July 14, 2026 |
Share on

മത്തിക്കെന്താ വില…

മീന്‍ ഇല്ലാതെ ചോറുണ്ണേണ്ടി വരുന്ന മലയാളി

മലയാളിക്ക് മത്തിയോടുള്ള ഇഷ്ടം കുറച്ച് കൂടുതലാണ്. നല്ല നെയ്മത്തി വറുത്തതോ കറിവച്ചതോ ഊണിനുണ്ടെങ്കില്‍ വയറ് മാത്രമല്ല മനസും നിറയും. സുലഭമായി ലഭിച്ചുകൊണ്ടിരുന്ന മത്തി എന്നും പാവങ്ങളുടെ മീന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷെ, ഈയിടയായി മത്തിക്ക് ഡിമന്‍ഡ് കൂടിയോ എന്നാണ് പൊതുവിലുള്ള ചോദ്യം. ഒരു കിലോ മത്തിക്ക് 380 മുതല്‍ 400 രൂപയാണ് വില. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും എല്ലാം മീന്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരുമാസത്തിനിടെ 150 രൂപയിലധികം വര്‍ധനവാണ് മീന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

വില കേറിയപ്പം കച്ചോടം പോയി
കഴിഞ്ഞ 32 കൊല്ലമായി എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നുണ്ട് സാംബശിവന്‍. ഇക്കാലത്തിനിടയില്‍ ആദ്യമായാണ് മത്തിക്ക് ഇത്രയും വില കയറുന്നതെന്നാണ് സാംബശിവന്‍ പറയുന്നത്.

‘മത്തി ഏറ്റവും കുറഞ്ഞത് 25 കിലോയ്ക്ക് 7000 രൂപയാകും. വില കേള്‍ക്കുമ്പോള്‍ മീന്‍ വാങ്ങാന്‍ വരുന്നവരുടെ മുഖം ചുളിയും. മത്തിയുടെ വില കേള്‍ക്കുമ്പം ആളുകള്‍ക്കെല്ലാം അതിശയമാണ്. ഞങ്ങള്‍ എന്ത് ചെയ്യാനാണ്? വലിയ വില നല്‍കിയാണ് മീന്‍ വാങ്ങി വച്ചിരിക്കുന്നത്, ഇതിലും കുറച്ച് കൊടുത്താല്‍ ഞങ്ങള്‍ക്ക് ഒന്നും കിട്ടില്ല. ഇപ്പോള്‍ വരുന്നതു മുഴുവന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്തിയാണ്.തമിഴ്‌നാട്, ആന്ധ്രാ മത്തിയാണ് കൂടുതല്‍ കച്ചവടത്തിന് എത്തുന്നത്. നാടന്‍ മത്തി വളരെ കുറവാണ്. കേര, ചൂര പോലുള്ള വലിയ മീനുകള്‍ക്കും മേലെയാണ് അയലയുടെയും മത്തിയുടെയും വില കയറുന്നത്. കേര കിലോ 340 രൂപയ്ക്കാണ് വില്‍ക്കുന്നത്, മത്തി 380 രൂപയ്ക്കും. മീന്‍ ഒഴിവാക്കാന്‍ കഴിയാത്തത് കൊണ്ട് എല്ലാവരും വാങ്ങും, പക്ഷെ വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളു. ഞങ്ങളെക്കാള്‍ കഷ്ടം വീടുകളില്‍ കൊണ്ട് പോയി വില്‍ക്കുന്നവര്‍ക്കാണ്. കൊണ്ടു പോണ മീന്‍ വിറ്റ് തീരാത്ത അവസ്ഥയാണ്” മീന്‍ വില കയറുന്നത് കച്ചവടക്കാരെ ബാധിക്കുന്നതെങ്ങനെയാണെന്നു സാംബശിവന്റെ വാക്കുകളിലുണ്ട്.

fish market

‘വില കേള്‍ക്കുമ്പഴെ ആള്‍ക്കാരുടെ മുഖം മാറും. ഒരു കിലോ വാങ്ങാന്‍ വന്നവര്‍ അരക്കിലോയാക്കും. എന്റെ കുട്ടേലെ മീന്‍ ബാക്കിയാകും’ വീടുകളില്‍ കൊണ്ടു നടന്നു മീന്‍ വില്‍ക്കുന്ന ഉമ്മറിന്റെ സങ്കടമിതാണ്.

‘മത്തി കിലോ  400 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിലും കുറച്ച് കൊടുക്കാന്‍ പറ്റത്തില്ല. മത്തിക്ക് മാത്രമല്ല അയലക്കും വിലയാണ്. അയല കിലോ 350 രൂപയാണ് വില്‍ക്കുന്നത്. മാര്‍ക്കറ്റ് തന്നെ ഉണങ്ങി കിടക്കുവാണ്. കടലില്‍ മീന്‍ ഇല്ല, ഉണ്ടെങ്കിലല്ലേ മാര്‍ക്കറ്റിലും ഉണ്ടാകൂ. മഴയും കൃത്യമായി പെയുന്നില്ല, മഴ പെയ്‌തെങ്കിലേ കടലില്‍ മീന്‍ വരൂ.’

കാലാവസ്ഥയും മീന്‍ വിലയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് അനുഭവത്തിന്റെ പുറത്തുള്ള ഉമ്മറിന്റെ വിലയിരുത്തല്‍.

‘മുന്നത്തെപോലയല്ല കാര്യങ്ങള്‍. കാലാവസ്ഥയാകെ മാറി, അത് എല്ലാ തരത്തിലും ബാധിക്കുന്നുണ്ട്. നാടന്‍ മത്തി കിട്ടാനില്ല, മീനില്ലാത്തത് കൊണ്ടാണ് വില കൂടുന്നതെന്നെല്ലാവര്‍ക്കും അറിയാം, അത് കൊണ്ട് ആളുകള്‍ കുറച്ചെങ്കിലും മേടിക്കും. പക്ഷെ, കൊള്ള വിലക്ക് മീന്‍ എടുത്ത് വില്‍ക്കാനിറങ്ങുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ലാഭോന്നും കിട്ടത്തില്ല. കുട്ടയില്‍ മീന്‍ ബാക്കിയാവാറാണ് പതിവ്. ഒരു കിലോ വിറ്റാല്‍ പത്തോ ഇരുപതോ രൂപയാണ് ആകെ കിട്ടുന്ന ലാഭം. ഞാനീ കച്ചോടം തുടങ്ങിയിട്ട് 12 വര്‍ഷായി, പണ്ടത്തപ്പോലുള്ള കച്ചടോന്നുമിപ്പളില്ല, നല്ല മീനും കിട്ടാനില്ല. ട്രോളിങ് വന്നതോടെയാണ് വില ഇത്രയും കയറിയത്. സാധരണ ഈ സമയങ്ങളില്‍ വള്ളക്കാര്‍ കൊണ്ട് വരുന്ന മീനാണ് ഉണ്ടാവുക, അവര്‍ക്കും കിട്ടണില്ല. മാലിന്യങ്ങള്‍ തള്ളുന്നത് മൂലം കടല്‍ വെള്ളത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും മീന്‍ കുറയാന്‍ കരണമാകുന്നുണ്ട്. എന്തൊരു വിലയാണെടുക്കുന്നതെന്നാണ് വാങ്ങാന്‍ വരുന്നരുടെ ചോദ്യം. വില കുറച്ച് കൊടുക്കണത് വെറുതെ കൊടുക്കണതു പോലെയാകും. മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാത്തത് കൊണ്ട് ഇതില്‍ തന്നെ തുടരുന്നു എന്നേയുള്ളു’ ഉമ്മറിന്റെ അവസ്ഥയിതാണ്. ഉമ്മറിന്റെ മാത്രമല്ല, അയാളെപ്പോലുള്ള കച്ചവടക്കാരുടയെല്ലാം അവസ്ഥ ഇതു തന്നെയാണ്.

കടലിലും വറുതി കരയിലും
വര്‍ഷങ്ങളായി ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ എത്തിക്കുന്ന ഏജന്‍സി ആണ് നിള. മീനിന്റെ വില കൂടുന്നതും ലഭ്യതക്കുറവിനെയും പറ്റി പറയുകയാണ് നിള ഏജന്‍സിയിലെ തൊഴിലാളികള്‍.

‘കടലില്‍ പൊതുവെ മീന്‍ കുറവാണ്. അതോടൊപ്പം ട്രോളിങ് നിരോധനവും വന്നതുകൊണ്ടാണ് നല്ല മീന്‍ ലഭിക്കാത്തതും ഉള്ള മീനിന് അമിത വിലയും. ട്രോളിങ് നിരോധനം മാറുമ്പോള്‍ എല്ലാം പഴയപടിയാകും എന്നാണ്, കരുതുന്നത്. ഇപ്പോള്‍ മീന്റെ വരവ് വളരെ കുറവാണ്. ഒരു വര്‍ഷത്തിലധികമായി ഈ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. കടലില്‍ പോകുന്നവര്‍ക്ക് മീന്‍ ലഭിച്ചാലല്ലേ വില്‍ക്കാന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 22 വര്‍ഷമായി. ട്രോളിങ് സമയങ്ങളില്‍ വില കൂടാറുണ്ടെങ്കിലും ഇത്രയും വില കൂടുന്നത് ആദ്യമായാണ്. തുടക്ക കാലഘട്ടങ്ങളില്‍ 10 രൂപയ്ക്കും 15 രൂപയ്ക്കും ഒക്കെയാണ് മീന്‍ കിട്ടികൊണ്ടിരുന്നത്. ആ സ്ഥാനത്താണ് ഇന്ന് ഇത്രയും വില. അന്ന് 12 രൂപയ്ക്ക് വിറ്റ് കൊണ്ടിരുന്ന കിളിമീന്‍ ഇന്ന് കിലോ 350 രൂപയ്ക്കാണ് വില്‍ക്കുന്നത്. 22 കൊല്ലം മുന്‍പ് മത്തിക്ക് 10 രൂപയാണ് വില, ഇന്ന് അതിന്റെ 30 ഇരട്ടിയാണ്. ചില കാലങ്ങളില്‍ മീന്‍ കുറയും അത്തരത്തില്‍ ഒരു സമയം കൂടിയാണ് ഇപ്പോള്‍. പൊതുവെ എല്ലാവര്‍ക്കും കച്ചവടം നന്നേ കുറവാണ്. ഞങ്ങള്‍ക്ക് വരുന്ന മീനെല്ലാം വിറ്റ് തീരും പക്ഷെ വാങ്ങിക്കൊണ്ട് പോയി വില്‍ക്കുന്നവര്‍ക്കാണ് ഏറ്റവും പ്രശ്‌നം, പലപ്പോഴും അവരുടെ മീന്‍ വിറ്റ് തീരാറില്ല. നല്ല മീന്‍ കിട്ടാറുമില്ല വില കൂടുതലായത് കൊണ്ട് ആരും മീന്‍ വാങ്ങുകയുമില്ല. മത്തിയുടെ വില കൂടാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. ഒന്ന് രണ്ടാഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ വില കുറയും എന്നാണ് പ്രതീക്ഷ.

fish market chambakkara

പതിവായി മീന്‍ കൊടുക്കുന്ന വീടുകള്‍ ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു എന്നാണ് വര്‍ഷങ്ങളായി മീന്‍ വില്‍ക്കുന്ന ജമീല പറയുന്നത്.

’20 വര്‍ഷമായി മീന്‍ വിക്കാന്‍ തുടങ്ങീട്ട്. ഞാന്‍ വാങ്ങണത് 300നും 350നുമാണ്. അതീന്ന് കുറച്ച് ആളോള്‍ക്ക് കൊടുക്കണതെങ്ങനെയാണ്? വില കൂടുതലാണെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ കുറച്ച് തരാനൊക്കെ പറയും, ആഗ്രഹമുണ്ടെകിലും അതിനു സാധിക്കില്ല. അങ്ങനെ കുറച്ച് കൊടുത്താല്‍ ഞങ്ങള്‍ പട്ടിണിയായി പോകില്ലേ? രാവിലെ പച്ച വെള്ളോം കുടിച്ച് കച്ചോടത്തിനിറങ്ങുന്നതാണ്. ഇത് വിറ്റ് തീര്‍ത്തിട്ട് വേണം വീട്ടിലെത്താന്‍. സ്ഥിരമായി കൊടുക്കുന്ന കുറച്ച് വീടുകളുണ്ട്, അതുള്ളത് കൊണ്ട് കഞ്ഞികുടിച്ച് പോകുന്നു എന്ന് പറയുന്നതാകും ശരി, ആരെയും കുറ്റം പറയാന്‍ പറ്റില്ല. അവരുടെ കയ്യിലും പൈസ വേണ്ടേ. ഞാനൊക്കെ പണ്ട് കൊച്ചുങ്ങള്‍ക്ക് വറക്കാന്‍ വേണ്ടി വെറുതെ കൊടുത്തോണ്ടിരുന്നതാണ് മത്തി. ഇപ്പൊ ഒരെണ്ണം കുറച്ചൊക്കെ കൊടുക്കേണ്ട അവസ്ഥയാണ്. വളരെ കുറച്ച് മീനെ മാര്‍ക്കറ്റിലും വരുന്നുള്ളു, വലിയ മീനുകള്‍ക്കും മത്തിക്കും അയലക്കും എല്ലാം ഒരേ വിലയാണ്. വലിയ മീനൊക്കെ കൊണ്ട് പോയാല്‍ അധികമാരും വാങ്ങിക്കില്ല. അതുകൊണ്ട് വില കൂടിയാലും മത്തിയും അയലയും കൊഴുവയുമൊക്കെ വാങ്ങിക്കും, ഞങ്ങളെ പോലുള്ളവരുടെ ഉപജീവന മാര്‍ഗം തന്നെ ഇതാണ്. അതുകൊണ്ട് ഉപേക്ഷിക്കാനും സാധിക്കില്ല. വള്ളക്കാര്‍ക്കും മീന്‍ കിട്ടാനില്ല. പോണ വള്ളങ്ങള്‍ക്ക് കുറച്ച് മീനാണ് കിട്ടണത്. ചിലര് വെറും കയ്യോടെ പോരും. തൊഴില്‍ ഉപേക്ഷിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാവരും തുടര്‍ന്ന് പോകുന്നെന്നേയുള്ളു’

വില്ലനായി കടലിലെ ചൂടും
കടലില്‍ മീന്‍ കുറയുന്നതില്‍ കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാലയിലെ ഫിഷറീസ് മാനേജ്മന്റ് വകുപ്പ് മേധാവി പ്രൊഫസര്‍ ഡോ. എം കെ സജീവന്‍ പറയുന്നത്.

‘കടലില്‍ മീന്‍ കുറയാനുള്ള പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണ്. 2023 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ മുതല്‍ തന്നെ കടലില്‍ മീന്‍ ലഭ്യത കുറഞ്ഞ അവസ്ഥയാണുള്ളത്. കടലിലെ താപം വളരെ അധികം കൂടിയതാണ് മറ്റൊരു കാരണം.

സാധാരണഗതിയില്‍ 26-27 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മാത്രമേ മത്തിക്ക് അതിജീവിക്കാന്‍ സാധിക്കു. എന്നാല്‍ അറബിക്കടലിലെ ചൂട് ഇപ്പോള്‍ 30-32 ഡിഗ്രിയാണ്. ഇത് മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.

fishing boats

കടലിലെ ഓരോ ജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ താപനിലയുണ്ട്. അതുള്ള ഇടങ്ങളിലേക്ക് മീനുകള്‍ മാറും. താപ നില കൂടുതലായതുകൊണ്ട് മീനുകള്‍ കടലിന്റെ ആഴമുള്ള വശങ്ങളിലേക്ക് മാറിപ്പോയിരിക്കുകയാണ്. ഇത് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മീനുകള്‍ കിട്ടാതിരിക്കാനുള്ള കാരണമാണ്. മറ്റൊരു കാരണം വ്യാപകമായുള്ള മത്സ്യബന്ധനവും, ബോട്ടുകളുടെകാര്യക്ഷമതയും കൂടി എന്നതാണ്. മത്സ്യബന്ധന മേഖലയില്‍ ഉയര്‍ന്നു വരുന്ന മത്സരവും ഒരു കാരണമാണ്. കൂടുതല്‍ വേഗത്തില്‍ വലിയ തോതില്‍ മീനുകളെ പിടിക്കാന്‍ സാധിക്കുന്ന വലകളാണ് മത്സ്യബബന്ധന ബോട്ടുകള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഇതും മത്സ്യസമ്പത്തിന്റെ അളവിനെ വലിയ തോതില്‍ ബാധിക്കുന്ന വിഷയമാണ്. വേഗത കൂടിയ എന്‍ജിനുകളും വലിയ വലകളുമാണ് ഓരോരുത്തരും മത്സ്യബന്ധനത്തിനുവേണ്ടി നിലവില്‍ ഉപയോഗിച്ച് വരുന്നത്. അമിതമായ മത്സ്യബന്ധനത്തിലേക്ക് നയിക്കുന്നത് വഴി മത്സ്യങ്ങളുടെ ലഭ്യത കുറയും. ഇക്കാരണങ്ങള്‍ കൊണ്ടാണ് മത്തി, അയല, കിളിമീന്‍ പോലുള്ള മത്സ്യങ്ങളുടെ വില ഇത്രയും കൂടാന്‍ കാരണം. ഏത് മേഖലയിലായാലും ലഭ്യത കുറയുമ്പോള്‍ വില കയറുന്നത് സ്വാഭാവികമാണ്. ഇത് കൂടാതെ മഴ കുറഞ്ഞതും മീനിന്റെ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്. പക്ഷെ, സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ ശക്തമായി കഴിഞ്ഞാല്‍ ഈ അവസ്ഥയില്‍ മാറ്റമുണ്ടാകും. നിലവില്‍, മണ്‍സൂണ്‍ കൃത്യസമയത്ത് എത്തിയെങ്കിലും ഒന്ന് പുറകോട്ട് വലിഞ്ഞ് നില്‍ക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. മഴ കനക്കുന്നതോടെ മീനിന്റെ ലഭ്യതയയും കൂടും.

ജൂണിനും ഡിസംബറിനും ഇടയിലണ് മത്തിയുടെ പ്രജനന കാലം. മുട്ടയിട്ടു പ്രജനനം നടത്തുന്ന ഇവ ഒറ്റത്തവണ തന്നെ ഒരുലക്ഷം മുട്ടകള്‍ വരെ ഇടുകയും അത്, 24 മണിക്കൂറിനുള്ളില്‍ വിരിയുകയും ചെയ്യും. ഇതുകൊണ്ട് കൂടിയാണ് കാര്യമായ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ട് കൂടി ഇന്ത്യയിലെ മത്സ്യബന്ധന മേഖല നിലനിന്ന് പോകുന്നത്. ട്രോളിങ് നിരോധനവും വിലക്കയറ്റത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സമയങ്ങളില്‍ വള്ളക്കാര്‍ പോയി പിടിക്കുന്ന മീനുകളാണ് എത്തുക പക്ഷെ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവര്‍ക്ക് വളരെ കുറച്ച് മീന്‍ മാത്രമേ ലഭിക്കുകയുള്ളു.

സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന മീന്‍ കൂടിയാണ് മത്തി. ആഗോളതാപനം മൂലം സ്വാഭാവികമായും കടലിലെ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. ഇതുകൊണ്ട് തന്നെ മീനുകള്‍ കടലിലെ ആഴമുള്ള ഭാഗങ്ങളിലേക്ക് മാറും ഇതുമൂലം ചെറിയ വള്ളങ്ങളില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് മീന്‍ ലഭിക്കാതെ വരും. കൂടാതെ കുറച്ച് കാലം മുന്‍പ് വരെ 20-30 പേരാണ് ഒരു വള്ളത്തില്‍ പോവുക. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് കുറഞ്ഞത് 55 ആളുകളെങ്കിലും ഒരു വള്ളത്തില്‍ ഉണ്ടാകും. 900 മീറ്റര്‍ നീളത്തിലും 90 മീറ്റര്‍ ആഴത്തിലുമുള്ള വലകളാണ് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. ഈ വല വിരിക്കുന്ന ഭാഗത്തുള്ള ഒരു മീനു പോലും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. മലയാളിയുടെ ഭക്ഷണ ക്രമത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മീന്‍. ഇത്തരത്തില്‍ മീനിന് വില കൂടുമ്പോള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് സാധാരണക്കാരനാണ്. ഒരു കിലോ മീന്‍ വാങ്ങിയിരുന്ന സ്ഥാനത്ത് അത് അരക്കിലോ ആക്കി ചുരുക്കും. ഇത് കച്ചവടക്കാരെ കൂടി വെട്ടിലാക്കും. മണ്‍സൂണ്‍ ശക്തി പ്രാപിച്ചുകഴിഞ്ഞാല്‍ മീനിന്റെ ലഭ്യത കൂടുകയും ഈ അവസ്ഥയില്‍ മാറ്റമുണ്ടാവുകയും ചെയ്യും’ മത്തി ഉള്‍പ്പെടെയുള്ള മീനുകളുടെ ലഭ്യതക്കുറവിനുള്ള കാരണമായ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പ്രൊഫ. സജീവന്‍ നല്‍കുന്ന വിശദീകരണമാണ്.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ മത്തിയാണ് താരം. കടലില്‍ ഇല്ലെങ്കിലും ഈ ട്രോളിംഗ് കാലത്തും സോഷ്യല്‍ മീഡിയ ട്രോളുകളില്‍ മുഴുവന്‍ മത്തിയാണ്. മത്തി വില മലയാളിയുടെ അന്താരാഷ്ട്ര പ്രശ്‌നമായിരിക്കുന്ന സാഹചര്യമാണ്. പക്ഷേ, കാത്തിരിക്കുക തന്നെ വഴിയുള്ളൂ; നല്ലൊരു ചാകര വരുംവരെ…. sardines price hike in kerala 

content summary : Fish prices jump in kerala, reason behind price hike of sardine

Leave a Reply

Your email address will not be published. Required fields are marked *

×