ഒരു സെന്റ് ഭൂമിയില്‍ അഞ്ചരലക്ഷം രൂപയ്ക്ക് പ്രളയത്തെ അതിജീവിക്കാനുള്ള ശേഷിയുള്ള വീട്. 495 ചതുരശ്രയടി വിസ്തൃതിയില്‍ മൂന്ന് നില വീട് 23 ദിവസം കൊണ്ട് റെഡിയാക്കാം. ഹാബിറ്റാറ്റ് ഗ്രൂപ്പ് നിര്‍മിക്കുന്ന ഈ വീട് ജി.ശങ്കറാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കേരളാ പോലീസ് ഫണ്ടുപയോഗിച്ച് ഉയര്‍ന്ന റാങ്കിലുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് വേണ്ടി തിരുവനന്തപുരം ജഗതി ഡിപിഐയിലെ പോലീസ് ഗസ്റ്റ് ഹൗസ് വളപ്പിലാണ് ഈ സാമ്പിള്‍ വീട് നിര്‍മിച്ചിരിക്കുന്നത്. ലോക പാര്‍പ്പിട ദിനത്തോടനുബന്ധിച്ച് ഇന്ന് വീട് പോലീസിന് കൈമാറി.
ഡിപിഐയിലെ പോലീസ് ഗസ്റ്റ് ഹൗസ് വളപ്പില്‍ നിര്‍മിച്ചിരിക്കുന്ന സാമ്പിള്‍ വീടിന്റെ താഴത്തെ നില ഒഴിച്ചിട്ടിരിക്കുന്നു. പടിക യറിയെത്തുന്ന രണ്ടാം നിലയില്‍ സ്വീകരണമുറി, അടുക്കള, കുളിമുറി എന്നിവയുണ്ട്. രണ്ടാം നിലയില്‍ കിടപ്പുമുറി മാത്രമാണ് ഉള്ളത്. ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം കൂടി മുന്നില്‍ കണ്ടുക്കൊണ്ടാണ് നിര്‍മ്മാണം. കോണ്‍ക്രീറ്റ് തൂണുകളിലാണ് കെട്ടിടം നില്‍ക്കുന്നത്.
സംസ്‌കരിച്ച മുളയും ഓടും ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ക്കായി മണ്ണ് കൊണ്ട് ഇന്റര്‍ലോക്ക് ഇഷ്ടികകളാണ് ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂര വാര്‍ക്കാനായി ഓട്, സംസ്‌കരിച്ച മുള, ചിരട്ട എന്നിവ ഉപയോഗിച്ചിരിക്കുന്നു. വെള്ളം കെട്ടിനിന്ന് ചുമരിന് കേട്പാട് സംഭവിക്കാതിരിക്കാന്‍ 10 അടി ഉയരത്തില്‍ സിമന്റ് പൂശിയിട്ടുണ്ട്. തറയോടുകള്‍ക്ക് പകരം സെറാമിക് ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രളയം ബാധിച്ച് തകര്‍ന്ന പോലീസ് സ്‌റ്റേഷനുകള്‍ ഇതേ മാതൃകയില്‍ പുനര്‍നിര്‍മിക്കാനും ആലോചിക്കുന്നുണ്ട്. പ്രളയത്തില്‍ എട്ട് പോലീസ് സ്‌റ്റേഷന്‍ പൂര്‍ണമായി തകരുകയും 16 സ്‌റ്റേഷനുകള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്തിരുന്നു. കൂടാതെ വെള്ളം കയറി നിരവധി രേഖകള്‍ നഷ്ടമാവുകയും ചെയ്തു. ഭാവിയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ നഷ്ടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതി തയാറാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിരുന്നു.