May 20, 2025 |

പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിന് കടമ്പകളേറെ; വത്തിക്കാന്റെ രഹസ്യ പ്രക്രിയകള്‍ ഇങ്ങനെ

മുദ്രമോതിരം ചുറ്റികകൊണ്ട് തകര്‍ക്കും

ആഗോള കത്തോലിക്ക സഭയുടെ വലിയ ഇടയന്റെ വിടവാങ്ങലോടെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി പതിറ്റാണ്ടുകളായി തുടരുന്ന നടപടി ക്രമങ്ങള്‍ക്ക് വത്തിക്കാന്‍ ഒരുങ്ങുകയായി. ഇനിയുള്ള ഒമ്പതുനാള്‍ വത്തിക്കാനില്‍ ഔദ്യോഗിക ദുഃഖാചരണമാണ്. ഈ ദിവസങ്ങളെ നോവെന്‍ഡിയേല്‍ എന്നാണ് അറിയപ്പെടുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തോടെ ചര്‍ച്ചയാകുന്നത് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയകള്‍ എങ്ങനെയാണെന്നാണ്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന ചടങ്ങിനെ ‘കോണ്‍ക്ലേവ്’ എന്നാണ് അറിയപ്പെടുന്നത്. കത്തോലിക്ക സഭ നേതൃത്വത്തിന്റെ വത്തിക്കാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കോളേജ് ഓഫ് കാര്‍ഡിനല്‍സ് കാമര്‍ലെംഗോ ആയിരിക്കും പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക.

ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്മാരായ അപ്പോസ്തലന്മാരില്‍ പ്രധാനിയായിരുന്ന വിശുദ്ധ പത്രോസിന്റെ ജീവിച്ചിരിക്കുന്ന പിന്‍ഗാമിയായാണ് മാര്‍പാപ്പയെ കത്തോലിക്ക സഭ കണക്കാക്കുന്നത്. ലോകമ്പൊടുമുള്ള 1.4 ബില്യണ്‍ (140 കോടി) ആളുകള്‍ അടങ്ങുന്ന കത്തോലിക്ക സഭയുടെ തലവനാണ് മാര്‍പാപ്പ.

മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന രീതി

പരമ്പരാഗതമായി വത്തിക്കാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പോപ്പിന്റെ മരണവിവരം സ്ഥിരീകരിക്കുക. നിലവില്‍ ഐറിഷ് വംശജനായ കര്‍ദിനാള്‍ കെവിന്‍ ഫാരെലിനാണ് ചുമതല. മാര്‍പാപ്പയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ചാപ്പലില്‍ സന്ദര്‍ശിച്ച ശേഷം മൂന്നുതവണ അദ്ദേഹത്തിന്റെ പേര് വിളിക്കുന്നതാണ് രീതി. തുടര്‍ന്ന് മാര്‍പാപ്പയുടെ ഓഫീസും അദ്ദേഹം താമസിച്ചിരുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റും അടച്ച് പൂട്ടും.

pope and ring

പിന്നീട് അദ്ദേഹത്തിന്റെ വിരലില്‍ അതുവരെ അണിഞ്ഞിരുന്ന മുദ്രമോതിരം ചുറ്റികകൊണ്ട് തകര്‍ക്കും. അദ്ദേഹത്തിന്റെ ഭരണകാലയളവിന്റെ അവസാനമാണ് മോതിരം തകര്‍ക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്. വെളുത്ത കാസോക്ക് ധരിച്ച് സിങ്ക് കൊണ്ട് പൊതിഞ്ഞ പെട്ടിയിലാകും കിടത്തുക. മൃതദേഹം പിന്നീട് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെത്തിച്ച് മൂന്ന് ദിവസം പൊതുദര്‍ശനത്തിനായി എംമ്പാം ചെയ്ത് സൂക്ഷിക്കും.

മാര്‍പാപ്പയുടെ മരണാനന്തര ചടങ്ങ്

മാര്‍പാപ്പയുടെ മരണശേഷം നാല് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ ഭൗതികശരീരം സംസ്‌കരിക്കണം. സൈപ്രസ്, ലെഡ്, ഓക്ക് എന്നിവകൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടികളിലാണ് പൊതുവെ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്നത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരു സാധാരണ കല്ലറയാണ്. വത്തിക്കാന് പുറത്ത് സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ തന്നെ സംസ്‌കരിക്കണമെന്ന ആഗ്രഹമാണ് വെളിപ്പെടുത്തിയിരുന്നത്. മുന്‍ഗാമികളെപ്പോലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ സംസ്‌കാര ചടങ്ങ് വേണ്ടെന്ന നിര്‍ദേശം പാപ്പ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. വത്തിക്കാന്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ ആയ ഇറ്റാലിയന്‍ സ്വദേശി ജിയോവന്നി ബാറ്റിസ്റ്റ റീ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.

ഫ്രാന്‍സിസ് പാപ്പയും സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ട ദേവാലയമായിരുന്നു സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്ക. പ്രത്യേക അവസരങ്ങളിലും വിദേശയാത്രാ വേളകളിലും ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയിലെ കന്യാമറിയത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. റോമില്‍ ആയിരിക്കുമ്പോഴെല്ലാം എല്ലാ ഞായറാഴ്ചകളിലും സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ എത്തുകയും പതിവായിരുന്നു.

മാര്‍പാപ്പയാകാന്‍ ആര്‍ക്കൊക്കെ കഴിയും?

മാമോദീസ സ്വീകരിച്ച ഏതൊരു റോമന്‍ കത്തോലിക്ക പുരുഷനും മാര്‍പാപ്പ ആകാനുള്ള തിരഞ്ഞെടുപ്പില്‍ പങ്കാളിയാകാം. എന്നിരുന്നാലും കര്‍ദിനാള്‍മാരായവരാണ് പോപ്പിന്റെ സ്ഥാനത്തേക്ക് സാധാരണയായി പരിഗണിക്കപ്പെടുന്നത്. 2013 ല്‍ നടന്ന മുന്‍ കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് പോപ്പ്, ലോകത്തിലെ കത്തോലിക്കരില്‍ ഏകദേശം 28% വരുന്ന തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായി മാറി. എന്നാല്‍ ചരിത്രപരമായ മുന്‍വിധി സൂചിപ്പിക്കുന്നത് കര്‍ദ്ദിനാള്‍മാര്‍ ഒരു യൂറോപ്യന്‍ അഥവാ ഇറ്റാലിയന്‍ വ്യക്തിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട 266 പോപ്പുമാരില്‍ 217 പേരും ഇറ്റലിയില്‍ നിന്നുള്ളവരായിരുന്നു.

പോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ

മാര്‍പാപ്പയുടെ മരണശേഷം മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായുള്ള കോണ്‍ക്ലേവ് ആരംഭിക്കും. കത്തോലിക്ക സഭ നേതൃത്വത്തിന്റെ വത്തിക്കാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കോളേജ് ഓഫ് കാര്‍ഡിനല്‍സ് കാമര്‍ലെംഗോയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ടത്. 80 വയസ്സിന് താഴെയുള്ള കര്‍ദിനാള്‍മാരാണ് പുരാതനവും അതീവ രഹസ്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുക.

മത്സരാര്‍ത്ഥികള്‍ ഒരിക്കലും പരസ്യപ്രസ്താവന നടത്തില്ല എന്നതാണ് പോപ്പിന്റെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. നിലവില്‍ 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 252 കര്‍ദിനാള്‍മാരാണ് ഉള്ളത്. ഇവരില്‍ 138 പേര്‍ക്ക് പുതിയ പോപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

sustain chappel

മൈക്കല്‍ ആഞ്ചലോ വരച്ച പ്രശസ്തമായ സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ വളരെ രഹസ്യമായാണ് കോണ്‍ക്ലേവ് നടക്കുക. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവര്‍ ഫോണ്‍, പത്രം തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാകാതെ സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ മാത്രമായി ഒതുങ്ങിക്കഴിയും. ഇതിനായി ചാപ്പല്‍ അകത്ത് നിന്ന് പൂട്ടിയിടുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ 12 വര്‍ഷമായി താമസിച്ചിരുന്ന സിസ്‌റ്റെന്‍ ചാപ്പലിനടുത്ത് പ്രത്യേകം നിര്‍മിച്ച സെന്റ് മാര്‍ത്ത ഭവനത്തിലായിരിക്കും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ കര്‍ദിനാള്‍മാര്‍ കഴിയുക.

ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ ഒന്നിലധികം റൗണ്ടുകളില്‍ വോട്ട് ചെയ്യും. ഈ പ്രക്രിയ ദിവസങ്ങളോളം തുടര്‍ന്നേക്കാം. 30 ബാലറ്റുകള്‍ക്ക് ശേഷവും നിര്‍ണായക ഫലം ലഭിച്ചില്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചിത ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കും. 1922 ലായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോണ്‍ക്ലേവ് നടന്നത്. അന്ന് അഞ്ച് ദിവസം എടുത്തായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.

കറുത്ത പുകയും വെളുത്ത പുകയും

തിരഞ്ഞെടുപ്പിന്റെ ഫലസൂചന സംബന്ധിച്ച് പുറംലോകം അറിയുന്നത് വത്തിക്കാന്റെ ചിമ്മിനിയില്‍ നിന്നുയരുന്ന പുക നോക്കിയാണ്. ഓരോ വോട്ടിന് ശേഷവും ബാലറ്റുകള്‍ കത്തിക്കും. ദിവസവും രണ്ട് തവണ ഇപ്രകാരം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയാണ് പോപ്പിനെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് അര്‍ത്ഥമാക്കുന്നത്. കറുത്ത പുക ഉയര്‍ന്നാല്‍ പുതിയ പോപ്പിനായി കാത്തിരിക്കണമെന്നും, വെളുത്ത പുക ഉയര്‍ന്നാല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുത്തുവെന്നുമാണ് അര്‍ത്ഥം. പുക കറുപ്പും വെളുപ്പുമാക്കാന്‍ ബാലറ്റ് പേപ്പറിനൊപ്പം രാസവസ്തുക്കളും ചേര്‍ക്കും.

മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയോട് മാര്‍പാപ്പയാവാന്‍ സമ്മതമാണോയെന്ന് ചോദിക്കും. സമ്മതം അറിയിച്ചാല്‍ പുതിയ പോപ്പിനോട് അനുസരണ കാണിക്കുമെന്ന് കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പ്രതിജ്ഞയെടുക്കും. തിരഞ്ഞെടുപ്പിന് ശേഷം വെളുത്ത കാസോക്കും തലയോട്ടി തൊപ്പിയും, ചുവന്ന ചെരിപ്പും ധരിക്കാനായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോകും. തിരഞ്ഞെടുക്കപ്പെടുന്ന മാര്‍പാപ്പയ്ക്കായി വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്ന് സെറ്റ് വസ്ത്രങ്ങള്‍ വത്തിക്കാന്‍ തയ്യല്‍ക്കാര്‍ മുന്‍കൂട്ടി നിര്‍മിച്ചിട്ടുണ്ടാകും.

തുടര്‍ന്ന് കോളേജ് ഓഫ് കാര്‍ഡിനല്‍സിലെ ഒരു പ്രതിനിധി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന ബാല്‍ക്കണിയില്‍ നിന്ന് താഴെ കാത്തുനില്‍ക്കുന്ന ആയിരക്കണക്കിന് ആളുകളെ നോക്കി ലാറ്റിന്‍ ഭാഷയില്‍ ‘ഹാബെമസ് പാപം’ അതായത് ‘നമുക്കൊരു മാര്‍പാപ്പ ഉണ്ട്’ എന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെട്ട മാര്‍പാപ്പ വിശുദ്ധന്റെയോ, മുന്‍ഗാമിയുടെയോ ഒരു പേര് സ്വയം സ്വീകരിച്ച് വെളുത്ത കാസോക്ക് ധരിച്ച് ബാല്‍ക്കണിയില്‍ എത്തി പൊതുജനങ്ങളോട് സംസാരിച്ച് അവരെ ആശിര്‍വദിക്കും.what are the procedure for selecting new pope 

Content Summary: what are the procedure for selecting new pope

Leave a Reply

Your email address will not be published. Required fields are marked *

×