പ്രായം ഏറെ ചെന്നപ്പോഴും ഓചേരി സാറിന് ഞാനും ഒരു സുഹ്യത്തായിരുന്നു. എന്റെ മകനും സുഹ്യത്തായിരുന്നു. ഭാര്യയും സുഹ്യത്തായിരുന്നു. അങ്ങിനെ ആരേയും സുഹ്യത്താക്കാന്‍ കഴിവുള്ള അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഓംചേരി സാറിന്റെത്. അദ്ദേഹം പലപ്പോഴും പറയാറുണ്ട് താന്‍ ഒരു ചേരിയിലുമില്ല എന്ന്. അതുകൊണ്ടാണ് പേര് തന്നെ ഓംചേരി എന്നായത്!
ഡല്‍ഹിയുടെ സാംസ്‌കാരിക ജീവിതത്തിലെ ഒരു പ്രസന്ന മധുരമായ നിത്യ സാന്നിധ്യമായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്തു കൊണ്ട്
1979 മുതല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നാളുകളിലാണ് ഓംചേരി സാറിനെ ആദ്യമായി പരിചയപ്പെടാന്‍ ഇടയായത്. കേരള ക്ലബ്ബില്‍ പ്രശസ്തരായ മലയാളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ ആഴ്ചയില്‍ ഒന്നോ ചിലപ്പോള്‍ രണ്ടാഴ്ച കൂടുമ്പോഴോ അതല്ലെങ്കില്‍ ഉറപ്പായും മാസത്തിലൊരിക്കലെങ്കിലുമോ നടക്കാറുണ്ടായിരുന്നു. സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു കൊണ്ട് നടക്കുന്ന അത്തരം സന്ദര്‍ഭങ്ങളിലാണ് ആദ്യാവസാനക്കാരനായി ഓംചേരി സാറിനെ കാണാന്‍ ഇടയായിട്ടുള്ളത്.
ജനസാംസ്‌ക്യതിയായാലും, ഡല്‍ഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള പരിപാടികളിലായാലും ഏതു സംഘടന സംഘടിപ്പിച്ചാലും വ്യത്യസ്തങ്ങളായ സാഹിത്യ സംസ്‌കാരിക ചര്‍ച്ചകളിലൊക്കെ ഓംചേരി സാര്‍ ഉണ്ടാവും. ഓംചേരി സാര്‍ ഉണ്ടെങ്കില്‍ അവിടെ ലീലാ ഓംചേരി ടീച്ചറും ഉണ്ടാവും. മിക്കപ്പോഴും ദീപ്തി ഓംചേരിയും കാണും. പിന്നീട് ഡല്‍ഹിയില്‍ സ്വരലയ എന്ന സാംസ്‌കാരിക സംഘടന രൂപീകരിക്കുകയും മുഖ്യമായും ക്ലാസിക്കല്‍ സംഗീതവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ ഈ കുടുംബം ഒന്നടങ്കം അതിന്റെ നേതൃത്വത്തില്‍ തന്നെ ഉണ്ടാവുമായിരുന്നു. സ്വരലയയുടെ വൈസ് പ്രസിഡന്റായിട്ട് ഓംചേരി സര്‍ പ്രവര്‍ത്തിച്ചിരുന്നു. എക്‌സിക്യൂട്ടീവ് മെമ്പറായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് നമ്മളോടൊപ്പം ഇല്ലാത്ത ജസ്റ്റിസ് ബാലകൃഷ്ണ എറടി ദീര്‍ഘകാലം അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോഴും സഹഭാരവാഹി എന്ന നിലയില്‍ ഓംചേരി സാര്‍ സ്വരലയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖരും സ്വരലയയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആ പരിപാടികള്‍ എല്ലാം സംഘടിപ്പിക്കുന്നതില്‍ പുഞ്ചിരിയോടെയുള്ള ഓംചേരി സാറിന്റെ നേത്യത്വം വളരെ വലിയ കരുത്തായിരുന്നു.
1979 തില്‍ ആരംഭിച്ച ഞങ്ങളുടെ പരസ്പര പരിചയം പലപലഘട്ടങ്ങളിലായി തുടര്‍ന്ന് വളര്‍ന്ന് വികസിച്ചു. വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടുപോയി അവിടുത്തെ സ്വാദിഷ്ടമായ ഭക്ഷണം ഒപ്പം ഇരുന്ന് നിര്‍ബന്ധിച്ച് കഴിപ്പിച്ചിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഒരു നാട്ടുകാരണവരുടെ സ്വഭാവവും ഓംചേരിയില്‍ നമുക്ക് കാണാന്‍ കഴിയും.
ഭാരതീയ വിദ്യാഭവന്‍ മേല്‍നോട്ടക്കാരന്‍, ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് മുറിയില്‍ വച്ചായിരുന്നു പലപ്പോഴും അദ്ദേഹത്തെ ആദ്യ കാലങ്ങളില്‍ ഞാന്‍ സ്ഥിരമായി കണ്ടിരുന്നത്. ആന്ധ്രപ്രദേശ് ഭവനില്‍ നിന്ന് വരുത്തിത്തരുന്ന ഉച്ചഭക്ഷണം കഴിച്ചു കൊണ്ടാണ് നട്ടുച്ച നേരത്തുള്ള ഞങ്ങളുടെ ഒത്തുകൂടലുകള്‍ നടന്നു പോന്നിട്ടുള്ളത്.
ഭാരതീയ വിദ്യാഭവനിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ ഒരു വശത്തായി വേണമെങ്കില്‍ ഒരു പത്തോ പതിനഞ്ചോ മിനിറ്റ് നേരം ഉച്ചമയക്കത്തിന് ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ ഒരു കട്ടില്‍ കിടപ്പുണ്ട് എന്നുള്ളത് ആ മുറിയില്‍ പോയിട്ടുള്ളവരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവും. പക്ഷേ ഏറ്റവും കൗതുകകരമായ കാര്യം ആ കട്ടിലിന് ഓംചേരി സാറിനോട് തീര്‍ത്താല്‍ തീരാത്ത പരിഭവമാണ് എന്നും ഉണ്ടായിരുന്നത് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. കാരണം ആ കട്ടിലില്‍ ഉച്ചനേരത്ത് വിശ്രമിക്കാന്‍ ഒരിക്കലും അദ്ദേഹം കൂട്ടാക്കിയില്ല. പക്ഷെ അവിടെ സ്ഥിരമായി ഉച്ച വിശ്രമത്തിനായി എത്തുന്ന പ്രിയ സുഹ്യത്തുണ്ടായിരുന്നു. വി കെ മാധവന്‍കുട്ടി. അദ്ദേഹത്തിന് വേണ്ടിയാണ് ചെറിയ കട്ടില്‍ അവിടെ ഇട്ടിരുന്നത്.
അതിരാവിലെ ഉണരുക രാത്രി വരെ മയങ്ങാതെ പ്രവര്‍ത്തിക്കുക എന്നത് ഓംചേരിയുടെ ദിചര്യയായിരുന്നു. രാത്രി ദൃഢമായ നിദ്ര. ഗാഢനിദ്ര സമയം മാത്രം ഉറക്കത്തിനായും വിശ്രമത്തിനായും നീക്കിവെക്കുക. ഇത്തരത്തില്‍ വളരെ വിചിത്രമായുള്ള ജീവിതക്രമം ആയിരുന്നു അദ്ദേഹത്തിന്റേത്. അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള കാര്യക്ഷമതയോടും കൃത്യനിഷ്ഠയോടും കൂടി അദ്ദേഹം ഒരു നൂറ്റാണ്ടില്‍ അധികം കാലം ആരോഗ്യത്തോടുകൂടി സജീവമായി, സക്രിയമായി ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
2006ലെ വിഎസ് അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കാലത്ത് മലയാളം മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും തീരുമാനിക്കുകയുണ്ടായി. കേരളത്തിന് പുറത്ത് മലയാളഭാഷ പഠിക്കാനും ഭാഷയില്‍ പ്രാവീണ്യം നേടാനും താല്പര്യമുള്ള മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് മലയാള മിഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായി മലയാള ഭാഷാപഠന സഹായ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയത് ഓംചേരി സാറാണ്.
ഓംചേരി സാറിന്റെ നേത്യത്ത്വത്തില്‍ ഡല്‍ഹിയില്‍ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിച്ച മലയാള ഭാഷാ കേന്ദ്രങ്ങളാണ് മലയാളം മിഷന് ഊര്‍ജമായത് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്.
മലയാള ഭാഷയേയും, കലകളെയും മലയാളികളേയും ഇത്രകണ്ട് സ്‌നേഹിച്ച വലിയ മനുഷ്യനാണ് വിടപറഞ്ഞിരിക്കുന്നത്. പ്രണാമം. MA Baby’s obituary about Omchery NN Pillai
Content Summary; MA Baby’s obituary about Omchery NN Pillai