UPDATES

വീഡിയോ

ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു, പുതുജീവിതത്തിലേയ്ക്ക്: തായ്‌ലന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആശുപത്രിയില്‍ (വീഡിയോ)

ആദ്യ ദിവസം പുറത്തെത്തിച്ച നാല് കുട്ടികള്‍ ഖര ഭക്ഷണം കഴിച്ചുതുടങ്ങിയതായി ഗാര്‍ഡിയന്‍ പറയുന്നു. കുട്ടികള്‍ക്ക് ഗുഹയില്‍ ഇത്തരത്തില്‍ അതിജീവിക്കാന്‍ കഴിഞ്ഞത് കോച്ച് ബ്രദര്‍ ഏകിന്റെ ശ്രദ്ധയോടെയുള്ള പരിചരണവും നിര്‍ദ്ദേശങ്ങളുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

                       

തായ്‌ലന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആശുപത്രി കിടക്കകളില്‍ കിടന്ന് സംസാരിക്കുന്ന വീഡിയോ ശ്രദ്ധേയമാവുകയാണ്. ചിയാങ് റായ്‌സ് പ്രചാനുക്രോ ഹോസ്പിറ്റലിലെ ഐസെലേഷന്‍ വാര്‍ഡില്‍ മാസ്‌കുകള്‍ ഇട്ടാണ് കുട്ടികള്‍ കിടക്കുന്നത്. ഇത്തരത്തിലൊരു വീഡിയോ പുറത്തുവിടാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടായിട്ടല്ലെന്നും, എന്നാല്‍ നിരവധി പേര്‍ കുട്ടികളുടെ ആരോഗ്യനിലയില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഇവര്‍ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുട്ടികളുടെയും കോച്ചിന്റെയും ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്തുവിട്ടത്. മാസ്‌ക് ഉള്‍പ്പെടെ ആശുപത്രി വസ്ത്രങ്ങള്‍ ധരിച്ചിട്ടുള്ള കുട്ടികള്‍ ക്യാമറയെ നോക്കി വിജയം ചിഹ്നം കാണിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

ഇന്‍ഫെക്ഷന്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കളെ പോലും മാറ്റി നിര്‍ത്തി ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയിരിക്കുന്നത്. രണ്ട് കുട്ടികള്‍ക്ക് ചെറിയ തോതില്‍ ശ്വാസകോശ ഇന്‍ഫെക്ഷന്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ആദ്യ ദിവസം പുറത്തെത്തിച്ച നാല് കുട്ടികള്‍ ഖര ഭക്ഷണം കഴിച്ചുതുടങ്ങിയതായി ഗാര്‍ഡിയന്‍ പറയുന്നു. കുട്ടികള്‍ക്ക് ഗുഹയില്‍ ഇത്തരത്തില്‍ അതിജീവിക്കാന്‍ കഴിഞ്ഞത് കോച്ച് ബ്രദര്‍ ഏകിന്റെ ശ്രദ്ധയോടെയുള്ള പരിചരണവും നിര്‍ദ്ദേശങ്ങളുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരോ കുട്ടിക്കും ശരാശരി 2.4 കിലോ ഗ്രാം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യ നിലയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസം പുറത്തെത്തിച്ച കുട്ടികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചതായും അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്കും അവസരം ഒരുങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഗുഹയില്‍ നിന്നും പുറത്തെത്തിക്കുന്ന സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികളെയും പരിശീലകനെയും മയക്കിയാണ് പുറത്തെത്തിച്ചതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ പരിഭ്രാന്തരാവാതിരിക്കാനായിരുന്നു നടപടിയെന്ന് അധികൃതര്‍ പ്രതികരിച്ചു. തായ്‌ലന്റ് നാവികസേന പുറത്തുവിട്ട് രക്ഷാ പ്രവര്‍ത്തനത്തിന്റെ പുര്‍ണ വീഡീയോയില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ഗുഹയിലെ ഇരുണ്ട പാതകളില്‍ ഇവര്‍ ഭയപ്പെടാതിരിക്കാന്‍ കുട്ടികളെ മയക്കുകയായിരുന്നെന്ന് തായ് നേവി സീല്‍ അംഗം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാ പ്രവര്‍ത്തനത്തിനിടെ കുട്ടികളില്‍ ചില കുട്ടികള്‍ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകള്‍ അസാധാരണമാംവിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു ഒരോ നീക്കമെന്നും രക്ഷാ പ്രവര്‍ത്തകനെ ഉദ്ധരിച്ച് എഎഫ്പി പറയുന്നു. നാലു കിലോ മീറ്ററോളം നീളമുള്ള ഗുഹയയുടെ നിശ്ചിത ഇടവേളകളില്‍ ഡോക്ടര്‍മാരുടെ സേവനം അടക്കം ഉറപ്പാക്കി കരുതലോടെയായിരുന്നു ഒരോ നീക്കങ്ങളും.

മുന്നു ദിവസം നീണ്ടു നിന്ന പുറത്തെത്തിക്കല്‍ ദൗത്യത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് കോച്ചടക്കം മുഴുവന്‍ കുട്ടികളേയും പുറത്തെത്തിക്കാനായത്. രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നതിന് മുന്‍പ് ഗുഹയിലെ ചുവരില്‍ നിന്നുള്ള വെള്ളവും മറ്റും കുടിച്ചാണ് 12 പേരും ജീവന്‍ നില നിര്‍ത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും കുടുങ്ങിപ്പോയ, മ്യാന്‍മര്‍ അതിര്‍ത്തിയിലെ താം ലുവാങ് ഗുഹയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരമാണ് ആശുപത്രിയിലേയ്ക്കുള്ളത്. ജൂണ്‍ 23നാണ് ഫുട്‌ബോള്‍ കോച്ചിനൊപ്പം 12 കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയത്. അന്ന് മുതല്‍ ചൊവ്വാഴ്ച മുഴുവന്‍ കുട്ടികളേയും കോച്ചിനേയും സുരക്ഷിതരായി ഗുഹയ്ക്ക് പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വരെ ലോകത്തിന്റെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായി മാറിയിരുന്നു ഇത്.

EXPLAINER: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങള്‍; തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികൾ ഇപ്പോള്‍ എന്തുചെയ്യുന്നു?

മനുഷ്യന്‍ – അത്ര മോശമല്ലാത്തൊരു വാക്ക്: തായ്‌ലാന്റ് ഗുഹയില്‍ നിന്ന് അവസാനം പുറത്തെത്തിയ ബ്രദര്‍ ഏക്കിനെക്കുറിച്ച്

Share on

മറ്റുവാര്‍ത്തകള്‍