March 15, 2025 |
Share on

സമുദായങ്ങളെ ആര്‍ക്കാണ് പേടി?

രമേശ് ചെന്നിത്തലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന സൂചനകളാണ് എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും മുന്നോട്ടുവയ്ക്കുന്നത്

കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലെയും സ്വകാര്യ കോളേജുകളിലെയും ഫീസ് ഏകീകരണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ 1972 ല്‍ നടന്ന സമരം ഐതിഹാസികം തന്നെയായിരുന്നു. സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തുന്ന കോളേജുകളിലെയും സര്‍ക്കാര്‍ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസില്‍ വലിയ അന്തരം ഉണ്ടായിരുന്നു അക്കാലത്ത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ എന്നാല്‍ കത്തോലിക്കാ സഭ, എന്‍എസ്എസ് എന്നിങ്ങനെ വമ്പന്‍ സമുദായങ്ങളും.who is afraid of communities and community leaders?

ഫീസ് ഏകീകരണം നടപ്പിലാക്കാന്‍ 1972 മെയിലാണ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനാണ് ആഭ്യന്തരമന്ത്രി. ഭരണമുന്നണി ലെയ്സണ്‍ കമ്മിറ്റി കണ്‍വീനര്‍ എ.കെ ആന്റണിയും. കെ.കെ വിശ്വനാഥന്‍ കെ.പി.സി.സി അധ്യക്ഷന്‍. വി.എം സുധീരന്‍ കെ.എസ്.യു പ്രസിഡന്റ്.

കോളേജുകളുടെ സംരക്ഷണത്തിന് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങിയ സമുദായ നേതൃത്വങ്ങളെ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ യുവ നേതൃത്വം വെല്ലുവിളിച്ചു. സര്‍ക്കാരിനെതിരെ സമരം നയിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ തന്നെ തെരുവിലിറങ്ങി.

പണ്ടത്തെപ്പോലെ സമുദായ നേതാക്കളും സമ്പന്നവര്‍ഗവും പടയൊരുക്കം നടത്തിയാല്‍ ഭയപ്പെടാത്തൊരു തലമുറ കേരളത്തില്‍ ശക്തിപ്രാപിച്ചിരിക്കുകയാണെന്ന് എ.കെ ആന്റണി ബിഷപ്പുമാരെയും സമുദായ നേതാക്കളെയും ഓര്‍മിപ്പിച്ചു. ”സമ്പന്നവര്‍ഗത്തിനും സമുദായ പ്രമാണിമാര്‍ക്കും മേധാവിത്വമുള്ള ഇന്നത്തെ വ്യവസ്ഥിതി പൊളിച്ചെഴുതാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള പുതിയ ശക്തികളോട് പടയ്ക്കിറങ്ങുന്നത് സൂക്ഷിച്ചുവേണം” ആന്റണിയുടെ മുന്നറിയിപ്പ് കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചു.

COMMUNITY

കത്തോലിക്കാ സഭയും എന്‍.എസ്.എസുമായിരുന്നു മാനേജ്‌മെന്റ് സമരത്തിന് മുന്‍നിരയില്‍. ബിഷപ്പുമാര്‍ ജാഥ നയിക്കാന്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു രണ്ടാം വിമോചന സമരത്തിന്റെ പ്രതീതിയാണുളവാക്കിയതെന്ന് ചെറിയാന്‍ ഫിലിപ്പ് ‘കാല്‍ നൂറ്റാണ്ട്’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ‘വിദ്യാഭ്യാസരംഗത്ത് നേരിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍.സി.പി, പനമ്പിള്ളി, ഇ.എം.എസ്, മുണ്ടശ്ശേരി എന്നിവരെ തകിടം മറിച്ചവരോട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയത് ആദര്‍ശധീരനായ എ.കെ ആന്റണിയാണ്’, ചെറിയാന്‍ ഫിലിപ്പ് തന്റെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു.

കെ.എസ്.യുവിലൂടെ, യൂത്ത് കോണ്‍ഗ്രസിലൂടെ, കോണ്‍ഗ്രസ് വളരുകയായിരുന്നു. ജാതി, മത ശക്തികളെ മുഖത്തോട് മുഖം നോക്കിനിന്ന് ഏറ്റുമുട്ടിത്തന്നെയായിരുന്നു ആ വളര്‍ച്ച. വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ക്ക് രൂപവും ആത്മാവും പകര്‍ന്ന് നല്‍കിയ എംഎ ജോണ്‍ അങ്ങനെയൊരു സ്വഭാവവിശേഷം വിദ്യാര്‍ത്ഥി-യുവജന നേതാക്കളില്‍ ഉറപ്പിച്ചെടുത്തു.

കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃപരിശീലന ക്യാമ്പും നടത്തി പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന നേതാക്കളില്‍ സംഘടനാ ബോധവും നേതൃപാടവവും സാമൂഹിക ബോധവും വളര്‍ത്തിയെടുത്തു എംഎ ജോണ്‍. സമുദായ നേതാക്കളുടെ തിണ്ണനിരങ്ങുന്നവരാകരുത് പുതിയ യുവനേതാക്കളെന്ന് അദ്ദേഹം പിന്നെയും പിന്നെയും അവരെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും കരുത്തുറ്റ ശാക്തിക ചേരികളായി മാറുകയായിരുന്നു. മാതൃസംഘടനയായ കോണ്‍ഗ്രസിനെയും തിരുത്താനുള്ള കരുത്താര്‍ജിച്ചുകൊണ്ട്. ഇതില്‍ മുമ്പന്‍ ആന്റണി തന്നെയായിരുന്നു. അറയ്ക്കല്‍ പറമ്പില്‍ കുര്യന്‍ ആന്റണി. കറപുരളാത്ത വ്യക്തിത്വമായി വളര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ത്തന്നെ ഉയര്‍ന്നുനിന്നു.

ആന്റണി പള്ളിയില്‍ പോയില്ല. സമുദായ നേതാക്കളുടെയൊന്നും കാലുപിടിക്കാന്‍ തുനിഞ്ഞില്ല. ആര്‍ക്കും സേവ പിടിച്ചില്ല. കാനറാബാങ്ക് ഉദ്യോഗസ്ഥ എലിസബത്തിനെ കല്യാണം കഴിക്കാന്‍ പോലും പള്ളിയില്‍ പോയില്ല. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു ആ വിവാഹം. രജിസ്ട്രാറുടെ മുമ്പില്‍ ഒപ്പുവച്ചായിരുന്നു ചടങ്ങ്. പട്ടക്കാരും പാട്ടുകുര്‍ബാനയുമൊന്നുമില്ലാതെ. കടുത്ത വിശ്വാസിയായ മറിയാമ്മ ഉമ്മന്‍ ചാണ്ടി എലിസബത്തിനെയും കൂട്ടി മുകള്‍ നിലയിലേക്ക് പോയി മുട്ടിന്മേല്‍ നിന്ന് അല്പനേരം പ്രാര്‍ത്ഥിച്ചതൊഴിച്ചാല്‍ കല്യാണത്തില്‍ പോലും സഭയുടെയും വിശ്വാസത്തിന്റെയും ഇടപെടല്‍ ആന്റണി അനുവദിച്ചില്ല. 1985 ലായിരുന്നു ആന്റണിയുടെ വിവാഹം. 45-ാം വയസ്സില്‍.

പ്രബല സമുദായങ്ങള്‍ക്കള്‍ക്കെതിരെ നടന്ന വിദ്യാഭ്യാസ സമരമായിരുന്നു എ.കെ ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, പി.സി ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിങ്ങനെയുള്ള വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ നീണ്ടനിര കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു. 1973 ല്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.കെ വിശ്വനാഥന്‍ ഗുജറാത്ത് ഗവര്‍ണറായതോടെ ആ സ്ഥാനത്തെത്തിയ എ.കെ ആന്റണി കോണ്‍ഗ്രസിലെ പ്രധാന ശക്തികേന്ദ്രമായി മാറി. ആന്റണിക്ക് മീതേ രാഷ്ട്രീയ നീക്കം നടത്താന്‍ ഭരണനേതൃത്വം തുനിഞ്ഞപ്പോള്‍ സംഘര്‍ഷം ഉടലെടുത്തു. ഇടഞ്ഞുനിന്ന സമുദായ പ്രമാണിമാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ചില മന്ത്രിമാര്‍ തന്നെ ഇറങ്ങിത്തിരിച്ചു. ഇവര്‍ ചില ബിഷപ്പുമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചു. ബിഷപ്പുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോഴിക്കോടെത്തിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാതെ എ.കെ ആന്റണി തിരുവനന്തപുരത്തുതന്നെ ഇരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതുകയും ചെയ്തു.

ak antony

എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും

കത്തോലിക്കാ സഭയും, എന്‍.എസ്.എസും ചേര്‍ന്ന് സര്‍ക്കാരിനെതിരെ വലിയൊരു മുന്നേറ്റത്തിനാണ് തെരുവിലേക്കിറങ്ങിയതെങ്കിലും കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ചെറുത്ത് നില്‍പ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തൃശൂരില്‍ വമ്പിച്ച റാലിയില്‍ പ്രസംഗിച്ച ബിഷപ്പ് ജോസഫ് കുണ്ടുകളും ഇങ്ങനെ പറഞ്ഞു: ”ന്യൂനപക്ഷാവകാശങ്ങള്‍ ആരെങ്കിലും അറബിക്കടലില്‍ ആഴ്ത്തുമെങ്കില്‍ കുറുവടി കൊണ്ടല്ല, മഴുത്തായ കൊണ്ടാവും നേരിടുക”. ‘വാളെടുത്തവന്‍ വാളാലേ’ എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. ”സ്വതന്ത്ര ചിന്തയുടെ ഉറവിടവും പരിവര്‍ത്തനത്തിന്റെ സിരാകേന്ദ്രവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്റ്റാറ്റസ് കോ വാദികളുടെ കൈയില്‍ നിന്നും മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം”, കെ.എസ്.യു പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ ആഞ്ഞടിച്ചു.

പില്‍ക്കാലത്ത് പലപ്പോഴും സമുദായ നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒറ്റപ്പെടുത്തി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ രഹസ്യമായും പരസ്യമായും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. വി.എം സുധീരനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പല തവണ പരസ്യമായി ഏറ്റുമുട്ടിയിട്ടുണ്ട്. സുധീരന്‍ വെറും പന്നനും ആര്‍ക്കും തൊടാന്‍ പോലും താല്പര്യമില്ലാത്ത നികൃഷ്ടജീവിയുമാണെന്നാണ് ഒരു ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞത്. സുധീരനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി പരസ്യമായിത്തന്നെ രംഗത്തിറങ്ങിയിട്ടുമുണ്ട്. പക്ഷേ സുധീരനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ല. 1995 ല്‍ കെ. കരുണാകരന് പകരം മുഖ്യമന്ത്രിയായ എ.കെ ആന്റണി 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ മത്സരിച്ചപ്പോള്‍ എന്‍.എസ്.എസ് നേതൃത്വം എതിര്‍പ്രചാരണത്തിനിറങ്ങി എങ്കിലും ആന്റണി വിജയിച്ചു. പറവൂരില്‍ വി.ഡി സതീശന്‍ മത്സരിച്ചപ്പോഴൊക്കെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചെങ്കിലും ഒരിക്കലും ഫലിച്ചില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാലായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. പക്ഷേ കെ.സി വലിയ വിജയം നേടി.

vellappally

വെള്ളാപ്പള്ളി നടേശന്‍

2016 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ രണ്ട് പ്രബല സമുദായങ്ങളുടെ നേതൃത്വവും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനിറങ്ങിയിരിക്കുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ജനുവരി രണ്ടിന് നടക്കുന്ന മന്നം ജന്മശതാബ്ദി ദിനത്തില്‍ പ്രസംഗിക്കാന്‍ എന്‍.എസ്.എസ് നല്‍കിയ ക്ഷണം പെട്ടെന്നാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. പിന്നാലേ വെള്ളാപ്പള്ളി നടേശന്‍ രമേശ് ചെന്നിത്തലയ്ക്കാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്നും പറഞ്ഞുവച്ചതോടെ ചര്‍ച്ചകള്‍ക്ക് പുതിയ മാനം വരികയും ചെയ്തു.

എന്‍.എസ്.എസ് നേതൃത്വത്തിന് പൊതുവെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടാണ് താല്പര്യം. പക്ഷേ, പുറത്ത് സമദൂര സിദ്ധാന്തം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. സമുദായത്തില്‍ നല്ല പങ്ക് അംഗങ്ങളും ബിജെപിയുമായി അടുത്ത് കഴിഞ്ഞുവെങ്കിലും ആ വഴിയേ തിരിയാന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇതുവരെ തുനിഞ്ഞിട്ടില്ലെന്നതും പ്രധാനമാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമി അഡ്വ. പികെ നാരായണപ്പണിക്കരും ഒരു സമയത്തും ബിജെപിയുടെ ക്ഷണത്തിനും സമ്മര്‍ദത്തിനും വഴങ്ങിയിട്ടില്ല.

sukumaran nair

സുകുമാരന്‍ നായര്‍

എല്ലാംകൊണ്ടും തികഞ്ഞ മതേതര നിലപാട് സ്വീകരിക്കുന്ന ആളുമാണ് സുകുമാരന്‍ നായര്‍. രാഷ്ട്രീയമായി വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന് മറ്റൊരു സത്യം. അതൊന്നും അദ്ദേഹം സാധാരണ പരസ്യമാക്കാറില്ലെന്നേയുള്ളൂ.

വെള്ളാപ്പള്ളി അങ്ങനെയല്ല, രമേശ് ചെന്നിത്തലയെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച വെള്ളാപ്പള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ എല്ലാ പരിധിയും വിട്ട് അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഇതെല്ലാം കണ്ട് അന്തംവിട്ട് നോക്കി നില്‍ക്കുന്നു.

2026 കോണ്‍ഗ്രസിനെ തുറിച്ചുനോക്കി നില്‍ക്കുമ്പോഴാണ് രണ്ട് പ്രബല സമുദായങ്ങള്‍ ഉണര്‍ന്ന് വരുന്നത്. തുടര്‍ച്ചയായ രണ്ട് പരാജയത്തിന് ശേഷം വരുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജയിച്ചേതീരൂ.

2021 ലെ തിരഞ്ഞെടുപ്പ് കേരളത്തിന്റെ പതിവ് പ്രകാരം കൈയില്‍ വരുമെന്ന് കണക്കുകൂട്ടിയിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന സൂചനകളാണ് എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും മുന്നോട്ടുവയ്ക്കുന്നത്. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷം പാലക്കാടും പിടിച്ചെടുത്തതിന്റെ ലഹരിയില്‍ ആറാടി നില്‍ക്കുമ്പോഴാണ് രണ്ട് സമുദായങ്ങളുടെ നീക്കം വി.ഡി സതീശനെതിരെയാണെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ വ്യാപിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ ഈ രണ്ട് സമുദായങ്ങള്‍ക്കും എത്രകണ്ട് ഇറങ്ങിക്കളിക്കാനാകും എന്ന ചോദ്യം ഈ സാഹചര്യം ഉയര്‍ത്തുന്നു. അങ്ങേയറ്റം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു പൊതുസമൂഹമാണ് കേരളത്തിലുള്ളതെന്ന സത്യത്തിന്റെ പ്രസക്തിയാണ് ഇവിടെ പ്രധാനം.

1972 ആഗസ്റ്റ് 17 നാണ് കോളേജ് സമരം അവസാനിച്ചത്. ‘അലസിപ്പോയ വിമോചന സമരം’ എന്ന തലക്കെട്ടില്‍ എ.കെ ആന്റണി പിറ്റേന്ന് ഒരു ലേഖനം എഴുതി. മാനേജ്മെന്റുകള്‍ക്കും സമുദായങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ലേഖനത്തിന്റെ തുടക്കം. ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ: ‘കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സമരക്കാരോടുള്ള നന്ദി നിസ്സീമമാണ്. പണ്ടൊക്കെയാണെങ്കില്‍ പള്ളിയും എന്‍.എസ്.എസും ചേര്‍ന്ന് എതിര്‍ത്താല്‍പ്പിന്നെ കോണ്‍ഗ്രസിന്റെ പൊടി പോലും കാണുകയില്ല. ഈ സമരത്തില്‍ എന്തൊക്കെയാണ് കണ്ടത്? നാടിന്റെ ചരിത്രത്തില്‍ അത്യാപത്തുകള്‍ ഉണ്ടായപ്പോള്‍ പോലും പുറത്തിറങ്ങാത്ത തിരുമേനിമാര്‍ കൂട്ടം കൂട്ടമായി തെരുവിലിറങ്ങി ജാഥ നടത്തി. തിരുമേനിമാരുടെ മുഖം ചുവന്നാല്‍ മുമ്പൊക്കെ കോണ്‍ഗ്രസുകാര്‍ അവരുടെ കാല്‍ക്കല്‍ അഭയം തേടുമായിരുന്നു. രണ്ട് മാസമായി മതത്തിന്റെ എല്ലാ സ്വാധീനങ്ങളും സമ്മര്‍ദങ്ങളും പ്രയോഗിച്ചിട്ടും കോണ്‍ഗ്രസിന്റെ ശരീരത്തില്‍ ഒരു പോറലെങ്കിലും ഏല്‍പിക്കാന്‍ ഇത്തവണ ഈ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സമരത്തിന്റെ ക്ഷീണം ആര്‍ക്കാണെന്ന് കാലം തെളിയിക്കും. സമുദായ പ്രമാണിമാര്‍ക്ക് അടിയറവ് പറയാത്ത ഒരു വിപ്ലവശക്തിയായി കോണ്‍ഗ്രസ് രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാന്‍ അവസരം തന്ന സമരക്കാരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.” (കാല്‍ നൂറ്റാണ്ട്- ചെറിയാന്‍ ഫിലിപ്പ്. പുറം: 192-193)

കേരളത്തില്‍ ഇന്നും ശക്തിയും പ്രസക്തിയുമുള്ള കോണ്‍ഗ്രസിന് ഏറെ ഊര്‍ജം പകരുന്നതാണ് 1972 ല്‍ എ.കെ ആന്റണി എഴുതിയ ഈ വരികള്‍. എങ്കിലും ഈ വരികള്‍ക്ക് ഇന്ന് എന്താണ് പ്രസക്തിയെന്ന ചോദ്യവും ഉയരാം.

പക്ഷേ, വെള്ളാപ്പള്ളി കോണ്‍ഗ്രസില്‍ ഒരു ഭാവി കാണുന്നുണ്ട്. കോണ്‍ഗ്രസാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവിടെ ഒരു പിടിവള്ളി വേണം. അതുതന്നെ പ്രധാന ലക്ഷ്യം. അതിന് ചരടുകള്‍ കാലേക്കൂട്ടി വലിക്കുകയാണ് അദ്ദേഹം. സമുദായങ്ങളെയും സമുദായ നേതാക്കളെയും ആര്‍ക്കാണ് പേടി?who is afraid of communities and community leaders?

Content Summary: who is afraid of communities and community leaders?

kerala politics vellappalli nadesan g sukumaran nair vd satheesan ramesh chennithala vm sudheeran latest news ak antony congress oommen chandy congress politics 

ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്

സീനിയര്‍ ജേണലിസ്റ്റ്

More Posts

×