June 13, 2026 |
Share on

‘പറഞ്ഞത് അൽപം കൂടിപ്പോയി’; ട്രംപിനെതിരായ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് മസ്ക്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഇരുവരും വാക്ക്പോര് നടത്തിയിരുന്നു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള തന്റെ  സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിക്കുന്നതായി ടെസ്ല സിഇഒ ഇലോൺ മസ്ക്. കഴിഞ്ഞ ആഴ്ച ട്രംപിനെതിരെയുള്ള തന്റെ ആരോപണങ്ങൾ കുറച്ചധികമായി പോയി എന്ന് തോന്നുന്നുവെന്ന് മസ്ക് എക്സിൽ കുറിച്ചതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ സന്തതസഹചാരിയായിരുന്ന മസ്കുമായി കഴിഞ്ഞ കുറച്ച് നാളുകളായി ട്രംപ് സ്വരച്ചേർച്ചയിലായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ ഇരുവരും വാക്ക്പോര് നടത്തിയിരുന്നു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) ചുമതല മസ്ക് ഏറ്റെടുത്തിരുന്നു. എന്നാല്‍ ട്രംപിന്റെ ചില നയങ്ങളെച്ചൊല്ലി പ്രസിഡന്റുമായി ഇടഞ്ഞ മസ്ക് ഡോജില്‍ നിന്നും കഴിഞ്ഞ ആഴ്ച പടിയിറങ്ങുകയായിരുന്നു. തുടർന്നാണ് ട്രംപിനെതിരെ ആരോപണങ്ങളും വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്ക് ഉന്നയിക്കാൻ തുടങ്ങിയത്.

ട്രംപ് മനോഹരം എന്ന് വിശേഷിപ്പിച്ച ബജറ്റ് ബില്ലിനെ അറപ്പുളവാക്കുന്നതെന്ന് പറഞ്ഞ് മസ്ക് വിമർശിക്കുകയായിരുന്നു. മസ്കിന് ട്രൂത്ത് സോഷ്യലിലൂടെ കൃത്യമായ മറുപടിയും ട്രംപ് നൽകി. ശേഷം ഇരുവരും രൂക്ഷമായ വാക്ക്പോരാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. താൻ ഇല്ലായിരുന്നെങ്കിൽ 2024 ലെ തിരഞ്ഞെടുപ്പിൽ ട്രംപ് തോൽക്കുമായിരുന്നുവെന്നും മസ്ക് പറഞ്ഞിരുന്നു.

നികുതി നിയമത്തിനെതിരായ ഇലോണ്‍ മസ്കിന്റെ വിമർശനത്തില്‍ താന്‍ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയായിരുന്നു ടെസ്ല മേധാവി തന്റെ വിമർശനം കൂടുതല്‍ ശക്തമാക്കിയത്. ‘എന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ, ട്രംപ് തിരഞ്ഞെടുപ്പിൽ തോറ്റുപോകുമായിരുന്നു, ഡെമോക്രാറ്റുകൾ ഹൗസ് നിയന്ത്രിക്കുകയും റിപ്പബ്ലിക്കൻമാർ സെനറ്റിൽ 51-49 എന്ന നേരിയ ഭൂരിപക്ഷം മാത്രമേ നേടുമായിരുന്നുള്ളൂ’ എന്നായിരുന്നു മസ്ക് എക്സില്‍ കുറിച്ചു.

ട്രംപിന്റെയും മറ്റ് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുടെയും പഴയ പ്രസ്താവനകൾ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് തന്റെ വിമർശനം ശക്തമാക്കിയത്. സർക്കാർ ചെലവുകളെക്കുറിച്ചും ദേശീയ ബജറ്റ് കമ്മിയെക്കുറിച്ചുമുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വാദവും മസ്ക് ഉയർത്തിയിരുന്നു. ഇതിന് മറുപടിയായി മസ്‌കിന്റെ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകളും സബ്‌സിഡികളും റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

അതേസമയം, ട്രംപുമായുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചിരുന്നെങ്കിലും ട്രംപ് താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി നീണ്ടുനിന്ന വാക്ക് തർക്കങ്ങൾക്ക് ശേഷം ഇന്നാണ് തന്റെ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ച് മസ്ക് രം​ഗത്തെത്തിയിരിക്കുന്നത്. ട്രംപിനെക്കുറിച്ചുള്ള ഏത് അഭിപ്രായത്തിലാണ് താൻ ഖേദിക്കുന്നതെന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല.

ട്രംപിന്റെയും മസ്കിന്റെ ഓൺലൈൻ യുദ്ധത്തെക്കുറിച്ച് മസ്കിന്റെ പിതാവ് എറോൾ മസ്‌ക് അഭിപ്രായം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മസ്കിന്റെ ഖേദ പ്രകടനം. റഷ്യൻ പത്രമായ ഇസ്വെസ്റ്റിയയ്ക്ക് നൽകിയ വീഡിയോ അഭിമുഖത്തിൽ അവർ തമ്മിലുള്ള പ്രശ്നം ഉടൻ അവസാനിക്കുമെന്നും ട്രംപ് യുഎസിന്റെ പ്രസിഡന്റാണെന്നും എറോൾ പറഞ്ഞിരുന്നു.

Content Summary: ‘Went Too Far’: Elon Musk Expresses Regret Over Posts About Trump

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×