UPDATES

വിദേശം

നീതിയുടെ അവസാന പ്രതീക്ഷ; ഗസയെ രക്ഷിക്കുമോ അന്താരാഷ്ട്ര നീതിന്യായ കോടതി ?

ഗസയ്ക്ക് വേണ്ടി പരാതിക്കാരനായ ദക്ഷിണാഫ്രിക്ക

                       

മരണത്തിന്റെയും ദുഖത്തിന്റെയും ഇടം-ഗസയെ കുറിച്ച് ഇങ്ങനെ പറഞ്ഞത് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ്. ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് പരിഗണിക്കവെ, ആക്രമണങ്ങളിലൂടെ ഗസ എങ്ങനെ മാറിപോയി എന്ന് വ്യക്തമാക്കുകയായിരുന്നു കോടതി. ഇപ്പോഴിതാ വീണ്ടും ഗസയിലെ റഫയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ ഇടപെടുകയാണ് കോടതി. സൈനീക നടപടി ഉടന്‍ നിര്‍ത്തണം, ഒപ്പം നരകയാതന അനുഭവിക്കുന്ന ജനതയ്ക്ക് സഹായം എത്തിക്കാന്‍ അതിര്‍ത്തി തുറന്ന് നല്‍കണം. ഇസ്രയേലിനെതിരായ വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എത്തുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് ഗസയില്‍ പ്രവേശനം അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കൂട്ട കുഴിമാടങ്ങളും അമ്മമാരുടെ നിലവിളിയും പ്രതീക്ഷയറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും കണ്ട് മരവിച്ച ആഗോളസമൂഹം കാത്തിരുന്നതും ഈ ഇടപെടലിനാണ്. കാരണം അതിര്‍ത്തികള്‍ കടന്നെത്തുന്ന അനീതികള്‍ തടയാനും സമാധാനം കാക്കാനും ലോകത്തിന് മുന്നിലുള്ള ഏക പ്രതീക്ഷയാണ് ഐ.സി.ജെ. അതുകൊണ്ട് തന്നെ അത് പകരുന്ന പ്രതീക്ഷ ചെറുതല്ല. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പാലിക്കില്ലെന്ന് പരോക്ഷ മറുപടിയാണ് ഇസ്രയേലില്‍ നിന്നുണ്ടായത്. എന്നാല്‍ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ ഇസ്രയേല്‍ തയ്യാറാവേണ്ടി വന്നേക്കും. കാരണം കോടതി ഇടപെടലോടെ ഇസ്രയേല്‍ നിയമത്തിന്റെ ബാധ്യത കൂടി ചുമക്കേണ്ടി വരികയാണ്.

ഗസയ്ക്ക് വേണ്ടി പരാതിക്കാരനായ ദക്ഷിണാഫ്രിക്ക

2023 ഡിസംബറിലാണ് ഗസയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇതിനായി
അന്താരാഷ്ട്ര നിയമ വിദഗ്ധരുടെ  ഒരു പാനല്‍ തന്നെ ദക്ഷിണാഫ്രിക്ക രൂപീകരിച്ചിരുന്നു. ഈ സംഘം തയ്യാറാക്കിയ 84 പേജുള്ള പരാതിയാണ് ഇപ്പോള്‍ കോടതിയ്ക്ക് മുന്നിലുള്ളത്. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും പരാതി ചൂണ്ടിക്കാണിക്കുന്നു. ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 35,562 പേര്‍ കൊല്ലപ്പെടുകയും 79,652 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീനുമായി മുന്‍കാല ബന്ധമുള്ള ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഭരണകക്ഷി. ഇതാണ് ഗസയ്ക്ക് തുണയായതും.

പ്രതീക്ഷയാവുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി സ്ഥാപിച്ചതാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. 1945 ജൂണില്‍ യുഎന്‍ ചാര്‍ട്ടര്‍ സ്ഥാപിച്ച കോടതിയ്ക്കാണ് ഐക്യരാഷ്ട്രസഭയുടെ നീതിന്യായകാര്യങ്ങളുടെ ചുമതലയും. അതായത് യു.എന്‍. ജനറല്‍ അസംബ്ലി, യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍, യു.എന്‍. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍, യു.എന്‍. സെക്രട്ടേറിയറ്റ്, യു.എന്‍. ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ തുടങ്ങി ഐക്യരാഷ്ട്രസഭയുടെ ഇതരഘടകങ്ങള്‍ക്ക് നിയമോപദേശം നല്‍കാനുമുള്ള ചുമതല. 1946ലാണ് ഔദ്യോഗികമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ കോടതിയുടെ തലപ്പത്ത് ഇരിക്കുന്നത് ലെബനീസ് പൗരനായ നവാഫ് സലാമാണ്.അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരെ യു.എന്‍. ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലുമാണ് തിരഞ്ഞെടുക്കുന്നത്. ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ പതിനഞ്ചംഗ ജഡ്ജിമാരുടെ കമ്മിറ്റിയാണ് നീതിന്യായകോടതിയെ നയിക്കുന്നത്. ഒന്‍പതുവര്‍ഷമായിരിക്കും ഇവരുടെ കാലാവധി. ഓരോ മൂന്നുവര്‍ഷത്തിലും മൂന്നിലൊന്ന് അംഗങ്ങളെ തിരഞ്ഞെടുക്കും.

വെല്ലുവിളികള്‍

1948 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ആണ് വംശഹത്യയെ അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകരമാക്കിയത്. ഇത് പ്രകാരം വംശഹത്യ ആരോപണങ്ങള്‍ പരിശോധിക്കാനുള്ള അവകാശം അന്താരാഷ്ട്ര നീതിന്യായ കോടതിക്കാണ്. ഇതാണ് ഇസ്രയേലിനെ വെട്ടിലാക്കിയിരിക്കുന്നതും. എന്നാല്‍ പലപ്പോഴും കോടതി വിധി വേണ്ടത്ര പാലിക്കപ്പെടാറില്ല. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള കോടതി ഉത്തരവ് 2022ല്‍ റഷ്യ നിരസിച്ചത് ഉദാഹരണം. കോടതി ഉത്തരവ് ശക്തമായി നടപ്പാക്കുന്നതിനുള്ള ഏകമാര്‍ഗം യുഎന്‍ രക്ഷാസമിതിയുടെ വോട്ടെടുപ്പാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉള്‍പ്പെടെയുള്ള കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒരാള്‍ വീറ്റോ ചെയ്താലും അത് പരാജയപ്പെടും. ഗസയ്ക്ക് വേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ വംശഹത്യ പരാതിയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴമ്പില്ലാത്ത ആരോപണമെന്നാണ് വിശേഷിപ്പിച്ചത്. ചുരുക്കത്തില്‍ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരം കോടതിയുടെ ഇടപെടലുകളെ പ്രതികൂലമായി ബാധിക്കാം.കോടതി വിധികളെ അംഗരാജ്യങ്ങള്‍ തന്നെ അവഗണിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും ലോകകോടതിയുടെ വിധിയെ പോലും വന്‍കിട രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും സ്വാധീനിക്കാറുണ്ട്. കോടതി നടപടികളിലെ വലിയ കാലതാമസവും പ്രതിസന്ധിയാണ്.

 

English summary; What is the ICJ, the U.N. court ordering Israel to halt Rafah offensive?

 

Share on

മറ്റുവാര്‍ത്തകള്‍