”വീടിന്റെ മേല്‍ക്കൂരയില്‍ തന്നെയാണ് വിള്ളല്‍ വീണിരിക്കുന്നത്. രണ്ടാഴ്ചയായി ഇത് ശ്രദ്ധയില്‍ പെട്ടിട്ട്. പണിക്കാരോട് അന്നേ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നതാണ്. പിന്നീട് അവര്‍ വീട് പൂട്ടി പോകുകയായിരുന്നു. പിന്നെ ഇന്ന് രാവിലെയാണ് വാതില്‍ തുറന്ന് തന്നത്” സര്‍ക്കാര്‍ നിര്‍മിച്ച വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ വീണ വീടിന്റെ ഉടമ നൗഫല്‍ അഴിമുഖത്തോട് പറഞ്ഞു. ആദ്യഘട്ട നിര്‍മാണം ആരംഭിച്ചതില്‍ എട്ടാമത്തെ വീടായിരുന്നു നൗഫലിന്റേത്.
”പൊട്ടിയ വാതിലാണ് വീടിന് ഫിറ്റ് ചെയ്തിരിക്കുന്നത്. വാതിലിന്റെ സൈഡിലായി ലോക്ക് ഭാഗമായിരുന്നു പൊട്ടിയത്. അതൊക്കെ അവരെ ഞാന്‍ കാണിച്ച് കൊടുത്തു. പുതിയത് തരാമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ തന്നെ വീടിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കില്‍ നമ്മള്‍ താമസം തുടങ്ങിയാല്‍ എന്താകും അവസ്ഥ?” നൗഫല്‍ നിസംഗതയോടെ ചോദിക്കുന്നു.
”എന്റെ വീടിനോട് ചേര്‍ന്ന വീടിനും വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കി വീടുകളുടെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. മെയിന്‍ സ്ലാബ് പൊട്ടിയത് കൊണ്ടാണ് വെള്ളം കിനിയുന്നത്. എന്നാല്‍ സൂപ്പര്‍വൈസര്‍ പറഞ്ഞത് പ്ലാസ്റ്റര്‍ പൊട്ടിയത് കൊണ്ടാണെന്നായിരുന്നു. ഞാനൊരു കെട്ടിട നിര്‍മാണ തൊഴിലാളി ആയതുകൊണ്ട് തന്നെ എനിക്ക് അതിന്റെ ഗൗരവം മനസ്സിലായി. സ്ലാബ് പൊട്ടിയത് കൊണ്ടാണ് വെള്ളം താഴേക്ക് ഇറങ്ങുന്നത്. പ്ലാസ്റ്റര്‍ പൊട്ടിയത് കൊണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ലീക്ക് വരില്ലായിരുന്നു. ശരിയാക്കി തരുമെന്നാണ് ഇവര്‍ പറയുന്നത്.

വിഷുവിന് മുമ്പ് താമസിക്കാന്‍ പറ്റുമെന്നായിരുന്നു ഉദ്ഘാടന സമയം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പക്ഷേ പണികള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ക്ലോസറ്റിന്റെ പണികളും, മതില്‍ നിര്‍മാണം, വെള്ളത്തിന്റെയും ടാങ്കിന്റെയും നിര്‍മാണം, വയറിംഗ് ജോലികള്‍, കബോര്‍ഡ് നിര്‍മാണം തുടങ്ങിയ പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ പറയുന്ന 178 വീടുകളില്‍ ഒന്നിന്റെ പോലും നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും പബ്ലിസിറ്റിയായിരുന്നു സര്‍ക്കാര്‍ കാട്ടിക്കൂട്ടിയത്.
താമസയോഗ്യമായ ഒരു വീടല്ലേ നമ്മക്ക് വേണ്ടത്. ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് ഞങ്ങളാണ്. ഉദ്ഘാടനം നടത്താറൊന്നും ആയിട്ടില്ലാത്ത വീടുകളാണ് എല്ലാം. താക്കോല്‍ കൈമാറി എന്നൊക്കെയായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞത്. ഒരാള്‍ക്ക് പോലും അവിടെ താക്കോലുകള്‍ കൈമാറിയിട്ടില്ല. പട്ടയം മാത്രമാണ് ഞങ്ങള്‍ക്ക് തന്നത്. ഇതിന് പകരം പൈസ തരികയായിരുന്നെങ്കില്‍ എവിടെയെങ്കിലും വീടായി തന്നെ വാങ്ങി ജീവിക്കാമായിരുന്നു.
ദുരന്തത്തില്‍ നിന്ന് മാനസികമായി കരകയറാത്തവരാണ് ഞങ്ങള്‍. അഞ്ച് പേരൊക്കെ ഉണ്ടായിരുന്ന വീടുകളിലൊക്കെ ഇപ്പോള്‍ രണ്ടുപേരൊക്കെ മാത്രമായി. എന്റെ കുടുംബത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ 16 പേര്‍ നഷ്ടമായി. ദുരന്തസമയം ഞാന്‍ ദുബായിലായിരുന്നു. പണിത് ആറ് മാസമായ വീടായിരുന്നു എനിക്ക് നഷ്ടപ്പെട്ടത്. ആ വീട്ടിലോ എനിക്ക് കിടക്കാന്‍ യോഗമില്ലായിരുന്നു. ഈ വീട് കിട്ടിയപ്പോള്‍ ഇതിന്റെ അവസ്ഥയും ഇങ്ങനെയായി. വീട് നിര്‍മിച്ചതില്‍ രണ്ട് ലക്ഷം രൂപ കടമുണ്ട്. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതി തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അതും ഇതുവരെ എഴുതി തള്ളിയിട്ടില്ല. അതിനാല്‍ ബാങ്കുകാരും വിളിച്ചുകൊണ്ടിരിക്കുകയാണ്.
ഉദ്ഘാടന സമയം രാവും പകലും ഇല്ലാതെ 2000 ത്തോളം പണിക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടാഴ്ചയായി കഷ്ടിച്ച് 200 പേര്‍ മാത്രമായി. ആദ്യം ഉണ്ടായിരുന്ന പണിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു.
2018 ല്‍ പുത്തുമലയിലും സമാനമായ ദുരന്തം നടന്നപ്പോള്‍ സര്‍ക്കാര്‍ വീട് പണിത് നല്‍കിയിരുന്നു. അതും ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. അവരുടെ അവസ്ഥ ഞാന്‍ നേരില്‍ കണ്ടതായിരുന്നു. ഇപ്പോള്‍ ഇത് കൂടി ആയതോടെ മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണ്. പുത്തുമലക്കാര്‍ പല തവണ ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആരും തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല.
ഉദ്ഘാടനം നടത്താനായി പണിത സ്‌റ്റേജിനോട് ചേര്‍ന്നുള്ള 30 ഓളം വീടുകളാണ് കുറച്ചെങ്കിലും പണികള്‍ പൂര്‍ത്തിയായത്. സ്‌റ്റേജിന്റെ ഭാഗത്ത് വന്നവര്‍ കരുതും വീട് പണിയൊക്കെ പൂര്‍ത്തിയായല്ലോ എന്ന്. എന്നാല്‍ ഇനിയും ഒരുപാട് പണികള്‍ പൂര്‍ത്തിയാകാനുണ്ട്. എട്ടാമത്തെ വീടായ എന്റെ ആ വീടിന്റെ പണികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല” നൗഫല്‍ അഴിമുഖത്തോട് വ്യക്തമാക്കി.
7 സെന്റ് ഭൂമിയില്‍ ഏകദേശം 1000 ചതുരശ്ര അടിയിലാണ് വയനാട് ടൗണ്‍ഷിപ്പിലെ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൊത്തം 64.47 ഹെക്ടറില്‍ 410 വീടുകള്‍ നിര്‍മിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ആ വീടുകള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കി കൈമാറുമെന്നായിരുന്നു വാഗ്ദാനം.
Content Summary: Wayanad township housing crisis: survivors struggle with defects and delays