UPDATES

എന്റെ 22 കുട്ടികളെ കുറിച്ച് വിവരമില്ല: വെള്ളാര്‍മല സ്‌കൂളിലെ പ്രിന്‍സിപ്പല്‍

ജീവനോടെയുണ്ടോയെന്ന് അറിയില്ലെന്നും ഭവ്യ ടീച്ചര്‍

                       

വയനാട് ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മുണ്ടക്കൈ അട്ടമലയിലെ ചൂരമല പാലവും പ്രധാന റോഡുമൊക്കെ തകര്‍ന്നിരിക്കുകയാണ്. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മഴ ശക്തമായതോടെ ചൂരല്‍ മഴ പുഴയ്ക്ക് സമീപമുള്ള സ്‌കൂള്‍ അധികൃതര്‍ നേരത്തെ തന്നെ ഭീതിയിലായിരുന്നു. പുഴയുടെ ഓരം ചേര്‍ന്നുള്ള സ്‌കൂളിന് സംരക്ഷണ ഭിത്തിയില്ലാത്തതാണ് ആശങ്കയ്ക്ക് കാരണം. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ ഇവര്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു ഇതുവരെ അധ്യാപകര്‍ ചെയ്തിരുന്നത്.

vellarmala school

ഉച്ചക്ക് ഭക്ഷണത്തിന് വിടുന്ന സമയത്ത് അധ്യാപകര്‍ പുഴക്കരയിലേക്കെത്തും. അപകടസാധ്യതകളെ കുറിച്ച് ചിന്തിക്കാതെ കുട്ടികളും മറ്റും ഇവിടെ കാല്‍ കഴുകുന്നതിനായി പുഴവക്കിലെത്താറുണ്ട്. വെള്ളരിമലയില്‍ മഴ ശക്തമായി പെയ്താല്‍ പുഴയിലെ ജലനിരപ്പുയരും. ഇതിന് മുമ്പ് ഒരു തവണ സ്‌കൂള്‍ മുറ്റം വരെ വെള്ളം ഉയര്‍ന്നിരുന്നു. അടുത്ത മഴക്കാലം വരുന്നതിന് മുമ്പെങ്കിലും മതില്‍ കെട്ടി സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതരും. തോട്ടം മേഖലയിലെ അടക്കം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന വെള്ളാര്‍മല ഹയര്‍സെക്കന്ററി സ്‌കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. തുടര്‍ച്ചയായി എസ് എസ് എല്‍ സി പരീക്ഷക്ക് നൂറുമേനി വിജയം നേടുന്ന വിദ്യാലയം ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു.

വെള്ളാര്‍മല സ്‌കൂള്‍ വിഷയം വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ ഒന്നാകെ കെടുതിയിലാഴ്ത്തി ഉരുള്‍പൊട്ടലുണ്ടായത്. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്‌കൂളിന് ചുറ്റും പുഴ രൂപപ്പെട്ട അവസ്ഥയാണുള്ളത്. വെള്ളാര്‍മല വിഎച്ച്എസ്ഇയില്‍ 582 കുട്ടികളാണ് പഠിച്ചിരുന്നത്. ഒന്നുമുതല്‍ 10 വരെയുള്ള കുട്ടികളുടെ എണ്ണമാണിത്. എന്നാല്‍ തങ്ങളുടെ 22 കുട്ടികളെ കുറിച്ച് വിവരമില്ലെന്ന് പറയുകയാണ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഭവ്യ ടീച്ചര്‍. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകട വിവരം അറിയുന്നത്. അപ്പോള്‍ മുതല്‍ കുട്ടികളെ ഞങ്ങള്‍ വിളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഇതില്‍ 22 കുട്ടികളെ കുറിച്ച് യാതൊരു വിവരവുമില്ല.  കുട്ടികളെ കിട്ടാനായി ക്ലാസ് ടീച്ചേഴ്‌സ് നിരന്തരം വിളിച്ച് കൊണ്ടിരിക്കുകയാണ്.

5 ടീച്ചര്‍മാരാണ് ദുരന്തമുണ്ടായ സ്ഥലത്തുണ്ടായിരുന്നത്. സ്‌കൂളിലും ഇന്നലെ അഭയാര്‍ത്ഥി ക്യാപുണ്ടായിരുന്നു. 13 പേരാണ് അപകട സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇവരെ അപകടം ഉണ്ടായ സമയത്ത് തന്നെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 15 വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്യുകയാണ്. സ്‌കൂളിനോട് ചേര്‍ന്ന പ്രദേശത്തെ സുഹൃത്തുക്കളെയടക്കം ഇതുവരെ വിളിച്ച് കിട്ടിയിട്ടില്ല. ചിലരൊക്കെ മരണപ്പെട്ടതായി വിവരം ലഭിച്ചു. സ്‌കൂളിന് പരിസരത്ത് ഞാന്‍ 10 വര്‍ഷത്തിലധികം താമസിച്ചിരുന്നു. അന്ന് താമസിച്ചിരുന്ന കെട്ടിടമൊന്നും ഇപ്പോള്‍ കാണാനില്ല. അറിയുന്നവരെയൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ആരെയും കിട്ടുന്നില്ല. അവര്‍ ജീവനോടെയുണ്ടോയെന്ന് അറിയില്ലെന്നും ഭവ്യ ടീച്ചര്‍ പറയുന്നു. ഫോണൊക്കെ ഓഫ് ആയി പോയതായിരിക്കാമെന്ന ആശ്വാസത്തിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ഓറഞ്ച് അലേര്‍ട്ട് ആയിരുന്നു. എന്നിട്ടും സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. പുഴയില്‍ വെള്ളം കൂടിയിരുന്നു. മഴയുമുണ്ടായിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് അടക്കം മുന്നറിയിപ്പുകളൊന്നും ഇല്ലായിരുന്നുവെന്നും ടീച്ചര്‍ പറയുന്നു.

അതേസമയം സമാന അവസ്ഥ തന്നെയാണ് മുണ്ടക്കൈയിലെ അധ്യാപികയും മാധ്യമങ്ങളോട് പറഞ്ഞത്. എത്രപേര്‍ അപകടത്തില്‍പ്പെട്ടെന്ന് കൃത്യമായി പറയാനാകാത്ത അവസ്ഥയാണ്. സുരക്ഷിതമാണോ എന്ന് കുട്ടികളോട് ഇന്നലെ ചോദിച്ചതാണ്. ഇന്ന് മൂന്നു കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് പറഞ്ഞു കരഞ്ഞാണ് ടീച്ചര്‍ സംസാരിക്കുന്നത്. ചൂരല്‍മലയില്‍ മാത്രമായി നാനൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ചൂരല്‍മല വാര്‍ഡ് മെമ്പര്‍ സി കെ നൂറുദ്ദീന്‍ പറയുന്നത്. പ്രദേശത്തെ നിരവധി വീടുകള്‍ കാണാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

English Summary: Wayanad Landslides News LIVE: No information about my 22 children: Principal of Vellarmala School

 

Share on

മറ്റുവാര്‍ത്തകള്‍