താത്പര്യങ്ങളോട് പറയാനുള്ളത് പറയാനും തര്‍ക്കിക്കാനും സാമൂഹ്യബോധമുള്ളവര്‍ പാട്ട് ഉപയോഗപ്പെടുത്തും.

ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതി മലയിലും
ഗുരുവായൂരിലും
തൃച്ചമ്പലത്തും കല്ല്
കല്ലിനെ തൊഴുന്നുവരേ
നിങ്ങള്‍ കല്‍പ്പണിക്കാരേ മറക്കരുതേ…

എന്നെഴുതിയത് വയലാര്‍ രാമവര്‍മയാണ്. ഈ സമൂഹത്തിലെ മൂഢരെ വയലാര്‍ ഓര്‍മപ്പെടുത്തുന്ന അതേ കാര്യം കുറച്ച് ധിക്കാരത്തോടെ വേടന്‍ പറയുകയാണ്;

വിയര്‍പ്പു തുന്നിയിട്ട കുപ്പായം അതില്‍
നിറങ്ങള്‍ മങ്ങുകില്ല കട്ടായം
കിനാവു കൊണ്ടു കെട്ടും കൊട്ടാരം അതില്‍,
മന്ത്രി നമ്മള്‍ തന്നെ രാജാവും.

വയലാറിന്റെ അക്ഷരങ്ങളില്‍ പ്രത്യക്ഷത്തില്‍ നനവ് പടര്‍ത്താത്ത വിയര്‍പ്പ് വേടന്റെ അക്ഷരങ്ങളില്‍ തളം കെട്ടിക്കെടക്കുന്നുവെന്നു മാത്രം. മനുഷ്യദ്ധ്വാനത്തിന്റെ അന്തസിനെ തന്നെയാണ് രണ്ടു പേരും ഓര്‍മിപ്പിക്കുന്നതും, മഹത്വവത്കരിക്കുന്നതും.

ഒരാള്‍ തൊഴിലാളി വര്‍ഗം കാണിക്കുന്ന ഉത്തരവാദിത്തത്തെയും അവരുടെ സംഭാവനയെയും മറക്കരുതെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുമ്പോള്‍, സ്വന്തം ജീവിതം കൊണ്ട് ആത്മാഭിമാനം കൊള്ളാന്‍ തൊഴിലാളി വര്‍ഗത്തോട് ആവശ്യപ്പെടുകയാണ് മറ്റൊരാള്‍. ഇതില്‍ എവിടെയാണവര്‍ ഗാനരചയിതാവിന്റെ കടമയില്‍ വ്യത്യസ്തരാകുന്നത്?

ആരുടെ നിര്‍ബന്ധമാണ് സിനിമ പാട്ടില്‍ സാഹിത്യം വേണമെന്ന്?

എന്റെ കുശിനിക്കാരനും മനസിലാകുന്ന പാട്ട് എഴുതു എന്ന് ഉദയായിലെ കുഞ്ചാക്കോ ആവശ്യപ്പെട്ടതിനു കാരണം, ആശയഗാംഭീര്യമുള്ള കലസൃഷ്ടിയുടെ അനുവാചകര്‍ മാത്രമല്ല, അരപ്പട്ടണി കിടക്കുമ്പോഴും കുറച്ചൊന്ന് സന്തോഷിക്കാമെന്ന് കരുതുന്നവരും സിനിമ കാണാന്‍ വരുമെന്ന ബോധ്യത്തിലാണ്(അതിനെ കച്ചവട ബോധ്യമെന്ന് വിളിക്കേണ്ടതുണ്ടെങ്കിലും).

ഈ കേരളത്തെ മാറ്റിയെടുക്കുന്നതില്‍ കെപിഎസി നാടകങ്ങള്‍ വഹിച്ച പങ്ക് നിസ്തര്‍ക്കമാണല്ലോ! എങ്കില്‍ ആ നാടകങ്ങള്‍ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയത് അവയിലെ പാട്ടുകളിലൂടെയായിരുന്നവെന്നതിലും എതിരഭിപ്രായം കാണില്ല. അരങ്ങത്തെ അഭിനേതാക്കള്‍ വെറും കഥാപാത്രങ്ങളായി നിന്നു പാടുകയായിരുന്നില്ല, തങ്ങളുടെ മുന്നിലിക്കുന്ന ഓരോ മനുഷ്യരോടും അവര്‍ നടത്തിയ ആശയവിനിമയമായിരുന്നു ആ ഗാനങ്ങള്‍. നാടകത്തിലായാലും സിനിമയിലായാലും പാട്ടുകള്‍ക്ക് ഒരു മുദ്രാവാക്യ സ്വഭാവം കൂടിയുണ്ട്.

ഉച്ചവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്
അന്തിമയങ്ങുമ്പോള്‍ ആടി കള്ളുകുടിച്ചിട്ട്
പിച്ചവച്ചതെല്ലാം പെരിയാറിന്‍ മടിത്തട്ട്
കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്

…..

ചേറില്‍ പൂത്താലും താമര കണക്ക്
ചോറു പോരെ… മണ്ണില്‍ ജീവിക്കാന്‍ നമുക്ക്

…..

പദവി പണമൊന്നും വേണ്ടടാ
ഉരുക്കു ഗുണമുള്ള തോളെടാ

ഉപമകളും രൂപകങ്ങളും തിരയുന്നവര്‍ക്ക്, ഇത്രയും ശക്തമായ ബിംബങ്ങള്‍ സൃഷ്ടിക്കപ്പെട്ട ഒരു സിനിമ പാട്ട് സമീപകാലത്ത് നിന്നും കണ്ടെത്തി തരാമോ?


‘മരിച്ച ദൈവത്തിന്‍ സ്മാരക ശിലയില്‍
മാലയിട്ടാല്‍ വരം തരുമോ’
എന്ന ചോദ്യവും,
‘പദവി പണമൊന്നും വേണ്ടടാ,
ഉരുക്കു ഗുണമുള്ള തോളെടാ’

എന്ന പ്രഖ്യാപനവും, സമാന ശക്തിയുള്ള രാഷ്ട്രീയ വാചകങ്ങളാണ്. ലഭിക്കാത്ത വരത്തിനായി കാത്തിരിക്കുന്ന നിസ്സഹായരോട് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ പറയുന്ന രചയിതാവും, സ്വന്തം കഴിവിലും കരുത്തിലും വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുന്ന എഴുത്തുകാരനും അവരുടെ സാമൂഹിക ചിന്തയെയാണ് പ്രതിഫലിപ്പിക്കുന്നത്. അവിടെ വയലാറിനും വേടനുമിടയില്‍ വരയിടാന്‍ നോക്കിയാല്‍, നിങ്ങളുടെ സങ്കുചിത ചിന്തയോട് നല്ല നമസ്‌കാരം പറഞ്ഞൊഴിയുകയാണ് ബുദ്ധി.

ഈ സമൂഹം എങ്ങനെ സഞ്ചരിക്കുന്നു, ഇവിടുത്തെ ചെറുപ്പക്കാര്‍ എന്തു ചിന്തിക്കുന്നു എന്നൊന്നും കാണാതെ, പ്രകൃതിയെയും പെണ്ണിനെ വര്‍ണിച്ചെഴുതാന്‍ പേന കൈയിലെടുക്കുന്നവരെ മാത്രം പോരലോ നമുക്ക്. അവനവന്റെ സാമൂഹിക ബോധവും ഇടപെടലുകളും പാട്ടുകളില്‍ കൊണ്ടുവരാന്‍ തയ്യാറാകുന്നവരും വേണം. ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങളും പാട്ടില്‍ കൊണ്ടുവരണം.

ആരുകാണുവാന്‍ അടങ്ങിയങ്ങ് ജീവിച്ചിട്ട്
കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
തുച്ഛ ജീവിതത്തില്‍ ആശയെല്ലാം നിര്‍ത്തിയിട്ട്
ഒടുക്കം മരിക്കുമ്പോള്‍ ആറടി മണ്ണു സ്വത്ത്

എന്നു വിളിച്ചു ചോദിക്കുന്നവന്റെ ശബ്ദത്തിന് മേല്‍ക്കുപ്പായം റാപ്പിന്റെയോ കര്‍ണാട സംഗീതത്തിന്റെയോ എന്നു തിരയാന്‍ നില്‍ക്കരുത്.

സത്യം മയക്കുമരുന്നിന്റെ ചിറകില്‍
സ്വര്‍ഗത്തു പറക്കുമീ നാട്ടില്‍-ഇല്ലാത്ത
സ്വര്‍ഗത്തു പറക്കുമീ നാട്ടില്‍
സ്വപ്നം മരിക്കുമീ നാട്ടില്‍
സ്വര്‍ഗസ്വരൂപിയാം ശാസ്ത്രം നിര്‍മിക്കും
അഗ്‌നികുണ്ഡങ്ങള്‍ക്കുള്ളില്‍
മനുഷ്യാ- ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി

എന്ന് 52 വര്‍ഷം മുമ്പ് എഴുതിയതാണ് വയലാര്‍, അരനൂറ്റാണ്ടിനിപ്പുറവും ആ മൂടി ഇപ്പോഴും മുഖത്തിരിക്കുന്നവര്‍ തന്നെയാണ്‌ വേടന്റെ ജീവിത പാട്ടിനെ അശ്രീകരമെന്നു വിളിക്കുന്നത്, അവരോട് പറയാനുള്ളത് മുമ്പേര്‍ തന്നെ വേടന്‍ പറഞ്ഞു വച്ചിട്ടുമുണ്ട്;

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ…

Content Summary; Rap Singer Vedan’s state award winning song and controversy.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on November 4, 2025 6:29 pm

രാകേഷ് സനല്‍: ന്യൂസ് എഡിറ്റര്‍, അഴിമുഖം
Related Post
Leave a Comment