1897-ല്‍ ഒരു വര്‍ഷക്കാലം കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍നായരുടെ രാഷ്ട്രീയ പാരമ്പര്യവുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങള്‍ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതീകമാണ്. ചരിത്രത്തെ രാഷ്ട്രീയ സങ്കുചിതത്വത്തിന്റെയും വിഭാഗീയതയുടെയും കണ്ണിലൂടെ വീക്ഷിക്കുന്നതും, വസ്തുതകള്‍ ആഖ്യാനങ്ങള്‍ക്ക് അനുസൃതമായി വളച്ചൊടിക്കുന്നതും, ഭൂതകാലത്തിലെ കണക്കുകള്‍ നിലവിലെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉദാത്തീകരിക്കപ്പെടുന്നതോ പൈശാചികവല്‍ക്കരിക്കുന്നതോ ആയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
മൈക്കല്‍ ഒ’ഡയറുമായുള്ള ശങ്കരന്‍നായരുടെ നിയമപ്പോരാട്ടം അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലെ ഒരു വലിയ അദ്ധ്യായമായിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഡയറിന്റെ പങ്കിനെക്കുറിച്ച് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഡയര്‍ ഇംഗ്ലണ്ടില്‍ ബ്രിട്ടീഷ് കോടതിയില്‍ കൊടുത്ത മാനനഷ്ടക്കേസ് ധീരമായി വാദിക്കാന്‍ ശങ്കരന്‍നായര്‍ തയ്യാറായതും തോല്‍വിയിലും പതറാതെ മാപ്പുപറയാന്‍ വിസമ്മതിച്ചു പിഴയൊടുക്കി അദ്ദേഹം തിരിച്ചുവരികയും ചെയ്തതും തീര്‍ച്ചയായും ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അദ്ധ്യായമാണ്.
2019-ല്‍ രഘുപാലാട്ടും പുഷ്പപാലാട്ടുംചേര്‍ന്ന് എഴുതി പ്രസിദ്ധീകരിച്ച ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയര്‍’ എന്ന പുസ്തകം ഈ സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഉത്തേജനം നല്‍കുകയുണ്ടായി. അതിനുശേഷം ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ ഒരു സിനിമയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ശങ്കരന്‍നായര്‍ അവഗണിക്കപ്പെട്ടു എന്ന ആരോപണവുമായി പ്രധാനമന്ത്രി മോദിയും ബിജെപി സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്നതോടെയാണ് ഇതൊരു വിവാദവിഷയമാകുന്നത്.
ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള സാംസ്‌കാരിക വടംവലിയുടെ മറ്റൊരു തിരക്കഥയായി ഇതിനെ മാറ്റുകയാണ് ബിജെപി ചെയ്യുന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കുശേഷം കൊളോണിയല്‍ ഭരണകൂടത്തിന്റെ ക്രൂരതയെ വിമര്‍ശിച്ചതിനും അതില്‍ തനിക്ക് പങ്കുണ്ടെന്ന് പറഞ്ഞതിനും പഞ്ചാബിലെ അന്നത്തെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ’ഡ്വയര്‍ 1919-ല്‍ ശങ്കരന്‍ നായര്‍ക്കെതിരെ കേസ് കൊടുത്ത സാഹചര്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു സെന്‍സേഷണല്‍ മാനനഷ്ടക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നേതാവിനെക്കുറിച്ചുള്ള സ്മരണകള്‍ക്ക് പുസ്തകവും വരാനിരിക്കുന്ന സിനിമയും കേന്ദ്രപ്രാധാന്യം നല്‍കുന്നു എന്നത് ശരിയാണ്. ലണ്ടനില്‍ നടന്ന വിചാരണയില്‍, നടപടിക്രമങ്ങള്‍ പക്ഷപാതപരമായിരുന്നു: വംശീയവാദപരമായിരുന്നു. നിയമവും വസ്തുനിഷ്ഠ സാഹചര്യങ്ങളുമല്ല കേസിന്റെ വിധി നിര്‍ണ്ണയിച്ചത് എന്നത് അങ്ങേയറ്റം സുതാര്യമായ ചരിത്രവസ്തുതയാണ്. കൊളോണിയല്‍ ജുഡീഷ്യറി ഒ’ഡ്വയറിന്റെ പക്ഷത്ത് ഉറച്ചുനിന്നു. ശങ്കരന്‍നായര്‍ പരാജയപ്പെട്ടെങ്കിലും, ആ വിചാരണയിലെ ശങ്കരന്‍നായരുടെ നിലപാടുകള്‍ സാമ്രാജ്യത്തിനെതിരായ നൈതികധൈര്യത്തിന്റെ ഒരു അസാധാരണ സന്ദര്‍ഭമായി അതിനെ മാറ്റാന്‍ ശങ്കരന്‍ നായര്‍ക്ക് കഴിഞ്ഞതിന്റെ ശക്തമായ അടയാളമായി മാറി. അതുകൊണ്ടുതന്നെ കൊളോണിയല്‍ പ്രതിരോധത്തിന്റെ കഥയില്‍ അദ്ദേഹത്തിന് ശാശ്വതമായ ഒരു സ്ഥാനം തീര്‍ച്ചയായുമുണ്ട്. ഇക്കാലമത്രയും ആരുമത് നിഷേധിച്ചിട്ടുമില്ല. നിസ്സീമമായ പിന്തുണയാണ് കോണ്‍ഗ്രസ്സും ഗാന്ധിയും ആ നിയമപ്പോരാട്ടത്തിന്റെ സമയത്ത് ശങ്കരന്‍നായര്‍ക്ക് നല്‍കിയത്.
എന്നാല്‍ ശങ്കരന്‍ നായര്‍ കുറച്ചെങ്കിലും വിസ്മരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ശങ്കരന്‍നായര്‍ കോണ്‍ഗ്രസ്സുമായി അകലുകയും സ്വാതന്ത്ര്യസമരത്തില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തതിനാല്‍ തന്നെ അദ്ദേഹത്തെ നിരന്തരം ശ്ലാഘിക്കുന്ന ഒരു വ്യവഹാരത്തിന് കോണ്‍ഗ്രസ്സോ, അക്കാലത്ത് കോമിന്റെണ്‍ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്ന കമ്മ്യൂണിസ്റ്റുകാരോ ജനാധിപത്യ സിവില്‍ സമൂഹമോ തയ്യാറായിട്ടില്ല എന്നത് സത്യമാണ്. സ്വാതന്ത്ര്യ സമരനായകര്‍ക്ക് ക്ഷാമമുള്ള ചരിത്രമാണ് ബിജെപിക്ക് എന്നതിനാല്‍ ശങ്കരന്‍നായരേ ”ഏറ്റെടുക്കാന്‍” അവര്‍ തയ്യാറാവുന്നു എന്നേയുള്ളു. അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്റ്റാമ്പ് പുറത്തിറക്കുന്നത് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ്, 2001-ല്‍ എന്നത് യാദൃശ്ചികമല്ല. എന്നാലിപ്പോള്‍, ശങ്കരന്‍നായരെ സാംസ്‌കാരിക ദേശീയവാദ ഐക്കണായി പുനര്‍നിര്‍മ്മിക്കാനുള്ള തിരക്കിനിടയില്‍, ചരിത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ആരും ഓര്‍ക്കുകയോ ശരിയായ ദിശയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഒരു ദേശീയ നേതാവിനെ തങ്ങളുടേതാക്കുക എന്ന ബിജെപി അജണ്ടയില്‍ കുടുങ്ങിക്കിടക്കുക എന്ന വിധിയാണ് മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ”അവഗണിക്കപ്പെട്ട” രാഷ്ട്രനായകനെക്കുറിച്ചുള്ള വാഴ്ത്തുപാട്ടില്‍ ആരും പുറകോട്ടുപോകാന്‍ പാടില്ലല്ലോ.
കേരളത്തില്‍ വിശേഷിച്ച്, വസ്തുനിഷ്ഠമായ വിലയിരുത്തല്‍ നടത്താന്‍ അദ്ദേഹത്തിന്റെ മലയാളിസ്വത്വം പ്രതീകാത്മകമായ ഒരു ഭാരമാകുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. 1920-കള്‍ മുതല്‍ അദ്ദേഹത്തിന്റെ ഗാന്ധിയന്‍ വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയും എന്നതാണ് അദ്ദേഹത്തെ ബിജെപിക്ക് അങ്ങേയറ്റം അഭിമതനാക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഖിലാഫത്തില്‍ കോണ്‍ഗ്രസ്സ് പങ്കെടുത്തത് അന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ച സംഭവമാണ്. കോണ്‍ഗ്രസ്സും ഗാന്ധിയും ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ അന്തര്‍ദ്ദേശീയ നിലപാടിലേക്ക് ആദ്യമായി കാല്‍വയ്ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ പ്രതീകാത്മകമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച മുഹൂര്‍ത്തമായിരുന്നു അത്. അതിനെ എതിര്‍ക്കുന്നതിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീശത്വത്തെ ആഗോളതലത്തില്‍ വെല്ലുവിളിച്ച നേതൃത്വത്തോടൊപ്പം നില്‍ക്കാനുള്ള അവസരമാണ് ശങ്കരന്‍നായര്‍ക്ക് നഷ്ടപ്പെട്ടത്.
1897-ല്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശൈശവാവസ്ഥയിലായിരുന്നു. അതിന്റെ പില്‍ക്കാല രാഷ്ട്രീയത്തിന്റെ ഒരു സൂചനയും നല്‍കാത്ത ഒരു വരേണ്യ സംഘടനയായിരുന്നു അന്നത്തെ കോണ്‍ഗ്രസ്സ്. അതില്‍ത്തന്നെ കേവലം ഒരുവര്‍ഷം മാത്രമാണ് ഔപചാരികമായി അദ്ദേഹം പ്രസിഡന്റായിരുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംദശകത്തിലാണ് ഗാന്ധിയുടെ നേതൃത്വത്തില്‍ ബഹുജനാടിസ്ഥാനത്തിലുള്ളതും സമരോല്‌സുകവുമായ രാഷ്ട്രീയസംഘടനയായി കോണ്‍ഗ്രസ്സ് മാറുന്നത്. അസഹിഷ്ണുതയോടെയാണ് ശങ്കരന്‍നായര്‍ ഇത് നോക്കിക്കണ്ടത്. മിതവാദ നിവേദനങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന പരിഷ്‌കാരങ്ങള്‍ക്കുമുള്ള ഒരു എലൈറ്റ് ഫോറമായിട്ടാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കേണ്ടത് എന്ന നിലപാടിലായിരുന്നു ശങ്കരന്‍നായര്‍. അദ്ദേഹം ഗാന്ധിക്കെതിരെ ”ഗാന്ധി ആന്‍ഡ് അനാര്‍ക്കി” എന്ന പുസ്തകം എഴുതുന്നതും ഗാന്ധിയും കോണ്‍ഗ്രസ്സും ഒ’ഡയര്‍ കേസ്സില്‍ അദ്ദേഹത്തിന് ശക്തമായ രാഷ്ട്രീയ പിന്തുണ നല്‍കിയതിനു ശേഷമാണു എന്ന വസ്തുത പലരും ഓര്‍മ്മിക്കാറില്ല. അദ്ദേഹത്തിന്റെ പുസ്തകത്തിലെ അരാജകത്വ വിമര്‍ശനം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തോടുള്ള വിമര്‍ശനമായിരുന്നു എന്നതും തിരിച്ചറിയേണ്ടതുണ്ട്.
അദ്ദേഹം 1897-ല്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്നു എന്നതിനെ അത്യുദാത്തീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളീയര്‍ അത് വൈകാരികമായി മനസ്സിലാക്കുന്നതിലും രാഷ്ട്രീയ പ്രസക്തിയില്ല. അക്കാലത്ത് അദ്ദേഹം നേടിയ വിദ്യാഭ്യാസവും പദവികളും അത്തരമൊരു വരേണ്യസംഘടനയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ചേറ്റൂരിനെ കൊണ്ടുവന്നു എന്നതില്‍ അതിശയകരമായി ഒന്നുംതന്നെയില്ല.
ശങ്കരന്‍നായരുടെ ഹ്രസ്വകാല കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയെ ചരിത്രപരമായി നിര്‍ണായകമാണെന്ന് ചിത്രീകരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശ്രദ്ധേയമാണെങ്കിലും, ഇന്നതിന് നല്‍കുന്ന അതിശയോക്തിപരമായ പ്രാധാന്യം ചരിത്രപരമല്ല. ഏറ്റവും പ്രധാനമായി, ദേശീയപോരാട്ടം ശക്തമാകാന്‍ തുടങ്ങിയ 1920-കളിലാണ് ശങ്കരന്‍നായര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മഹാത്മാഗാന്ധിയുടെയും നിശിതവിമര്‍ശകനായി മാറിയത്. ഗാന്ധിയുടെ തന്ത്രങ്ങളായ നിസ്സഹകരണം, രാഷ്ട്രീയ ഉപവാസം, ഖിലാഫത്ത് പ്രസ്ഥാനവുമായുള്ള സഖ്യങ്ങള്‍ എന്നിവയെ യഥാര്‍ത്ഥ രാഷ്ട്രീയ ഉപകരണങ്ങളേക്കാള്‍ വൈകാരിക നാടകീയതകളായി അദ്ദേഹം തള്ളിക്കളഞ്ഞു. പാര്‍ട്ടി ഒരു ബഹുജന പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹം കോണ്‍ഗ്രസുമായി പരസ്യമായി ബന്ധം വേര്‍പെടുത്തി. ഒരു ലിബറല്‍ ചട്ടക്കൂടിനുള്ളില്‍ സാധുതയുള്ളതാണെങ്കിലും, നായരുടെ വിയോജിപ്പ്, ബഹുജന പ്രതിരോധത്തെ സംശയിക്കുകയും രാഷ്ട്രീയവും ജനപ്രിയവുമായ പ്രതിരോധശൈലികളില്‍ അസ്വസ്ഥത കാണിക്കുകയും ചെയ്യുന്നതായിരുന്നു. കൂടുതല്‍ യാഥാസ്ഥിതിക, വരേണ്യവര്‍ഗവുമായി അദ്ദേഹം അടുത്തുനിന്നതിലും അത്ഭുതമില്ല.
ഈ സങ്കീര്‍ണ്ണതയാണ് ഇപ്പോഴത്തെ വിവാദത്തെ നിര്‍ഭാഗ്യകരമാക്കുന്നത്. ശങ്കരന്‍നായര്‍ ധീരമായ സംഭാവനകള്‍ നല്‍കിയെന്നതില്‍ സംശയമില്ല പ്രത്യേകിച്ച് കോടതിമുറിയില്‍ കൊളോണിയല്‍ ശക്തിയോട് എതിരിടുന്നതിലും പൗരസ്വാതന്ത്ര്യത്തിന്റെ വക്താവായി നിലകൊള്ളുന്നതിലും അദ്ദേഹം അക്കാലത്ത് ജാഗ്രത കാണിച്ചിട്ടുണ്ട്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രിവ്യൂ കൗണ്‍സിലില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയും ധീരമായ നടപടിയായിരുന്നു.
ശങ്കരന്‍നായരില്‍ ബിജെപിക്കുള്ള താല്‍പ്പര്യം യാദൃശ്ചികമല്ല. ഇന്ത്യയുടെ കൊളോണിയല്‍വിരുദ്ധ പോരാട്ടവുമായി ജൈവികമായി വലിയ ബന്ധമില്ലാത്ത പാര്‍ട്ടി, ഒരു ബദല്‍ ദേശീയവംശാവലി നിര്‍മ്മിക്കുന്നതിനായി കോണ്‍ഗ്രസ് നയിക്കുന്ന മുഖ്യധാരയ്ക്ക് പുറത്തുള്ള ഐക്കണുകളെ പലപ്പോഴും തിരയുന്നുണ്ട് എന്ന് നമുക്കറിയാം. അല്ലെങ്കില്‍ത്തന്നെ കോണ്‍ഗ്രസ്സ് രാഷ്ട്രീയം അവഗണിക്കുന്നു എന്ന ലേബലില്‍ പലപ്പോഴും ബിജെപി സിലക്ട്ടീവായി ചില ചരിത്രനായകരെ തങ്ങളുടെ ആരാധനാപാത്രങ്ങളായി സ്വീകരിക്കാറുണ്ട്. സര്‍ദാര്‍ പട്ടേലിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും കാര്യത്തിലുള്ള ബിജെപിയുടെ നിലപാട് നമുക്കറിയാവുന്നതാണ്.
കോണ്‍ഗ്രസില്‍നിന്ന് വേറിട്ടുനില്‍ക്കുകയും ഗാന്ധിയെ വിമര്‍ശിക്കുകയും ചെയ്ത ശങ്കരന്‍നായരെപ്പോലുള്ള വ്യക്തികളെ ”അവഗണനാ വ്യവഹാര”ത്തിന്റെ തണലില്‍ പുനരാനയിക്കുന്നതിന് സ്വാതന്ത്ര്യപ്രസ്ഥാനത്തെ സ്വന്തം പ്രതിച്ഛായയില്‍ പുനര്‍നിര്‍മ്മിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു എന്നതിനപ്പുറം മറ്റൊരു പ്രാധാന്യമില്ല. ഈ തന്ത്രം ചരിത്രസന്ദര്‍ഭത്തെ വളച്ചൊടിക്കുക മാത്രമല്ല, അനാവശ്യമായ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായുണ്ടാകുന്ന സംവാദങ്ങള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ ശങ്കരന്‍നായരെ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള ചിത്രീകരണങ്ങളും ആളുകളെ ബൈനറികളിലേക്ക് അനാവശ്യമായി നിര്‍ബന്ധിക്കുന്ന തന്ത്രം തന്നെയാണ്. കോണ്‍ഗ്രസ്സ് ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടം ജനകീയമാക്കി മുന്നോട്ടുകൊണ്ടുപോകുന്നതിനെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയാണ് ശങ്കരന്‍നായര്‍. എന്നാല്‍ അദ്ദേഹം ഇംഗ്ലണ്ടിന്റെ ദാസനോ അടിമയോ വിനീതവിധേയനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ നിന്ന്, അതിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തില്‍ വഴിമാറിയ വരേണ്യനാണ്.
ഒന്നുകില്‍ ശങ്കരന്‍നായരെ ആഘോഷിക്കുന്നതിന് അനുകൂലമോ പ്രതികൂലമോ ആണ് എന്ന നിലപാടിലേക്ക് എല്ലാവരെയും തള്ളിയിടാനാണ് ബിജെപി ശ്രമിക്കുന്നത്. ശങ്കരന്‍നായരെ തട്ടിയെടുക്കുന്നു എന്ന വാദം യഥാര്‍ത്ഥത്തില്‍ ബിജെപി ആഗ്രഹിക്കുന്ന ഒന്നാണ്. ആ കെണിയിലേക്ക് നാം നിസ്സാരമായി ഇറങ്ങിക്കൊടുക്കേണ്ടതില്ല.
സങ്കീര്‍ണ്ണതയ്ക്കോ വൈരുദ്ധ്യത്തിനോ വിമര്‍ശനാത്മക സൂക്ഷ്മതയ്ക്കോ ഇടമില്ലാത്ത ഇത്തരം വിവാദങ്ങള്‍ സ്വേച്ഛാധിപത്യ പോപ്പുലിസ്റ്റുകളുടെ കൈകളിലെ ചട്ടുകമാവുക എന്ന വിധിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നതാണ്. ഫാസിസം, ആഖ്യാനങ്ങളെ നിയന്ത്രിക്കുന്നതിലൂടെയാണ് വളരുന്നത്. ചരിത്രം മാറ്റിയെഴുതി മാത്രമല്ല, ഭൂതകാലവുമായുള്ള ഓരോ ഇടപെടലിനെയും യുദ്ധക്കളമാക്കി മാറ്റിക്കൊണ്ടാണ് അത് നിലനില്‍ക്കുന്നത്. ഭൂതകാലത്തെ മനസ്സിലാക്കുകയല്ല, മറിച്ച് അതിനെ ആയുധമാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ഈ സാഹചര്യത്തില്‍, ശങ്കരന്‍നായര്‍ സംവാദം പാരമ്പര്യത്തെക്കുറിച്ചുള്ള ഒരു അഭിപ്രായവ്യത്യാസത്തേക്കാള്‍ ഉപരിയായി സാംസ്‌കാരിക ദേശീയത വയ്ക്കുന്ന ഒരു കെണിയായി മാറുകയാണ് ചെയ്യുന്നത്. ഇതില്‍ വീഴാതിരിക്കുകയും ചേറ്റൂര്‍ ശങ്കരന്‍നായരുടെ സംഭാവനകള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ ശങ്കരന്‍നായരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സുവ്യക്തമാക്കാനുള്ള അവസരമായി കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജനാധിപത്യ സിവില്‍സമൂഹശക്തികളും ഉപയോഗിക്കുകയുമാണ് വേണ്ടത്. ചേറ്റൂര്‍ ശങ്കരന്‍നായരുടെ വഴിയായിരുന്നോ, ഗാന്ധിയുടെയും നെഹ്രുവിന്റെയും വഴിയായിരുന്നോ ഇന്ത്യ തെരഞ്ഞെടുക്കെണ്ടിയിരുന്നത് എന്ന ചോദ്യം കൂടുതല്‍ ഉറക്കെ ചോദിക്കാനുള്ള അവസരമാണിത്.
ശങ്കരന്‍നായര്‍ അവഗണിക്കപ്പെടുന്നു എന്നത് ആ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരു വ്യാജപ്രശ്‌നമാണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുകയും സ്വന്തം വര്‍ത്തമാന അജണ്ടകളുടെ താല്‍പര്യങ്ങള്‍ക്കായി തിരഞ്ഞെടുത്ത ഓര്‍മ്മകളുമായി നമ്മുടെ മുന്നിലെത്തുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സമീപനമാണ് തിരിച്ചറിയേണ്ടതും എതിര്‍പ്പെടേണ്ടതും. Chettur sankaran nair; congress and bjp’s political strategy
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Chettur sankaran nair; congress and bjp’s political strategy