നിക്കോളാസ് മഡുറോയുടെ വിജയമാണ് രാജ്യത്തെ പ്രധാന പ്രശ്‌നം
എന്നാണ് ക്രിസ്തുമസ്? എന്താണ് ഇങ്ങനെയൊരു സംശയം എന്നല്ലേ! വെനസ്വേലക്കാരോട് അവരുടെ പ്രസിഡന്റ് പറയുന്നത്, ഇത്തവണ ക്രിസ്തുമസ് നമുക്ക് ഒക്ടോബറില്‍ ആഘോഷിക്കാമെന്നാണ്.
വീണ്ടും അധികാരം നേടി പ്രഡിസന്റ് പദത്തില്‍ എത്തിയെങ്കിലും നിക്കോളാസ് മഡുറോയ്‌ക്കെതിരേ രാജ്യത്തിനകത്തും, പുറത്തും പ്രതിഷേധങ്ങളും ആരോപണങ്ങളും ശക്തമാണ്. പ്രതിപക്ഷം ഇപ്പോഴും മഡുറോയുടെ വിജയം അംഗീകരിച്ചിട്ടില്ല. അമേരിക്കയടക്കം മഡുറോയുടെ വിജയം അട്ടിമറിയാണെന്നാണ് ആക്ഷേപിക്കുന്നത്. വോട്ടെടുപ്പിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വിടണമെന്ന് ലാറ്റിന്‍ അമേരിക്കയിലെ അയല്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. അതെല്ലാം അവഗണിച്ചാണ് ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമി തന്റെ അധികാര കസേരയില്‍ ഇരിക്കുന്നത്.
താന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതില്‍ രാജ്യം ആഘോഷത്തിലാണെന്ന് ലോകത്തെ ധരിപ്പിക്കാനാണോ, മഡുറോയുടെ ഈ വിചിത്ര തീരുമാനം എന്നറിയില്ല, തിങ്കളാഴ്ച്ച പ്രസിഡന്റ് പ്രഖ്യാപിച്ചത് ഒക്ടോബറില്‍ നമുക്ക് ക്രിസ്തുമത് ആഘോഷങ്ങള്‍ തുടങ്ങാമെന്നാണ്.
‘ ഇത് സെപ്തംബറാണ്, പക്ഷേ, ക്രിസ്തുമസ് കാലം വന്നപോലെയാണ് തോന്നുന്നത്. നിങ്ങള്‍ക്കുള്ള ആദരവ് അര്‍പ്പിക്കാനും, നന്ദി പ്രകടിപ്പിക്കാനുമുള്ള മാര്‍ഗമായി കണ്ടുകൊണ്ട് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങാന്‍ ഞാന്‍ ഉത്തരവിടുന്നു’ ദേശീയ ചാനലില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞകാര്യമാണിത്.
11 വര്‍ഷമായി തുടരുന്ന ഭരണം മഡുറോയുടെ ജനപിന്തുണയെ കാര്യമായി കുറച്ചിട്ടുണ്ടെന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യക്തമാക്കിയത്. രാജ്യം പൂര്‍ണമായൊരു ഏകാധിപത്യത്തിലേക്ക് മാറിയിരിക്കുകയാണെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്നാണ് യുവാക്കളുടെ ആരോപണം. ഇതിനെല്ലാമിടയിലാണ്, ജനങ്ങള്‍ സുരക്ഷിതവും സമാധാനപൂര്‍വവുമായ ക്രിസ്തുമസ് ആശംസകള്‍ പ്രസിഡന്റ് മഡുറോ നേര്‍ന്നിരിക്കുന്നത്.
എന്നാല്‍, മഡുറോയുടെ പ്രവര്‍ത്തികള്‍ വെനസ്വേലയിലെ സമാധാനപൂര്‍ണമായ ജനജീവിതത്തിന് വെല്ലുവിളികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജൂലൈ മാസത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യാതൊരു തെളിവുകളും പുറത്തു വിടാതെ(ബാലറ്റ് വിവരങ്ങള്‍) സ്വയം വിജയിയായി പ്രഖ്യാപിച്ച മഡുറോയ്‌ക്കെതിരേ വെനസ്വേലയന്‍ തെരുവുകള്‍ ഇപ്പോഴും കടുത്ത അമര്‍ഷത്തിലാണ്. യഥാര്‍ത്ഥത്തില്‍ തന്റെ എതിരാളി എഡ്മണ്ടോ ഗോണ്‍സാല്‍സിനോട് മഡുറോ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷം പറയുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്കും ഇതേ അഭിപ്രായമാണ്. അതേസമയം, പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ എഡ്മണ്ടോ ഗോണ്‍സാല്‍സിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. തിങ്കളാഴ്ച്ച ഗോണ്‍സാല്‍സിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നിക്കോളസ് മഡുറോയെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടില്‍ തന്നെയാണ് യുഎസ്. സ്വതന്ത്രവും നീതിയുക്തവുമായി നടത്തേണ്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കുറ്റം ചുമത്തി 15 മുതിര്‍ന്ന വെനസ്വേലയന്‍ ഭരണകര്‍ത്താക്കള്‍ക്കെതിരേ വ്യക്തിഗത ഉപരോധം ചുമത്താന്‍ യു എസ് തീരുമാനിച്ചിരിക്കുകയാണെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍, സു്പ്രിം കോര്‍ട്ട് പ്രസിഡന്റ് കരിസില ബിയാട്രിസ് റോഡിഗ്രസ് റോഡിഗ്രസ്, ഇലക്ടോറല്‍ കൗണ്‍സിലിലെ ഉന്നത ഉദ്യോഗസ്ഥയായ റോസല്‍ബ ഗില്‍ പഷേകോ എന്നിവര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സൈനിക നേതൃത്വത്തിനെതിരേയും അമേരിക്കന്‍ നടപടിയുണ്ടാകുമെന്നു വാര്‍ത്തകളുണ്ട്. വെനസ്വേലയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഓപ്പറേഷന്‍ ടണ്‍ ടണ്‍(ഓപ്പറേഷന്‍ നോക്ക് നോക്ക്) എന്ന പേരില്‍ സൈനിക നടപടികള്‍ ഉണ്ടായിരുന്നു. 20 ല്‍ അധികം പേര്‍ ഇതില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 1,700 ല്‍ അധികം പേരെ തടവിലാക്കിയിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെയും ഉപരോധം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ക്രിസ്തുമസ് ആഘോഷം ഒക്ടോബറിലാക്കാനുള്ള തീരുമാനം അസാധാരണമാണെങ്കിലും മുഡറോ അധികാരത്തില്‍ വന്നശേഷമുള്ള പല തീരുമാനങ്ങളും ഇത്തരത്തിലുള്ളതായതിനാല്‍, ആര്‍ക്കുമതില്‍ അത്ഭുതം തോന്നുന്നില്ലെന്നാണ് വെനസ്വേലയില്‍ നിന്നുള്ള വാര്‍ത്തകള്‍. 14 വര്‍ഷത്തോളം തുടര്‍ച്ചയായി രാജ്യം ഭരിച്ച ഹ്യൂഗോ ഷാവേസിന്റെ അകാല മരണത്തെ തുടര്‍ന്നാണ് 2013 ല്‍ നിക്കോളാസ് മഡുറോ അധികാരമേല്‍ക്കുന്നത്. ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് വെനസ്വേല ഇപ്പോള്‍ കടന്നു പോകുന്നത്. മഡുറോയ്‌ക്കെതിരായ ജനങ്ങളുടെ വികാരത്തിന് ഒരു പ്രധാന കാരണവുമിതാണ്. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു നില്‍ക്കവെ, അതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായിട്ടാണ് ക്രിസ്തുമസിനെയും ഭരണകൂടം ഉപയോഗിക്കുന്നതെന്നാണ് വിമര്‍ശനം. ജനങ്ങളെ തണുപ്പിക്കാന്‍ ഇതൊക്കെ കൊണ്ട് കഴിയുമോ എന്നും ചോദ്യങ്ങളുണ്ട്. venezuela president nicolas maduro declares christmas in october amid protest
Content Summary; Venezuela president nicolas maduro declares christmas in october amid protest