വിനേഷ് ഫോഗട്ടിന്റെ മലയാളി പരിശീലക ജാസ്മിന്‍ സംസാരിക്കുന്നു
ക്യാമ്പിലെ മറ്റ് കുട്ടികൾ ഉറങ്ങുമ്പോഴും വിനേഷ് പരിശീലനത്തിലായിരിക്കും. എസിയുടെ തണുപ്പിലും വിനേഷിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊഴിഞ്ഞു കൊണ്ടിരുന്നു. പ്രതിസന്ധികളുടെ കനൽ ചൂടിൽ വെന്തുരുകുമ്പോഴും വിനേഷ് തളർന്നിട്ടില്ല ഒടുവിൽ മനസ് കല്ലാക്കിയാകണം സ്വയം ഗോദ വിടുന്നുവെന്ന തീരുമാനത്തിലേക്ക് എത്തിയത്. unbreakable spirit of vinesh phogat
‘ 15-ാം വയസിൽ ആദ്യമായി കാണുമ്പോൾ ഹരിയാന ക്യാമ്പിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു വിനേഷ്. പക്ഷെ അന്ന് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയതും അവൾ തന്നെയായിരുന്നു. മറ്റു കുട്ടികൾ പരിശീലനം കഴിഞ്ഞ് ഇടവേള എടുക്കുമ്പോഴും ഉറങ്ങുമ്പോഴും വിനേഷ് പരിശീലനത്തിൽ ആയിരിക്കും. അന്നത്തെ 15 വയസുകാരിയുടെ ആവേശവും ഇച്ഛാശക്തിയും ഏത് പ്രതിസന്ധികളെയും നേരിടാൻ പാകത്തിലുള്ളതായിരുന്നു,’ എന്ന് പറയുകയാണ് പരിശീലകയായിരുന്ന ജാസ്മിൻ ജോർജ്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഗുസ്തി പരിശീലകയായ ജാസ്മിൻ സബ് ജൂനിയർ, ജൂനിയർ, സീനിയർ കാലഘട്ടത്തിലാണ് വിനേഷിനെ പരിശീലിപ്പിച്ചിരുന്നത്.
വിനേഷിന്റെ ഗുസ്തിയിലെ ഓരോ വളർച്ചയും നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ. ഒരിക്കൽ അവൾ എന്നോട് പറഞ്ഞത്, ജനിച്ച ശേഷം വിനേഷിന്റെ അമ്മ അവളെ കിടത്തിയത് റെസ്‌ലിങ് മാറ്റിലാണ് എന്നാണ്. അത്ര ചെറുതിലേ മുതൽ അമ്മ പകർന്ന നൽകിയ ആവേശം ആകണം അവളെ ഗുസ്തിയുടെ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ പ്രേരിപ്പിച്ചത്. ഗുസ്‌തിയോടും മത്സരങ്ങളോടും വല്ലാത്ത അഭിനിവേശമായിരുന്നു വിനേഷിൽ. ഓരോ ഗുസ്തി താരവും ജീവിതത്തിലെ പലതും ത്യജിച്ചാണ് മത്സരത്തിന് ഇറങ്ങുന്നത്, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മനസ് മടുത്ത് പോകുന്നതും അത് കൊണ്ടാണ്. സംഭവം അറിഞ്ഞപ്പോൾ എന്തിനാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് എന്ന് ഞാൻ തന്നെ ചിന്തിച്ച് പോയി. ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന വിനേഷിനെ പോലുള്ളവരുടെ മാനസികാവസ്ഥ എത്രമാത്രം ക്ലേശകരമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
വിനേഷിലെ അർപ്പണ മനോഭാവം ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്. എത്ര ക്ഷീണം ഉണ്ടെങ്കിലും ഒരിക്കൽ പോലും അവൾ പരിശീലനം മുടക്കിയിട്ടില്ല. കുട്ടികൾ 100 പുഷ് അപ്പ് എടുക്കുമ്പോഴേയ്ക്കും തളരും, പക്ഷേ വിനേഷ് ഒരു സ്ട്രെച്ചിൽ 300 പുഷ് അപ്പ് വരെ എടുക്കും. മായം ചേർക്കാത്ത പരിശീലനം എന്ന് മാത്രമേ വിനേഷിനെ കുറിച്ച് പറയാൻ സാധിക്കു. കാരണം മറ്റ് കുട്ടികൾ ഉറങ്ങുമ്പോൾ പലപ്പോഴും അവൾ പരിശീലനത്തിലായിരിക്കും. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് ശേഷമേ വിരമിക്കൽ ഉണ്ടാകു എന്നാണ് പറഞ്ഞിരുന്നത്, പക്ഷെ നിരാശയുടെ വക്കിൽ എത്തിയത് കൊണ്ടായിരിക്കണം ഇത്തരം ഒരു തീരുമാനത്തിലേക്ക് വിനേഷ് നീങ്ങിയത്. സത്യസന്ധമായ വ്യക്തിത്വത്തിന് ഉടമയാണ് വിനേഷ്. മത്സരത്തിനിടയിൽ കാലിൽ ഒരു ഹോൾഡ് വന്നു കഴിഞ്ഞാൽ ആ ഗ്രിപ്പിൽ നിന്ന് എതിരാളിക്ക് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. അവളുടെ പരിശീലനത്തിലെ ആത്മാർഥത കണ്ട് പലപ്പോഴും ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്, തലേദിവസം കഠിനമായ പരിശീലനം ആണെങ്കിലും പിറ്റേ ദിവസം വീണ്ടും അതേ പരിശീലനം ചെയ്യാൻ വിനേഷ് മടിക്കാറില്ല.
പ്രതിസന്ധികളിൽ തളരാതെ
പരിശീലന കാലയളവിൽ പല പ്രശ്നങ്ങളും നേരിടുമ്പോൾ ഞാൻ അന്നും വിനേഷിനോട് പറയുമായിരുന്നു ഒരു കാലത്ത് ലോകം അറിയുന്ന താരമായി മാറുമെന്ന്. അന്ന് പക്ഷെ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു അങ്ങനെ പറഞ്ഞത്. എന്നാൽ അവൾ സ്വയം പ്രതിസന്ധികളെ അതിജീവിച്ച് അതിലേക്ക് നടന്നു കയറി. ഞങ്ങൾ തമ്മിൽ ഒരു പരിശീലക വിദ്യാർത്ഥി എന്ന ബന്ധമായിരുന്നില്ല, അതിൽ കവിഞ്ഞുള്ള ഒരു ആത്മ ബന്ധമുണ്ട്. 15-ാം വയസിൽ ആരംഭിച്ച ബന്ധം ഇന്നും അത് പോലെ തുടരുന്നതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്.
ബ്രിജ്ജ് ഭൂഷണുമായുള്ള പ്രശ്നം വന്നപ്പോൾ ഞാൻ വിനേഷിനോട് സംസാരിച്ചിരുന്നു. വഴക്ക് പറയാൻ വിളിച്ചതാണെന്നാണ് ആദ്യം അവൾ കരുതിയത്, കൂടുതൽ സംസാരിക്കാൻ സാധിച്ചില്ലെങ്കിലും, പറയുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങൾ ആണെന്ന് മാത്രമാണ് വിനേഷ് പറഞ്ഞത്. ഈ പ്രശ്‌നങ്ങൾക്കിടയിലും ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് പാരീസ് ഒളിമ്പിക്സിനുവേണ്ടിയുള്ള പരിശീലനം പൂർത്തിയാക്കിയത്. അതുകൊണ്ടു തന്നെ ദീർഘകാലം പരിശീലനം നേടാൻ അവൾക്ക് സാധിച്ചിട്ടില്ല. ലൈംഗിക അതിക്രമ കേസും തുടർന്നുണ്ടായ പോലീസ് അന്വേഷണം പോലുള്ള സംഭവ വികാസങ്ങളും വിനേഷിനെയും മറ്റു താരങ്ങളെയും മാനസികമായി നന്നായി ബാധിച്ചിട്ടുണ്ട്.
ഒളിമ്പിക്സിലെ ഭാര പരിശോധന
ഒളിമ്പിക്സിൽ പൊതുവെ രണ്ട് തവണ ഭാര പരിശോധന നടത്തണം എന്നാണ്. മത്സരം നടക്കുന്നതിന് അര മണിക്കൂർ മുൻപാണ് കായിക താരങ്ങളുടെ ഭാരം പരിശോധിക്കുക. ഏതു വിഭാഗത്തിലാണോ മത്സരിക്കുന്നത് അതിനു വേണ്ട കൃത്യമായ ഭാരം ആയിരിക്കണം താരങ്ങൾക്ക് എന്നാണ് നിയമം. സെമി ഫൈനൽ കഴിഞ്ഞ് അടുത്ത ദിവസമാണ് മത്സരം എങ്കിൽ പോലും വീണ്ടും ഇതേ പരിശോധനകൾ നടത്തും. ശരീര ഭാരം കുറയ്ക്കുന്നത് ഒറ്റയടിക്ക് സാധിക്കുന്ന കാര്യമല്ല. മൂന്ന് കിലോ ഒരു മാസം കൊണ്ടാണ് കുറയ്ക്കുന്നതെങ്കിൽ അതത്രകാര്യമായി ഒരു വ്യക്തിയുടെ ശരീരത്തെ ബാധിക്കില്ല. പക്ഷെ, ഒരു കിലോ മത്സരത്തിന്റെ തലേ ദിവസം കുറയ്ക്കുക സാധ്യമാണെങ്കിലും ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ വിനേഷിൻെറയും പരിശീലകരുടെയും പദ്ധതികളിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് ഇത് വരെയും മനസിലായിട്ടില്ല. എന്ത് തന്നെ ആയാലും ഈ വിധി വിനേഷിനെ പോലൊരാൾക്ക് വരേണ്ടത് ആയിരുന്നില്ല.
ഭാരത്തിന്റെ പ്രശ്നം മൂലം ഒരു സമാന അനുഭവം ഉണ്ടായതായും ജാസ്മിൻ പറഞ്ഞു.
സമാന അവസ്ഥ ഞാൻ പരിശീലിപ്പിച്ചിരുന്ന ഒരു കുട്ടിയ്ക്കും ഉണ്ടായിട്ടുണ്ട് 2008 ൽ ആണ് സംഭവം. സബ് ജൂനിയർ നാഷണൽസിന് വേണ്ടി കേരളത്തിൽ ട്രയൽ നടക്കുമ്പോഴായിരുന്നു പ്രശ്നത്തിലായത്. ഭാര പരിശോധന നടത്തിയപ്പോൾ മത്സരാർത്ഥിക്ക് 100 ഗ്രാം അധികം കാണിച്ചിരുന്നു, ആ കുട്ടിക്ക് അന്ന് 14 വയസേ ഉണ്ടായിരുന്നുള്ളു. ഒടുവിൽ തലമുടി മുറിച്ചാണ് പ്രശ്നം പരിഹരിച്ചത്. കത്രിക പോലും ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് മുടി വെട്ടിയത്. വെങ്കലവും കൊണ്ടാണ് ഞങ്ങൾ അന്നാ വേദി വിട്ടത്. 1998 ലാണ് ഞാൻ ആദ്യമായി ഗുസ്തിയിലേക്ക് വരുന്നത്, 1999 മണിപ്പൂർ നാഷണൽ ഗെയിംസിൽ വെള്ളിമെഡലും, നാസിക്കിൽ നടന്ന ജൂനിയർ നാഷണലിൽ വെങ്കലവും ഞാൻ നേടി. ഒപ്പം രാജസ്ഥാനത്തിൽ സീനിയർ നാഷണലിൽ വെങ്കലവും പഞ്ചാബ് നാഷണലിൽ വെങ്കലും നേടാൻ സാധിച്ചു. 2002 ൽ സീനിയർ നാഷണലിൽ സ്വർണമെഡലും നേടി. എനിക്ക് ശേഷം പിന്നീട് കേരളത്തിലേക്ക് മെഡൽ വന്നത് അന്നായിരുന്നു.
content summary; Vinesh Phogat’s former coach Jasmine George speaks about her