ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വോട്ട് പിടിക്കാന്‍ പരമാവധി നേതാക്കള്‍ ഇന്ന് കളത്തിലിറങ്ങും. നാളെ നിശ്ശബ്ദ പ്രചാരണം നടക്കും. 13 നാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ശക്തമായ പ്രചരണം തന്നെയാണ് മുന്നണികള്‍ ലക്ഷ്യംവയ്ക്കുന്നത്. ഇരു മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും, യുഡിഎഫിനായി രമ്യ ഹരിദാസും, എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം ഇന്ന് ജില്ലകളിലെത്തും. വയനാട്ടില്‍ കൊട്ടിക്കലാശത്തില്‍ പങ്കുചേരാന്‍ രാഹുല്‍ ഗാന്ധിയും എത്തുന്നുണ്ട്. രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാണ് പ്രിയങ്ക ഗാന്ധി മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. രണ്ടിടത്തും ഇരുവരും ഒന്നിച്ചുള്ള റോഡ് ഷോയും നടക്കും.
സുല്‍ത്താന്‍ ബത്തേരിയിലാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശം. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും നടക്കുന്ന റോഡ് ഷോകളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. ചേലക്കര ടൗണില്‍ വൈകിട്ട് മൂന്നിനാണ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തുള്ള കൊട്ടിക്കലാശം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപ് മുള്ളൂര്‍ക്കര, വരവൂര്‍ ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ പര്യടനം നടത്തിയ ശേഷം ചേലക്കരയിലെത്തും. തിരുവില്വാമലയില്‍ നിന്നാരംഭിച്ച് എല്ലാ പഞ്ചായത്തുകളിലെയും പ്രധാന നിരത്തുകളിലൂടെ പര്യടനം നടത്തി രമ്യ ഹരിദാസും സംഘവും കൊട്ടിക്കലാശത്തിനായി ചേലക്കരയിലെത്തും. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിച്ചതിന് ശേഷം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണനും ചേലക്കരയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.
പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും. രാവിലെ 7.30ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ കണ്ണാടിയില്‍ നിന്ന് ആരംഭിച്ച കര്‍ഷകരക്ഷാ ട്രാക്ടര്‍ മാര്‍ച്ച് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചുള്ള ട്രാക്ടര്‍ മാര്‍ച്ച് രാവിലെ നടത്തി. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് 20 ലേക്ക് നീട്ടിയ പാലക്കാട് 18 നാണ് പരസ്യപ്രചാരണം അവസാനിക്കുക. wayanad, chelakkara-bye-election public campaign end today
Content Summary; wayanad, chelakkara-bye-election public campaign end today