ക്യൂബ-അമേരിക്ക കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ പങ്കുവച്ച് ഡൊണാള്‍ഡ് ട്രംപ്. ഹവാനയിലെ നേതൃത്വവുമായി വാഷിംഗ്ടണ്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ക്യൂബയ്‌ക്കെതിരേ എണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരമൊരു ഉപരോധം കൂടി വന്നാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂബന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകുമായിരുന്നു. എന്നാല്‍ ഈ ഭീഷണി മുഴക്കി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെയാണ് പ്രതീക്ഷാഭരിതമായൊരു കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടപ്പാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
ഞായറാഴ്ച ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള തന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കരാറിന്റെ കാര്യം ട്രംപ് പറഞ്ഞത്. ‘ക്യൂബ പരാജയപ്പെട്ട ഒരു രാഷ്ട്രമാണ്. കാലങ്ങളായി അങ്ങനെതന്നെയാണ്, എന്നാല്‍ ഇപ്പോള്‍ അവരെ താങ്ങിനിര്‍ത്താന്‍ വെനിസ്വേല കൂടെയില്ല. അതിനാല്‍ ഞങ്ങള്‍ ക്യൂബയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ക്യൂബയുമായി ഞങ്ങള്‍ ഒരു കരാറുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നു’ ; ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
എന്നാല്‍ ഇത്തരമൊരു കരാറില്‍ എന്തൊക്കെ നിബന്ധനകളാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയില്ല. ശനിയാഴ്ച നടത്തിയ പ്രസ്താവനയില്‍, ക്യൂബയില്‍ ഒരു മാനുഷിക പ്രതിസന്ധി ഉണ്ടാകേണ്ട ആവശ്യമില്ലെന്നും, സാഹചര്യം മോശമായതിനാല്‍ അവര്‍ തന്നെ ചര്‍ച്ചയ്ക്ക് വരുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. വെനിസ്വേലയില്‍ നിന്നുള്ള പണവും എണ്ണയും നിലച്ചതോടെ ക്യൂബ വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ക്യൂബയുടെ അടുത്ത സഖ്യകക്ഷിയായിരുന്ന നിക്കോളാസ് മഡുറോ അധികാരത്തില്‍ നിന്ന് പുറത്തായതോടെയാണ് വെനസ്വേലയില്‍ നിന്നും ക്യൂബയിലേക്കുള്ള എണ്ണ വരവ് നിലച്ചത്. ഇത് ട്രംപ് ഭരണകൂടത്തിന് ക്യൂബയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവസരമൊരുക്കി.
ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് ഒരു ഉത്തരവില്‍ ഒപ്പിട്ടിരുന്നു.
ഈ പ്രഖ്യാപനത്തിന് പിന്നാലെ ഹവാനയിലെ പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. നിലവില്‍ ക്യൂബയില്‍ രൂക്ഷമായ വൈദ്യുതി തടസ്സവും ഇന്ധനക്ഷാമവും നേരിടുന്നുണ്ട്.
ക്യൂബന്‍ പ്രവാസികളുടെ മകനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയും ട്രംപും ക്യൂബയിലെ ഭരണമാറ്റത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ‘ക്യൂബയ്ക്ക് ഇനി പണമോ എണ്ണയോ ഇല്ല; പൂജ്യം!’ എന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ക്യൂബ ഉടന്‍ വീഴാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
തങ്ങളുടെ സമ്പദ്വ്യവസ്ഥയെ ശ്വാസം മുട്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ക്യൂബന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
Content Summary; After oil blockade threats Donald Trump said Washington is negotiating with Havana’s leadership to strike a deal.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.