വിവാദമായ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് സുപ്രിം കോടതി സ്‌റ്റേ അനുവദിച്ചേക്കുമെന്നു സൂചന. ചില വ്യവസ്ഥകളില്‍ സ്‌റ്റേ പരിഗണിക്കുന്നതായി സുപ്രിം കോടതി ബുധനാഴ്ച സൂചിപ്പിച്ചിരുന്നു. ‘ഉപയോക്താവിനെ ആശ്രയിച്ച് വഖഫ് ചെയ്യുക’, വഖഫ് ബോര്‍ഡുകളില്‍ അമുസ്ലീങ്ങളുടെ പ്രാതിനിധ്യം, തര്‍ക്കത്തിലുള്ള വഖഫ് ഭൂമിയുടെ നില മാറ്റാനുള്ള കളക്ടറുടെ അധികാരം എന്നിവയിലായിരിക്കും കോടതി ഇടപെടല്‍ ഉണ്ടാവുക.
അസാധാരണ സാഹചര്യങ്ങളില്‍ അല്ലാതെ ഒരു നിയമ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ അതിനെ ചലഞ്ച് ചെയ്യുന്ന കേസുകളില്‍ സ്റ്റേ അനുവദിക്കാറില്ല, എന്നാല്‍ ഇത് അതിനൊരു അപവാദം ആയേക്കമെന്നാണ് വാക്കാലുള്ള നിരീക്ഷണത്തില്‍ ചീഫ് ജസ്റ്റീസ് സഞ്ജയ് ഖന്ന പറഞ്ഞത്. ‘ഉപയോക്താവ് മുഖേനയുള്ള വഖഫ്’ സ്വത്തുക്കള്‍ ഡി-നോട്ടിഫൈ ചെയ്താല്‍ (അതായത്, വഖഫ് സ്വത്തുക്കള്‍ എന്ന പദവി റദ്ദാക്കിയാല്‍), അത് ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സുപ്രിം കോടതി ആശങ്കപ്പെടുന്നത്. ചീഫ് ജസ്റ്റീസിനെ കൂടാതെ ജസ്റ്റീസുമാരായ പി വി സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വാദം കേള്‍ക്കാന്‍ തുടങ്ങിയത്, ഇന്നും വാദം കേള്‍ക്കല്‍ തുടരും.
2025 ലെ വഖഫ് നിയമം ‘ഉപയോക്താവിനെ അടിസ്ഥാനമാക്കിയുള്ള വഖഫ്'(വഖഫ്-ബൈ- യൂസര്‍) എന്ന വ്യവസ്ഥ ഇല്ലാതാക്കുന്നതാണ്. ഇത്തരമൊരു വ്യവസ്ഥ പ്രകാരം മുമ്പ് മതപരമോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ഭൂമി, ഔപചാരിക രജിസ്‌ട്രേഷന്‍ ഇല്ലാതെ പോലും വഖഫ് സ്വത്തായി കണക്കാക്കിയിരുന്നു. ഈ വ്യവസ്ഥ ഇല്ലാതാകുന്നതോടെ അത്തരം നിരവധി വഖഫ് സ്വത്തുക്കളുടെ അവസ്ഥയെന്താകുമെന്നതാണ് പ്രധാന ചോദ്യം. വഖഫ്-ബൈ-യൂസര്‍ പ്രകാരമുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതെങ്ങനെയെന്നതില്‍ അവ്യക്തതയുണ്ട്. വഖ്ഫ്-ബൈ-യൂസര്‍ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നത് ഉയര്‍ത്താവുന്ന വാദമാണ്. എന്നാല്‍ എല്ലായിപ്പോഴും അത് ദുര്യോപയോഗം ചെയ്യപ്പെടുകയാണെന്നു പറയാന്‍ കഴിയില്ലെന്നുമാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് പറയുന്നത്.
വഖഫ്-ബൈ-യൂസര്‍ പ്രകാരമുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് അങ്ങനെ തന്നെ തുടരുമെന്ന സര്‍ക്കാര്‍ നിലപാടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉയര്‍ത്തിയ ന്യായം. 1923 ലെ ഒന്നാം വഖഫ് നിയമം മുതല്‍ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണ് തന്റെ ന്യയവാദത്തിന് മേത്ത അടിസ്ഥാനമാക്കിയത്.
നിയമത്തിലെ ഒന്നിലധികം വ്യവസ്ഥകളെക്കുറിച്ച് കോടതി സംശയമുയര്‍ത്തിയിരുന്നു. ഔപചാരിക രേഖകള്‍ ഉള്ളവയ്ക്ക് പകരം, മതപരമോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ് ആയി അവകാശപ്പെടുന്ന സ്വത്തുക്കളെ കൈകാര്യം ചെയ്യുന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകളെ പ്രത്യേകമായി ചോദ്യം ചെയ്തതിനു പുറമെ, സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാരിനോട് വളരെ മര്‍മപ്രധാനമായൊരു ചോദ്യവും കോടതി ഉയര്‍ത്തിയിട്ടുണ്ട്. ഹിന്ദു എന്‍ഡോവ്‌മെന്റ് ബോര്‍ഡുകളുടെ ഭാഗമാകാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോ എന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം.
മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26-ന്റെ ലംഘനമാണ് പുതിയ നിയമത്തിലെ പല വ്യവസ്ഥകളും എന്നായിരുന്നു ഹര്‍ജിക്കാരുടെ ഭാഗത്ത് നിന്നും ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. നിയമ ഭേദഗതിയില്‍ കളക്ടര്‍ക്ക് നല്‍കുന്ന അധികാരങ്ങളെക്കുറിച്ചും സിബല്‍ ചൂണ്ടിക്കാട്ടി. കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും അങ്ങനെയൊരാള്‍ ഒരു ജഡ്ജിയുടെ പങ്ക് വഹിക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു സിബലിന്റെ വാദം.
വഖഫ് ഇസ്ലാമിലെ ഒരു സ്ഥിരപ്പെട്ട ആചാരമാണെന്നും അതൊഴിവാക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറ്റൊരു വാദിഭാഗം അഭിഭാഷകനായ ഹുസേഫ അഹ്‌മദി കോടതിയെ അറിയിച്ചത്. വഖഫ് നിയമം രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യരുതെന്നുമായിരുന്നു വാദിഭാഗത്തിന്റെ ഭാഗമായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോടതിയോട് ആവശ്യപ്പെട്ടത്.
സോളിസിറ്റര്‍ ജനറല്‍ വാദം കേള്‍ക്കലിന് സമയം നീട്ടി ചോദിച്ചതോടെയാണ് കോടതി ഏപ്രില്‍ 17 ലേക്ക് കൂടി സമയം അനുവദിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വാദം കേള്‍ക്കല്‍ വീണ്ടും തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇന്ന് ഒരു ഇടക്കാല ഉത്തരവ് കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. കേസുകളില്‍ വാദം കേള്‍ക്കല്‍ സുപ്രിം കോടതിയില്‍ തന്നെ തുടരണോ അതോ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണോ എന്ന കാര്യവും ഇന്നറിയാം. Waqf Act challenge hearing in the Supreme Court
Content Summary; Waqf Act challenge hearing in the Supreme Court
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.