2023-ല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഒരു എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിലവര്‍ പറഞ്ഞത്, അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്നാണ്. യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സമാഹരിച്ച കണക്ക് പ്രകാരം 2022 ലെ സാമ്പത്തിക വര്‍ഷത്തില്‍(2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്തംബര്‍ വരെ) 42,000 ഇന്ത്യക്കാരാണ് തെക്കന്‍ അതിര്‍ത്തിവഴി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓരോ വര്‍ഷവും ഈ കണക്ക് ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെക്കന്‍ അതിര്‍ത്തി വഴി മാത്രമല്ല, അമേരിക്കയുടെ വടക്കന്‍ അതിര്‍ത്തി വഴിയും അനധികൃത കുടിയേറ്റം നടക്കുന്നുണ്ട്. ഈ കണക്കും വര്‍ഷാവര്‍ഷം കൂടുകയാണ്.
2007 മുതലുള്ള കണക്ക് നോക്കിയാല്‍, ഓരോ സാമ്പത്തിക വര്‍ഷത്തിലും അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അധികരിക്കുകയാണ്. സ്വന്തം രാജ്യം വിടാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ചത്, അമേരിക്കയെന്ന സ്വപ്‌നലോകം മാത്രമായിരുന്നോ? അപകടകരമാണെന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരം യാത്രകള്‍ക്ക് ഇറങ്ങി തിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥ പൗരന്മാരെ രാജ്യം വിടുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഏറ്റവും ഗൗരവമേറിയ കണ്ടെത്തല്‍. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി ഭയന്ന് പഞ്ചാബില്‍ നിന്നും പുറപ്പെട്ട അര്‍ഷദീപ് സിംഗ് എന്ന ചെറുപ്പക്കാരന്റെ കഥ ഉദ്ദാഹരണമായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നുണ്ട്. നിയമവിരുദ്ധ കുടിയേറ്റത്തിന് പിടിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഒരാളാണ് അര്‍ഷദീപ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളായിരുന്നു 23 കാരനായ ആ ചെറുപ്പക്കാരനും. ഒരു സിഖ് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരുന്ന അര്‍ഷദീപ് സിംഗിന് ബിജെപി പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായി. ഭീഷണി ആവര്‍ത്തിച്ചതോടെ, പിതാവാണ് അര്‍ഷദീപിനോട് ഇന്ത്യ വിടാന്‍ ഉപദേശിച്ചത്. അമേരിക്കയായിരുന്നു അയാളുടെ ലക്ഷ്യം, മാര്‍ഗം അനധികൃതവും.
2022 ലെ വേനല്‍ക്കാലത്താണ് വടക്കേയിന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്ര അര്‍ഷദീപ് ആരംഭിച്ചത്. 40 ദിവസത്തോളം തുടര്‍ന്ന ആ യാത്രയില്‍ അയാളുടെ വഴികള്‍ നിശ്ചയിച്ചുകൊണ്ടിരുന്നത്, അയാള്‍ കണ്ടിട്ടില്ലാത്തൊരു വ്യക്തിയുടെ ഫോണില്‍ കൂടിയുള്ള ശബ്ദമായിരുന്നു. അര്‍ഷദീപിനെ അമേരിക്കയില്‍ എത്തിക്കാമെന്ന് ഉറപ്പു കൊടുത്തിരുന്നവര്‍ ദിവസങ്ങളുടെ ഇടവേളയില്‍, അയാളുടെ വിമാന യാത്രകള്‍ക്കാവശ്യമായ ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ്സുകള്‍ അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഒപ്പം അര്‍ഷദീപിനുള്ള നിര്‍ദേശങ്ങളും ഓരോരോയിടങ്ങളിലും ആരെയൊക്കെയാണ് കാണേണ്ടതെന്നുള്ള വിവരങ്ങളും.
ന്യൂഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന അര്‍ഷദീപ് സിംഗ് ആദ്യമിറങ്ങുന്നത് ഹംഗറിയിലായിരുന്നു. അവിടെ അയാള്‍ക്ക് 10 ദിവസം തങ്ങേണ്ടി വന്നു. കിടക്കാന്‍ ഒരു ചെറിയ മുറിയും വിശപ്പകറ്റാന്‍ കുറച്ച് ബ്രെഡ് കഷ്ണങ്ങളും വെള്ളവും കിട്ടി. ഹംഗറിയില്‍ നിന്നുള്ള യാത്ര ഫ്രാന്‍സിലേക്കായിരുന്നു. അവിടെ നിന്നും മെക്സിക്കോ സിറ്റിയിലേക്ക്. മെകിസിക്കോ സിറ്റിയില്‍ ഒരാഴ്ച്ചയോളം ഒരു മുറിക്കുള്ളില്‍ ബന്ദിയെന്നപോലെ കഴിയേണ്ടി വന്നു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു വിമാനത്തില്‍ കയറ്റി വിട്ടു. അതില്‍ നിന്നിറങ്ങിയ ശേഷം നീണ്ട ബസ് യാത്ര. ബസ് ഇറങ്ങിയശേഷം ആരോ ഒരാളുടെ ട്രക്കിലേക്ക്. അമേരിക്കന്‍ അതിര്‍ത്തിയുടെ ഏകദേശം അടുത്ത് വരെ ആ ട്രക്ക് ഉണ്ടായിരുന്നു എന്നാണ് അര്‍ഷദീപ് സിംഗ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് വിവരിച്ച തന്റെ കഥയില്‍ പറയുന്നത്.
കാല്‍ഫോര്‍ണിയായിലേക്കായിരുന്നു സിംഗ് അതിര്‍ത്തി കടന്നെത്തിയത്. പട്ടിണി കൊണ്ട് തീര്‍ത്തും അവശനായ നിലയിലായിരുന്നു അപ്പോള്‍. അധികൃതരുടെ കണ്ണില്‍പ്പെട്ടതോടെയാണ് അയാളെ ഒരു അമേരിക്കന്‍ പ്രോസസ്സിംഗ് ഓഫിസിലെത്തിക്കുന്നത്. അവിടെ അയാളെപ്പോലെയുള്ള നിരവധി പേരെ അര്‍ഷദീപ് കണ്ടു, എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് അയാളുടെതിന് സമാനമായ കഥ തന്നെയായിരുന്നു.
അനധികൃതമായി കടന്നു കയറുകയും ശേഷം എന്തെങ്കിലും ജോലിയൊക്കെ കിട്ടി അമേരിക്കയില്‍ തുടരാന്‍ സാധിക്കുകയും ചെയ്യുന്നവരുടെ’ വിജയകഥകള്‍’ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കും. അത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകും. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാരായ ട്രാവല്‍ ഏജന്റുമാര്‍ പ്രത്യക്ഷപ്പെടും. അവര്‍ ഓരോ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കും കടന്നു ചെല്ലും. പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍.
ഇന്ത്യക്കാരെ സംബന്ധിച്ച് അമേരിക്കയിലേക്ക് നിയമപരമായി എത്തുകയെന്നത് അത്രയെളുപ്പമല്ല. അതു കുറച്ചു ബുദ്ധിമുട്ടേറിയതാണ്. മുന്‍കാലങ്ങളില്‍ ടൂറിസ്റ്റ് വീസയില്‍ എത്തുന്ന ഇന്ത്യാക്കാര്‍ കാലാവധി ലംഘിച്ച് അനധികൃതമായി തങ്ങുന്ന പ്രവണതയുണ്ടായിരുന്നു. തെക്കന്‍ അതിര്‍ത്തിവഴിയുള്ള നിയമവിരുദ്ധ കുടിയേറ്റത്തിന്റെ മറ്റൊരു രൂപം. ഗവണ്‍മെന്റ് രേഖകള്‍ പ്രകാരം, യു എസ്സില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാഷ്ട്രീയമായും മതപരമായും നേരിടേണ്ടി വരുന്ന വേട്ടയാടലുകളെ തുടര്‍ന്ന് അഭയം തേടി കുടിയേറുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് കുടിയേറ്റ സംബന്ധമായ കേസുകള്‍ വാദിക്കുന്ന ഇന്ത്യന്‍ അഭിഭാഷകന്‍ ദീപക് ആലുവാലിയ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞിരുന്നു. സിഖ് സമുദായത്തില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ വരുന്നതെന്നായിരുന്നു ദീപക് ചൂണ്ടിക്കാണിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി സിഖ് സമൂഹത്തില്‍ വലിയ തോതിലുള്ള അതൃപ്തിയുണ്ടാക്കിയിയിരുന്നു. മോദി പ്രതിനിധീകരിക്കുന്ന ബിജെപിയും ഹിന്ദുത്വ ദേശീയ വാദികളും പ്രചരിപ്പിച്ചത്, വിദേശത്തുള്ള സിഖ് സംഘടനകളുടെ പിന്തുണയോടെ രാജ്യത്ത് സിഖ് വിഘടനവാദം വളര്‍ത്തുകയാണെന്നായിരുന്നു. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയവരെ പിടികൂടാനെന്ന പേരില്‍ പഞ്ചാബില്‍(2023 ല്‍) മോദി സര്‍ക്കാര്‍ ആശയവിനിമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ സിഖ് സമുദായത്തില്‍ നിന്നും കൂടുതല്‍ പേരെ മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചു എന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്പറയുന്നത്.
നല്ലൊരു ജീവിതത്തിനു വേണ്ടി സാമ്പാദിക്കുക എന്ന ലക്ഷ്യമാണ് എന്തു ത്യാഗം സഹിച്ചും അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് എത്തപ്പെടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. നാട്ടില്‍ ചെയ്യുന്ന ജോലിക്ക് മാന്യമായ വരുമാനം കിട്ടാത്തതും കുടിയേറ്റത്തിനു കാരണമാണ്. ആ സമയത്ത് തിരിച്ചയക്കപ്പെട്ട ചില ഇന്ത്യക്കാര്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് സംസാരിച്ച കാര്യങ്ങളാണ്. അമേരിക്കയിലെത്താന്‍ സഹായിക്കാമെന്ന് പറയുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന പണം കൊടുക്കാന്‍ വേണ്ടി തങ്ങള്‍ക്ക് സ്വന്തമായതെന്തും വില്‍ക്കാനും ഒട്ടും മടിയില്ലായിരുന്നു ഭാഗ്യാന്വേഷികളായ ഇന്ത്യക്കാര്‍ക്ക്. മരണമാണോ ജീവിതമാണോ മുന്നിലുള്ളതെന്ന് നിശ്ചയമില്ലെങ്കിലും ദുര്‍ഘടമായ വഴികള്‍ താണ്ടാന്‍ തയ്യാറായി ഇന്ത്യയില്‍ നിന്നും എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമായിരുന്നു കൂടുതലായും ഇന്ത്യക്കാര്‍ അനധികൃത പലായനത്തിന് ഇറങ്ങിയിരുന്നത്. ഇപ്പോള്‍ ഗുജറാത്തും ഈ കൂട്ടത്തിലുണ്ട്. നിലവില്‍ അമേരിക്ക തിരിച്ചയച്ചവരില്‍ 33 പേര്‍ വീതം ഹരിയാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമായിരുന്നു. മഹാരാഷ്ട്ര. ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റുള്ളവര്‍.
ജീവിക്കാന്‍ പറ്റാതെ വരുമ്പോഴും, നല്ല ജീവിതത്തിന് ആഗ്രഹം ഉണ്ടാകുമ്പോഴും ഇത്തരത്തില്‍ ഇറങ്ങി പുറപ്പെടുന്നത് ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ നടക്കുന്നതാണ് അനധികൃത പലായനങ്ങള്‍. സ്വന്തം നാട് ജീവിക്കാന്‍ കഴിയാത്തയത്ര മോശമായി മാറുമ്പോഴാണ് പൗരന്മാര്‍ അന്യനാട്ടില്‍ അഭയം തേടുന്നത്. The Wall Street Journal report says that the changed political situation is also the cause of illegal immigration of indians to the United States
യു എസ് സര്‍ക്കാര്‍ അനധികൃതരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ തിരിച്ചയച്ച സാഹചര്യത്തില്‍, 2023 ഡിസംബറില്‍ അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മാറ്റങ്ങളോടെ പുനപ്രസിദ്ധീകരിച്ചിരിക്കുകയാണ്
Content Summary; The Wall Street Journal report says that the changed political situation is also the cause of illegal immigration of indians to the United States