വിശ്വസാഹിത്യത്തെ സാധാരണ വായനക്കാരന് പരിചയപ്പെടുത്തിയ വിവര്‍ത്തകനായിരുന്നു എം.പി. സദാശിവന്‍. കഴിഞ്ഞ ദിവസം അന്തരിച്ച, അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടു നീണ്ട തര്‍ജ്ജമ സാഹിത്യം മലയാളഭാഷക്ക് നല്‍കിയ സംഭാവന അമൂല്യമാണ്. നിരവധി ക്ലാസിക്ക് ഗ്രന്ഥങ്ങളുടെ പരിഭാഷക്ക് മലയാള സാഹിത്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
മലയാളത്തിലെ പുസ്തകരംഗത്തെ പരിഭാഷകളുടെ ഒരു മഹാ സ്ഥാപനമായിരുന്നു എം.പി. സദാശിവന്‍. നൂറിലധികം കൃതികള്‍ മൊഴി മാറ്റി മലയാള വിവര്‍ത്തന സാഹിത്യത്തില്‍ വിസ്മയം തീര്‍ത്തയാള്‍. വിവര്‍ത്തകര്‍ എന്നും സാഹിത്യ പന്തികളുടെ പിന്‍നിരയില്‍ മാത്രം ഇരിപ്പിടം കിട്ടുന്ന പ്രസാധകരുടെ കുടിയാന്‍മാരാണ്. പുസ്തകച്ചട്ടയില്‍ ഒരു വരിയിലൊതുങ്ങുന്നു അവരുടെ അംഗീകാരം. സാഹിത്യോത്സവങ്ങളിലൊന്നും വിവര്‍ത്തകര്‍ക്ക് വലിയ പ്രാധാന്യം കിട്ടാറില്ല. പക്ഷേ, നാല് പതിറ്റാണ്ടായി കഥയായാലും, ആത്മകഥയായാലും, മലയാള വായനക്കാര്‍ പരിഭാഷകള്‍ വായിക്കുമ്പോള്‍ ഒരു മാത്രയെങ്കിലും എന്നും ഓര്‍മ്മയില്‍ വരുന്ന ഒരു വരിയാണ്: വിവര്‍ത്തനം എം.പി. സദാശിവന്‍.’
വിവര്‍ത്തനം അഥവാ പരിഭാഷ അല്ലെങ്കില്‍ മൊഴിമാറ്റം മലയാള ഭാഷയെ വളരാനും വികസിക്കാനും ഏറെ സഹായിച്ച ഒരു സാംസ്‌കാരിക പ്രക്രിയയായിരുന്നു. രചയിതാവിനെപ്പോലെ വിവര്‍ത്തകരും ആദരിപ്പെടേണ്ടവര്‍ തന്നെ. സര്‍ഗശേഷിയും ഭാഷാനൈപുണ്യവും കുറഞ്ഞത് രണ്ട് ഭാഷകളിലെങ്കിലും വേണം നല്ലൊരു വിവര്‍ത്തകനാകാന്‍. നിര്‍ഭാഗ്യവശാല്‍, മലയാളത്തിലെ ആദ്യ കാലങ്ങളിലെ പരിഭാഷകരെ പ്രസാധകരും പ്രസിദ്ധീകരണങ്ങളും അക്കാദമികളും രണ്ടാം നിരക്കാരായ കൂലിയെഴുത്തുകാരായാണ് പരിഗണിച്ചിരുന്നത്. ഒരംഗീകാരവും അവരെ തേടി വന്നില്ല. പക്ഷേ, വായനക്കാരുടെ മനസിലെന്നും കൃതിയും പരിഭാഷകനും മായാതെ നിന്നു. ആനി തയ്യില്‍, സി മാധവന്‍ പിള്ള, ഇടപ്പള്ളി കരുണാകര മേനോന്‍, എന്‍.കെ ദാമോദരന്‍, എംഎന്‍ സത്യാര്‍ത്ഥി, വി ഡി കൃഷ്ണന്‍ നമ്പ്യാര്‍, അഭയദേവ്, സി.എച്ച് കുഞ്ഞപ്പ, പി മാധവന്‍ പിള്ള, കെ രവി വര്‍മ, നിലീന അബ്രഹാം, ജോര്‍ജ് ഇരുമ്പയം തുടങ്ങിയ പ്രഗല്‍ഭരായ വിവര്‍ത്തകര്‍ ലോക സാഹിത്യത്തിലേയും ഇന്ത്യന്‍ ഭാഷകളിലെയും മഹത്തായ കൃതികള്‍ കാലാകാലങ്ങളായി മലയാള ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചവരാണ്. ഇവരൊക്കെ ഇന്ന് സ്മരിക്കപ്പെടുന്നത് അവര്‍ പരിഭാഷപ്പെടുത്തിയ കൃതികളിലൂടെയാണ്. ആ തലമുറയ്ക്ക് ശേഷം മലയാള വായക്കാരെ വിശ്വസാഹിത്യത്തിന്റെ നടവരമ്പിലേക്ക് തന്റെ പരിഭാഷയിലൂടെ കൈ പിടിച്ചു നടത്തിയ ഒരാളായിരുന്നു എം.പി. സദാശിവന്‍.
സദാശിവന്റെ പരിഭാഷകള്‍ ഇതുവരെ അച്ചടിച്ചത് 45,000 പേജുകള്‍ വരും. പരിഭാഷപ്പെടുത്തിയത് 107 കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്ന് നോവല്‍, കവിത, ചെറുകഥ; ഏറ്റവുമധികം കൃതികള്‍ വിവര്‍ത്തനം ചെയ്ത പരിഭാഷകനായി ലിംക റെക്കോര്‍ഡ് പുസ്തകത്തില്‍ എം.പി. സദാശിവന്‍ ഇടം പിടിച്ചു. സ്വന്തം കൃതികള്‍ 13 ഓളം വെറേയും.
1885 ല്‍ 8-13 നൂറ്റാണ്ടുകളില്‍ സമാഹരിക്കപ്പെട്ട പൗരസ്ത്യ ക്ലാസിക്കായ കഥകളുടെ രാജധാനി എന്നറിയപ്പെടുന്ന ‘ആയിരത്തൊന്നു രാവുകള്‍’ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്‍ അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക്പ രിഭാഷപ്പെടുത്തിയതോടെയാണ് ഈ കൃതി ലോക പ്രശസ്തമായി മാറിയതും മറ്റ് അനേകം ഭാഷകളില്‍ വരുന്നതും. അറബിക്കഥകളായ അലാവുദ്ദീനും അല്‍ഭുത വിളക്കും, അലിബാബയും നാല്‍പ്പതു കള്ളന്മാരും, സിന്‍ബാദ് എന്ന കപ്പലോട്ടക്കാരന്റെ കഥകളും തുടങ്ങിയവ ലോകമെമ്പാടുമുള്ള ആബാലവൃദ്ധം ജനങ്ങളെ മനം മയക്കി. ഈ പൗരസ്ത്യ ക്ലാസിക്കിന്റെ കടുത്ത ആരാധകനായിരുന്നു ഗബ്രിയേല്‍ മാര്‍ക്കേസ് ‘വായനയുടെ സുഖമറിയണമെങ്കില്‍ നിങ്ങള്‍ 1001 രാത്രികള്‍ വായിക്കണം’ മാര്‍ക്കേസ് പറഞ്ഞു. ഏറ്റവും അധികം പറയുകയും വായിക്കപ്പെടുകയും ചെയ്ത ലോകത്തിലെ രണ്ട് ഗ്രന്ഥങ്ങളാണ് ആയിരത്തൊന്ന് രാത്രികളും നമ്മുടെ പഞ്ചതന്ത്രവും. ആയിരത്തൊന്ന് രാത്രികള്‍ എന്ന കൃതി നമ്മുടെ വ്യാവഹാരികമായ യുക്തിയെ അവഗണിക്കുകയും പുതിയൊരു സൗന്ദര്യം കൊണ്ടു വായനയെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ‘ഈ കഥകള്‍ വായിക്കാത്തവര്‍ അനുഭവിക്കാത്തവര്‍ ഒരു ജന്മം പാഴാക്കിക്കളയുകയാണ്’ എന്ന് പറഞ്ഞത് ഈ കഥകളുടെ മറ്റൊരു ആരാധകനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്.
മലയാളത്തില്‍ എം. അച്യുതനാണ് ആയിരത്തൊന്ന് രാത്രികള്‍ മൊഴിമാറ്റം ആദ്യമായി ചെയ്ത് പ്രസിദ്ധീകരിച്ചത്. പക്ഷേ, അത് സംക്ഷിപ്ത രൂപമായിരുന്നു. 1997 ലാണ് സര്‍ റിച്ചാഡ് ബര്‍ട്ടന്റെ ‘ The Thousand Nights and a Night ‘ എന്ന മൂലകൃതി എം.പി. സദാശിവന്‍ മൊഴിമാറ്റം ചെയ്ത് ആയിരത്തൊന്നു രാത്രികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. മുന്നൂറ്റിമുപ്പത്തിനാല് ദിവസമെടുത്താണ് സദാശിവന്‍ ഇത് പരിഭാഷപ്പെടുത്തിയത്.
ബര്‍ട്ടന്റെ പുസ്തകം പദാനുപദം മൊഴിമാറ്റുകയായിരുന്നില്ല. ‘അറബി സാഹിത്യം ഓടിച്ചു വായിച്ചു. ഖുറാന്‍ വായിച്ചു. ഖലീല്‍ ജിബാന്‍ വായിച്ചു. തര്‍ജ്ജമ ആരംഭിച്ചപ്പോള്‍ ഉറങ്ങുമ്പോഴും ഉണരുമ്പോഴും മനസിലാകെ ‘ അല്‍ഫ് ലായ് ലാ വാലായ്ലാ ‘(പുസ്തകത്തിന്റെ അറബി പേര്) ആയിരുന്നു.
‘രാത്രിയുടെ വിശുദ്ധിയില്‍ സത്യം എന്റെ കിടക്കയ്ക്കരുകില്‍ അമ്മയേപ്പോലെ വന്നു നിന്നിട്ട് ചോദിച്ചു. നിനക്ക് ഏതു രാജധാനിയാണിഷ്ടം…. നിന്നെ ഞാന്‍ അങ്ങോട്ടു കൊണ്ടു പോകാം. ഞാന്‍ പറഞ്ഞു കഥയുടെ രാജധാനി – 1001 രാത്രികള്‍’ ഖലീല്‍ ജിബ്രാന്റെ ഈ വാക്കുകള്‍ എന്നെ കഥകളില്‍ അളവറ്റു മുഴുകാന്‍ സഹായിച്ചു.
എഴുതാന്‍ തുടങ്ങിയപ്പോള്‍ ഷഹരിയാര്‍ രാജാവിന്റെ മനം കവര്‍ന്ന് കഥ പറഞ്ഞ സുന്ദരി ഷഹറാസാദ് എന്ന സുന്ദരിയായ രാജകുമാരി എന്റെ മുന്നില്‍ നൃത്തം വെയ്ക്കാന്‍ തുടങ്ങി. ‘ഈ വിശ്വ പ്രശസ്ത കൃതിയുടെ പരിഭാഷയിലെ തന്റെ വിചിത്രാനുഭവ ലഹരിയെ കുറിച്ച് സദാശിവന്‍ പറഞ്ഞു.’
കുറെക്കാലം അതീവ ലൈംഗികതയുടെ പ്രസരമുള്ള രതികാമകഥകളായി ആയിരത്തൊന്നു രാത്രികള്‍ മുദ്രകുത്തപ്പെട്ടിരുന്നു. പിന്നെ ഞാന്‍ എഴുതാന്‍ ആരംഭിച്ചു. സദാശിവന്‍ പറഞ്ഞു
‘കപടസദാചാര ബോധം അവസാനിക്കുന്നയിടത്തു നിന്ന് ഈ കഥകള്‍ തുടങ്ങുന്നു’.
1997 ഫെബ്രുവരിയില്‍ ആദ്യ പതിപ്പ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. 6400 കോപ്പികള്‍. സെപ്റ്റംബറില്‍ രണ്ടാം പതിപ്പ്. 1183 പേജുകളിലായി അലിബാബയേയും അലാവുദീനേയും അവതരിപ്പിച്ച് തര്‍ജ്ജമയെന്ന മാന്ത്രിക പരവതാനിയിലൂടെ സാധാരണ വായനക്കാരനെ ഈ പരിഭാഷ അറബികഥകളുടെ മാസ്മരിക ലോകത്തക്ക് കൊണ്ട് പോയി. എം.പി. സദാശിവന്‍ വിവര്‍ത്തനം ചെയ്ത ആയിരത്തൊന്ന് രാത്രികള്‍. ഇന്ത്യന്‍ ഭാഷയിലെ ഈ കൃതിയുടെ ഏറ്റവും മികച്ച പരിഭാഷയാണ്. മലയാള വിവര്‍ത്തന സാഹിത്യത്തിന് എം.പി. സദാശിവന്‍ നല്‍കിയ ഏറ്റവും മികച്ച സംഭാവന. ഇരുപത്തയ്യായിരം രൂപയാണ് പ്രതിഫലമായി അന്ന് സദാശിവന് ലഭിച്ചത് (1993ലെ 2,5000). ഒരു പരിഭാഷകന് മലയാള സാഹിത്യത്തില്‍ ലഭിച്ച ഏറ്റവും വലിയ പ്രതിഫലങ്ങളിലൊന്നാണ് അത്. ഇന്നും സദാശിവന്റെ ആയിരത്തൊന്നു രാത്രികള്‍ ഉള്ളടക്കത്തിലെ അത്ഭുത കഥകള്‍ പോലെ മലയാള സാഹിത്യത്തില്‍ വിസ്മയമായി, 18ാം പതിപ്പിലെത്തി നില്‍ക്കുന്നു.
എ. ജി. എസ് ഓഫീസിലെ ജോലിക്കാരനായിരുന്ന സദാശിവന്റെ തര്‍ജ്ജമ ജീവിതം രൂപപ്പെടുത്തിയത് ഡി.സി. കിഴക്കേ മുറിയായിരുന്നു. നാല്‍പ്പത്തി മൂന്ന് വര്‍ഷം മുന്‍പ് 1981 ജനുവരിയില്‍ ഡി. സി. ബുക്‌സിന്റെ ഒരു പരസ്യമാണ് സദാശിവന്റെ കര്‍മ്മം പരിഭാഷയിലേക്ക് വഴി മാറുന്നത്. ഷെര്‍ലക്ക് ഹോംസ് കഥകള്‍ സമാഹാരമായി ഡി.സി.ബുക്‌സ് പുറത്തിറക്കുന്നു എന്നായിരുന്നു പരസ്യം. ആര്‍തര്‍ കൊനന്‍ ഡൊയലിന്റെ 50ാം ചരമവാര്‍ഷികമായിരുന്നു അപ്പോള്‍. ഹോംസ് കഥകളുടെ ആരാധകനായ സദാശിവന്‍ ഈ സംരംഭത്തെ അഭിനന്ദിച്ചു കൊണ്ടു ഡിസി ക്ക് ഒരു കത്തയച്ചു. ഉടനെ ഡിഡിയുടെ മറുപടി വന്നു. താങ്കള്‍ ഈ സമാഹാരത്തില്‍ സഹകരിക്കുക. അതിന് മുന്‍പ് അരിസ്റ്റോട്ടില്‍ മുതല്‍ ഐന്‍സ്റ്റീന്‍ വരെ എന്നൊരു സദാശിവന്റെ പുസ്തകം ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
അങ്ങനെ ഡി.സി. ബുക്‌സിന്റെ അന്നത്തെ സംരംഭമായ ബുക്ക് ക്ലബിന്റെ രണ്ടാം പുസ്തകമായി ഹോസ് കഥ സദാശിവന്‍ മൊഴി മാറ്റിയ ആദ്യത്തെ സാഹിത്യ രൂപം ‘ചെമ്പന്‍ മുടിക്കാര്‍’ പ്രസിദ്ധീകരിച്ചു. ആകെ 12 വോള്യമായി പ്രസിദ്ധീകരിച്ച ഹോംസ് കഥകള്‍ വിവര്‍ത്തനം ചെയ്തവരില്‍ മുട്ടത്തു വര്‍ക്കി തൊട്ട് സെബാസ്റ്റ്യന്‍ പോള്‍ വരെയുണ്ടായിരുന്നു.
1960 കളില്‍ തിരുവനന്തപുരത്ത് ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ഇംഗീഷ് ക്ലാസ്സെടുക്കാനായി ഭാഷ നല്ല വണ്ണം പഠിച്ചു. ‘റൈഡര്‍ ഹാഗാര്‍ഡിന്റെ ക്ലാസിക്ക് നോവലായ King Solomon’s Mines ന് സദാശിവന്‍ മലയാളത്തില്‍ ഒരു ഗൈഡ് എഴുതിയത് പരക്കെ ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് തന്നെ നോവലിന്റെ ചലച്ചിത്ര രൂപം വന്നതോടെ പുസ്തകം നന്നായി വിറ്റു പോയി. അതാണ് പുസ്തകം മൊഴിമാറ്റം ചെയ്യാനുള്ള കഴിവിന്റെ അടിത്തറയായത്.
ഷെര്‍ലക്ക് ഹോംസ് കഥക്ക് ശേഷം അഗതാ ക്രിസ്റ്റി, എഡ്ഗാര്‍ വാലസ്, ബൊക്കാച്ചി യോവിന്റെ ഡെക്കാമറണ്‍ കഥകള്‍, കിപ്പിങ്ങിന്റെ ജംഗിള്‍ ബുക്ക് സ്വിഫ്റ്റിന്റെ ഗള്ളിവരുടെ യാത്രകള്‍, ഷെല്ലിയുടെ ഫ്രാങ്കസ്റ്റീന്‍, ഡി.എച്ച് ലോറന്‍സിന്റെ ലേഡി ചര്‍റ്റലിയുടെ കാമുകന്‍ എന്നിവ വിവര്‍ത്തനം ചെയ്തു.
2016 ല്‍ എക്കാലത്തെയും ക്ലാസിക്ക് ഹൊറര്‍ നോവല്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള സദാശിവന്‍ മൊഴിമാറ്റം ചെയ്തു. അരനൂറ്റാണ്ട് മുന്‍പാണ് 1961 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മലയാളത്തില്‍ ആദ്യമായി രക്തരക്ഷസ്സ് എന്ന പേരില്‍ കെ.വി.രാമകൃഷ്ണന്‍ ഡ്രാക്കുള പരിഭാഷപ്പെടുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നത്. അന്ന് തന്നെ അതീവ ജനപ്രീതി നേടിയ ഈ നോവലിന് അര ഡസന്‍ പരിഭാഷയെങ്കിലും മലയാളത്തില്‍ പിന്നീടുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധേയമായതും വായിക്കപ്പെട്ടതും കെ.വി. രാമകൃഷ്ണന്റെയും ‘എം.പി. സദാശിവന്റെതും തന്നെ. കെ. വി. രാമകൃഷ്ണന്റെ നോവല്‍ പുറത്ത് വന്ന് അരനൂറ്റാണ്ടിന് ശേഷം മലയാള ഭാഷയില്‍ വന്ന പ്രകടമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് എം.പി. സദാശിവന്‍ പരിഭാഷപ്പെടുത്തിയത് എന്നതിനാല്‍ കൂടുതല്‍ വായനാസുഖം ഈ പുസ്തകത്തിനുണ്ട്.
ക്ലാസിക്കുകള്‍, ഡിക്റ്ററ്റീവ് നോവല്‍, സാമ്പത്തിക ശാസ്ത്രം എന്ന് വേണ്ട ഭാഷാശാസ്ത്രം വരെ സദാശിവന്‍ മൊഴിമാറ്റം ചെയ്തു. ‘വിവര്‍ത്തനം എന്നത് സര്‍ഗാത്മക സാഹിത്യമാണെന്ന് ഞാന്‍ കരുതുന്നു. സര്‍ഗാത്മക സാഹിത്യകാരനെ നല്ല വിവര്‍ത്തനാകാന്‍ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. തനിക്ക് ഇഷ്ടമുണ്ടെങ്കില്‍, കൊള്ളാവുന്നതാണ് എന്ന ബോധ്യം ഉണ്ടെങ്കിലേ വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം തയ്യാറുള്ളൂ. എങ്കിലും അതിന് കടകവിരുദ്ധമായ ഒരു സംഭവം അദ്ദേഹത്തിനുണ്ടായി.
ലോക സാഹിത്യത്തില്‍ പെട്ടെന്ന് വളരെ പ്രശസ്തനായ ഒരു സാഹിത്യകാരന്റെ പുസ്തകം പരിഭാഷപ്പെടുത്താന്‍ ഡി.സി. രവി ഏല്‍പ്പിക്കുന്നു. ആ കാലത്തെ ബെസ്റ്റ് സെല്ലറാണ്. ലോകത്തെ പല ഭാഷകളിലായി ഒരേ ദിവസം ഇത് പ്രസിദ്ധീകരിക്കാനാണ് പദ്ധതി. വിവര്‍ത്തനം ഉടനെ വേണം. സദാശിവന്‍ പുസ്തകം അടപടലം വായിച്ചു. അമ്പരന്നു പോയി. സാധനം ചവറ്. മുട്ടത്തു വര്‍ക്കിയൊക്കെ ഇതിലും നന്നായി എഴുതും. ‘കരാറില്‍ ഒപ്പിട്ടിട്ടില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുക, സാധനം ചവറാണ് ‘. സദാശിവന്‍ രവി ഡി.സിക്ക് എഴുതി. രവി പറഞ്ഞു ‘ഒപ്പിട്ടു പോയി’ വിവര്‍ത്തനം ചെയ്യുക.
അങ്ങനെ സദാശിവന്‍ പരിഭാഷപ്പെടുത്തി. പുസ്തകം ഇറങ്ങി രണ്ടാഴ്ച കൊണ്ട് എല്ലാ കോപ്പികളും വിറ്റു പോയി. അമ്പരിപ്പിക്കുന്ന സ്വീകരണമായിരുന്നു ആ പരിഭാഷക്ക്. നോവലിന്റെ പേര്: സഹീര്‍. നോവലിസ്റ്റിന്റെ പേര് പൗലോ കൊയ്‌ലോ! മലയാളത്തില്‍ വിറ്റത് ഒരു ലക്ഷം കോപ്പികള്‍.
‘ലിറ്റര്‍ലി ഏജന്റുമാരും നിരൂപകരും നടത്തുന്ന കളികളാണ് ഇത്തരം വിദേശ കൃതികള്‍ ബെസ്റ്റ് സെല്ലര്‍ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്. നല്ല വായനയെ നശിപ്പിക്കുകയാണ് ഇത്തരം കൃതികള്‍’ അനുഭവത്തില്‍ നിന്ന് അദ്ദേഹം പറഞ്ഞു. തകഴിയും, ദേവും, ബഷീറുമൊക്കെ ലോക നിലവാരത്തില്‍ ചര്‍ച്ച ചെയ്യാഞ്ഞത് അവരുടെ പുസ്തകങ്ങള്‍ക്ക് മികച്ച ഇംഗ്ലീഷ് വിവര്‍ത്തനം ഇല്ലാത്തതു കൊണ്ടാണ് എന്നാണ് സദാശിവന്‍ വിശ്വസിക്കുന്നത്. ‘വിവര്‍ത്തകനായി പല ഭാഷയിലെ പല കൃതികള്‍ വായിച്ചപ്പോഴാണ് എനിക്ക് മലയാളത്തെപ്പറ്റി വലിയ അഭിമാനം തോന്നിയത് ലോകത്ത് ഏത് ഭാഷയോടും സാഹിത്യത്തോടും കിട പിടിക്കാനാവുന്നതാണ് നമ്മുടെ ഭാഷ.’
”മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛനാണ് നമ്മുടെ മഹാനായ വിവര്‍ത്തകന്‍ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനന്ദന്‍ എന്ന കവി സംസ്‌കൃതത്തില്‍ എഴുതിയ മഹത്തായ കാവ്യമായ അദ്ധ്യാത്മ രാമായണമാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടിലാക്കിയത്’ അദ്ദേഹം പറയുന്നു.
മൂലകൃതിയുടെ വില്‍പ്പനയെ മറികടന്ന് സദാശിവന്റെ ഒരു വിവര്‍ത്തനം ചരിത്രം സൃഷ്ടിച്ച സംഭവമുണ്ട്. 1998 ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് The Degeneration of India എന്ന ടി.എന്‍. ശേഷന്റെ പുസ്തകം ഇറക്കുന്നു. ടി.എന്‍. ശേഷന്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. ഇംഗ്ലീഷ് 3000 കോപ്പി വിറ്റു പോയി. ഡി.സി ബുക്‌സ് ഉടന്‍ സദാശിവന്റെ പരിഭാഷ പുറത്തിറക്കി. ” ടി. എന്‍ ശേഷന്റെ ‘ഇന്ത്യയുടെ പതനം ‘വിറ്റത് 20,000 കോപ്പികള്‍. ആ പുസ്തകം മുന്‍ എഡിഷനുകളിലായി ആറു പതിപ്പെന്ന ബഹുമതി സദാശിവന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നല്‍കി.
രണ്ട് രാഷ്ട്രപതിമാരുടെ പുസ്തകങ്ങള്‍ മലയാളത്തിലാക്കിയ ബഹുമതിയും സദാശിവനാണ്- അബ്ദുള്‍ കലാമിന്റെ ‘ ജ്വലിക്കുന്ന മനസ്സുകള്‍’, കെ. ആര്‍. നാരായണന്റെ ‘ നെഹറുവിന്റെ വീക്ഷണവും ഉള്‍ക്കാഴ്ചയും’ എന്നിവയാണ് ആ രണ്ട് പുസ്തകങ്ങള്‍. കെ. ആര്‍. നാരായണന്‍ പുസ്തകം വായിച്ച് സന്തോഷത്തോടെ അഭിനന്ദന കത്തയച്ചു. ജസ്റ്റീസ് വി.ആര്‍. കൃഷ്ണ അയ്യരുടെ ആത്മകഥ മൊഴിമാറ്റം ചെയ്തതും സദാശിവനാണ്.
വിവര്‍ത്തനങ്ങളിലെ ചതിക്കുഴികള്‍ ചവിട്ടാതെ വളരെ സൂഷ്മതയോടെ മാറി നടന്ന പരിഭാഷകനാണ് സദാശിവന്‍. മൂലകൃതിയുടെ കാലവും ഭാഷയും പശ്ചാത്തലവും വളരെ പഠിച്ച് കഴിഞ്ഞ് മാത്രമെ പരിഭാഷപ്പെടുത്തുകയുള്ളൂ. ഫ്രഞ്ച് അറിയാതെ വിക്ടര്‍ യൂഗോയുടെ ‘നോത്രദാമിലെ കൂനന്‍’ തര്‍ജ്ജമ ചെയ്യുമ്പോള്‍ അക്കാലത്തെ രാഷ്ട്രീയം അറിയണം. ഒരു കഥാപാത്രം പൊട്ടനാണ് എന്ന് നോവലില്‍ പറയുമ്പോള്‍ എങ്കില്‍ പോപ്പാക്കാന്‍ പരമയോഗ്യന്‍ എന്ന് മറ്റൊരാള്‍ പറയുന്നു. അക്കാലത്തെ ‘പേപ്പസി’ക്കെതിരെയുള്ള രൂക്ഷമായ എതിര്‍പ്പ് വിവര്‍ത്തകന്‍ അറിഞ്ഞിരിക്കണം അല്ലെങ്കില്‍ വിവര്‍ത്തനം പാളിപ്പോകും. ഒരു വിവര്‍ത്തകന്റെ വെല്ലുവിളിയാണത്. ഈ അനുഭവം നന്നായിട്ടുള്ളതുകൊണ്ട് ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ പതിനായിരം ടൈറ്റിലുകള്‍ പരിഭാഷപ്പെടുത്താന്‍ എം.പി. സദാശിവനെ തന്നെ ഏല്‍പ്പിച്ചത്.
പരിഭാഷകന് സാമ്പത്തിക നേട്ടവും തുച്ഛമാണ് ഒരൊറ്റ തവണയില്‍ ഒതുങ്ങുന്ന ഒരു തുക കിട്ടും ബാക്കിയെല്ലാം പ്രസാധകന്. ഒരു നല്ല കൃതി പതിനായിരങ്ങള്‍ വായിക്കുന്ന എന്ന മാനസിക സംതൃപ്തി നല്‍കും എന്ന സന്തോഷം മാത്രം വിവര്‍ത്തകന്. വിവര്‍ത്തനത്തിലും പറ്റിക്കല്‍ ഉണ്ട്. ആ തട്ടിപ്പിന് ഒരിക്കല്‍ സദാശിവന്‍ ഇരയായ കഥ ഇങ്ങനെ: ഖുഷ്വന്ത് സിങ്ങിന്റെ ‘ഞാനും എന്റെ സഖിമാരും’ മലയാളത്തില്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് സദാശിവനാണ്. സെക്‌സ്, അശ്ലീലം നിറഞ്ഞു നില്‍ക്കുന്ന നോവല്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. പത്ത് പതിപ്പ് വരെ ഇറങ്ങി. പത്ത് പൈസ പ്രസാധകന്‍ സദാശിവന് കൊടുത്തില്ല. ഒരു കോപ്പി പോലും അയച്ചു കൊടുത്തില്ല. ഒരു പരിഭാഷയും, വ്യാഖ്യാനവും വേണ്ടാത്ത ശുദ്ധ തട്ടിപ്പായിരുന്നു അത്. ഒരു പ്രായമായ വ്യക്തിയെ കബളിപ്പിച്ചു എന്ന സന്തോഷം ആ പ്രസാധകന് ലഭിച്ചിരിക്കാം.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സന്ദേശം, ആകാശവാണിക്കായി കാല്‍നൂറ്റാണ്ടോളം സദാശിവന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് മറ്റൊരു നാഴിക്കല്ലായിരുന്നു. സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് അവാര്‍ഡ് , കേന്ദ്ര സംസ്‌കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, തുടങ്ങിയ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.
ആരും അധികമറിയാത്ത ഒരു കാര്യംകൂടി എം.പി സദാശിവനുണ്ട്. വിവര്‍ത്തനത്തില്‍ സജീവമാകും മുന്‍പ് അദ്ദേഹം യുക്തിവാദികളുടെ മാര്‍പ്പാപ്പയായിരുന്ന എ.ടി. കോവൂരിന്റെ കൂടെ ദിവ്യാനുഭവ അനാവരണപരിപാടികളില്‍ പങ്കെടുത്തിരുന്നു. ദൈവമനുഷ്യര്‍ വെറും ചെപ്പടിവിദ്യക്കാരാണെന്ന് തെളിയിക്കാന്‍ എ. ടി. കോവൂര്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് പരിപാടി നടത്തിയ കാലത്ത് ഈ വേദികളിലൊന്നില്‍ വെച്ച് ജാലവിദ്യയില്‍ സദാശിവന്‍ അരങ്ങേറ്റം നടത്തി. പിന്നിട് പല വേദികളിലും ജാലവിദ്യ അവതരിപ്പിച്ചിരുന്നു. സാഹിത്യ തര്‍ജ്ജമയില്‍ മാത്രമല്ല സദാശിവന്‍ അത്ഭുതം കാണിച്ചത് അനേകം വേദികളിലും കൂടിയാണ് ജാലവിദ്യയില്‍ വിസ്മയം തീര്‍ത്തത് എന്ന് അധികം പേരുമറിയാത്ത ഒരു വസ്തുതയാണ്. പിന്നെ അദ്ദേഹം മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് അമേച്ചര്‍ മജിഷ്യന്‍സ് അസോസിയേഷന്‍ സ്ഥാപിച്ചു. കുറച്ചു നാള്‍ യുക്തിവാദികളുടെ പ്രസിദ്ധീകരണമായ ‘യുക്തി രേഖ’യുടെ എഡിറ്ററായി. എ.ടി. കോവൂരിന്റെ കാലത്തെ ഓര്‍മ്മകള്‍ ഒരു പുസ്തകം എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അത് എഴുതുകയും ചെയ്തു.
‘ഇന്ദ്രജാല സര്‍വ്വസ്വം’ എന്ന പുസ്തകം. അദ്ദേഹത്തിന്റെ നൂറാമത്തെ പുസ്തകമായിരുന്നു അത്.
അനിതാ പ്രതാപിന്റെ വിഖ്യാത ഗ്രന്ഥം ‘ചോര പുരണ്ട ദ്വീപ്’ (Island of Blood) ഡേവിഡ് ഡേവിഡാറിന്റെ ‘നീലം മാങ്ങകളുടെ വീട് (The House of Blue Mangoes: A Novel) എം.പി. സദാശിവന്‍ പരിഭാഷപ്പെടുത്തിയ പ്രശസ്ത കൃതികളുടെ പട്ടിക നീളുകയാണ്.
മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ വിവര്‍ത്തകരുടെ എഡിറ്ററും പ്രസാധകയുമായ ചെന്നെയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ എഡിറ്ററായ മലയാളിയായ മിനി കൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞു. ‘ശരിക്കും ലോകത്തെ സൃഷ്ടിക്കുന്നത് ഭാഷയാണ്. വിവര്‍ത്തനം സംസ്‌കാരങ്ങളെ ഒന്നിപ്പിക്കലാണ്. അതിനാല്‍ ഞാന്‍ വിവര്‍ത്തനത്തെ കാണുന്നത് സാംസ്‌കാരിക പ്രവൃത്തി എന്നതിന് ഉപരിയായ രാഷ്ട്രീയപ്രവൃത്തിയായാണ്, പരിഭാഷകളിലൂടെ സംസ്‌കാരങ്ങളെ ഒന്നിപ്പിച്ച് മലയാളികള്‍ക്ക് പകര്‍ന്ന വിവര്‍ത്തകനായിരുന്നു എം.പി സദാശിവന്‍. നന്ദിയോടെ, ആദരവോടെ മലയാള സാഹിത്യലോകം വരും കാലങ്ങളില്‍ ഓര്‍ക്കേണ്ട ഒരു സര്‍ഗപ്രതിഭ. veteran malayalam writer and translator MP Sadasivan
Content Summary; veteran malayalam writer and translator MP Sadasivan