കണ്ണേ, കരളേ വീയെസ്സേ…
ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ…
ആ മുഴക്കത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മുങ്ങിപ്പോവുകയാണ്. ഏതോ തിരഞ്ഞെടുപ്പ് യോഗം, അതോ പാര്‍ട്ടി പരിപാടിയോ! ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിലേക്ക് ഇപ്പോള്‍ വിഎസ് ഇറങ്ങി വരുമോ?
‘അങ്ങനെയാഗ്രഹിക്കാനായിരുന്നു എനിക്കിഷ്ടം. വി എസ് നിശ്ചലനായി കിടക്കുന്നത് സഹിക്കുന്നില്ല’
വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയപ്പോഴും കൂടെയുണ്ടായിരുന്ന സഹായികളില്‍ ഒരാളാണ് വയലാര്‍ സ്വദേശി ശ്രീജിത്ത്. വിഎസ് വിട പറഞ്ഞുവെന്നറിഞ്ഞപ്പോള്‍ ശ്രീജിത്ത് തിരുവനന്തപുരത്തേക്ക് തിരിച്ചതാണ്, തിങ്കളാഴ്ച്ച രാത്രി മുതല്‍ വിഎസ്സിനൊപ്പമുണ്ട്. ഇനി വലിയ ചുടുകാട്ടില്‍ എരിഞ്ഞടങ്ങുവരെ ഒപ്പമുണ്ടാകുമെന്നാണ് ശ്രീജിത്ത് പറയുന്നത്.
വിഎസ്സിനൊപ്പം ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം, ഡല്‍ഹിയിലും ഹൈദരാബാദിലുമെല്ലാം. ഇത് അവസാന യാത്രയാണ്, ഇനിയങ്ങനെ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍…’
2001 ല്‍ വിഎസ് പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്താണ് അദ്ദേഹത്തിനൊപ്പം ശ്രീജിത്ത് ചേരുന്നത്. ഒരു സഹായിയായി. ഇടവേളകള്‍ വന്നെങ്കിലും വിഎസ് രോഗശയ്യയിലാകുംവരെ ഒപ്പമുണ്ടായിരുന്നു.
വിഎസിനൊപ്പം ശ്രീജിത്ത്
ഞങ്ങള്‍ക്ക് അദ്ദേഹം ഒരു വീട്ടു കാരണവരായിരുന്നു, അതേ സമയം തന്നെ ഞങ്ങളെക്കാള്‍ ചെറുപ്പമുള്ള ചെറുപ്പക്കാരനും, ശ്രീജിത്ത് ഓര്‍ത്തെടുക്കുകയാണ് ഒപ്പമുണ്ടായിരുന്ന കാലത്തെ അനുഭവങ്ങള്‍.
‘ആരൊക്കെയോ ചാര്‍ത്തികൊടുത്ത കടുംപിടുത്തക്കാരനും കര്‍ക്കശക്കാരനുമായ മനുഷ്യനായിരുന്നില്ല അടുത്ത് നിന്ന് കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് അദ്ദേഹം. നാട്ടില്‍ പോയി വരുമ്പോള്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിയും. പാട്ടു കേള്‍ക്കുന്ന, സിനിമ കാണുന്ന, കുട്ടികളെ ഇഷ്ടമുള്ള, അവര്‍ക്കൊപ്പം സമയം ചെലവിടാനും, അവര്‍ക്ക് പാട്ടു പാടിക്കൊടുക്കാനും സന്തോഷമുള്ള ഒരു അപ്പൂപ്പന്‍, സ്‌നേഹമുള്ളൊരു കാരണവര്‍.
അദ്ദേഹത്തിന് ചിട്ടകളുണ്ട്. കൂടെയുള്ളവരും അങ്ങനെയാവണം എന്ന നിര്‍ബന്ധമൊന്നുമില്ല. വിഎസ് വലയ്ക്കുന്നത് അദ്ദേഹത്തിന്റെ എനര്‍ജി കൊണ്ടാണ്. കൊച്ചുമക്കളാകാന്‍ പ്രായമുള്ളവര്‍ക്ക് പോലും വിഎസ്സിനൊപ്പം ഓടിയെത്താന്‍ പാടാണ്.
മൂന്നാറില്‍ പോയാല്‍, അവിടെ നിന്നും നേരെ തിരുവനന്തപുരത്തേക്ക്. വഴിയില്‍ നിര്‍ത്തലും വിശ്രമമൊന്നുമില്ല. അത്രസഹിക്കാന്‍ പറ്റാത്ത അത്യാവശ്യം വരുമ്പോള്‍ ഞങ്ങള്‍ പറയും, അപ്പോള്‍ മാത്രമാണ് വണ്ടി നിര്‍ത്തുന്നത്. അദ്ദേഹത്തിന് വിശ്രമത്തിന്റെ ആവശ്യമൊന്നുമില്ല’.
ദേവരാജന്‍ മാഷിന്റെ പാട്ടും കേട്ട് അംബാസഡറില്‍ വിഎസ്…
ജനങ്ങള്‍ കഴിഞ്ഞാല്‍ വിഎസിന്റെ ശീലങ്ങളായിരുന്നു അദ്ദേഹത്തെ കരുത്തനാക്കിയിരുന്നത് എന്നാണ് ശ്രീജിത്ത് പറയുന്നത്.
രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കും. എഴുന്നേറ്റ് കഴിഞ്ഞ് ആദ്യം ഒരു ഗ്ലാസ് കരിക്കന്‍ വെള്ളം കുടിക്കും. പിന്നെ, ഒരു മണിക്കൂര്‍ നടത്തം. തിരുവനന്തപുരത്തെ വീട്ടില്‍ ആണെങ്കില്‍ സ്റ്റേഡിയത്തില്‍ പോകും, ഗസ്റ്റ് ഹൗസിലോ മറ്റോ ആണ് തങ്ങുന്നതെങ്കില്‍ അവിടെ. എവിടെയാണെങ്കിലും നടത്തം മുടക്കില്ല.
നടത്തം കഴിഞ്ഞു വന്നാല്‍ പത്രങ്ങള്‍ നോക്കും. ഇഗ്ലീഷ് പത്രങ്ങളും മലയാളം പത്രങ്ങളും. വിശദമായ വായന പിന്നീടാണ്. പത്ര വായനയ്ക്കിടയില്‍ ജ്യൂസ് കുടിക്കും. ബിറ്റ്‌റൂട്ട്, ചീര. കാരറ്റ്, വെള്ളരിക്ക ഇതൊക്കെ ചേര്‍ത്ത് സൂപ്പ് പോലെ…
പല്ല് തേക്കാന്‍ മാവില വേണം, പഴുത്ത മാവില. നാക്ക് വടിക്കാന്‍ പച്ച ഈര്‍ക്കിലും. എവിടെയാണെങ്കിലും അതാണ് പതിവ്. ഗസ്റ്റ് ഹൗസുകളിലൊക്കെ തങ്ങുമ്പോള്‍ മാവിലയും ഈര്‍ക്കിലും സംഘടിപ്പിച്ച് വയ്‌ക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.
ശേഷം എണ്ണ തേച്ച് കുളി. തലയില്‍ കാച്ചിയ എണ്ണയും, ശരീരത്ത് പച്ചവെളിച്ചണ്ണയും. എണ്ണ നന്നായി തേച്ച് പിടിപ്പിക്കും.
ഇളം ചൂടുവെള്ളത്തിലാണ് കുളി. തലയില്‍ മാത്രം പച്ചവെള്ളമൊഴിക്കും. സോപ്പ് ഉപയോഗിക്കില്ല. പയറ് പൊടിയാണ് പഥ്യം.
കുളി കഴിഞ്ഞ് വന്നാല്‍ അരമണിക്കൂര്‍ യോഗ. ഡോക്ടര്‍മാര്‍ വിലക്കുന്നത് വരെ ശീര്‍ഷാസനം പതിവായിരുന്നു.
യോഗ കഴിഞ്ഞാല്‍ ഭക്ഷണം. രണ്ട്, കൂടിവന്നാല്‍ മൂന്ന് ഇഡലി. ഒരു പഴം, ഒരു ഗ്ലാസ് വെള്ളം; അതാണ് പ്രാതല്‍.
ഈ സമയത്തൊക്കെ കൈലി മുണ്ടായിരിക്കും വേഷം. ഭക്ഷണം കഴിഞ്ഞ് ഓഫിസിലേക്ക്. ആ സമയത്ത് ടീ ഷര്‍ട്ട് ധരിക്കും. ഓഫിസില്‍ ഇരുന്നാണ് വിശദമായ പത്രവായന.
പത്രങ്ങള്‍ നോക്കി കഴിഞ്ഞ് സന്ദര്‍ശകരെയും പരാതിക്കാരെയുമെല്ലാം കാണും.
11 മണിക്ക് ജ്യൂസോ, കരിക്കിന്‍ വെള്ളമോ.
വീണ്ടും തിരക്കുകളിലേക്ക്…
ഉച്ചയ്ക്ക് ഞവരയരിയുടെ ചോറാണ്. രണ്ട് പിടി. പച്ചക്കറിയാണ് ഇഷ്ടം. ഇറച്ചി കഴിക്കില്ല. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മീന്‍ കഴിക്കാന്‍ തുടങ്ങിയത്. മത്തിയോ ചെറിയ മീനുകളോ മതി. അവിയല്‍ ഇഷ്ടമാണ്. ചീര, മുരിങ്ങക്ക, വെണ്ടക്ക ഇതൊക്കെ കൂട്ടാനുണ്ടായിരിക്കണം.
മാമ്പഴ പുളിശ്ശേരി വിഎസ്സിന്റെ വീക്ക്‌നെസ്സ് ആയിരുന്നു. പഴുത്ത മാങ്ങ തൊലികളഞ്ഞ് ഇട്ട് വയ്ക്കുന്ന പുളിശ്ശേരി. വിഎസിന്റെ ഇഷ്ടം അറിയാവുന്നവര്‍ പുളിശ്ശേരി ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കാറുണ്ട്.
മധുരം അധികം കഴിക്കില്ലെങ്കിലും ഇഷ്ടമാണ്. പായസം ഉണ്ടെങ്കില്‍ സന്തോഷം. പക്ഷേ ഒരു ഗ്ലാസില്‍ നിര്‍ത്തും.
ഊണ് കഴിഞ്ഞാല്‍ മയക്കം. മൂന്നുമണിയോടെ ഉണരും. ഓഫിസില്‍ പോകും.
വെയിലാറുന്നത് നോക്കി നടക്കാന്‍ ഇറങ്ങും. ഒരു മണിക്കര്‍ നീളും. നടത്തം കഴിഞ്ഞു വന്നാല്‍ ചെറുതായി വിശ്രമം. ശേഷം മേല്‍കഴുകല്‍.
അത്താഴം, നാല് കഷ്ണം പപ്പായ, രണ്ട് രസകദളിയോ ഞാലപ്പൂവനോ, ഒരു ഗ്ലാസ് വെള്ളം.
പരിപാടികളൊന്നും ഇല്ലാത്തപ്പോള്‍ വിഎസിന്റെ ഒരു ദിവസം ഇങ്ങനെയാണ്. തിരക്ക് വരുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ചെറിയ മാറ്റങ്ങള്‍ ഉണ്ടാകും. എന്നാലും ഭക്ഷണ കാര്യത്തിലും വ്യായാമത്തിലൊന്നും വിട്ടുവീഴ്ച്ചയില്ല.
വിഎസിന്റെ ശീലങ്ങള്‍ നമ്മളെ ഞെട്ടിക്കുന്നതാണെന്ന് ശ്രീജിത്ത് പറയുന്നു. വിഎസിന് ഒരിക്കലും ക്ഷീണമില്ല. ഇങ്ങനെയൊക്കെ മനുഷ്യന് പറ്റുമോ എന്ന് ചിന്തിക്കുന്നത് അദ്ദേഹത്തിനെക്കാള്‍ എത്രയോ പ്രായം കുറഞ്ഞവരാണ്.
സ്വന്തം ചിട്ടകള്‍ക്കപ്പുറം വിഎസിന്റെ ശക്തി ജനങ്ങളായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ മനുഷ്യരെ കണ്ടപ്പോള്‍ വിഎസിനൊപ്പം പോയിട്ടുള്ള ഓരോരോ വേദികളാണ് മനസിലോടിയെത്തിയതെന്ന് ശ്രീജിത്ത് പറയുന്നു. സഖാവിനൊപ്പമുള്ള യാത്രകള്‍ ഒരിക്കലും മറക്കാനാവില്ല. ജനങ്ങള്‍ക്ക് എന്തായിരുന്നു വിഎസ് എന്ന് നേരിട്ട് മനസിലാക്കുന്ന സന്ദര്‍ഭങ്ങള്‍. വിഎസ് എത്തുന്നിടമെല്ലാം ആള്‍ക്കൂട്ടമായി മാറുമായിരുന്നു. വിഎസിനെ ഒന്നു കാണാന്‍ മാത്രമായി എത്തുന്നവര്‍, അടുത്തു വന്നൊന്നു നില്‍ക്കാന്‍, തൊടാന്‍, ഒപ്പമൊരു ഫോട്ടോയെടുക്കാന്‍…
വിഎസിനെക്കാള്‍ പ്രായമുള്ള അച്ഛന്മാരും അമ്മമാരുമൊക്കെ വരും. അവരില്‍ പലരും ചെരുപ്പ് ഊരിവച്ചിട്ടാണ് വിഎസിന്റെ അടുത്തേക്ക് വരുന്നത്. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് തൊഴാന്‍ ചിലര്‍ ശ്രമിക്കും. കാലില്‍ തൊടുന്നതൊന്നും സഖാവിന് ഒട്ടും താത്പര്യമില്ല, ഞങ്ങളും തടയാന്‍ നോക്കും. എന്നിട്ടും വിഎസിനെ വന്ദിച്ചിട്ടു പോകുന്ന എത്രയോ പേര്‍.
ഓരോ സ്ഥലത്ത് എത്തുമ്പോഴും വിഎസും ജനങ്ങളുമായുള്ള ഇടപഴകലുകളാണ് കൗതുകത്തോടെ നോക്കി നിന്നിട്ടുള്ളത്. അത്തരം കാഴ്ച്ചകള്‍ പകര്‍ത്താനായിരുന്നു എന്നും ഇഷ്ടം.
വിഎസിന്റെ മൃതദേഹത്തിന് അരികില്‍ ശ്രീജിത്ത്
യാത്രകളായിരുന്നു വിഎസിനൊപ്പമുള്ള ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ചിരുന്നതെന്ന് ശ്രീജിത്ത് പറയുന്നു. ചിലപ്പോള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞായിരിക്കും മടക്കം. ഓരോരോ പരിപാടികളായി ഓരോരോ സ്ഥലങ്ങളില്‍. തിരഞ്ഞെടുപ്പ് കാലത്താണ് ഇത്തരം ദീര്‍ഘയാത്രകള്‍. മരുന്ന് കൊടുക്കാനും വസ്ത്രം കൊടുക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ഒരു വീഴ്ച്ചയും വരുത്താതെ കൂടെ ഞങ്ങളുണ്ടാകും.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളൊന്ന്, വിഎസ് ശബരിമല കയറിയപ്പോള്‍ കൂടെപ്പോകാന്‍ കഴിഞ്ഞില്ലെന്നതാണ്. അയ്യപ്പന്‍ ഇഷ്ടദെവമാണ്, അതുപോലെ തന്നെ എനിക്ക് ദൈവമായിരുന്നു സഖാവും. ആ യാത്ര നഷ്ടപ്പെട്ടല്ലോ എന്ന സങ്കടം എന്നുമുണ്ടാകും.
ചൊവ്വാഴ്ച്ച വെളുപ്പിനെ ഒരു മണിയോട് അടുത്താണ് ശ്രീജിത്ത് സംസാരിച്ചത്. അപ്പോഴും പുറത്ത് മുദ്രാവക്യങ്ങള്‍ മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. നൂറുകണക്കിന് മനുഷ്യര്‍ അപ്പോഴും കാത്ത് നില്‍ക്കുകയാണ്, അവരുടെ കണ്ണും കരളുമായ വിഎസിനെ കാണാന്‍.
ഇതൊക്കെ കാണുമ്പോള്‍ സഖാവ് മരിച്ചുപോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. വിഎസ് വരുന്നതും കാത്ത് ജനക്കൂട്ടം കാത്തു നില്‍ക്കുകയാണെന്ന് കരുതാനാണ് ഇഷ്ടം, അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ചിത്രം പകര്‍ത്താന്‍ പോലും തോന്നാത്തതും അതുകൊണ്ടാണ്; ഇടര്‍ച്ചയോടെ ശ്രീജിത്ത് പറയുന്നു. VS Achuthanandan’s dietary habits and lifestyle, sharing memories by his aide sreejith
Content Summary; VS Achuthanandan’s dietary habits and lifestyle, sharing memories by his aide sreejith
This post was last modified on July 22, 2025 4:30 pm
Leave a Comment