April 25, 2025 |
Share on

ട്രംപ് ഇഫക്ട് തുടരുന്നു: വാഷിങ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ പേജ് വിമർശങ്ങൾ അവസാനിപ്പിക്കണമെന്ന് ഉടമ

എഡിറ്റർ ഡേവിഡ് ഷിപ്ലി രാജിവച്ചു

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിനെ തുടർന്നുള്ള മാറ്റങ്ങൾ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് തുടരുന്നു. വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ട്രംപ് ഭരണകൂടത്തിനെതിരെയായ നിലപാടുകൾ ഒഴിവാക്കണമെന്ന് പരോക്ഷമായി ഉടമ ജെഫ് ബസോസ് ആവശ്യപ്പെട്ടതോടെ പേജിന്റെ ചുമതലയുള്ള എഡിറ്റർ ഡേവിഡ് ഷിപ്ലി രാജിവച്ചു. ‘സ്വതന്ത്ര വിപണി’ക്കും ‘വ്യക്തി സ്വാതന്ത്ര്യ’ത്തിനും അനുകൂലമായി എഡിറ്റോയിൽ/ഒപീനിയൻ പേജ് മാറണം എന്നായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനവാന്മാരിൽ ഒരാൾ കൂടിയായ ബസോസ് തന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഡേവിഡ് ഷിപ്ലി രാജിവച്ചത്.

സമകാലിക സംഭവങ്ങളോട് സ്വതന്ത്രമായി പ്രതികരിച്ചുകൊണ്ട്, പാർട്ടികളേയോ ഭരണകൂടത്തെയോ പരിഗണിക്കാതെ വിമർശനവും പിന്തുണയും നൽകിപ്പോന്ന, വാഷിങ്ടൺ പോസ്റ്റിന്റെ പതിറ്റാണ്ടുകളായുള്ള പാരമ്പര്യമാണ് ജെഫ് ബസോസ് അവസാനിപ്പിക്കുന്നത്. ഇതോട് കൂടി ട്രംപിന് അനുകൂലമായ പൂർണ വലതുപക്ഷ നിലപാടാകും പത്രം തുടർന്ന് കൈക്കൊള്ളുക എന്നത് കൂടുതൽ വ്യക്തമാവുകയാണ്. ജെഫ് ബസോസിന്റെ നിലപാടിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. വാഷിങ്ടൺ പോസ്റ്റിന്റെ ഐതിഹാസിക എഡിറ്റർ മാർട്ടി ബാരോൺ ‘ഭീരുത്വ’മെന്നാണ് ഈ നിലപാടിനെ വിശേഷിപ്പിച്ചത്. ട്രംപിനെ ബസോസിന് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ട്രംപ് പലവട്ടം തന്റെ വ്യവസായ സാമ്രാജ്യത്തെ ഭീഷണിപ്പെടുത്തിയിട്ടും വാഷിങ്ടൺ പോസ്റ്റിന്റെ നിലപാടുകൾക്കും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി നിലയുറപ്പിച്ചിരുന്നു ബസോസ്. പക്ഷേ ഇപ്പോൾ ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.

കുറച്ച് കാലമായി പത്രത്തിൽ ജെഫ് ബസോസിന്റെ താത്പര്യങ്ങൾക്ക് വഴങ്ങി മാറ്റങ്ങൾ വരുത്തുന്നതിൽ തനിക്കുള്ള വിമർശനം എഡിറ്റോറിയിൽ പേജിന്റെ ചുമതലയുള്ള ഡേവിഡ് ഷിപ്‌ലി രേഖപ്പെടുത്താൻ ആരംഭിച്ചിട്ട്. പത്രത്തിന്റെ പുതിയ നിലപാടുകൾ സി.ഇ.ഒ വിൽ ലൂയീസ് ഈ ജനുവരിയിൽ അറിയിച്ചപ്പോൾ മുതൽ ആരംഭിച്ചതാണ് ഈ ചർച്ച. വിമർശങ്ങളെ നിയന്ത്രിക്കുന്ന ഈ പുതിയ നിലപാടുകൾ കൊണ്ട് പത്രത്തിൻ്റെ വായനക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് ഷിപ്‌ലി ചൂണ്ടിക്കാണിച്ചു. 2022-ലാണ് എഡിറ്റോയിൽ/ഒപീനിയൻ പേജ് എഡിറ്റർ ആയി ഷിപ്‌ലി വാഷിങ്ടൺ പോസ്റ്റിൽ ചുമതലയേറ്റത്. ഡോണാൾഡ് ട്രംപിന്റെ എതിരാളിയായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസ് രംഗത്തെത്തിയപ്പോൾ പിന്തുണയ്ക്കാനുള്ള പത്രത്തിന്റെ തീരുമാനത്തെ ജെഫ് ബസോസ് തടഞ്ഞത് വലിയ വിവാദമായിരുന്നു. പത്രത്തിന്റെ രണ്ടര ലക്ഷം ഡിജിറ്റൽ സബ്സ്ക്രിപ്ഷനാണ് ഇതേ തുടർന്ന് ഒറ്റയടിക്ക് ഇടിഞ്ഞത്.

ഈ ജനുവരിയിൽ ജെഫ് ബെസും മറ്റ് ശതകോടീശ്വരരായ മാധ്യമ ഉടമകളും ട്രംപിന്റെ കൂറ്റൻ രൂപത്തിന് മുന്നിൽ മുട്ടുകുത്തി പണത്തിന്റെ വലിയ കെട്ടുകൾ കാഴ്ചവയ്ക്കുന്ന ഒരു കാർട്ടൂൺ പുലിറ്റ്‌സർ പുരസ്‌കാര ജേതാവ് കൂടിയായ ആൻ ടെൽനാസ് വരച്ചത് പ്രസിദ്ധീകരിക്കേണ്ട എന്നും പത്രം തീരുമാനിച്ചിരുന്നു. ഇതോടെ ടെൽനാസ് വാഷിങ്ടൺ പോസ്റ്റിൽ നിന്ന് രാജിവച്ചു. തുടർന്ന് മുതിർന്ന പല മാധ്യമപ്രവർത്തകരും വാഷിങ്ടൺ പോസ്റ്റ് വിട്ടിറങ്ങി. പത്രത്തിലെ വലിയ താരങ്ങളായ എഴുത്തുകാരടക്കം രാജിവച്ച് മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് ചേക്കേറി.

Content Summary: Washington Post’s Owner Wants Editorial Page to Stop Criticism, Editor David Shipley has resigned
David Shipley Washington Post jeff bezos 

Leave a Reply

Your email address will not be published. Required fields are marked *

×