ഒടിപി കൈമാറരുത് ! പണം തട്ടാന്‍ വാട്‌സ്ആപ്പ് ഹാക്കിങ്

പരിചിതനമ്പറുകളില്‍ നിന്ന് ഒടിപി ചോദിക്കും കൊടുത്താല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും

ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു കൂട്ടം പേര്‍ സ്ഥിരമായി ഒത്തുകൂടുകയും ഒഴിവ് സമയങ്ങള്‍ ചെലവഴിക്കുന്നതും പതിവാണ്. ഒരു വൈകുന്നേരം അവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാമെന്ന് തീരുമാനമെടുത്തു. അതിന്റെ ചര്‍ച്ചകളും നടന്നു.  ഒത്തുകൂടലും സംസാരവുമൊക്കെ കഴിഞ്ഞു. കൂട്ടത്തിലെ ഒരു ഉന്നതന്റെ വാട്‌സ്ആപ്പിലേക്ക് അവരുടെ ഫ്ലാറ്റിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ മെസേജ് അയക്കുന്നു. ‘ഒരു ഒടിപി അയച്ചിട്ടുണ്ട്. അതൊന്ന് അയക്കാമോ?’ വാട്‌സ്ഗ്രൂപ്പിന്റെ ചര്‍ച്ചകളുണ്ടായിരുന്നത് കൊണ്ട് സംശയം ഒന്നുമില്ലാതെ ആ ഉദ്യോഗസ്ഥന്‍ മറുപടിയായി ഒടിപി കൈമാറി. പിന്നീട് കാണുന്നത് വാട്‌സ്ആപ്പ് ഡി ആക്ടിവേറ്റാകുന്നതാണ്. പിന്നീട് എത്ര തവണ ശ്രമിച്ചിട്ടും വാട്‌സ്ആപ്പ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. രാത്രി ഇരുട്ടി..ശ്രമം തുടര്‍ന്നു. നേരം വെളുത്തപ്പോഴേക്കും ഒടിപി കൈമാറിയ ഉദ്യോഗസ്ഥന് നിര്‍ത്താതെ കോളുകള്‍. കാര്യം തിരക്കിയപ്പോള്‍ ‘പണം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് മെസേജ് അയച്ചിരുന്നല്ലോ ? റെഡിയാക്കിയിട്ടുണ്ട്. അയയ്ക്കട്ടെ’ എന്ന് ചോദിക്കുന്നു ചിലര്‍. ചിലരാകട്ടെ പണം ആവശ്യപ്പെട്ട് മെസേജുകള്‍ വരുന്നുണ്ടെന്ന വിവരം ഏറെ ഭയപ്പാടോടെ അറിയിക്കുന്നു. വാട്‌സ്ആപ്പ് ഹാക്കിങ് തന്നെയെന്ന് ഉറപ്പായി, പിന്നെ ഒന്നും നോക്കിയില്ല. സൈബര്‍സെല്‍ വിഭാഗത്തില്‍ വിവരം അറിയിച്ചു. whatsapp 

പോലീസ് നല്‍കിയ വിവരം ഏറെ ഭയം ജനിപ്പിക്കുന്നതായിരുന്നു. ഇതുപോലെ ഒരുപാട് പരാതികള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് പോലീസ് പറഞ്ഞത്. വളരെ പെട്ടെന്ന് വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്യാനാണ് ഉദ്യോഗസ്ഥന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. പക്ഷേ, 24 മണിക്കൂറെങ്കിലും കുറഞ്ഞത് സമയമെടുക്കുമെന്ന് പോലീസ് മറുപടി നല്‍കി. ആ സമയം കൊണ്ട് വാട്‌സ്ആപ്പ് ഹാക്കര്‍മാര്‍ക്ക് ഒരുപാട് പേരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടാനാകും. സ്വന്തമായി എന്തെങ്കിലും ചെയ്ത് നോക്കാമെന്ന് കരുതി സ്വന്തം വാട്‌സ്ആപ്പ് നമ്പറിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് മെസേജ് അയച്ചു. പണം നല്‍കാന്‍ ഹാക്കേഴ്‌സ് ക്യു ആര്‍ കോഡുകള്‍ മാത്രമാണ് നല്‍കുന്നത്. അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് മറുപടി നല്‍കുകയും ചെയ്തു. അക്കൗണ്ട് ഛത്തീസ്ഗഢിന് സമീപപ്രദേശത്തുള്ള ബാങ്കില്‍നിന്നാണെന്ന് ബാങ്ക് വഴി അന്വേഷിച്ച് മനസിലാക്കി. വാരാന്ത്യമായതിനാല്‍ അവധിയായത് കൊണ്ട് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്യാനോ മറ്റ് ബാങ്കിങ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനോ ഉദ്യോഗസ്ഥര്‍ നിലവില്‍ കഴിയില്ലെന്ന് അവര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു. ആ അക്കൗണ്ടിലേക്ക് പലയിടങ്ങളില്‍ നിന്നായി പണം എത്തുന്നുണ്ടെന്ന വിവരം മാത്രം അവര്‍ നല്‍കി. ഉദ്യോഗസ്ഥന്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ പത്തോളം പേര്‍ക്ക് ഇതേ വാട്‌സ്ആപ്പ് ഹാക്കിങ് നടന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പിലൂടെ ഇത്തരത്തിലൊരു തട്ടിപ്പ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വാട്‌സ്ആപ്പിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉറപ്പാക്കാനും അദ്ദേഹം വിട്ടുപോയിരുന്നു. ഇത് ഹാക്കേഴ്‌സ് ഗുണകരമായി. ആ വാട്‌സ്ആപ്പ് വളരെ പെട്ടെന്ന് ഹാക്ക് ചെയ്ത് ഉപയോഗിക്കാനും നമ്പറുകള്‍ ശേഖരിക്കാനും സാധിച്ചു. വാട്‌സ്ആപ്പിലുണ്ടായിരുന്ന ഗ്രൂപ്പുകളിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയും മെമ്പേഴ്‌സായ ആളുകളെ റിമൂവ് ചെയ്യുകയും ചെയ്തായി ഉദ്യോഗസ്ഥന്റെ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചിരുന്നു.

തട്ടിപ്പിനിരയായ ആളുടെ അനുഭവമാണിത്. ഉന്നതപദവിയിലിരിക്കുന്നതിനാലും കൂടുതല്‍ കോണ്‍ടാക്റ്റുകള്‍ ഫോണില്‍ ഉള്ളത് കൊണ്ട് എല്ലാവരെയും വിളിച്ചറിയിക്കുക പ്രായോഗികമല്ലെന്നതും പ്രതിസന്ധി വഷളാക്കുന്നുണ്ട്. മിനിറ്റുകള്‍ കൊണ്ട് ഒരുപാട് പേരെ കബളിപ്പിക്കാന്‍ ഇവര്‍ക്ക് ഈ വാട്‌സ്ആപ്പ് തട്ടിപ്പിലൂടെ കഴിഞ്ഞിട്ടുണ്ടാകുമെന്നും തട്ടിപ്പിന് ഇരയായ വ്യക്തി അഴിമുഖത്തോട് പ്രതികരിച്ചു.

സംസ്ഥാനത്ത് വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പണം ആവശ്യപ്പെടുന്നതിന് പുറമെ ബ്ലാക്ക് മെയിലിങും നടക്കുന്നുണ്ടെന്നാണ് എറണാകുളം സൈബര്‍ പോലീസിന് ലഭിച്ച നൂറ് കണക്കിന് പരാതികളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു എന്ന് എന്നറിയിച്ച് മെസേജുകളിട്ടാല്‍ തന്നെ ഹാക്കേഴ്‌സ് അതെല്ലാം ഡിലീറ്റ് ചെയ്യുന്ന സാഹചര്യവുമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തരത്തിലൊരു ഹാക്കിങ് നടന്നാല്‍ അക്കൗണ്ട് നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നത് പോലെ പെട്ടെന്ന് നമ്പറോ വാട്‌സ്ആപ്പ് അക്കൗണ്ടോ സേഫാക്കാന്‍ സൈബര്‍ സിസ്റ്റത്തിന് സാധിക്കുന്നില്ല എന്നത് ഒരു വലിയ പോരായ്മയാണ്. വാട്‌സ്ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉറപ്പാക്കുക എന്നതാണ് നിലവില്‍ ചെയ്യാന്‍ കഴിയുന്നത്. ഇതിലൂടെ ഒരു പരിധി വരെ അക്കൗണ്ട് കയ്യടക്കാന്‍ ഹാക്കേഴ്‌സിന് കഴിയില്ല. ഏത് നമ്പറില്‍ നിന്നാണെങ്കിലും ഒടിപിയോ പിന്‍ നമ്പറുകളോ കൈമാറാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. whatsapp 

content summary;whatsapp-otp-hacking-threat

This post was last modified on November 25, 2024 2:11 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment