മരങ്ങൾ നടക്കുന്നതും സംസാരിക്കുന്നതും കണ്ടിട്ടുള്ളത് ഫാന്റസി ചിത്രങ്ങളിലും കുട്ടികൾക്കായുള്ള കഥകളിലും കവിതകളിലുമാണ് എന്നാൽ ന്യൂസിലാൻഡിൽ ഇത്തരത്തിൽ ഒരു മരം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ ഇത്തവണ ന്യൂസിലൻഡിലെ വൃക്ഷ പുരസ്കാരം നേടിയത് ഈ മരമാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും അതുല്യമായ വന്യജീവികൾക്കും പേരുകേട്ട നാടാണ് ന്യൂസിലാൻഡ്. നടക്കുന്ന മരം അഥവാ ദി വാക്കിംഗ് ട്രീ എന്നാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. ന്യൂസിലൻഡിലെ ഏറ്റവും ഉയരം കൂടിയ പുഷ്പവൃക്ഷങ്ങളിലൊന്നാണ് നോർത്തേൺ റാറ്റ ഇനത്തിൽപെടുന്ന വാക്കിംഗ് ട്രീ. മെട്രോസിഡെറോസ് റോബസ്റ്റ എന്നാണ് നോർത്തേൺ റാറ്റയുടെ ശാസ്ത്രീയ നാമം. walking tree
ഏറ്റവും ഉയരം കൂടിയ പുഷ്പ്പ വൃക്ഷമായ ഇവയ്ക്ക് 1000 വർഷം വരെയാണ് ആയുസ്സ്. എന്നാൽ, വാക്കിംഗ് ട്രീയുടെ കൃത്യമായ പ്രായം ഇന്നും അജ്ഞാതമാണ്, പക്ഷേ കുറഞ്ഞത് 1875 മുതൽ ഇത് നിലവിലുണ്ടെന്ന് ഗവേഷകർ പറയുന്നത്.
ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജെ ആർ ആർ ടോൾകീൻ്റെ സെൻസിറ്റൻ്റ് ട്രീയുമായുള്ള അസാധാരണമായ സാമ്യമാണ് വാക്കിംഗ് ട്രീക്ക് പേര് നേടിക്കൊടുത്തത്. ദ് ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ് എന്നീ പ്രശസ്ത കൃതികളുടെ രചയിതാവാണ് ജെആർആർ റ്റോൾകീൻ.
ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിൻറെ പടിഞ്ഞാറൻ തീരത്ത് കരാമിയയ്ക്ക് സമീപമാണ് വാക്കിംഗ് ട്രീ സ്ഥിതിചെയ്യുന്നത്. 1875-ൽ ഈ പ്രദേശത്ത് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബം മറ്റ് മരങ്ങൾ വെട്ടിമാറ്റിയതായി കരാമിയയിൽ നിന്നുള്ള പ്രദേശവാസിയായ പീറ്റ് കറി പറഞ്ഞു.
‘ ഭൂമി അക്കാലത്ത് ഇവിടം കൊടും കാടായിരുന്നു, എൻ്റെ മുത്തച്ഛനും സഹോദരന്മാരും കൃഷി ചെയ്യാൻ വേണ്ടിയാണ് ഇവിടം വൃത്തിയാക്കിയത്. പക്ഷെ അവർ വാക്കിംഗ് ട്രീയെ മാത്രം . ബാക്കി വച്ചു. അതിനെന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് അവർ അന്നേ കരുതിയിരിക്കണം. അതല്ലായിരുന്നെങ്കിൽ അന്ന് മറ്റെല്ലാം കത്തിച്ച കൂട്ടത്തിൽ ഇതും കത്തിച്ചേനെ, എന്നും പീറ്റ് കറി കറി ക്രൈസ്റ്റ് ചർച്ച് ദിനപത്രത്തോട് പറഞ്ഞു.
ഏകദേശം 105 അടി ഉയരമുള്ള വാക്കിംഗ് ട്രീ നിൽക്കുന്നത്, കണ്ടാൽ ഒരു കാൽ മുന്നിലും മറുകാൽ പിന്നിലുമായി നടക്കുന്നത് പോലെയാണ് കാഴ്ചക്കാരന് അനുഭവപ്പെടുക. അർബോറികൾച്ചറൽ അസോസിയേഷനാണ് 2024 -ലെ ന്യൂസിലൻഡ് ട്രീ ഓഫ് ദ ഇയർ അവാർഡ് നൽകിയത്. മറ്റു മരങ്ങളും മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൊത്തം വോട്ടിൻറെ 42 ശതമാനവും നേടി വാക്കിംഗ് ട്രീ ഒന്നാം സ്ഥാനം നേടുകയായിരുന്നു. ഒരു കാലത്ത് ന്യൂസിലാൻഡിൽ സുലഭമായി ഇനങ്ങളിൽ ഒന്നായിരുന്നു നോർതേൺ റാറ്റ മരങ്ങൾ. എന്നാൽ ഇന്ന് ഇവ നാശത്തിന്റെ വക്കിലാണ്. നിലവിൽ ന്യൂസിലാൻഡിൽ ഇവ വളരെ ചുരുക്കം മാത്രമാണ് അവശേഷിക്കുന്നത്.
നോർതേൺ റാട്ട മരങ്ങൾ യാഥാർത്ഥത്തിൽ എപ്പിഫൈറ്റുകളാണ്. അതായത് ആതിഥേയ വൃക്ഷത്തിൻറെ മുകളിലാണ് ഇത്തരം മരങ്ങൾ വളരുക. ഇവ അന്തരീക്ഷത്തിൽ നിന്ന് ജലവും ലവണാംശങ്ങളും വലിച്ചെടുത്താണ് വളരുന്നത്. വേരുകൾ ഭൂമിയിൽ ആണെങ്കിലും വളർച്ച ഇത്തരത്തിൽ തന്നെ ആയിരിക്കും. അതുമൂലം ഭൂമിയോട് ചേർന്ന് കിടക്കുന്ന വേരുകളുടെ ആകൃതികൾ വ്യത്യസ്ത തരത്തിലാകും ഉണ്ടാവുക. ഇക്കാരണത്താലാണ് ഇവ നടക്കുന്ന പ്രതീതി അനുഭവപ്പെടുന്നത്. ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്നവയാണ് നോർതേൺ റാറ്റ മരങ്ങൾ.
content summary ; ancient walking tree of New Zealand