എന്തുകൊണ്ടാണ് വേടന് ആക്രമിക്കപ്പെടുന്നത്? അത് അയാള്‍ ഒരു കീഴാളനായത് കൊണ്ട് മാത്രമാണോ? ഒരിക്കലുമല്ല, അത് മാത്രമല്ല കാരണം. അയാള്‍ ശബ്ദമുയര്‍ത്തുന്ന ഒരു പാട്ടുകാരനായത് കൊണ്ടാണ്. അയാള്‍ കൃത്യമായ രാഷ്ട്രീയം പാടുന്ന ഒരു മനുഷ്യനായത് കൊണ്ടാണ്. ഒരു ഉറക്കുപാട്ടുകാരന് പൊന്നാട അണിയിക്കുകയും ഒരു പടപ്പാട്ടുകാരന്, ഒരു ഉണര്ത്തുപാട്ടുകാരന്, ഒരു ഗദ്ദറിന് തടവറയൊരുക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ വേടന് വേട്ടയാടപ്പെടേണ്ട ഒരാളായിത്തീരുന്നു. അതില്‍ ആശ്ചര്യത്തിന് വകയില്ല.
പാട്ട് എന്നും പ്രതിരോധത്തിന്റെ ഒരു ആയുധം കൂടിയായിരുന്നു. പാട്ട് പാടിയും കവിത ചൊല്ലിയും കൂടിയാണ് ഈ നാട് കമ്മ്യൂണിസ്റ്റുകാര്‍ ചുവപ്പിച്ചെടുത്തത്. അധികാരം കൊയ്യണമാദ്യം അതിന് മേലാകട്ടെ പൊന്നാര്യന്‍ എന്ന് പറഞ്ഞ മനുഷ്യരുടെ നാട്. അപ്പോള്‍ വിമതന്റെ ആയുധങ്ങളിലൊന്ന് പാട്ടാണെന്ന് ഈ നാടിനും നാട്ടുകാര്‍ക്കും അറിയാം, ഇവിടുത്തെ ഭരണകൂട സംവിധാനങ്ങള്‍ക്കും. ആ സംവിധാനത്തിനാകട്ടെ, എപ്പോഴും സ്റ്റാറ്റസ് കൊയ്ക്ക് ഭീഷണിയെന്ന് തോന്നുന്ന എന്തിനെയും മുളയിലേ നുള്ളാന്‍ തോന്നും. പോലീസ് രാഷ്ട്രീയ ഇടപെടല്‍ കൂടാതെ പോകുന്നത് നല്ലത് എന്നിങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ മുന്‍നിര്‍ത്തി ഭരണം നടക്കുന്ന കാലത്ത് ഭരണത്തില്‍ ഇടതായാലും വലതായാലും അവര്‍ ഉണര്‍ത്തുപാട്ട് പാടുന്നവനെ ജയിലിലിടുക തന്നെ ചെയ്യും. കവി നിലവിലെ സംവിധാനത്തെ ചോദ്യം ചെയ്യുമെന്ന് മനസ്സിലാക്കിയാവണം, പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍ കവികള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല.
വേടന് എന്ന വാക്ക് തന്നെ ഒരു സബാള്‍ടേണ്‍ അഥവാ കീഴാള സംജ്ഞയാണ്. ‘Can the Subaltern Speak?’ എന്ന തന്റെ ഉപന്യാസത്തില്‍ ഗായത്രി ചക്രബര്‍ത്തി സ്പിവക് പറയുന്നത്. നമ്മുടെ സാമൂഹ്യശ്രേണിയില്‍ ഒരു ശബ്ദമില്ലാത്തവനായിരുന്ന ഒരു കീഴാളന് ശബ്ദമുയര്‍ത്തുമ്പോള്‍ അവന് കീഴാളന് അല്ലാതായിത്തീരുകയും, നിലനില്‍ക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരാളായിത്തീരുകയും ചെയ്യുന്നു എന്നതാണ്. അതൊരിക്കലും ഇവിടുത്തെ വ്യവസ്ഥ അനുവദിച്ചു തരുന്ന ഒന്നല്ല എന്ന് മാത്രമല്ല, ശബ്ദമുയര്‍ത്തുന്നവനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ബ്രാഹ്മണിക്കല്‍ ആധിപത്യങ്ങളെല്ലാം അവസാനിച്ചു എന്ന് സവര്‍ണ്ണ സാംസ്കാരിക പരാന്നഭോജികള്‍ ആണയിടുന്ന കാലത്താണ്, കഴിഞ്ഞ ദിവസങ്ങളില്‍ അബ്രാഹ്മണന് ആയതിന്റെ പേരില്‍ ഒരു ഭരണപക്ഷത്തിന്റെ തന്നെ പിന്തുണ കിട്ടിയിട്ടും, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന് ബാലുവിന് രാജി വയ്ക്കേണ്ടി വന്നത്.
എപ്പോഴും വിമതന്റെ ചോദ്യം ഉയര്‍ത്തുന്നത്, രാഷ്ട്രീയം പറയുകയും ചോദിക്കുകയും ചെയ്തത് കീഴാളന് മാത്രമല്ല.ആര് ചോദിച്ചാലും അവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ജ്യോതിഷ്ടോമ യജ്ഞത്തില്‍ ബലി കൊടുക്കുന്ന മൃഗം സ്വര്‍ഗത്തില്‍ പോകും എന്ന് പറഞ്ഞപ്പോള്‍, എന്നാപ്പിന്നെ തന്റെ അപ്പനെ ബലി കൊടുക്കാന്‍ മേലെ എന്ന് ചോദിച്ച ആര്‍ഷ ഭാരതത്തിലെ ആദ്യകാല വിമതരായിരുന്ന, ചാര്‍വകന്മാരുടെ തല പോയിരുന്നു. അപ്പോള്‍ കുറെ നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, പാട്ടില്‍ കൂടെ ചോദിച്ചാല്‍ തല പോകില്ല എന്ന് മനസ്സിലായപ്പോള്‍, നമ്മുടെ പൊട്ടന് തെയ്യം വന്നു പാട്ടിലൂടെ ശങ്കരാചാര്യരെ തോല്പിച്ചു എന്ന് ഐതീഹ്യം. പറഞ്ഞുവന്നത് പാട്ട് ഒരു പ്രതിരോധത്തിന്റെ രൂപമായി ഉയര്‍ന്നുവന്നു എന്നതാണ്. അതിലൂടെ നേരിട്ട് പറയാനാവാത്ത പല കാര്യങ്ങളും പറയാനും സാധിച്ചിരുന്നു.
‘ഞാന്‍ പാണനല്ല, പുലയനല്ല
നീ തമ്പുരാനുമല്ല, ആണെങ്കില്‍ ഒരു മൈരുമില്ല”
”വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി… വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി”
ഇങ്ങനെയൊക്കെ പാടുന്ന ഒരാളെ തടവിലിടാതെ എന്ത് ചെയ്യും എന്നായിരിക്കും ഇവിടുത്തെ സാംസ്കാരിക പ്രമാണിമാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ്, സ്റ്റേഷന് ജാമ്യം കിട്ടുമ്പോഴേക്കും, കഴുത്തിലെ മാലയിലെ പുലിപ്പല്ലിന്റെ പേരില്‍ അയാളെ വനം വകുപ്പ് വേട്ടയാടാന്‍ ഇറങ്ങുന്നത്. മുന്‍പ് ആനപ്പല്ല് മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ രായ്ക്ക് രാമാനം അയാളെ കയ്യില്‍ കിട്ടണം എന്ന് വനം വകുപ്പ് പറഞ്ഞോ, പോട്ടെ കേസെന്തായി. അപ്പോള്‍ താടിയുള്ളപ്പനെ പേടിയുണ്ട്. ജാതി മാത്രമല്ല, ഘടകം. വേട്ടയാടപ്പെടുന്നത് അയാളുടെ വരികളിലെ രാഷ്ട്രീയമാണ്.
ഇപ്പോള്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിയുടെ അപ്പാര്‍ട്മെന്റില്‍ നിന്നും 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മയക്കുമരുന്ന് ആരുപയോഗിച്ചാലും എതിര്‍ക്കപ്പെടണം, അത് വേടനായാലും ആരായാലും. ഇപ്പോള്‍ നിയമപരമായി ഇവിടെ നിരോധിക്കപ്പെട്ടിട്ടുള്ള ഒരു മയക്കുമരുന്ന് കേസില്‍ അയാള്‍ പെട്ടിരിക്കുന്നു. അയാള്‍ നിയമനടപടി നേരിടണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്റ്റേഷന് ജാമ്യം ലഭിക്കുന്ന വേടനെ വനം വകുപ്പ് പൂട്ടാനിറങ്ങുന്നു. അയാളുടെ മാലയിലെ പുലിപ്പല്ലാണ് വനം വകുപ്പിന്റെ പ്രശ്നം. സാമാന്യബുദ്ധി ഉള്ളവര്‍ക്ക് തോന്നും ഇതൊരുതരം പ്രതികാര നടപടി അല്ലേയെന്ന്.
ഈ വാര്‍ത്തയ്ക്ക് ‘കഞ്ചാവ് തുന്നിയിട്ട കുപ്പായം’ എന്ന് ഏഷ്യാനെറ്റ് സ്ലഗ് കൊടുത്തു. ചാനലുകളിലെ പൂരം കണ്ടാല്‍ ഇവിടെ കേരളത്തില്‍ പബ്ലോ എസ്കൊബാര്‍ പിടിയിലായി എന്നാണ് തോന്നുക. ഈ ധാര്‍മിക രോഷം തിളച്ചു മറിയുന്ന മാധ്യമ സിംഹങ്ങള്‍ സ്വയം ഒന്ന് ചോദിക്കുക, എത്ര പേര് ഒരിക്കലെങ്കിലും ഇതുപയോഗിച്ചിട്ടുണ്ടെന്ന്, ഇരുപത്തഞ്ച് വയസ്സില്‍ നമ്മളെന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ആലോചിച്ചു നോക്കുക. അപ്പോള്‍ ധാര്‍മിക രോഷം കുറച്ചു കുറഞ്ഞേക്കും.
ഇനി ഇപ്പോള്‍ വേടനെതിരെ ഉറഞ്ഞു തുള്ളുന്ന, 70സ് 80സ് വസന്തങ്ങളോട്. നിങ്ങളിലെത്ര പേര് യൗവ്വനത്തില്‍, ബാലചന്ദ്രന് ചുള്ളിക്കാടിന്റെയും, കടമ്മനിട്ടയുടെയും കവിതകള്‍ ചൊല്ലി നടന്നിട്ടുണ്ട്. അന്ന് നിങ്ങളവരുടെ മദ്യപാനത്തെയാണോ ആഘോഷിച്ചത് അതോ കവിതയേയാണോ. കേരളത്തിന്റെ യൗവ്വനം നെഞ്ചിലേറ്റിയത് അവരുടെ കവിതയെയായിരുന്നു. കവിതകളെ ആഘോഷിക്കാം. എഴുത്തുകാരന് അല്ലെങ്കില്‍ കവി എന്നെപ്പോലെയും നിങ്ങളെപ്പോലെയും സ്വകാര്യജീവിതത്തില്‍ അയാള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള മനുഷ്യനാണ്. അത് നിയമവിധേയമല്ലെങ്കില്‍ നിയമം അതിന്റെ ജോലി ചെയ്യട്ടെ. എനിക്കും നിങ്ങള്‍ക്കും വേണ്ടി, നമ്മള് നിര്‍വചിക്കുന്ന ഒരു ജീവിതം നമുക്ക് വേണ്ടി, സമൂഹത്തിന് വേണ്ടി ജീവിച്ചു തീര്‍ക്കേണ്ട ഒരു ബാധ്യതയും അയാള്‍ക്കില്ല. അയാളുടെ ജീവിതം അയാള്‍ക്ക് തിരികെക്കൊടുക്കുക. അത്രയേ വേണ്ടൂ.
വ്യവസ്ഥയോട് കലഹിക്കുന്ന കലാകാരനെ, പാട്ടുകാരനെയൊക്കെ വേട്ടയാടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു കാര്യമല്ല. 1976 ല്‍ ബോബ് മാര്‍ലിയെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാട്ടല്ല, പാട്ട് ഒരു പോരാട്ടം ആയിത്തീരുന്നതാണ് പ്രശ്നം. പിന്നില്‍ CIA ആണെന്നുള്ള ആരോപണം ഇന്നും നിലനില്ക്കുന്നു.
‘Until the philosophy which hold one race superior / And another / Inferior / Is finally / And permanently / Discredited / And abandoned / -Everywhere is war – / Me say war.’
ഇങ്ങനെ പാടിയ ഒരു മനുഷ്യനാണ്.
യാഥാസ്തികത്വം എന്നും, വിമോചനത്തിന്റെ പാട്ട് പാടുന്നവനെ, വിമോചനത്തിന്റെ രാഷ്ട്രീയം പറയുന്നവനെയൊക്കെ, വേട്ടയാടുന്നതിനു തക്കം പാര്‍ത്തിരിക്കും, എവിടെയെങ്കിലും ഒന്ന് ചുവട് പിഴയ്ക്കുമ്പോള്‍, അല്ലെങ്കില്‍ അവസരം വരുമ്പോള്‍, അവര്‍ ചാടി വീഴും. ഏഷ്യാനെറ്റ് ”കഞ്ചാവ് തുന്നിയിട്ട കുപ്പായം” എന്നും മാതൃഭൂമി ”യെച്ചൂരിയുടെ ക്ലച്ചൂരി” എന്നും സ്ക്രോള്‍ വിട്ട് ആഘോഷിക്കും. അവര്‍ കലാഭവന്‍ മണിയുടെ
‘കേഴമാന് കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്ത മാമ്പഴങ്ങള്‍ കാന്താരി
ഞാനൊന്നു കണ്ടോട്ടേ”
എന്ന പാട്ടില്‍ അശ്ലീലം കണ്ടെത്തും, അതേസമയം കാളിദാസന്റെ
‘കണ്ഠസ്യ തസ്യാഃ സ്തനബന്ധുരസ്യ മുക്തകലാപസ്യ ച നിസ്തലസ്യ ?
അന്യോന്യശോഭജനനാദ്ഭഭൂവ സാധാരണോ ഭൂഷണഭൂഷ്യഭാവഃ? 1-42”
(അവളുടെ മനോഹരമായ നേര്‍ത്ത കഴുത്തില്‍ നിന്ന് വൃത്താകൃതിയിലുള്ള മാറുകളില്‍ എറിയുന്ന ഗോളാകൃതിയിലുള്ള മുത്തുകളുടെ നൂലുകള്‍ അവള്‍ക്ക് എങ്ങനെ ചാരുത നല്കി എന്നതുപോലെ, അവളുടെ ഉരുണ്ട മാറുകള്‍ ആ ഗോളാകൃതിയിലുള്ള മുത്തുകള്‍ക്ക് സൗന്ദര്യം നല്കി; അത് ആഭരണത്തിന് ഒരു അലങ്കാരമായി മാറി.)
എന്നുള്ള ദേവീ വര്‍ണ്ണന ആസ്വദിക്കുകയും പുകഴ്ത്തുകയും ചെയ്യും.
‘ഉത്തമരെല്ലാരും കല്ലെറിഞ്ഞേ.. കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ… ആ കല്ലു പെറുക്കി ഞാന്‍ പാത വിരിച്ചതില്‍ വില്ലുവണ്ടിയേറി പായുമ്പോഴെന്നുടെ തലപ്പാവിനെന്തു തിളക്കം എന്റെ തലപ്പാവിനെന്തു തിളക്കം…
ഈ വരികളാണ് പലരേയും അസ്വസ്ഥരാക്കുന്നതെങ്കില്, അയാളെ, ഗ്രാവിറ്റി കൂടിയ പുലിപ്പല്ല് കേസില്പെടുത്തിയാല് തീരുന്ന ഒന്നല്ല അയാളുടെ വരികളിലെ രാഷ്ട്രീയം. അത് ചോദ്യം ചോദിക്കുന്ന കുട്ടിയെ നിങ്ങള്‍ പുറത്താക്കുന്ന പോലെയാണ്. കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെത്തന്നെ അവശേഷിക്കും എന്നൊരു മാഷ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുണ്ട്.
അവശേഷിക്കുക ചോദ്യങ്ങളാണ്, അക്ഷരങ്ങളാണ്. അവ നിങ്ങള്‍ കരുതുന്ന പോലെയല്ല, അവ വേഷം മാറി പൂതമായും, കണ്ണകിയായും, ചിലപ്പോ കുറത്തിയായും വരും; എന്നിട്ട് ഇങ്ങനെ പാടി അവര്‍ നിങ്ങളെ വേട്ടയാടും.
‘എന്റെ മുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
എന്റെ മുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.’ why is the vedan being attacked ?
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: why is the vedan being attacked ?