ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ ചൊൽപ്പടിയിൽ : വി. എസ് സുനിൽ കുമാർ

തൃശൂരിലെ ക്രമക്കേട് കണ്ടിട്ടും മൗനം, ഇലക്ഷൻ കമ്മീഷന്റെ തിരഞ്ഞെടുപ്പ് തന്നെ ജനാധിപത്യ വിരുദ്ധം

തൃശൂരിൽ വ്യാജ വോട്ടുചേർക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരട്ടത്താപ്പ് നയവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ചേർക്കലിൽ പ്രതികരിച്ച സിപിഐ സ്ഥാനാർത്ഥി വി. എസ് സുനിൽകുമാറിനെതിരെയും പരാതി നൽകിയ മുൻ എംപി ടി. എൻ പ്രതാപനും നോട്ടീസ് അയച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്മൂലമടക്കം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, വോട്ടുചേർക്കലിനെ ന്യായീകരിച്ച ബിജെപി നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇലക്ഷൻ കമ്മീഷന്റെ തിരഞ്ഞെടുപ്പ് തന്നെ ജനാധിപത്യ വിരുദ്ധമായി മാറിക്കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരായി മാറിക്കഴിഞ്ഞുവെന്നും വി. എസ് സുനിൽകുമാർ അഴിമുഖത്തോട് പറഞ്ഞു. തൃശൂരിലേത് കൃത്രിമത്വം നടന്ന വോട്ടെടുപ്പ് ആയിരുന്നുവെന്നും വി. എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.

‘ഇലക്ഷൻ കമ്മീഷൻ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുക എന്ന കാര്യം കൂടി ചിന്തിച്ചാൽ മാത്രമാണ് ഇതിലെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കുക. 2023 വരെ സ്വതന്ത്രമായ രീതിയിലാണ് ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർ ഉൾപ്പെട്ടിരുന്നതായിരുന്നു 2023 വരെ സെലക്ഷൻ കമ്മിറ്റി. ഇതിൽ ഭരണപക്ഷത്തല്ലാത്തവരാണ് ഭൂരിപക്ഷം. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി വിചാരിച്ചാൽ പോലും മറ്റ് രണ്ട് പേർ എതിർത്താൽ ഇലക്ഷൻ കമ്മീഷണറെ ശുപാർശ ചെയ്യാൻ കഴിയില്ല. അതിൽ ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു. എന്നാൽ, 2023ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് മാറ്റുകയും പകരം കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് ചുമത നൽകുകയും ചെയ്തു. ഇലക്ഷൻ കമ്മീഷന്റെ തിരഞ്ഞെടുപ്പ് തന്നെ ജനാധിപത്യ വിരുദ്ധമായി മാറിക്കഴിഞ്ഞു. രാഷ്ട്രീയപരമായ നിയമനമായി ഇലക്ഷൻ കമ്മീഷൻ മാറി.

ഇലക്ഷൻ കമ്മീഷൻ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ഓരോ ഇടപെടലുകളും നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ഇലക്ഷൻ കമ്മീഷനെതിരെ ഉയർത്തിയത് ആരോപണങ്ങളല്ല, വസ്തുകകളാണ്. ഇത്തരത്തിലുള്ള വസ്തുതകൾ ചൂണ്ടിക്കാണിച്ചാൽ, പരാതിപ്പെടുന്നവർക്ക് നോട്ടീസ് അയക്കുകയും ചൂണ്ടിക്കാണിച്ച വസ്തുതകളിൽ തെറ്റുകളുണ്ടെങ്കിൽ ശിക്ഷ ലഭിക്കുമെന്നും സത്യവാങ്മൂലം നൽകിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നുമാണ് പറയുന്നത്.

ഭരണപക്ഷത്തുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കു എന്നതാണല്ലോ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം? അത് പ്രതിപക്ഷം നിർവ്വഹിക്കുമ്പോൾ നിയമപരമായ കാര്യങ്ങൾ മനസിലാക്കി മറുപടി പറയുന്നതിന് പകരം, രാഷ്ട്രീയപരമായ മറുപടിയാണ് ഇലക്ഷൻ കമ്മീഷൻ നൽകിയിരിക്കുന്നത്. കാരണം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ നിയമനമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ നിഴലായി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിണമിച്ചു കഴിഞ്ഞു.

ആർക്കും എവിടെയും വോട്ട് ചെയ്യാനുള്ള സംവിധാനം ബിജെപി നൽകുമെന്നും അതിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു കേന്ദ്ര മന്ത്രി പറഞ്ഞ കാര്യമുണ്ട്, വോട്ടുചേർക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ വൈകിട്ട് പത്രസമ്മേളനം നടത്തുമെന്നായിരുന്നു അത്. അതിൽ ജനങ്ങൾക്ക് വേണ്ട മറുപടി ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഇലക്ഷൻ കമ്മീഷൻ എന്ത് മറുപടിയാണ് നൽകാൻ പോകുന്നതെന്ന് കേന്ദ്ര സർക്കാരിന് മുൻകൂട്ടി അറിയാമെന്നല്ലേ അതിനർത്ഥം. മന്ത്രിയുടെ കീഴിലാണോ ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നത്? തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണ് ഇലക്ഷൻ കമ്മീഷനെന്ന് കേന്ദ്ര മന്ത്രി പറയാതെ പറഞ്ഞിരിക്കുകയാണ്.

രാഹുൽ ​ഗാന്ധി പറയുന്നത് രാജ്യദ്രോഹമാണന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എല്ലാ തെളിവുകളും നിരത്തിയാണ് രാഹുൽ ​ഗാന്ധി ഇലക്ഷൻ കമ്മീഷനെതിരെ ചോദ്യമുന്നയിച്ചത്. എന്നാൽ, മുൻ കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞത് വസ്തുതാവിരുദ്ധവുമാണ്. ഇലക്ഷൻ കമ്മീഷനെ അപമാനപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ബിജെപിയാണ്. ഇലക്ഷൻ കമ്മീഷൻ നിഷ്പക്ഷമല്ല, ഞങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുന്നവരാണെന്ന് ആവർത്തിച്ച് പറയുന്നത് ബിജെപിയാണ്.

സത്യം തുറന്നുപറയുന്നവർക്കെതിരേ നോട്ടീസ് അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും കുറ്റാരോപണം നടത്തുകയും ചെയ്യുന്ന സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്.

ഒരു മണ്ഡലത്തിലെ ജനപ്രതിനിധിയെ നാമനിർദേശം ചെയ്യുന്നതിനും വോട്ട് ചെയ്ത് തിരഞ്ഞെടുക്കാനുള്ള അധികാരവും അവിടത്തെ ജനങ്ങളുടേതാണ്. തൃശൂർ മണ്ഡലത്തിലെ യഥാർത്ഥ വോട്ടർമാരാണ് എംപി ആരാവണമെന്ന് തീരുമാനിക്കുന്നത്. തൃശൂർ മണ്ഡലത്തിലില്ലാത്തവരെ സംഘടിതമായി തൃശൂരിൽ കൊണ്ട് വന്ന് വോട്ടർമാരാക്കി മാറ്റി വോട്ട് ചെയ്യിപ്പിച്ചതാണ് ഇവിടെ നടന്നിരിക്കുന്ന കൃത്രിമത്വം. അതിന് ഇലക്ഷൻ കമ്മീഷന്റെ ഒത്താശയുമുണ്ടായിരുന്നു. ഒരു മണ്ഡലത്തിലേതല്ലാത്ത വോട്ടർമാർ അവിടെയെത്തി വേട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ തൃശൂരിലേത് ജനാധിപത്യപരമായ വോട്ടെടുപ്പ് ആണെന്ന് പറയാൻ കഴിയില്ല’, വി. എസ് സുനിൽകുമാർ അഴിമുഖത്തോട് പറഞ്ഞു.

രാഹുൽ ​ഗാന്ധി ഉന്നയിച്ച വോട്ട് ചേർക്കൽ വിവാദം ചർച്ചയായതോടെ പ്രതിപക്ഷത്തെയും എൽഡിഎഫിനെയും ജനങ്ങഴെയുമുൾപ്പെടെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. തുടർന്ന് സൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി വോട്ടിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും ഉയർന്നു. തൃശൂരിൽ വിജയിക്കാനായി സുരേഷ് ​ഗോപിയും കുടുംബവും തൃശൂരിൽ 11 വോട്ടുകൾ ചേർത്തന്നായിരുന്നു ആരോപണം.

Content Summary: vote theft in trissur; Election Commission works for BJP: VS Sunil Kumar

This post was last modified on August 18, 2025 5:17 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment