19 പേരുടെ മൃതദേഹം കണ്ടെത്തി
മേപ്പാടി ഉരുള്‍പൊട്ടലിന്റെ ദാരുണാവസ്ഥ പങ്ക് വച്ച് രക്ഷപ്പെട്ടവര്‍. സ്വന്തക്കാരെയടക്കം നഷ്ടപ്പെട്ട് പരിക്കുകളോടെ നിരവധി പേരാണ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. പുലര്‍ച്ചെ ഒച്ചകേട്ട് പുറത്തിറങ്ങിയപ്പോള്‍ ഫ്രണ്ടിലെ ഗ്രില്ലും കടയുടെ ഷട്ടറും കടന്ന് രണ്ട് ഭാഗത്ത് നിന്ന് മണ്ണും ചളിയുമാണ് വന്നടിഞ്ഞത്. ശബ്ദം കേട്ട് ഭാര്യ എന്റെ അടുത്ത് എത്തിയിരുന്നു, പക്ഷെ ഇപ്പോള്‍ അവരെ കാണാനില്ല-രക്ഷപ്പെട്ട് പരിക്കേറ്റ് കിംസില്‍ കിടക്കുന്ന മൊയ്തീന്റെ വാക്കുകളാണിത്. തൊട്ടടുത്ത വീട്ടിലെ സ്ത്രിയെയും കാണാതായിട്ടുണ്ട്. ഞാന്‍ മണ്ണിലേക്ക് ആഴ്ന്ന് പോയതാണ്. Wayanad Landslide Live Updates.
മുകളിലെ നിലയില്‍ കിടന്നിരുന്ന രണ്ട് മക്കള്‍ വന്നാണ് വലിച്ച് കേറ്റിയത്. എന്റെ ഒരു കൈ എന്തിലോ കയറിപിടിച്ചിരുന്നു. അതില്‍ തൂങ്ങിനിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. തിരിഞ്ഞ് നോക്കിയപ്പോഴേക്കും ഭാര്യയെ കാണാതായി. എന്നേക്കാള്‍ ഉയരത്തിലാണ് മണ്ണും ചെളിയും വന്നടിഞ്ഞത്.
മെയിന്‍ റോഡിന് അടുത്തായാണ് എന്റെ വീടും കടയുമെല്ലാം ഉണ്ടായിരുന്നത്. കഴിഞ്ഞ പ്രളയത്തില്‍ പോലും വെള്ളം കയറിയ സ്ഥലമല്ല. അതുകൊണ്ട് തന്നെ മഴക്കെടുതിയോ ഉരുള്‍പൊട്ടല്‍ ഭീഷണിയോ പ്രതീക്ഷിച്ചിരുന്നില്ല. പുഴയില്‍ നിന്ന് വെള്ളം ഇതുവരെ കേറിയിട്ടില്ല. ഒന്നും മനസിലായില്ല, ഇപ്പോഴും ആരെ കുറിച്ചും ഒന്നും അറിയാന്‍ കഴിയുന്നില്ല. മണ്ണും മരവുമെല്ലാം ആണ് ദേഹത്തോട്ട് വന്ന് പതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മേപ്പാടി മുണ്ടക്കൈത്ത് രണ്ട് തവണയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 19 പേരുടെ മൃതദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധി വീടുകള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. 40ഓളം കുടുംബങ്ങളെയാണ് ഉരുള്‍പ്പൊട്ടല്‍ ബാധിച്ചത്.
അഗ്‌നിരക്ഷാ സേനയും, എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ല്‍ ഉരുള്‍പ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
English Summary: Wayanad Landslide Live Updates: Nineteen killed, hundreds feared trapped amid landslides near Meppadi; rescue ops underway