എന്താണ് സിന്ധു നദീജല കരാര്‍, ഇന്ത്യയുടെ പിന്മാറ്റം പാകിസ്താന് തിരിച്ചടിയാകുമോ?

യുദ്ധകാലങ്ങളില്‍ പോലും ഇന്ത്യയെടുക്കാത്ത തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌

26 മനുഷ്യരെ കൊന്നൊടുക്കുകയും പത്തിലേറേ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി 1960 ലെ സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) ഇന്ത്യ അടിയന്തര പ്രാബല്യത്തോടെ നിര്‍ത്തിവച്ചിരിക്കുകയാണ്. സിന്ധുനദിയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ കരാറാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്)യിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബുധനാഴ്ച രാത്രി നടന്ന സുരക്ഷ സമതി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തീരുമാനം പ്രഖ്യാപിച്ചത്. ‘അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ വിശ്വസനീയമായും, ഒരിക്കലും തെറ്റിക്കാത്ത തരത്തിലും പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ 1960 ലെ സിന്ധു ജല കരാര്‍ ഇന്ത്യ നിര്‍ത്തിവയ്ക്കുമെന്നും ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും വിക്രം മിശ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്താണ് സിന്ധുനദീജല കരാര്‍
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പു വച്ച കരാറാണ് സിന്ധു നദീജല കരാര്‍(ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി- ഐഡബ്ല്യുടി). ലോകബാങ്കിന്റെ അനുമതിയോടെ ക്രമീകരിച്ച കരാര്‍, കറാച്ചിയില്‍ വച്ച് പാക് പ്രസിഡന്റ് അയൂബ് ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ചേര്‍ന്നാണ് ഒപ്പുവയ്ക്കുന്നത്. 12 ആര്‍ട്ടിക്കിളുകളും 8 അനുബന്ധങ്ങളും (എ മുതല്‍ എച്ച് വരെ) ഉള്‍പ്പെടുന്നതാണ് ഉടമ്പടി. ഐഡബ്ല്യുടി പ്രകാരം, ‘കിഴക്കന്‍ നദികള്‍’ ആയ ബിയാസ്, രവി, സത്ലജ് എന്നിവയിലെ ജലത്തിന്റെ ‘നിയന്ത്രണമില്ലാത്ത ഉപയോഗം’ ഇന്ത്യയ്ക്കും, മൂന്ന് ‘പടിഞ്ഞാറന്‍ നദികളുടെ’ (സിന്ധു, ചെനാബ്, ഝലം) നിയന്ത്രണം പാകിസ്ഥാനും നല്‍കി. കരാര്‍ പ്രകാരം സിന്ധു നദിയിലെ വെള്ളത്തിന്റെ ഏകദേശം 30 ശതമാനം ഇന്ത്യയ്ക്കും 70 ശതമാനം പാകിസ്ഥാനും അനുവദിക്കുന്നു.

സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി)യിലെ ആര്‍ട്ടിക്കിള്‍ III (1) പ്രകാരം, പടിഞ്ഞാറന്‍ നദികളിലെ (സിന്ധു, ചെനാബ്, ഝലം) വെള്ളം പാകിസ്ഥാനിലേക്ക് ഒഴുകാന്‍ ഇന്ത്യ അനുവദിക്കണം. കരാര്‍ പ്രകാരം ഈ നദികളുടെ സ്വാഭാവിക ഒഴുക്കില്‍ ഇന്ത്യ ഇടപെടരുത്. തടസ്സമില്ലാതെ പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകാന്‍ അനുവദിക്കണം. അതുപോലെ പടിഞ്ഞാറന്‍ നദികളിലെ വെള്ളം ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ അവകാശം ഇന്ത്യ ഉറപ്പാക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കടുത്ത തീരുമാനം ഇതാദ്യം
കരാര്‍ നിലവില്‍ വന്നശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടുപോലും കരാര്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല. ഇതാദ്യമായാണ് രണ്ട് രാജ്യങ്ങളില്‍ ഒന്ന് കരാര്‍ താത്കാലികമായി റദ്ദാക്കുന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. 18 സൈനികര്‍ കൊല്ലപ്പെട്ട 2016 ലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ഐഡബ്ല്യുടിയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും കടുത്തൊരു തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരുന്നില്ല.

ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സിന്ധു നദീജല കരാര്‍ പിരിമുറുക്കങ്ങളുടെ കേന്ദ്രബിന്ദുവാണ്. കരാര്‍ പരിഷ്‌കരിക്കണമെന്ന് 2023 ജനുവരിയില്‍ ഇസ്ലാമാബാദിനോട് നോട്ടീസ് മുഖാന്തരം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സെപ്റ്റംബറില്‍ കരാറില്‍ ‘പുനഃപരിശോധനയും പരിഷ്‌ക്കരണവും’ ആവശ്യപ്പെട്ട് മറ്റൊരു ഔദ്യോഗിക നോട്ടീസും നല്‍കിയിരുന്നു.

കരാര്‍ നിലവില്‍ വന്നിട്ട് 2025ല്‍ 65 വര്‍ഷം തികയുകയാണ്. കരാറില്‍ ‘പുനഃപരിശോധന’ വേണം എന്ന് ആവശ്യത്തിലൂടെ ഇന്ത്യ ആഗ്രഹിക്കുന്നത്, ഉടമ്പടി റദ്ദാക്കാനോ അതിന്മേല്‍ പുനഃചര്‍ച്ച നടത്താനോ ആണെന്നായിരുന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. മാറിയ സാഹചര്യങ്ങള്‍ കാരണം സിന്ധു നദീജല ഉടമ്പടി പുനപരിശോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സാഹചര്യങ്ങള്‍ മാറിയിരിക്കുന്നതിനാല്‍ ഉടമ്പടി പ്രകാരമുള്ള ബാധ്യതകളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വേണമെന്ന ന്യായമായിരുന്നു ന്യൂഡല്‍ഹി മുന്നോട്ടുവച്ചത്. ജനസംഖ്യാപരമായി സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍, പാരിസ്ഥിതിക വെല്ലുവിളികള്‍, ഊര്‍ജ്ജാവശ്യങ്ങള്‍, അതിര്‍ത്തി കടന്നുള്ള ഭീകരത എന്നിവ മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യ കരാറില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നത്.

ജമ്മു കശ്മീരില്‍ നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ(ഝലം നദിയുടെ പോഷകനദിയായ കിഷന്‍ഗംഗയിലെ കിഷന്‍ഗംഗ എച്ച്ഇപി പദ്ധതിയും, ചെനാബിലെ റാറ്റില്‍ എച്ച്ഇപി പദ്ധതിയും) പാകിസ്ഥാന്‍ എതിര്‍ത്തതും കരാര്‍ പുനപരിശോധിക്കുന്നതിലേക്ക് ഇന്ത്യയെ എത്തിച്ചിരുന്നു. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ‘റണ്‍-ഓഫ്-ദി-വര്‍’ പ്രകാരമാണ് ഇന്ത്യ ജലവൈദ്യുത പദ്ധികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെങ്കിലും. ടിഡബ്ല്യിടി ലംഘിക്കുന്ന പദ്ധതികളാണെന്നായിരുന്നു പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നത്.

എന്നാല്‍, ഇത്തരത്തില്‍ നയതന്ത്ര പിരിമുറുക്കങ്ങള്‍ ശക്തമായിരുന്നപ്പോള്‍ പോലും കരാര്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പിന്മാറ്റം സാധ്യമോ?
അതേസമയം കരാറില്‍ ഒരു എക്‌സിറ്റ് ക്ലോസ് ഇല്ലാത്തതിനാല്‍ ഇന്ത്യക്കോ പാകിസ്താനോ ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറാന്‍ സാധ്യമല്ലെന്നും വിവരമുണ്ട്. ഉടമ്പടിക്ക് അവസാന തീയതിയില്ല, മാത്രമല്ല, ഏതൊരു ഭേദഗതിക്കും ഇരു കക്ഷികളുടെയും സമ്മതം ആവശ്യവുമാണ്. കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെങ്കിലും തര്‍ക്ക പരിഹാരത്തിന് അവകാശം ഉന്നയിക്കാന്‍ വ്യവസ്ഥയുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആര്‍ട്ടിക്കിള്‍ IX ല്‍ വിശദീകരിക്കുന്നുണ്ട്(ആര്‍ട്ടിക്കിള്‍ IX ന്റെ അനുബന്ധങ്ങളായ F ഉം G ഉം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്). കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുക എന്നതാണ് ഈ ചട്ടക്കൂടിന്റെ ലക്ഷ്യം. ഒരു സ്ഥിരം ഇന്‍ഡസ് കമ്മീഷന് മുമ്പാകെയോ, അല്ലെങ്കില്‍ നിഷ്പക്ഷ വിദഗ്ധന് മുമ്പാകെയോ, അതുമല്ലെങ്കില്‍ മധ്യസ്ഥരുടെ ഒരു ഫോറത്തിന് മുമ്പാകെയോ തര്‍ക്കം ഉന്നയിക്കാവുന്നതാണ്.

പാകിസ്താന്‍ എന്തു ചെയ്യും?
ഇന്ത്യ ഏകപക്ഷീയമായി താല്‍ക്കാലികമായി കരാര്‍ നിര്‍ത്തിവച്ചതിനുള്ള പാകിസ്ഥാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അവരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. എന്നിരുന്നാലും, 2016 ല്‍ ഡോണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ പാകിസ്ഥാന്‍ നിയമമന്ത്രി അഹ്‌മര്‍ ബിലാല്‍ സൂഫി ഈ പ്രശ്‌നത്തെക്കുറിച്ച് ഒരു സൂചന നല്‍കിയിരുന്നു. സൂഫിയുടെ അഭിപ്രായത്തില്‍, ഇന്ത്യ കരാറില്‍ നിന്നും പിന്മാറിയാല്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ മധ്യസ്ഥത ഫലപ്രദമാകില്ല. ഒരു കക്ഷി സഹകരിക്കുന്നില്ല എന്നു തീരുമാനിച്ചാല്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന തര്‍ക്ക സംവിധാനത്തിലൂടെ പ്രശ്‌നം പരിഹാരിക്കാമെന്ന ചിന്ത അസ്ഥാനാത്താണെന്നു സാരം. ഇന്ത്യ കരാറില്‍ നിന്നും പിന്മാറിയാല്‍, തര്‍ക്ക പരിഹാരത്തിലൂടെ അതിന് പ്രതിവിധി കണ്ടെത്താന്‍ പാകിസ്താന് കഴിയില്ലെന്നു തന്നെയാണ് അവരുടെ മുന്‍ നിയമന്ത്രി സമ്മതിച്ചിട്ടുള്ളത്.

ഇന്ത്യയുടെ തീരുമാനത്തിന്റെ പ്രതിഫലനങ്ങള്‍?
കരാറില്‍ നിന്നും പിന്മാറുന്നതിലൂടെ പാകിസ്താനുമായി പങ്കിടുന്നത് അവസാനിപ്പിച്ച്, സിന്ധുവിലെ വെള്ളം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ തീരുമാനത്തിലൂടെ സിന്ധുവിന്റെയും അതിന്റെ പോഷകനദികളുടെയും ജലം ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് ഇനി മുതല്‍ പദ്ധതികളുടെ രൂപകല്‍പ്പനയില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളോ, അവയുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങളോ ബാധകമാകില്ല. നിലവില്‍ പാകിസ്താന് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിച്ചിട്ടുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവിടങ്ങളില്‍ സംഭരണികള്‍ നിര്‍മിക്കാനും ഇന്ത്യക്ക് കഴിയും. കിഷന്‍ഗംഗ പദ്ധതിയില്‍ ഇന്ത്യയ്ക്ക് റിസര്‍വോയര്‍ ഫ്‌ളഷിംഗ് (താഴ്ന്ന നിലയിലുള്ള ഔട്ട്ലെറ്റുകളിലൂടെ വെള്ളം തുറന്നുവിട്ട് ജലാശയങ്ങളിലേക്ക് കൊണ്ടുപോകുന്നതിലൂടെ ജലസംഭരണികളില്‍ നിന്ന് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഒരു സാങ്കേതികത) നടത്താം, ഇത് അണക്കെട്ടിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും,’ എന്നുമാണ് ഇന്‍ഡസ് വാട്ടര്‍ മുന്‍ ഇന്ത്യന്‍ കമ്മീഷണര്‍ പി.കെ. സക്സേന ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. അതുപോലെ ഇന്ത്യയുടെ ഹൈഡ്രോപവര്‍ പ്രൊജക്ടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ഇനി മുതല്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരെ തടയാനും കഴിയുമെന്ന് സക്‌സേന പത്രത്തോട് പറയുന്നുണ്ട്.

ഇപ്പോഴത്തെ തീരുമാനം കൊണ്ട് മേല്‍പ്പറഞ്ഞതുപോലുള്ള ഗുണങ്ങള്‍ ഉടനടി ഇന്ത്യക്ക് കിട്ടാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയുന്നതിനോ സ്വന്തം ഉപയോഗത്തിനായി വെള്ളം തിരിച്ചുവിടുന്നതിനോ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ ഇന്ത്യയ്ക്ക് ഇല്ല എന്നതാണ് അതിനു പറയുന്ന കാരണം.  What is the Indus Waters Treaty, and how will India’s withdrawal affect it?

Content Summary; What is the Indus Waters Treaty, and how will India’s withdrawal affect it?

This post was last modified on April 24, 2025 11:38 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment