June 09, 2026 |
Share on

എല്ലായിടത്തും അസഹിഷ്ണുത മാത്രം, ഇന്ത്യ ജനാധിപത്യ രാജ്യമാണ്; കമലിന് പിന്തുണയുമായി വിനയ് ഫോര്‍ട്ടും

തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനോട് യോജിപ്പില്ല

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയുള്ള സംവിധായകന്‍ കമലിനെ പിന്തുണച്ച് നടന്‍ വിനയ് ഫോര്‍ട്ടും രംഗത്ത്. കമലിനെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഏറെ ദുഃഖകരമാണ്.

തന്റെ ജാതി താന്‍ തന്നെ പലപ്പോഴും മറന്നുപോകാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മതത്തിന്റെയും കലയുടെയുമെല്ലാം അടിസ്ഥാന തത്വം നല്ല മനുഷ്യനെ സൃഷ്ടിക്കുക എന്നതാണ്. കമല്‍ രാജ്യം വിടണമെന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ ഒറ്റയാള്‍ തെരുവ് നാടകം സംഘടിപ്പിച്ചതിന് പിന്നാലെയാണ് വിനയ് ഫോര്‍ട്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടെ എല്ലായിടത്തും അസഹിഷ്ണുത മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഒരു ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ അത്ര ആയുസേയുള്ളൂവെന്നും വിനയ് ഓര്‍മ്മിപ്പിച്ചു.

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായ ചെഗുവേരയുടെ ചിത്രം വയ്ക്കരുതെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വിനയ് ചോദിച്ചു. നമ്മുടെ സിനിമയെയും സാഹിത്യത്തെയും കുറിച്ച് അഭിമാനമുണ്ടായിരുന്നു. ദേശീയഗാനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാല്‍ സിനിമയ്ക്ക് മുമ്പ് നിര്‍ബന്ധപൂര്‍വം ദേശീയഗാനം കേള്‍പ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×