മദ്ധ്യധരണ്യാഴിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേല്‍, ലോകത്തിലെ ഏക ജൂത രാജ്യമാണ്. ഇപ്പോള്‍ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള തങ്ങളുടെ ജന്മനാട്ടില്‍ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഒരു പലസ്തീന്‍ രാജ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് അറബ് ജനതയായ പലസ്തീനികള്‍. ആര്‍ക്ക് ഏത് ഭൂമി ലഭിക്കുമെന്നും അതിന്റെ നിയന്ത്രണം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധച്ച തര്‍ക്കമാണ് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ അടിസ്ഥാനം. ജൂതന്മാരും അറബികളും ഈ ഭൂമിയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് ഒന്നോ രണ്ടോ ആയിരം വര്‍ഷങ്ങളുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്പില്‍ നിന്നും പലായനം ചെയ്ത ജൂതന്മാര്‍, അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അറബ്-മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഒരു ദേശീയ മാതൃരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് കരുതുന്ന അറബികള്‍ ഈ നീക്കത്തെ ചെറുത്തു. ഓരോ വിഭാഗത്തിനും ഭൂമി ഭാഗം വയ്ക്കാനുള്ള യുഎന്‍ നീക്കം പരാജയപ്പെടുകയും മേഖലയുടെ നിയന്ത്രണത്തിനായി ഇസ്രയേലും ചുറ്റുപാടുമുള്ള അറബി രാജ്യങ്ങളും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടക്കുകയും ചെയ്തു. ഈ യുദ്ധങ്ങളുടെ, പ്രത്യേകിച്ചും 1948 ലും 1967ലും നടന്ന രണ്ട് യുദ്ധങ്ങളുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍.
പലസ്തീന്‍ ജനതയ്ക്ക് ഭൂരിപക്ഷമുള്ള ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും നിയന്ത്രണം ഇസ്രയേലിന് ലഭിച്ച 1967ലെ യുദ്ധത്തിന് ഇന്നത്തെ സംഘര്‍ഷങ്ങളില്‍ വലിയ പങ്കുണ്ട്: ഇപ്പോള്‍ വെസ്റ്റ് ബാങ്കിന് മേല്‍ പലസ്തീന് നാമമാത്രമായ നിയന്ത്രണം ഉണ്ടെങ്കിലും പ്രദേശം ഇസ്രയേല്‍ അധിനിവേശത്തിന് കീഴിലാണുള്ളത്. പലസ്തീനികള്‍ക്ക് ഭൂമി നിഷേധിക്കുന്ന തരത്തില്‍ ഫലപ്രദമായ ജൂത കുടിയേറ്റത്തിലൂടെയാണ് ഇസ്രയേല്‍ ഈ നിയന്ത്രണം നേടിയെടുത്തത്. ഇസ്രയേല്‍ സേന കൈയേറ്റക്കാര്‍ക്ക് സായുധ സംരക്ഷണം നല്‍കുകയും പലസ്തീന്‍ പ്രസ്ഥാനത്തിന് നേരെ സുരക്ഷ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. 2014 ഏപ്രില്‍ 23ന് ഇരുവിഭാഗം പലസ്തീന്‍ സംഘങ്ങള്‍ യോജിക്കുകയും 2007ന് ശേഷം ആദ്യമായി സംയുക്ത പലസ്തീന്‍ സര്‍ക്കാര്‍ രൂപീകൃതമാവുകയും ചെയ്തു. തങ്ങളെ തകര്‍ക്കാനുള്ള ഒരു അവസരവും ഹമാസ് പാഴാക്കില്ല എന്ന് വിശ്വസിക്കുന്ന ഇസ്രയേലിനെ ഈ നീക്കം പ്രകോപിപ്പിക്കുകയും നടന്നുവന്ന സമാധാന സംഭാഷണങ്ങള്‍ മുടങ്ങുകയും ചെയ്തു.
ഗാസയുടെയും വെസ്റ്റ്ബാങ്കിലെ ഭൂരിപക്ഷം പ്രദേശങ്ങളുടെ നിയന്ത്രണം പലസ്തീന് ലഭിക്കുകയും ബാക്കിയുള്ള പ്രദേശങ്ങള്‍ ഇസ്രയേലിന് നല്‍കുകയും ചെയ്യുന്ന ‘രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍’ എന്ന പരിഹാര നിര്‍ദേശമാണ് ഇപ്പോള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുന്നത്. രണ്ട് രാജ്യങ്ങള്‍ എന്ന നിര്‍ദ്ദേശം സിദ്ധാന്തപരമായി പൂര്‍ണമാണെങ്കിലും അത് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കും എന്ന കാര്യത്തില്‍ ഇരുകക്ഷികളും തമ്മില്‍ ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
എല്ലാ പ്രദേശത്തെയും ഉള്‍പ്പെടുന്ന രീതിയില്‍ ഒരു വലിയ പലസ്തീന് അല്ലെങ്കില്‍ ഒരു വലിയ ഇസ്രയേലിന് നിയന്ത്രണം ലഭിക്കുന്ന ഏകരാജ്യ പരിഹാര നിര്‍ദ്ദേശവും നിലവിലുണ്ട്. ഈ നിര്‍ദ്ദേശം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കാനേ സഹായിക്കുകയുള്ളൂ എന്ന് മിക്ക നിരീക്ഷകരും കരുതുന്നു. എന്നാല്‍ രാഷ്ട്രീയവും ജനസംഖ്യാനുപാതികവുമായ കാരണങ്ങളാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
എന്താണ് സയണിസം?
ഇസ്രയേലിന്റെ ദേശീയ പ്രത്യയശാസ്ത്രമാണ് സയണിസം. ജൂഡായിസം മതമെന്ന പോലെ ദേശീയതയും ആണെന്നും ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്ന പോലെയോ ചൈനക്കാര്‍ക്ക് ചൈന എന്ന പോലെയോ തങ്ങളുടെ പിതൃഭൂമിയായ ഇസ്രായേലില്‍ സ്വന്തം രാജ്യം സ്ഥാപിക്കാനുള്ള അവകാശമുണ്ടെന്നും സയണിസ്റ്റുകള്‍ വിശ്വസിക്കുന്നു. ജൂതന്മാരെ ഇസ്രയേലിലേക്ക് മടക്കി കൊണ്ടുവന്ന ഈ വികാരമാണ് അറബ്-പലസ്തീന്‍ ജനതയുടെ മനസില്‍ ഇസ്രയേല്‍ രാജ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉണര്‍ത്തുന്നതും.
ഏകദേശം ബിസി 950ല്‍ നിലവിലുണ്ടായിരുന്നു എന്ന് ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ദാവീദിന്റെയും സോളമന്റെയും സമ്രാജ്യത്തോടാണ് തങ്ങളുടെ രാജ്യാവകാശത്തെ ജൂതന്മാര്‍ കൂട്ടിയിണക്കുന്നത്. യൂറോപ്പില്‍ ദേശീയ വികാരം വ്യാപകമായ 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ‘സയണിലേക്കുള്ള മടക്കം’ എന്ന് ദീര്‍ഘകാല ജൂത ആവശ്യത്തിനുമേല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ആധുനിക സയണിസം ആരംഭിക്കുന്നത്. മതേതരവാദിയായ ഓസ്ട്രിയന്‍-ജൂത പത്രലേഖകനായിരുന്ന തിയോഡര്‍ ഹേള്‍സാണ് 1896-ഓടെ ജൂത ദേശീയതയെ ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാക്കി മാറ്റിയത്.
ഇസ്രയേലുമായി വരുന്ന ചര്‍ച്ചകളിലൊക്കെയും സയണിസം അല്ലെങ്കില്‍ സയണിസ്റ്റ് എന്ന വാക്ക് കടന്നു വരുന്നുണ്ടെങ്കിലും, സയണിസം രണ്ട് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്. 1948-നു മുമ്പും, 1948-ന് ശേഷവും അത് വ്യത്യാസപ്പെട്ടിരിക്കുന്നു. ’48-ന് ശേഷമുള്ള(പോസ്റ്റ് സയണിസം) സയണിസം നിര്‍വചനമാണ് ഇന്ന് ഭൂരിഭാഗവും പരിഗണിക്കുന്നത്. ഇസ്രയേല്‍ രാഷ്ട്രത്തിന് സ്വതന്ത്രമായി നില്‍ക്കാനും ജൂതന്മാര്‍ക്ക് സ്വയം നിര്‍ണയത്തിനുമുള്ള അവകാശം ഉണ്ടെന്ന് നിര്‍വചിക്കുന്നതാണ് പോസ്റ്റ് സയണിസം. ഈ നിര്‍വചനം ഇസ്രയേലിനോടുള്ള പക്ഷം പിടിക്കിലായും വ്യാഖ്യാനിക്കാം. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം എടുത്താല്‍ ഇസ്രയേല്‍ നടത്തുന്നത് നിലനില്‍പ്പിനുള്ള പോരാട്ടമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ പോസ്റ്റ് സയണിസം ഉപയോഗപ്പെടുത്തുന്നുണ്ട്.
1948-ന് മുമ്പുള്ള സയണിസം(പ്രീ-സയണിസം), ഒരു ജൂത രാഷ്ട്രത്തിന്റെ സ്ഥാപനത്തിനുവേണ്ടിയുള്ള ഒരു പൊതു പ്രസ്ഥാനത്തിന്റെ നിര്‍വചനമാണ് പറയുന്നത്. ഒരു സ്വതന്ത്ര ജൂത രാഷ്ട്രത്തിന്റെ മണ്ണിലേക്ക്, പലനാടുകളിലായി ചിതറിക്കിടക്കുന്ന യഹൂദന്മാരെ(ഡയസ്‌പോറ) എത്തിച്ചുകൊണ്ട് ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ടതോടെ സയണിസം അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ്. എന്നാല്‍ സയണിസം ലക്ഷ്യപ്രാപ്തി നേടി അവസാനിപ്പിച്ചില്ല. ഇസ്രയേല്‍ സ്ഥാപിതമായതിനു പിന്നാലെ രാഷ്ട്രീയ സയണിസം ആരംഭിച്ചു. രാഷ്ട്രീയ സയണിസം പല ഘടകങ്ങളുടെ ഉത്പന്നമായിരുന്നു. യൂറോപ്പിലും അറബ് രാജ്യങ്ങളിലും യഹൂദര്‍ നേരിടേണ്ടി വന്ന പീഡനം, ലോകമെമ്പാടുമുള്ള യഹൂദ ദേശീയതയുടെ ഉദയം, ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ആദര്‍ശപരമായ ദര്‍ശനങ്ങള്‍, യഹൂദന്മാര്‍ അവരുടെ സ്വന്തം വിധി നിയന്ത്രിക്കുകയാണെങ്കില്‍ മാത്രമേ സുരക്ഷിതരായിരിക്കൂ എന്ന ചിന്ത തുടങ്ങിയ ഘടകങ്ങളാണ് രാഷ്ട്രീയ സയണിസത്തെ രൂപപ്പെടുത്തിയത്.
സയണിസം അതിന്റെ ഉദയം തൊട്ട് ഓരോരോ മൂവ്‌മെന്റുകളായി കൂട്ടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനസംഖ്യകൊണ്ടല്ല, സംസ്‌കാരം കൊണ്ടുണ്ടാക്കുന്ന ഒരു സ്വതന്ത്ര ജൂതരാഷ്ട്രം വേണമെന്ന് വാദിച്ച സാംസ്‌കാരിക സയണിസം, കിബൂട്ടിസത്തിന് അടിസ്ഥാനമാവുകയും ജൂതരാഷ്ട്രത്തിന്റെ ആദ്യകാല നേതാക്കളെ രൂപപ്പെടുത്തുകയും ഭൂമിയുടെ പരിവര്‍ത്തന ശക്തിയില്‍ ഊന്നി പ്രവര്‍ത്തിക്കുകയും ചെയ്ത ലേബര്‍ സയണിസം(ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയോണ്‍ ലേബര്‍ സയണിസ്റ്റ് ആയിരുന്നു), ലേബര്‍ സയണിസത്തിന് തീവ്രത പോരായെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രകോപനപരമായ മുന്നേറ്റത്തിലൂടെ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ തയ്യാറെടുത്തുകൊണ്ട് വിഘടനവാദ സംഘമായി രൂപപ്പെട്ട തിരുത്തല്‍വാദ സയണിസം, ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ദൈവനിശ്ചയമായിട്ടുള്ളതാണെന്ന വിശ്വാസം കൊണ്ടുനടന്ന, മതാത്മക സയണിസം എന്നിങ്ങനെ പല രൂപങ്ങളായി സയണിസം പ്രവര്‍ത്തിച്ചു വന്നിരുന്നു.
ഇസ്രയേല്‍ എന്നൊരു സ്വതന്ത്ര ജൂത രാഷ്ട്രം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയും സയണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആവശ്യമെന്താണ് എന്ന ചോദ്യമിപ്പോഴുണ്ട്. എല്ലാ യഹൂദരും ഇസ്രായേലിനെ ഒരു മാതൃരാജ്യമായി വീക്ഷിക്കുന്ന ഒരു തത്വചിന്തയായി സയണിസം നിലനില്‍ക്കുന്നുവെന്നാണ് ഒരു വാദം. ഹോളോകോസ്റ്റിനെ അതിജീവിച്ചവരെയും മറ്റ് രാജ്യങ്ങളുടെയും മതങ്ങളുടെയും പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കേണ്ടി വന്നവരും പലായനം ചെയ്തു കാലം കഴിക്കേണ്ടി വന്നവരുമായ ജൂതരെയെല്ലാം അവരുടതായൊരു രാജ്യത്ത് കൊണ്ടുവന്നു ചേര്‍ക്കാന്‍ ഈ തത്വചിന്ത സഹായകമായിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് സയണിസം എന്ന പൊളിറ്റിക്കല്‍ സയണിസം ഇസ്രയേലിന്റെ സുരക്ഷ എന്ന പേരില്‍ അതിന്റെ തന്നെ പൂര്‍വകാല അനുഭവങ്ങളെ തിരസ്‌കരിച്ചുകൊണ്ടുള്ള പ്രവര്‍ത്തികളാണ് ചെയ്യുന്നത്.
Content Summary; What is the issue between Israel and Palestine, what is Zionism?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.