December 13, 2024 |

പാലക്കാട് തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ ‘കൈപ്പത്തി’ കഥയും

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയത്താണ് ഈ കഥ നടക്കുന്നത്

പാലക്കാട് നിയമസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ കുറച്ച് പ്രശ്‌നത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും പോയ ഒരാളാണ് എതിര്‍സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും പല കോണില്‍ നിന്നും പിറുപിറുക്കലുകള്‍ ഉണ്ട്. അങ്ങനെ പലതരം പ്രശ്‌നങ്ങള്‍. ഇപ്പോള്‍ അതിലേക്ക് കൂടുതല്‍ പോകുന്നില്ല. പാലക്കാട് ജില്ലയ്ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. ആ കഥയിങ്ങനെയാണ്;

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയം. പശുവും കിടാവുമായിരുന്നു കോണ്‍ഗ്രസിന്റെ ചിഹ്നം. കോണ്‍ഗ്രസിലെ തര്‍ക്കം കാരണം ചിഹ്നമായ പശുവും കിടാവും ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിര ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രിം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്റേയും, സുന്ദര കൈലാസത്തിന്റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി ശക്തമായ വ്യക്തി ബന്ധമുണ്ടായിരുന്നു.

cartoon

അബു എബ്രഹാം വരച്ച കാര്‍ട്ടൂണ്‍, കടപ്പാട്; ദ ഇന്ത്യന്‍ എക്‌സ്പ്രസ്

കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിര കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആനയും, സൈക്കിളും മറ്റും കോണ്‍ഗ്രസിന്റെ പുതിയ ചിഹ്നത്തിന്റെ പരിഗണനയില്‍ വന്നെങ്കിലും, ഇന്ദിര ഗാന്ധിയുടെ തീരുമാനമായിരുന്നു കൈ ചിഹ്നം. ആന്ധ്രാപ്രദേശിലും, കര്‍ണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. 1979 ലും 1980 ലും. ഇന്ദിരാ ഗാന്ധി പാലക്കാടെത്തിയെങ്കിലും 1982 ഡിസംബര്‍ മാസം 13ാം തിയതിയാണ് അവര്‍ ആദ്യമായി ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്.

1978ല്‍ കൈപ്പത്തി ചിഹ്നം സ്വീകരിച്ചപ്പോള്‍ ഫെബ്രുവരി 25ന് ദി ഇന്ത്യന്‍ എക്സ്പ്രസില്‍ അബു എബ്രഹാം വരച്ച കാര്‍ട്ടൂണ്‍ രാഷ്ട്രീയ ചരിത്രമാണ്. സാധാരണ ക്കൈനോട്ടക്കാരാണല്ലോ കൈപ്പത്തി പ്രദര്‍ശിപ്പിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് അവരുടെ ചിഹ്നമായി കൈപ്പത്തി സ്വീകരിക്കുമ്പോള്‍ ആരുടെ മനസിലും ഓടിയെത്തുന്ന രൂപമാണ് കൈനോട്ടക്കാരന്റെത്. അതുതന്നെയാണ് ഇവിടെ കാര്‍ട്ടൂണിസ്റ്റും വിഷയമാക്കിയത്.  What is the story behind the Indian National Congress party choosing the hand as its election symbol

Content Summary; What is the story behind the Indian National Congress party choosing the hand as its election symbol

×