സാമൂഹിക പ്രവർത്തക മേധാ പട്കറിനെ അപകീർത്തി കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 23 വർഷം മുൻപ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നൽകിയ മാനനഷ്ട കേസിലാണ് അറസ്റ്റ്. കേസിൽ മേധാ പട്കറിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്താണ് കേസ്?
2000 മുതൽ സക്‌സേനക്കെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടിരുന്ന മേധ പട്കർ നവംബർ 24ന് ഒരു പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് കേസ് ആരംഭിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ.ജി.ഒ നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസിന്റെ അന്നത്തെ തലവനായ വികെ സക്‌സേനക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു പത്രക്കുറിപ്പിൽ. വികെ സക്‌സേന ഒരു ഭീരു ആണെന്നും ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജനങ്ങളെയും വിഭവങ്ങളെയും വിദേശ താൽപ്പര്യങ്ങൾക്ക് വിറ്റഴിച്ചെന്നും മേധ പട്കർ ആരോപിച്ചു.
‘നർമ്മദ ബച്ചാവോ ആന്ദോളൻ’ എന്ന തന്റെ സംഘടനക്കെതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് മേധ പട്കർ സക്സേനക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ശേഷം ഒരു ടി.വി ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സക്‌സേന മേധ പട്കറിനെതിരെ രണ്ട് കേസുകൾ ഫയൽ ചെയ്തു.
ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി മേധയുടെ പ്രസ്താവനകൾ അപകീർത്തികരമാണെന്നും സക്‌സേനയുടെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും വിധിച്ചു. തുടർന്ന് 2023 മെയ് 24 ന്, മേധ പട്കറെ സക്സേന നൽകിയ മാനനഷ്ട കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മേധുടെ പരാമർശങ്ങൾ സക്‌സേനയുടെ സത്യസന്ധതയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കോടതി പറഞ്ഞു.
മെയ് 30 ന് ശിക്ഷാവിധി സംബന്ധിച്ച വാദങ്ങൾ അവസാനിച്ച ശേഷം, ജൂലൈ 1 ന് കോടതി മേധ പട്കറിന് അഞ്ച് മാസത്തെ തടവ് ശിക്ഷ വിധിച്ചു. എന്നാൽ അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് നഷ്ടപരിഹാര തുകയും പ്രൊബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ട് കോടതി പ്രൊബേഷൻ അനുവദിക്കുകയായിരുന്നു.
2025 ഏപ്രിൽ എട്ടിലെ കോടതി ഉത്തരവിൽ മേധ പട്കറിനോട് ഈ വ്യവസ്ഥകൾ പാലിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ അവ പാലിക്കുന്നതിൽ അവർ ടുടർച്ചയായി പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. അതേസമയം, ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കാനുണ്ടെന്നും നിലവിലെ കോടതി നടപടികൾ വൈകിപ്പിക്കണമെന്നും മേധ പട്കറുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. വാദം കേൾക്കലിൽ വീഡിയോ കോളിലൂടെയാണ് മേധ പങ്കെടുത്തത്. എന്നാൽ നേരിട്ട് ഹാജരാകാതിരുന്നതും ശിക്ഷാ നിയമങ്ങൾ പാലിക്കാതിരുന്നതും കോടതി നടപടികളിൽ നിന്നും മനപൂർവ്വം ഒഴിഞ്ഞുമാറിയതായി കോടതി വിമർശിച്ചു. നിയമപരമായ ആശ്വാസം ദുരുപയോഗം ചെയ്‌തുവെന്നും കോടതി നിർദേശങ്ങളിൽ അനാദരവ് കാണിച്ചുവെന്നും ചൂണ്ടിക്കാട്ടി ഡൽഹി സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
Content Summary: What is the defamation case in which Medha Patkar was arrested?